പാപ്പാ: നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നതാണ് നമ്മുടെ മൂല്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭാരതസഭയ്ക്ക് പ്രത്യേകിച്ചും സാർവ്വത്രിക സഭയ്ക്ക് പൊതുവെയും സന്തോഷത്തിൻറെ ദിനമായിരുന്നു മെയ് 15 ഞായറാഴ്ച. അന്ന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ഭാരതീയനായ അൽമായ വിശ്വാസി, ഹിന്ദുമതം വിട്ട് ക്രിസ്തുവിശ്വാസം ആശ്ലേഷിക്കുകയും ക്രിസ്തുവിനെ പ്രഘോഷിച്ചതിൻറെ പേരിൽ വെടിയേറ്റു മരിക്കേണ്ടിവരികയും ചെയ്ത ദേവസഹായംപിള്ളയുൾപ്പെടെ പത്തുപേരെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വച്ച് വിശുദ്ധനായി പ്രഖ്യാപിച്ചു. ഭാരതീയരുൾപ്പടെ അമ്പതിനായിരത്തിലേറെപ്പേർ പങ്കുകൊണ്ട ഈ തിരുക്കർമ്മ വേളയിൽ നൽകിയ വചന സന്ദേശത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ
ഈ ലോകം വിട്ട് പിതാവിൻറെ പക്കലേക്കു പോകുന്നതിന് മുമ്പ് യേശു തൻറെ അനുയായികളോടു പറയുന്ന ചില വാക്കുകൾ, ക്രൈസ്തവരായിരിക്കുക എന്നാൽ എന്താണെന്ന് ദ്യോതിപ്പിക്കുന്ന വാക്കുകൾ നാം ശ്രവിച്ചു: "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" (യോഹന്നാൻ 13:34). ക്രിസ്തു നമുക്കേകിയ ഒസ്യത്താണിത്, നാം യഥാർത്ഥത്തിൽ അവൻറെ ശിഷ്യന്മാരാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മൗലിക മാനദണ്ഡം: സ്നേഹത്തിൻറെ കൽപ്പന. ഈ കൽപ്പനയുടെ രണ്ട് പ്രധാന ഘടകങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം: ഒന്ന്, യേശുവിന് നമ്മോടുള്ള സ്നേഹം, അതായത്, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ – രണ്ട്, അവൻ നമ്മോട് ജീവിക്കാൻ ആവശ്യപ്പെടുന്ന സ്നേഹം, അതായത്, ഇതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുക.
സ്വജീവൻ വിലയായി നല്കുന്ന സ്നേഹം
സർവ്വോപരി, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ. എപ്രകാരമാണ് യേശു നമ്മെ സ്നേഹിച്ചത്? അവസാനം വരെ, സമ്പൂർണ്ണ ആത്മദാനം വരെ. അന്ധകാരനിബിഢമായ ഒരു രാത്രിയിലാണ് അവിടന്ന് ഈ വാക്കുകൾ ഉച്ചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്, അതേസമയം മുകളിലെ മുറിയിലെ അന്തരീക്ഷം മാനസികവിക്ഷോഭവും ആശങ്കയും നിറഞ്ഞതാണ്: വികാരഭരിതമാണ്, കാരണം, ഗുരു ശിഷ്യന്മാരോട് വിടപറയാൻ പോകുകയാണ്, ഉൽക്കണ്ഠ നിറഞ്ഞതാണ്, എന്തെന്നാൽ, അവരിൽ ഒരുവൻ അവനെ ഒറ്റിക്കൊടുക്കും എന്ന് അവൻ പ്രഖ്യാപിക്കുന്നു. യേശുവിൻറെ ആത്മാവിൽ എത്രമാത്രം വേദന ഉണ്ടായിരുന്നുവെന്നും അപ്പൊസ്തോലന്മാരുടെ ഹൃദയത്തിൽ എന്ത് അന്ധകാരമാണ് ഉരുണ്ടുകൂടിയതെന്നും, ഗുരു അവനുവേണ്ടി മുക്കിക്കൊടുത്ത അപ്പക്കഷ്ണം സ്വീകരിച്ച്, വഞ്ചനയുടെ നിശയിലേക്ക് പ്രവേശിക്കാൻ യൂദാസ് മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതു കാണുമ്പോൾ എന്തൊരു തിക്തതയാണ് അവിടത്തേക്ക് അനുഭവപ്പെട്ടതെന്നും നമുക്ക് ഊഹിക്കാം. ഒറ്റിക്കൊടുക്കലിൻറെ സമയത്താണ്, യേശു തൻറെ പ്രിയപ്പെട്ടവരോടുള്ള സ്നേഹം സ്ഥിരീകരിക്കുന്നത്. കാരണം ജീവിതാന്ധകാരത്തിലും ജീവിതത്തിലെ കൊടുങ്കാറ്റിലും ഇത് അനിവാര്യമാണ്: ദൈവം നമ്മെ സ്നേഹിക്കുന്നു.
