തിരയുക

ഫ്രാൻസിസ് പാപ്പായയും അഫ്ഗാനിസ്ഥാനിൽനിന്നുള്ള അഭയാർത്ഥികളും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായയും അഫ്ഗാനിസ്ഥാനിൽനിന്നുള്ള അഭയാർത്ഥികളും - ഫയൽ ചിത്രം 

കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുമൊപ്പം ഭാവി കെട്ടിപ്പടുക്കുക: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പാ, കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള ലോകദിനത്തിൽ നൽകിയ സന്ദേശത്തിൽ, നീതിയും തുല്യതയും സ്വർഗ്ഗരാജ്യത്തിന്റെ പ്രത്യേകതയാണെന്നും, കുടിയേറ്റക്കാരോടും അഭയാർത്ഥികളോടുമുള്ള മനോഭാവത്തിൽ ഈ രണ്ടു ഭാവങ്ങളും ഉണ്ടാകണമെന്നും പറഞ്ഞു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഈ ഭൂമിയിലെ നമ്മുടെ യാത്രയുടെ അവസാനലക്ഷ്യം നമ്മുടെ യഥാർത്ഥ ഇടമായ ദൈവാരാജ്യമാണ് എന്ന് "ദൈവരാജ്യം വരുവാനിരിക്കുന്നതും, ലോകത്തിന്റെയും മാനവരാശിയുടെയും ഭാവിയാണ്, ഏതെങ്കിലും, അത് നമ്മുടെയുള്ളിലുണ്ടെന്ന്" വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1989-ൽ റോമിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെയും സിയെന്നായിലെ വിശുദ്ധ കാതറിന്റെയും നാമത്തിലുള്ള ദേവാലയം സന്ദർശിച്ചപ്പോൾ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ച് ഫ്രാൻസിസ് പാപ്പാ എഴുതി.

വരുവാനിരിക്കുന്ന ലോകത്തിന്റെ സൃഷ്ടികർത്താവ് ദൈവം തന്നെ ആയതുകൊണ്ട് അതിന്റെ അടിത്തറ ഉറപ്പുള്ളതാണ്. പുതിയ ജെറുസലേം എന്ന നമ്മുടെ ലക്ഷ്യസ്ഥാനം ഇനിയും വന്നുചേർന്നിട്ടില്ലെങ്കിലും, ദൈവത്തിന്റെ പദ്ധതിയനുസരിച്ചുള്ള നമ്മുടെ ഭാവിയെ കെട്ടിപ്പടുക്കുവാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അത് എല്ലാവർക്കും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്ന ഒരിടമായിരിക്കും.

നീതി വാഴുന്ന ഒരിടമാണ് നാം പുതിയൊരു ലോകത്ത് പ്രതീക്ഷിക്കുന്നത്. മരിച്ച് ഉത്ഥിതനായ ക്രിസ്തുവിൽ, “എല്ലാം വീണ്ടും നല്ലതായി” തിരികെയെത്തുന്ന ഒരു ക്രമം സ്ഥാപിതമാകുന്നതാണ് ദൈവരാജ്യത്തിന്റെ നീതിയെന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്‌. ക്രിസ്തുവിലൂടെ നൽകപ്പെടുന്ന രക്ഷയെയും അവന്റെ സ്നേഹത്തിന്റെ സുവിശേഷത്തെയും സ്വീകരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതുവഴി ഇന്നത്തെ ലോകത്തിന്റേതായ അസമത്വങ്ങളും വിവേചനങ്ങളും ഇല്ലാതാക്കപ്പെടും.

ക്രിസ്തുവിന്റെ രാജ്യം എല്ലാവരെയും ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവരാജ്യം കെട്ടിപ്പടുക്കുന്നത്, കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും, കുടിയിറക്കപ്പെട്ടവരെയും കൂടി ഉൾപ്പെടുത്തിയാണ്. അങ്ങനെയുള്ള ആളുകളെ ഉൾപ്പെടുത്തുന്നത് സ്വർഗ്ഗരാജ്യപ്രവേശനത്തിന് ആവശ്യമായ വ്യവസ്ഥയാണ്. അങ്ങനെയല്ലാത്ത ഒന്ന് ദൈവരാജ്യം ആയിരിക്കില്ല. 'ആദിമുതൽ നിങ്ങൾക്കായി ഒരുക്കപ്പെട്ട രാജ്യത്തിലേക്ക് പ്രവേശിക്കുക' എന്നാണ് ക്രിസ്തു ക്ഷണിക്കുന്നത്.

