തിരയുക

സ്വർഗ്ഗീയ പരിപാലനയുടെ എളിയ സേവകരുടെ സന്യാസസഭ (Order of the Poor Servants of Divine Providence) യിലെ സന്യാസിനീ സന്യാസികളോടുമായുള്ള  ഫ്രാൻസിസ് പാപ്പായുടെ കൂടികാഴ്ചയിൽ പകർത്തപ്പെട്ട ചിത്രം. സ്വർഗ്ഗീയ പരിപാലനയുടെ എളിയ സേവകരുടെ സന്യാസസഭ (Order of the Poor Servants of Divine Providence) യിലെ സന്യാസിനീ സന്യാസികളോടുമായുള്ള ഫ്രാൻസിസ് പാപ്പായുടെ കൂടികാഴ്ചയിൽ പകർത്തപ്പെട്ട ചിത്രം. 

പാപ്പാ: നിസ്സംഗതയുടെ സംസ്കാരത്തെ ദൈവപരിപാലനയുടെ സംസ്കാരം കൊണ്ട് നേരിടുക

കർത്താവ് അവരെ അയക്കുന്ന ഭൂമി ശാസ്ത്രപരവും അസ്തിത്വപരവുമായ പ്രാന്തപ്രദേശങ്ങൾ ദൈവത്തിന്റെ പരിപാലന സ്നേഹം കരുണയിലൂടെ പ്രഘോഷിക്കാനുള്ള ഇടങ്ങളാണ് എന്ന് സ്വർഗ്ഗീയ പരിപാലനയുടെ എളിയ സേവകരുടെ സന്യാസസഭ (Order of the Poor Servants of Divine Providence) യിലെ സന്യാസിനീ സന്യാസികളോടു ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്ന് തിങ്കളാഴ്ച എളിയ സേവകരും സേവികമാരുമായ സ്വർഗ്ഗീയ പരിപാലന സഭയുടെ അംഗങ്ങൾ അവരുടെ പൊതു സമ്മേളനത്തിന് ശേഷം പരിശുദ്ധ പിതാവിനെ സന്ദർശിച്ച അവസരത്തിൽ അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. ലോകത്തോടു തുറവുള്ളവരും ഭൂമിശാസ്ത്രപരവും അസ്തിത്വപരവുമായ പുറമ്പോക്കുകളിൽ സമൂഹം തിരസ്കരിച്ചവരുടേയും ദരിദ്രരുടേയും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആവശ്യങ്ങളോടു പ്രതികരിക്കാൻ ഭയമില്ലാത്ത സന്യാസസമൂഹങ്ങളെയാണ് സഭയ്ക്ക് ഇന്നാവശ്യം എന്ന് പാപ്പാ പറഞ്ഞു. അവരുടെ സഭാ സ്ഥാപകനായ ജോവാന്നി കലാബ്രിയയുടെ പാരമ്പര്യവും അദ്ദേഹത്തിന്റെ കൂട്ടായ്മയുടെ പ്രവചനവും അവരെ തുടർന്നും നയിക്കുന്നതു നിരീക്ഷിച്ച പാപ്പാ, അവ ഈ കാലഘട്ടത്തിന്റെ സാഹചര്യത്തിൽ പ്രായോഗികമാക്കാൻ അവരാഗ്രഹിക്കുന്നതും എടുത്തു പറഞ്ഞു. കൂട്ടായ്മ ജനിക്കുകയും പുഷ്ടി പ്രാപിക്കുകയും ചെയ്യുക എല്ലാറ്റിലുമാദ്യം  ത്രിത്വൈക ദൈവവുമായുള്ള ബന്ധത്തിൽ നിന്നാണെന്നും പിന്നെ അത് സാഹോദര്യത്തിൽ പ്രകടമാകുകയുമാണ് ചെയ്യുന്നതെന്നും പാപ്പാ വിശദീകരിച്ചു.

സിനഡൽ ശൈലി

അവരുടെ സന്യാസിനീ സന്യാസികൾ ഒരുമിച്ച് സഭയോടൊപ്പം   ചലിക്കുന്നതിലും അവരുടെ പൊതു സമ്മേളനങ്ങളിൽ (Chapterട) സജീവമായി അൽമായരെ പങ്കെടുപ്പിച്ചു കൊണ്ട് അവരുടെ സ്വത്വത്തെയും ഭാഗഭാഗിത്വത്തെയും ശക്തിപ്പെടുത്തിയ സന്യാസസഭയുടെ സിനഡൽ ശൈലിയെ ശ്ലാഘിച്ച പാപ്പാ " ഇതും കൂട്ടായ്മയുടെ പ്രവചനമാണ് " എന്ന് അവരെ ഓർമ്മിപ്പിച്ചു.