നാമല്ല, ദൈവമാണ് നമ്മെ ആദ്യം സ്നേഹിക്കുന്നത്
സഹോദരീസഹോദരന്മാരേ, ഈ പ്രഖ്യാപനം തൊഴിലിലും നമ്മുടെ വിശ്വാസപ്രകടനങ്ങളിലും പ്രധാനമായിരിക്കട്ടെ: "നാം ദൈവത്തെ സ്നേഹിക്കുകയല്ല, അവിടന്ന് നമ്മെ സ്നേഹിക്കുകയാണ് ചെയ്തത്" (1 യോഹന്നാൻ 4:10). അത് നാം ഒരിക്കലും മറക്കരുത്. നമ്മുടെ കഴിവുകളും യോഗ്യതകളുമല്ല കേന്ദ്രസ്ഥാനത്തുവരുന്നത്, മറിച്ച് നമുക്ക് അർഹതയില്ലാത്ത നിരുപാധികവും സൗജന്യവുമായ ദൈവസ്നേഹമാണ്. നാം ക്രിസ്ത്യാനികൾ ആയിരിക്കുന്നതിൻറെ പ്രഥമ സ്ഥാനത്തുള്ളത് സിദ്ധാന്തങ്ങളും പ്രവൃത്തികളുമല്ല, മറിച്ച്, നമ്മുടെ ഏതൊരു പ്രതികരണത്തിനും മുമ്പ് നാം സ്നേഹിക്കപ്പെടുന്നുവെന്ന് കണ്ടെത്തുന്നതിൻറെ വിസ്മയമാണ്. ഫലം പുറപ്പെടുവിച്ചാൽ മാത്രമേ നമുക്ക് മൂല്യമുള്ളുവെന്ന് ലോകം പലപ്പോഴും നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ, സുവിശേഷമാകട്ടെ നമ്മെ ഓർമ്മപ്പെടുത്തുന്നത് നാം സ്നേഹിക്കപ്പെടുന്നു എന്ന ജീവിതസത്യമാണ്. ഇതാണ് നമ്മുടെ മൂല്യം: നമ്മൾ സ്നേഹിക്കപ്പെടുന്നു. നമ്മുടെ കാലത്തെ ഒരു ആത്മീയ ഗുരു ഇപ്രകാരം കുറിച്ചുവച്ചു: "ഏതൊരു മനുഷ്യനും നമ്മെ കാണുന്നതിന് മുമ്പ്, ദൈവത്തിൻറെ സ്നേഹനിർഭരമായ കണ്ണുകൾ നമ്മെ കണ്ടു. നാം കരയുകയോ ചിരിക്കുകയോ ചെയ്യുന്നത് ആരെങ്കിലും കേൾക്കുന്നതിനുമുമ്പ്, നമ്മെ പൂർണ്ണമായും കാതോർത്തിരിക്കുന്ന നമ്മുടെ ദൈവം നമ്മെ ശ്രവിച്ചു. ഈ ലോകത്തിലെ ആരെങ്കിലും നമ്മോട് സംസാരിക്കുന്നതിന് മുമ്പുതന്നെ, ശാശ്വത സ്നേഹത്തിൻറെ ശബ്ദം നമ്മോട് സംസാരിച്ചുകൊണ്ടിരുന്നു "(H. NOUWEN, Feeling loved, Brescia 1997, 50). ആദ്യം അവൻ നമ്മെ സ്നേഹിച്ചു, അവൻ നമുക്കുവേണ്ടി കാത്തിരുന്നു. അവൻ നമ്മെ സ്നേഹിക്കുന്നു, അവൻ നമ്മെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് നമ്മുടെ അനന്യത: ദൈവത്താൽ സ്നേഹിക്കപ്പെട്ടവർ. ഇതാണ് നമ്മുടെ ശക്തി: ദൈവത്താൽ സ്നേഹിക്കപ്പെട്ടവർ.
