തിരയുക

ഫ്രാൻസീസ് പാപ്പാ സ്ലൊവാക്യക്കാരായ തീർത്ഥാടകരെ അഭിവാദ്യം ചെയ്യുന്നു, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ! ഫ്രാൻസീസ് പാപ്പാ സ്ലൊവാക്യക്കാരായ തീർത്ഥാടകരെ അഭിവാദ്യം ചെയ്യുന്നു, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ! 

പാപ്പാ: ഏകതാനത സംജാതമാക്കുന്നതിന് തുറവും സർഗ്ഗാത്മകതയും അനിവാര്യം!

ഫ്രാൻസീസ് പാപ്പാ സ്ലൊവാക്യക്കാരായ തീർത്ഥാടകരുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാഗമ സംസ്കൃതി കെട്ടിപ്പടുക്കുന്നത് നാനത്വത്തിൽ ഏകത്വം സൃഷ്ടിക്കാനുള്ള അന്വേഷണത്തിലൂടെയാണെന്ന് മാർപ്പാപ്പാ.

സ്ലൊവാക്യയിൽ നിന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ  അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് സ്വൊളേൻസ്കിയുടെ നേതൃത്വത്തിലെത്തിയ രണ്ടായിരത്തിയഞ്ഞൂറോളം പേരടങ്ങുന്ന തീർത്ഥാടകസംഘത്തെ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ ശനിയാഴ്ച (30/04/22) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

സ്ലൊവാക്യയിലെ സമൂഹത്തിനു രൂപം നൽകുന്ന എല്ലാ വിഭാഗക്കാരും, അതായത്,

യുവജനങ്ങൾ, കുടുംബങ്ങൾ, പ്രായമായവർ, ചരിത്രപരമായി സ്ലൊവാക്യയിലെ സമൂഹത്തിൻറെ ഭാഗമായിട്ടുള്ള വ്യത്യസ്ത സമൂഹങ്ങൾ എന്നിവരെല്ലാം ചേർന്ന് ഒരുമിച്ചു പ്രയാണം ചെയ്യുന്ന ശൈലി അവലംബിക്കാൻ പ്രചോദനം പകർന്ന പാപ്പാ ഈ ജീവിത ശൈലിയുടെ അടിസ്ഥാനം സുവിശേഷവും പരിശുദ്ധാരൂപിയുമാണെന്ന് ഉദ്ബോധിപ്പിച്ചു.

എന്നാൽ സ്വാഗതം ചെയ്യുന്ന മനോഭാവവും തുറവും സർഗ്ഗാത്മകതയും ആവശ്യമായിരിക്കുന്ന ഈ ഐക്യം  ചരിത്രത്തിലും പ്രായോഗിക ജീവിതത്തിലും ചിലപ്പോൾ നമ്മുടെ പാപങ്ങളാലും പരിമിതികളാലും മുറിവേൽപ്പിക്കപ്പെടുന്നുവെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

അതു കൊണ്ടുതന്നെയാണ് ഈ മുറിവുണങ്ങുന്നതിനു വേണ്ടി, താൻ തൻറെ സ്ലൊവാക്യസന്ദർശനാവസരത്തിൽ എല്ലാവരുമൊത്തു പ്രാർത്ഥിച്ചതെന്ന് പറഞ്ഞ പാപ്പാ ഏകതാനതയുടെ സൃഷ്ടാവും മുറിവുണക്കുന്ന തൈലവുമായ പരിശുദ്ധാരൂപിയെ വിളിച്ചപേക്ഷിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

സ്ലൊവാക്യയിലെ ജനങ്ങളുടെ സ്വീകരണ മനോഭാവത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇപ്പോൾ യുദ്ധദുരന്ത വേളയിൽ ഈ മനോഭാവം അവർ ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണെന്ന് ശ്ലാഘിച്ചു.

ഉക്രൈയിനിൽ നിന്ന് യുദ്ധം മൂലം പലായനം ചെയ്യാൻ നിർബന്ധിതരായ കുട്ടികളും അമ്മമാരും അടങ്ങുന്ന കുടുംബങ്ങളെ തങ്ങളുടെ സ്ഥാപനങ്ങളിലും ഭാവനങ്ങളിലും സ്ലൊവാക്യൻ ജനത സ്വീകരിച്ചത് പാപ്പാ അനുസ്മരിച്ചു.

സ്വാഗതം ചെയ്യുന്ന ഉപവിയുടെയുൾപ്പടെയുള്ള പ്രവർത്തികളിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിൽ കെട്ടിപ്പടുക്കുന്ന സമാധാനത്തിനായി പ്രാർത്ഥിക്കുകയും യത്നിക്കുകയും ചെയ്യാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.

ദരിദ്രനായ ഒരാളെ സ്വീകരിക്കുന്നവൻ ഉപവിപ്രവർത്തിമാത്രമല്ല  വിശ്വാസത്തിൻറെ പ്രവർത്തിയും ചെയ്യുന്നുവെന്നും കാരണം, അവൻ തൻറെ സഹോദരനിലും സഹോദരിയിലും യേശുവിനെ തിരിച്ചറിയുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2022, 15:44