തിരയുക

ബുച്ചയിൽനിന്ന് കൊണ്ടുവന്ന പതാക ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കാട്ടുന്നു ബുച്ചയിൽനിന്ന് കൊണ്ടുവന്ന പതാക ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കാട്ടുന്നു 

ഉക്രൈനിലെ ബുച്ച കൂട്ടക്കൊലക്കെതിരെ ഫ്രാൻസിസ് പാപ്പാ

കിയെവ് നഗരത്തിനടുത്തുള്ള ബുച്ചയിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതിനെ പാപ്പാ അപലപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

റഷ്യ ഉക്രൈനിൽ തുടരുന്ന യുദ്ധത്തിന്റെ കെടുതികളെക്കുറിച്ചുള്ള വാർത്തകൾ കൂടുതലായി പുറത്തുവന്നുകൊണ്ടിരിക്കെ, ബുച്ച കൂട്ടക്കൊല, കൊടുംക്രൂരതയുടെ സാക്ഷ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സമാധാനവും പ്രതീക്ഷയും കൊണ്ടുവരുന്നതിന് പകരം, പുതിയ ക്രൂരതയുടെ സാക്ഷ്യങ്ങളാണ് വരുന്നതെന്ന് പാപ്പാ ഇതിനെക്കുറിച്ച് അപലപിച്ചു. ബുധനാഴ്ച വത്തിക്കാനിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്‌ചാവേളയിലാണ് ഉക്രൈയിനിൽ നടക്കുന്ന കിരാതമായ യുദ്ധത്തെക്കുറിച്ച് ഒരിക്കൽക്കൂടി പാപ്പാ സംസാരിച്ചത്. സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അവരുടെ നിഷ്കളങ്കരക്തം, ഈ യുദ്ധം അവസാനിക്കുവാനും, ആയുധങ്ങൾ നിശബ്ദമാകുന്നതിനും, മരണവും നാശവും വിതയ്ക്കപ്പെടുന്നത് നിറുത്തുവാനുമായി സ്വർഗ്ഗത്തിലേക്ക് നിലവിളി ഉയർത്തുകയാണെന്ന് പാപ്പാ പറഞ്ഞു. നമുക്കും ഇതിനായി പ്രാർത്ഥിക്കാമെന്ന് പാപ്പാ ആഹ്വനം ചെയ്തു.

കഴിഞ്ഞ ദിവസം ബുച്ചയില്നിന്ന് കൊണ്ടുവന്ന ഒരു പതാക ഫ്രാൻസിസ് പാപ്പാ ഉയർത്തിക്കാട്ടി. തകർന്ന നഗരത്തിൽനിന്നാണ് ഇതെത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒപ്പം പാപ്പായുടെ പൊതുകൂടിക്കാഴ്‌ചയിൽ സംബന്ധിച്ചിരുന്ന ഉക്രയിനിൽനിന്നുള്ള അഭയാർത്ഥികളായ കുട്ടികളെ അഭിവാദ്യം ചെയ്ത പാപ്പാ, അവർക്കൊപ്പം പ്രാർത്ഥിക്കാനും എല്ലാവരെയും ആഹ്വനം ചെയ്തു.

യുദ്ധത്തിന്റെ അനന്തരഫലമായി സ്വന്തം രാജ്യം ഉപേക്ഷിച്ചുപോകേണ്ടിവന്നവരാണ് ഇവരെന്നും, എല്ലാ യുദ്ധങ്ങളും ഇതുപോലുള്ള ദുരിതഫലങ്ങൾ ഉളവാക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ മറക്കരുതെന്നും, സ്വന്തം മണ്ണിൽനിന്നും പിഴുതെറിയപ്പെടുന്നത് അതികഠിനമായ ഒരു കാര്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2022, 17:09