വിശുദ്ധിയെന്നാൽ........
ഈ സത്യം പലപ്പോഴും വിശുദ്ധിയെക്കുറിച്ചുള്ള ആശയത്തിൻറെ പരിവർത്തനം നമ്മോട് ആവശ്യപ്പെടുന്നു. ചില സമയങ്ങളിൽ, സൽപ്രവൃത്തികൾ ചെയ്യാനുള്ള നമ്മുടെ പരിശ്രമത്തിന് വളരെയധികം ഊന്നൽ നൽകുന്നതിലൂടെ, നമ്മിലും, വ്യക്തിപരമായ വീരത്വത്തിലും, ത്യജിക്കാനുള്ള കഴിവിലും, ഒരു സമ്മാനം നേടുന്നതിനായി ആത്മത്യാഗം ചെയ്യുന്നതിലും അധിഷ്ഠിതമായ ഒരു വിശുദ്ധിയെക്കുറിച്ചുള്ള ആശയം നാം വാർത്തെടുത്തു. ജീവിതത്തെയും, വിശുദ്ധിയെയും സംബന്ധിച്ച ഒരു പക്ഷേ, ശക്തമായ പെലാജിയൻ ദർശനമാണിത്. അതിനാൽ നാം വിശുദ്ധിയെ ഒരു അപ്രാപ്യ ലക്ഷ്യമാക്കുകയും, അതിനെ അനുദിന ജീവിത്തിലും, വീഥികളിലെ പൊടിയിലും പ്രായോഗിക ജീവിതത്തിലെ കഷ്ടപ്പാടുകളിലും, ആവിലയിലെ വിശുദ്ധ ത്രേസ്യ അവളുടെ സഹസഹോദരിമാരോട് പറഞ്ഞതുപോലെ. "അടുക്കള പാത്രങ്ങൾക്കിടയിലും" തിരയുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതിനുപകരം ദൈനംദിന ജീവിതത്തിൽ നിന്ന് മാറ്റി നിറുത്തുകയും ചെയ്യുന്നു. യേശുവിൻറെ ശിഷ്യന്മാരായിരിക്കുക, വിശുദ്ധിയുടെ പാതയിൽ ചരിക്കുക എന്നത്, എല്ലാറ്റിനുമുപരിയായി, ദൈവസ്നേഹത്തിൻറെ ശക്തിയാൽ സ്വയം രൂപാന്തരപ്പെടാൻ അനുവദിക്കുകയാണ്. അഹത്തിനു മേൽ ദൈവത്തിൻറെയും ജഡത്തിന്മേൽ ആത്മാവിൻറെയും, പ്രവൃത്തികളുടെ മേൽ കൃപയുടെയും പ്രാഥമ്യം നാം വിസ്മരിക്കരുത്. ചിലപ്പോഴൊക്കെ നാം കൂടുതൽ പ്രാധാന്യം സ്വത്വത്തിനും ജഡത്തിനും പ്രവൃത്തികൾക്കും നൽകുന്നു. എന്നാൽ അങ്ങനെയാകരുത്: സ്വത്വത്തിൻറെ മേൽ ദൈവത്തിൻറെ പ്രാഥമ്യം, ജഡത്തിന്മേൽ ആത്മാവിൻറെ ആധിപത്യം, പ്രവൃത്തികളുടെ മേൽ കൃപയുടെ പ്രഥമസ്ഥാനം.
ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തുവിൻറെ സ്നേഹം
കർത്താവിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന ശക്തിയാണ്: അത് നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുകയും സ്നേഹിക്കാൻ നമ്മെ സജ്ജമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് യേശു ഇങ്ങനെ പറയുന്നത് - ഇതാണ് രണ്ടാമത്തെ കാര്യം - "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക". അതിനാൽ ഇത് യേശുവിൻറെ സ്നേഹം അനുകരിക്കാനുള്ള ഒരു ക്ഷണം മാത്രമല്ല; അതിനർത്ഥം, അവൻ നമ്മെ സ്നേഹിച്ചതുകൊണ്ട് മാത്രമാണ് നമുക്ക് സ്നേഹിക്കാൻ കഴിയുക എന്നാണ്, കാരണം അവൻ നമ്മുടെ ഹൃദയങ്ങൾക്ക് സ്വന്തം ആത്മാവിനെ, വിശുദ്ധിയുടെ ആത്മാവിനെ, നമ്മെ സുഖപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സ്നേഹം നൽകുന്നു. ആയതിനാൽ നമുക്ക് തിരഞ്ഞെടുക്കാനും എല്ലാ സാഹചര്യങ്ങളിലും നാം കണ്ടുമുട്ടുന്ന ഓരോ സഹോദരനോടും സഹോദരിയോടും സ്നേഹ പ്രവർത്തികൾ ചെയ്യാനും കഴിയും, കാരണം നമ്മൾ സ്നേഹിക്കപ്പെടുന്നു, നമുക്ക് സ്നേഹിക്കാനുള്ള ശക്തിയുണ്ട്. അങ്ങനെ ഞാൻ സ്നേഹിക്കപ്പെടുന്നതുപോലെ, എനിക്ക് സ്നേഹിക്കാൻ കഴിയും. എല്ലായ്‌പ്പോഴും, ഞാൻ നിറവേറ്റുന്ന സ്‌നേഹം എന്നോടുള്ള യേശുവിൻറെ സ്‌നേഹവുമായി ഐക്യപ്പെട്ടിരിക്കുന്നു: "ഇതുപോലെ". അവൻ എന്നെ സ്നേഹിച്ചതുപോലെ, എനിക്കും സ്നേഹിക്കാൻ കഴിയും. ക്രിസ്തീയ ജീവിതം അത്ര ലളിതമാണ്, അത് വളരെ ലളിതമാണ്! നാം അതിനെ നിരവധി കാര്യങ്ങളാൽ കൂടുതൽ സങ്കീർണ്ണമാക്കുന്നു, എന്നാൽ അത് വളരെ ലളിതമാണ്.
സ്നേഹം പ്രായോഗിക ജീവിതത്തിൽ
എന്നാൽ, പ്രായോഗികമായി, ഈ സ്നേഹം ജീവിക്കുക എന്നതിൻറെ പൊരുളെന്താണ്? ഈ കൽപ്പന നമുക്കേകുന്നതിനു മുമ്പ്, യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി; ഈ കൽപ്പന ഉച്ചരിച്ചശേഷം അവൻ കുരിശു മരത്തിന്മേൽ സ്വയം സമർപ്പിച്ചു. സ്നേഹിക്കുക എന്നതിനർത്ഥം ഇതാണ്: സേവിക്കുക, ജീവൻ നൽകുക. ശുശ്രൂഷയേകുക, അതായത്, സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാതിരിക്കുക; അത്യാഗ്രഹത്തിൻറെയും മത്സരത്തിൻറെയും വിഷങ്ങളിൽ നിന്ന് വിമുക്തമാകു ക; നിസ്സംഗതയുടെ അർബുദത്തോടും അവനവനിൽ കേന്ദ്രീകരിക്കുന്ന പ്രവണതയുടെതായ മരപ്പുഴുവിനോടും പോരാടുക, ദൈവം നമുക്ക് നൽകിയ സിദ്ധികളും ദാനങ്ങളും പങ്കുവയ്ക്കുക. പ്രായോഗികമായി, "മറ്റുള്ളവർക്കായി ഞാൻ എന്താണ് ചെയ്യേണ്ടത്?" എന്ന് സ്വയം ചോദിക്കുക. ഇതാണ് സ്‌നേഹിക്കുക, ദൈനംദിന കാര്യങ്ങൾ സേവന മനോഭാവത്തോടെ, സ്‌നേഹത്തോടെ, ആരവങ്ങളില്ലാതെ, ഒന്നും അവകാശപ്പെടാതെ ജീവിക്കുക എന്നത്.