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഉപയോഗിച്ച് ഭാവി കെട്ടിപ്പടുക്കുന്നത്, അവരുടെ കഴിവുകളെ അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. പഴയനിയമത്തിലെ ഏശയ്യായുടെ പുസ്തകം അറുപതാം അധ്യായം പത്തും പതിനൊന്നും വാക്യങ്ങളെ അധികരിച്ച്, വിദേശികളായ ആളുകളെ, ആക്രമണകാരികളും, നാശനഷ്ടം വരുത്തുന്നവരുമായി കണക്കാക്കാതെ, പുതിയ ജെറുസലേമിന്റെ മതിലുകൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് പാപ്പാ എടുത്തുപറഞ്ഞു.

വിദേശികളുടെ വരവ് സമൂഹങ്ങൾക്ക് സമ്പുഷ്‌ടീകരണത്തിന്റെ സ്രോതസ്സാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സംഭാവനകൾ അടിസ്ഥാനപരമായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മതിയായ രീതിയിൽ തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്‌താൽ വിദേശികളുടെ സാന്നിധ്യം ഒരു വലിയ സാധ്യതയാണ് തുറക്കുന്നത്.

ഏശയ്യായുടെ പുസ്തകത്തിൽ കാണുന്നതുപോലെ (60,11), പുതിയ ജറുസലേമിലെ നിവാസികൾ നഗരകവാടങ്ങൾ അപരിചിതർക്ക് പ്രവേശിക്കാൻ തക്കവിധം എപ്പോഴും തുറന്നായിരിക്കും ഇടുന്നത്. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും സാന്നിധ്യം ഒരു വലിയ വെല്ലുവിളി മാത്രമല്ല, അത് എല്ലാവർക്കും സാംസ്കാരികവും ആത്മീയവുമായ വളർച്ചയ്ക്കുള്ള അവസരവുമാണ്. ലോകത്തെക്കുറിച്ചും അതിന്റെ വൈവിധ്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും കൂടുതലറിയാനുള്ള ഒരു സാധ്യതയാണ് അവരുടെ സാന്നിധ്യം വഴി തുറക്കുന്നത്. നമ്മുടെ മാനവികതയിൽ കൂടുതൽ പക്വത ഉണ്ടാകാനും, കൂടുതൽ വിസ്തൃതമായ ഒരു "നാമെന്ന" ചിന്തയെ വളർത്തിയെടുക്കാനും നമുക്ക് സാധിക്കും.

വിജാതീയർ ഉള്ള ജെറുസലേം വിദേശരാജ്യങ്ങളിൽനിന്ന് വന്നിരുന്ന വഴിപാടുകളാൽ കൂടുതൽ മനോഹരമായിരുന്നു. ഈയൊരർത്ഥത്തിൽ, കത്തോലിക്കാകുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വരവ് അവരെ സ്വാഗതം ചെയ്യുന്ന സമൂഹങ്ങളുടെ സഭാ ജീവിതത്തിന് പുതിയ ഊർജ്ജം നൽകുന്നു. വ്യത്യസ്ത രീതികളിൽ വിശ്വാസവും ഭക്തിയും പങ്കുവയ്ക്കുന്നത് ദൈവജനത്തിന് കൂടുതൽ പൂർണ്ണമായി വിശ്വാസം ജീവിക്കാനുള്ള അവസരമാണൊരുക്കുന്നത്.

സ്വർഗീയപിതാവിനൊപ്പം നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിൽ നാം സഹകരിക്കുന്നത് കുടിയേറ്റക്കാരും അഭയാർത്ഥികളുമായ നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പമാകട്ടെയെന്ന് പാപ്പാ എല്ലാവരെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആഹ്വാനം ചെയ്തു. ഇപ്പോൾത്തന്നെയാണ് നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നത് തുടങ്ങേണ്ടതെന്ന് എഴുതിയ പാപ്പാ, ദൈവികപദ്ധതിയുടെ ഭാഗമായ, നീതിയുടെയും സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുന്നതിനായി ഇപ്പോൾ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ചുള്ള ഉത്തരവാദിത്വങ്ങൾ വരും തലമുറയെ ഏൽപ്പിക്കാനാകില്ലെന്ന് തന്റെ സന്ദേശത്തിൽ എഴുതി.

സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതിയാണ് കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള നൂറ്റിയെട്ടാമത്‌ ലോകദിനം ആഘോഷിക്കുന്നത്. ഈയവസരത്തിലേക്ക് ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശം മെയ് പന്ത്രണ്ടാം തീയതി, വത്തിക്കാനിൽ പരിശുദ്ധ സിംഹാസനത്തിന്റെ പത്രം ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2022, 17:55