"ലോകത്തിൽ പിതാവായ ദൈവത്തിലുള്ള വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനും അവന്റെ പരിപാലനയിൽ മക്കൾക്കടുത്ത വിശ്വാസത്തോടെ സമർപ്പിക്കാനും " വിളിക്കപ്പെട്ട സഭയുടെ സിദ്ധിയെ  പാപ്പാ വിചിന്തനം ചെയ്തു. അവന്റെ "പരസ്യജീവിതത്തിലും, പ്രഭാഷണങ്ങളിലും, തന്നെ ശിഷ്യരുമൊത്തുള്ള സംഭാഷണങ്ങളിൽ പോലും" യേശുവിനെ നമ്മൾ ധ്യാനിക്കുമ്പോൾ, പിതാവിനെക്കുറിച്ച്  മറ്റുള്ളവരെ അറിയിക്കാനും, അവന്റെ നന്മയെ അനുഭവിപ്പിക്കാനുമുള്ള യേശുവിന്റെ ആഗ്രഹം നമുക്ക് കാണാൻ കഴിയും എന്നത് മനോഹരമാണ് എന്ന് പാപ്പാ വിവരിച്ചു. യേശുവിന്റെ മുഴുവൻ പ്രവർത്തനവും നമ്മെ ഈ മക്കൾക്കടുത്ത ബന്ധത്തിൽ കൊണ്ടുവരാനായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാന സവിശേഷത ദൈവപരിപാലനയിലുള്ള ആശ്രിതത്വമാണ്: നമുക്കറിയാവുന്നതിനേക്കാൾ പിതാവിന് നമ്മെയും  നമുക്കെന്താണാവശ്യം എന്നും നന്നായി അറിയാമെന്നതുമാണ്.

ദരിദ്രരാണ് നിങ്ങളുടെ "രത്നങ്ങൾ "

വിശുദ്ധ ജൊവാന്നി കലാബ്രിയയുടെ കാലടികൾ പിൻചെല്ലാൻ അവരെ ആഹ്വാനം ചെയ്ത പാപ്പാ " പ്രത്യേകിച്ചും ",  അവരുടെ  "സഭാ സ്ഥാപകൻ "രത്നങ്ങൾ " എന്നു വിളിച്ച ഏറ്റം ദരിദ്രരായ, ഏറ്റം അവസാനം നിൽക്കുന്ന, സമൂഹത്താൽ തഴയപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കാൻ " അവരോടാവശ്യപ്പെട്ടു. വിശുദ്ധ കലാബ്രിയയെ ഒരു പ്രവാചകനായി വർണ്ണിച്ച പാപ്പാ അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും കാലഘട്ടത്തിലെ സഭയോടു  ചേർന്നു നിൽക്കുകയും, ദൈവത്തിന്റെ മാതൃപിതൃ മുഖം വെളിപ്പെടുത്തുകയും വേണമെന്ന് ചൂണ്ടിക്കാണിച്ചു.

ദൈവപരിപാലനയുടെ സംസ്കാരം

ഇന്നത്തെ പ്രത്യേകിച്ച്  സമ്പന്ന സമൂഹങ്ങളെ ബാധിച്ചിട്ടുള്ള "നിസ്സംഗതയുടെ സംസ്കാരത്തെ " ഒരു "ദൈവപരിപാലനയുടെ സംസ്കാരം" കൊണ്ട് നേരിടാൻ സഭാംഗങ്ങളെ പാപ്പാ ക്ഷണിച്ചു. പ്രശ്നങ്ങളുടെ പരിഹാരവും സാമഗ്രികളും സ്വർഗ്ഗത്തിൽ നിന്നു പെയ്യുന്നതു വരെ കാത്തിരിക്കുക എന്ന് ഇതിനർത്ഥമില്ല എന്നും പാപ്പാ വ്യക്തമാക്കി. "സ്വർഗ്ഗീയ പിതാവ്