കൈയിൽ സ്പർശിക്കുക, കണ്ണിൽ നോക്കുക
തദ്ദനന്തരം ജീവൻ നൽകൽ, അത് എന്തെങ്കിലും മറ്റുള്ളവർക്ക് നൽകൽ മാത്രമല്ല, ഉദാഹരണമായി, സ്വന്തം വസ്തുക്കൾ മറ്റുള്ളവർക്ക് ദാനം ചെയ്യൽ, മറിച്ച്, ആത്മദാനമാണ് അത്. എന്നോട് ഉപദേശം തേടുന്നവരോട് ഇങ്ങനെ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: "എന്നോടു പറയൂ, നിങ്ങൾ ഭിക്ഷ കൊടുക്കുമോ?" - "അതെ, പിതാവേ, ഞാൻ ദരിദ്രർക്ക് ഭിക്ഷനല്കുന്നു" - "നിങ്ങൾ ദാനം ചെയ്യുമ്പോൾ, ആ വ്യക്തിയുടെ കൈയിൽ സ്പർശിക്കുന്നുണ്ടോ, അതോ ഭിക്ഷ എറിഞ്ഞ് കൊടുക്കുകയും അങ്ങനെ വൃത്തിയുള്ളവനായിരിക്കാൻ ശ്രമിക്കുകയുമാണോ ചെയ്യുന്നത്?". അവരുടെ മുഖം അരുണാഭമാകുന്നു: "ഇല്ല, ഞാൻ തൊടുന്നില്ല." "നീ ഭിക്ഷ നൽകുമ്പോൾ, നീ സഹായിക്കുന്ന ആളുടെ കണ്ണിൽ നോക്കുന്നുണ്ടോ അതോ മറ്റെവിടെയെങ്കിലുമാണോ നോക്കുക?" - "ഞാൻ നോക്കുന്നില്ല". തൊടുക, നോക്കുക, നമ്മുടെ സഹോദരീസഹോദരന്മാരിൽ വേദനിക്കുന്ന ക്രിസ്തുവിൻറെ മാംസം തൊടുകയും നോക്കുകയും ചെയ്യുക. ഇത് വളരെ പ്രധാനമാണ്. ജീവൻ നൽകുക എന്നത് ഇതാണ്. വിശുദ്ധി എന്നത് ഏതാനും വീരോചിത പ്രവർത്തികളാൽ രൂപമെടുക്കുന്നതല്ല, മറിച്ച് ധാരാളം ദൈനംദിന സ്നേഹത്താൽ രൂപംകൊള്ളുന്നതാണ്. നീ ഒരു സമർപ്പിതയോ സമർപ്പിതനോ ആണോ? - ഇന്ന്, ഇവിടെ ധാരാളം പേർ ഉണ്ട് – നിൻറെ സമർപ്പണം സന്തോഷത്തോടെ ജീവിച്ചുകൊണ്ട് വിശുദ്ധനായിരിക്കുക. നീ വിവാഹിതനോ വിവാഹിതയോ ആണോ? ക്രിസ്തു സഭയോടു ചെയ്തതുപോലെ നിൻറെ ഭർത്താവിനെയോ ഭാര്യയെയോ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ട് വിശുദ്ധനോ വിശുദ്ധയോ ആയിരിക്കുക. നീ ഒരു പുരുഷ തൊഴിലാളിയാണോ, സ്ത്രീ തൊഴിലാളിയാണോ? സഹോദരങ്ങളുടെ സേവനത്തിനായി സത്യസന്ധതയോടെയും വൈദഗ്ദ്ധ്യത്തോടെയും സ്വന്തം ജോലി ചെയ്യുകയും നിൻറെ സഹപ്രവർത്തകർ തൊഴിൽരഹിതരാകാതിരിക്കുന്നതിനും അവർക്ക് ന്യായമായ വേതനം ലഭിക്കുന്നതിനും വേണ്ടി അവരുടെ നീതിക്കായി പോരാടുകയും ചെയ്തു കൊണ്ട് വിശുദ്ധിയുള്ള വ്യക്തിയായിരിക്കുക. നീ അപ്പനാണോ, അമ്മയാണോ, മുത്തശ്ശിയോ മുത്തച്ഛനോ ആണോ? യേശുവിനെ അനുഗമിക്കാൻ കുട്ടികളെ ക്ഷമയോടെ പഠിപ്പിച്ചു കൊണ്ട് വിശുദ്ധനായിരിക്കുക, എന്നോട് പറയൂ, നിനക്ക് അധികാരമുണ്ടോ? - ഇവിടെ അധികാരമുള്ള ധാരാളം ആളുകൾ ഉണ്ട് - ഞാൻ നിങ്ങളോട് ചോദിക്കുന്നു: നിനക്ക് അധികാരമുണ്ടോ? പൊതുനന്മയ്ക്കുവേണ്ടി പോരാടുകയും നിൻറെ സ്വാർത്ഥ താൽപ്പര്യങ്ങൾ വെടിയുകയും ചെയ്തുകൊണ്ട് വിശുദ്ധനായിരിക്കുക". അപ്പോസ്തോലിക പ്രബോധനം ഗൗഡെറ്റ് എറ്റ് എക്സുൽട്ടേറ്റ്, 14). ഇതാണ് വിശുദ്ധിയുടെ പാത, വളരെ ലളിതമാണ്! മറ്റുള്ളവരിൽ എപ്പോഴും യേശുവിനെ ദർശിക്കുക.
പ്രതിഫലേച്ഛയില്ലാതെ സേവനം ചെയ്യുക, ജീവൻ സമർപ്പിക്കുക
സുവിശേഷത്തെയും സഹോദരങ്ങളെയും സേവിക്കുക, ലാഭം നോക്കാതെ സ്വന്തം ജീവൻ സമർപ്പിക്കുക - ഇത് ഒരു രഹസ്യമാണ്: നേട്ടം പ്രതീക്ഷിക്കാതെ - ലൗകിക മഹത്വം തേടാതെ സമർപ്പിക്കുക: ഇതിനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ സഹയാത്രികർ ഇപ്രകാരമാണ് വിശുദ്ധിയോടെ ജീവിച്ചത്: തങ്ങളുടെ വിളി, ചിലർ പുരോഹിതർ, സമർപ്പിതർ എന്ന നിലയിൽ, മറ്റു ചിലർ അല്മായർ എന്ന നിലയിൽ, വിളി ആവേശത്തോടെ ആശ്ലേഷിച്ചുകൊണ്ട്, അവർ സുവിശേഷത്തിനായി ജീവിതം ചിലവഴിച്ചു, അവർ സമാനതകളില്ലാത്ത ഒരു സന്തോഷം കണ്ടെത്തി. അവർ ചരിത്രത്തിൽ കർത്താവിൻറെ വിളങ്ങുന്ന പ്രതിഫലനങ്ങളായി മാറി. ഇതാണ് ഒരു വിശുദ്ധനൊ വിശുദ്ധയൊ: ചരിത്രത്തിലെ കർത്താവിൻറെ തിളങ്ങുന്ന പ്രതിഫലനം. നമുക്കും ശ്രമിക്കാം: വിശുദ്ധിയിലേക്കുള്ള വഴി അടഞ്ഞിട്ടില്ല, അത് സാർവ്വത്രികമാണ്, അത് മാമ്മോദീസായോടെ ആരംഭിക്കുന്ന നമുക്കെല്ലാവർക്കുമുള്ള ഒരു വിളിയാണ്, അത് അടഞ്ഞിട്ടില്ല. നമുക്കും ശ്രമിക്കാം, എന്തെന്നാൽ നമ്മൾ ഓരോരുത്തരും വിശുദ്ധിയിലേക്ക്, അദ്വീതീയവും അനാവർത്തിതവുമായ വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസ് പറഞ്ഞതുപോലെ വിശുദ്ധി എല്ലായ്പ്പോഴും യഥാർത്ഥമാണ്: പകർപ്പ് വിശുദ്ധി