തന്റെ സൃഷ്ടികളെ, പ്രത്യേകിച്ച് ഏറ്റം ബലഹീനരെ, ഏറ്റം ചെറിയവരെ, പരിപാലിക്കുന്ന രീതിയോടു പരിശുദ്ധാത്മാവിൽ സാദൃശ്യം പുലർത്തുക എന്നും, ആർക്കും അത്യാവശ്യമുള്ളവയ്ക്ക് കുറവു വരാതിരിക്കാൻ നമുക്കുള്ള എളിയവയിൽ നിന്ന് മറ്റുള്ളവരുമായി പങ്കു വയ്ക്കുക " എന്നതുമാണ്. നിസ്സംഗതയെ നേരിടാൻ എന്നത്തേക്കാളും പരിപാലനയുടെ മനോഭാവം ആവശ്യമാണ് എന്ന് പാപ്പാ അടിവരയിട്ടു.

പങ്കുവയ്ക്കൽ

പങ്കുവയ്ക്കലിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പരിശുദ്ധ പിതാവ് അവർ ഒരുമിച്ചു നടക്കാനാഗ്രഹിക്കുന്ന കൂട്ടായ്മയുടെ പ്രവചനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് അതെന്ന് വിശദീകരിച്ചു. ഒരു വിരുന്നുകാരനോ, ദരിദ്രനോ വീട്ടിൽ വന്നു മുട്ടുമ്പോൾ ഭക്ഷണം വിളമ്പാൻ മടി കാണിക്കാതിരുന്ന

നമ്മുടെ മുതിർന്നവരുടെ, മുത്തച്ഛീ മുത്തച്ഛന്മാരുടെ ഉദാഹരണങ്ങൾ ഓർമ്മിച്ചു കൊണ്ടാണ് താനിത് പറയുന്നതെന്ന് പാപ്പാ പറഞ്ഞു കൊണ്ട് ഇത് പങ്കുവയ്ക്കലായുള്ള ദൈവപരിപാലനയുടെ മൂർത്തമായ അനുഭവമാണ് എന്ന് ചൂണ്ടിക്കാണിച്ചു. പങ്കുവയ്ക്കൽ പരിശീലിച്ചുകൊണ്ട് പരിപാലന വിളമ്പി യേശു ചെയ്തതുപോലുള്ള ചില മൂല്യങ്ങൾ വീണ്ടെടുക്കാൻ അവരെ പാപ്പാ ക്ഷണിച്ചു.

ലോകത്തോടുള്ള തുറവ്

തന്നിലേക്ക് തന്നെ പിൻവലിയാനും സ്വയം പരാമർശാത്മകതയിലേക്ക് തിരിയാനുമുള്ള പ്രലോഭനത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയ ഫ്രാൻസിസ് പാപ്പാ  കർത്താവ് കലാബ്രിയൻ കുടുംബത്തെ അയക്കുന്ന ഭൂമി ശാസ്ത്രപരവും അസ്തിത്വപരവുമായ പ്രാന്തപ്രദേശങ്ങൾ പിതാവിന്റെ പരിപാലന സ്നേഹം നിറഞ്ഞു കവിയുന്ന കരുണയിലൂടെ, ദൈവത്തിന്റെ ആദ്രമായ മുഖം മുൻവിധിയും ഒഴിവാക്കലും കൂടാതെ പ്രഖ്യാപിക്കാനുള്ള മേഖലയാണെന്ന് അവരെ ഓർമ്മിപ്പിച്ചു.

ദരിദ്രരായിരുന്ന് ദരിദ്രരെ സ്നേഹിക്കുക

എഴുതി വച്ച പ്രഭാഷണത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് അവരുടെ സമൂഹങ്ങളിൽ ഒരിക്കലും മനുഷ്യത്വത്തിന്റെ ചൈതന്യത്തെ അവഗണിക്കരുതെന്ന് ഓർമ്മിപ്പിച്ചു. "മനുഷ്യ സാഹോദര്യവും - മനുഷ്യത്വവും നശിപ്പിക്കുന്നവയിൽ ഒന്ന് അപവാദം പറച്ചിലാണ്; ദയവായി പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കലും പരസ്പരം അപവാദം പറയരുത്. നിങ്ങൾക്ക്

ഒരു സഹോദരനോടോ സഹോദരിയോടോ ഒരു പ്രശ്നമുണ്ടെങ്കിൽ, അത് അവരുടെ മുഖത്തു നോക്കി പറയുക " പാപ്പാ പറഞ്ഞു. അല്ലാത്തപക്ഷം ഉപദ്രവവും നാശവും സംഭവിക്കാമെന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു.

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2022, 21:56