ഇല്ല, എൻറെയും, നിൻറെയും, നാമെല്ലാവരുടെയും വിശുദ്ധി യഥാർത്ഥമായതാണ്, അത് അദ്വിതീയവും ആവർത്തിക്കാനാവാത്തതുമാണ്. അതെ, കർത്താവിന് ഓരോരുത്തരെയും സംബന്ധിച്ച സ്നേഹപദ്ധതിയുണ്ട്, നിൻറെ ജീവിതത്തെക്കുറിച്ചും എൻറെ ജീവിതത്തെക്കുറിച്ചും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ചും അവന് ഒരു സ്വപ്നമുണ്ട്. ഞാൻ നിങ്ങളോട് എന്താണ് പറയേണ്ടത്? സന്തോഷത്തോടെ അത് മുന്നോട്ടുകൊണ്ടുപോകുക . നന്ദി.
ത്രികാലജപാഭിവാദനങ്ങൾ
പ്രഭാഷണാനന്തരം വിശുദ്ധ കുർബ്ബാന തുടർന്ന പാപ്പാ ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന മരിയൻ പ്രാർത്ഥന നയിച്ചു. ഈ പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ ഈ വിശുദ്ധപദപ്രഖ്യാപനത്തിൽ സംബന്ധിക്കുന്നതിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞു.
നവവിശുദ്ധർ
തങ്ങളുടെ സുവിശേഷ സാക്ഷ്യത്താൽ, ഈ നവവിശുദ്ധർ അവരവരുടെ രാജ്യങ്ങളുടെയും മാനവകുടുംബം മുഴുവൻറെയും ആത്മീയവും സാമൂഹികവുമായ വളർച്ചയെ പരിപോഷിപ്പിച്ചുവെന്നത് സസന്തോഷം അനുസ്മരിച്ച പാപ്പാ, ലോകത്തിൽ അകൽചയും പിരിമുറുക്കങ്ങളും യുദ്ധങ്ങളും വർദ്ധിക്കുന്ന ഖേദകരമായ അവസ്ഥയെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. സമൂല പരിഹാരങ്ങൾക്കും, സംഭാഷണത്തിൻറെ വഴികൾക്കും, പ്രത്യേകിച്ച് വലിയ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കുകയും സമാധാനത്തിൻറെ നായകന്മാരാകാൻ വിളിക്കപ്പെടുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിലും മനസ്സുകളിലും നവവിശുദ്ധർ പ്രചോദനം പകരട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. പുതിയ വിശുദ്ധരുടെ മാതൃക സന്തോഷത്തോടെ അനുകരിക്കാൻ സഹായിക്കുന്നതിന് പരിശുദ്ധ കന്യാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടാൻ എല്ലാവരെയും ക്ഷണിച്ചു കൊണ്ട് പാപ്പാ ത്രികാലജപം നയിക്കുകയും സമാപനാശീർവ്വാദം നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: