തിരയുക

മാനിറ്റോബ മെറ്റിസിന്റെ  അധ്യക്ഷൻ ഡേവിഡ് ചാർട്രാൻഡ് വത്തിക്കാനിൽ മാനിറ്റോബ മെറ്റിസിന്റെ അധ്യക്ഷൻ ഡേവിഡ് ചാർട്രാൻഡ് വത്തിക്കാനിൽ 

കാനഡയിലെ മാനിറ്റോബ മെറ്റിസ് സംഘം പാപ്പയുമായി വേദന പങ്കിട്ടു

കാനഡയിലെ "റെസിഡൻഷ്യൽ സ്‌കൂളുകളിൽ" നടന്ന ദുരുപയോഗം സംബന്ധിച്ച കണ്ടെത്തലുകൾക്ക് ശേഷം, മാനിറ്റോബ മെറ്റിസ് ഫെഡറേഷനിലെ അമ്പതോളം അംഗങ്ങൾ സഭയുമായുള്ള അനുരഞ്ജനത്തിന്റെ യാത്ര തുടരാൻ റോമിലെത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാനഡയിൽ നിന്നുള്ള മെറ്റിസ് മാനിറ്റോബ ഫെഡറേഷനിലെ 55 തദ്ദേശീയരെ വ്യാഴാഴ്ച വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. മാനിറ്റോബ മെറ്റിസ് സമൂഹം തുടർച്ചയായി തങ്ങളുടെ അവകാശങ്ങളും,അനന്യതയും സ്വയം ഭരിക്കുന്ന ജനവിഭാഗമെന്ന നിലയിൽ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് കാനഡയിൽ മാനിറ്റോബ മെറ്റിസ് ഫെഡറേഷനായി അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് "റെഡ് റിവർ മെറ്റിസ്" എന്നറിയപ്പെടുന്ന ഈ ഫെഡറേഷന്റെ അംഗങ്ങൾ - ഒരു പ്രത്യേക സ്ഥാപനമായി റോമിലെത്തിയത്.  ഏപ്രിൽ ആദ്യം വത്തിക്കാനിൽ പാപ്പയുമായി നടന്ന കൂടികാഴ്ചയിൽ പങ്കെടുത്ത കാനഡയിലെ തദ്ദേശീയരായ മെറ്റിസ്, ഇൻയൂട്ട്, ഫസ്റ്റ് നേഷൻസ് എന്നീ  സമൂഹങ്ങൾക്കൊപ്പം ഇവർ പങ്കെടുത്തിരുന്നില്ല.

പ്രത്യാശയുടെയും നവീകരണത്തിന്റെയും സന്ദേശം

കാനഡയിലെ മറ്റ് തദ്ദേശീയരെപ്പോലെ, മാനിറ്റോബ മെറ്റിസും സർക്കാർ സ്ഥാപിച്ചതും ക്രൈസ്തവർ  നടത്തുന്നതുമായ  "റെസിഡൻഷ്യൽ സ്കൂളുകളിൽ" ചൂഷണം അനുഭവിച്ചു. ഏപ്രിൽ 1-ന്, കാനഡയിലെ കത്തോലിക്കാ മെത്രാന്മാരുടെ സാന്നിധ്യത്തിൽ ഒരു വേദിയിൽ വെച്ച് കാനഡയിലെ നിരവധി തദ്ദേശീയർ അനുഭവിക്കുന്ന ചൂഷണദുരുപയോഗങ്ങൾക്ക് പാപ്പാ ക്ഷമ ചോദിക്കുകയും തന്റെ "രോഷവും ലജ്ജയും" പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി തദ്ദേശവാസികൾ കാത്തിരുന്ന ശക്തമായ സന്ദേശമായിരുന്നു അത്.

മാനിറ്റോബ മെറ്റിസിന്റെ  അധ്യക്ഷൻ ഡേവിഡ് ചാർട്രാൻഡ് ഇതിനകം തന്നെ പാപ്പയുടെ  വാക്കുകൾക്ക് നന്ദി പ്രകടിപ്പിച്ചിരുന്നു: "കാനഡയിലെ എല്ലാ തദ്ദേശീയരെയും പോലെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ പിന്നിൽ തങ്ങളുടെ തെറ്റുകൾ മറച്ചുവെച്ച വ്യക്തികളുടെ കരങ്ങളാൽ ദ്രോഹത്തിന് വിധേയരായ ഞങ്ങൾക്ക്‌, ഫ്രാൻസിസ് പാപ്പയുടെ ഹൃദയംഗമമായ ക്ഷമാപണം കേട്ടപ്പോൾ ആശ്വാസമായി. നിരവധി റെഡ് റിവർ മെറ്റിസുകാർ വർഷങ്ങളായി ഈ ക്ഷമാപണത്തിനായി കാത്തിരിക്കുകയായിരുന്നെന്ന് എനിക്കറിയാം. ഇത് മുറിവുണക്കൽ പ്രക്രിയ ആരംഭിക്കാനും അനുരഞ്ജനത്തിന്റെയും പുനരുജ്ജീവനത്തിന്റെയും, നവീകരണത്തിന്റെയും ഈ യാത്രയിൽ നമ്മെ ഒരുമിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ക്ലമന്റൈൻ ഹാളിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മാധ്യമപ്രവർത്തകരോടു  ചാർട്രൻഡ് ഇതേ വാക്കുകൾ ആവർത്തിച്ചു. "ഞങ്ങളുടെ സന്ദേശം അൽപ്പം വ്യത്യസ്ഥമായിരുന്നു. ഞങ്ങൾ തീർച്ചയായും പാപ്പായുടെ  ക്ഷമാപണത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഞങ്ങൾ അനുരഞ്ജനത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുടെയും നവീകരണത്തിന്റെയും സന്ദേശം ഉണ്ടായിരുന്നു." എന്ന്  അദ്ദേഹം കൂട്ടി ചേർത്തു.

കണ്ണീരും അനുകമ്പയും

തങ്ങൾ പൊഴിച്ച കണ്ണുനീരിനെയും, പങ്കിട്ട കഥകളെയും അനുസ്മരിച്ച തദ്ദേശീയ നേതാവ് വളരെ ദയയോടെ പരിശുദ്ധ പിതാവ് തങ്ങളെ സ്വീകരിച്ചുവെന്നും, പാപ്പായുടെ ക്ഷമായാചന വളരെയധികം തങ്ങളെ സ്പർശിച്ചുവെന്നും പറഞ്ഞു. "കുട്ടിക്കാലത്ത് വലിയ വിലകൊടുത്ത്" രക്ഷപ്പെട്ട ആൻഡ്രൂ എന്ന വ്യക്തിക്ക് തന്റെ  വ്യക്തിപരമായ കഥ പറയാനും അത് ക്ഷമയോടും ശ്രദ്ധയോടും വികാരഭരിതമായും പാപ്പാ  ശ്രവിച്ചതും  പാപ്പയുടെ  അനുകമ്പ ദർശിക്കാൻ കഴിഞ്ഞതും തങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും അദ്ദേഹം പങ്കുവച്ചു.

ഒരു ജനതയുടെ കഥ പറയുന്ന സമ്മാനങ്ങൾ

കനേഡിയൻ സർക്കാരുമായി ഒപ്പുവച്ച കരാർ ഡേവിഡ് ചാർട്രാൻഡ് പാപ്പയെ കാണിച്ചു. പാപ്പാ അതിന്റെ ഒരു പകർപ്പിൽ ഒപ്പുവയ്ക്കുകയും ചെയ്തു. അത് ഉടൻ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒരു മ്യൂസിയത്തിൽ പ്രദർശനത്തിനു വയ്ക്കും. തുടർന്ന്  300 വർഷം പഴക്കമുള്ള മുത്തുകൾ കൊണ്ട് നിർമ്മിച്ച കരകൗശല സൃഷ്ടികൾ തദ്ദേശവാസികൾ പാപ്പയ്‌ക്ക്‌ സമ്മാനിച്ചു.  ഒരു കാലത്ത് Flower Beadwork People of the West,' എന്നാണ്  അവർ അറിയപ്പെട്ടിരുന്നതെന്നും അതിന്റെ  കാരണം അവരെ  എന്ത് വിളിക്കണമെന്ന് അറിയാതിരുന്നതിനാലാണെന്നും,  തങ്ങളെ സങ്കരസന്താനങ്ങൾ  എന്നാണ് രാജ്യം എന്ന് വിളിച്ചിരുന്നതെന്നും വേദന പങ്കിട്ട ഡേവിഡ് ചാർട്രാൻഡ് ഇക്കരണത്താൽ അവരുടെ  എല്ലാ പ്രവർത്തികളിലും അവരുടെ കഥ പറയുന്ന പ്രയറി പൂക്കൾ ഉണ്ട് എന്ന് വെളിപ്പെടുത്തി. 1800-കളിൽ നിർമ്മിച്ച പുരാതനവും പരമ്പരാഗതവുമായ ഒരു ജോടി ചെരിപ്പുകളും, കുറച്ച് കുരിശുകളും പ്രതിനിധി സംഘം പാപ്പയ്‌ക്ക്‌  നൽകി. അവിടെ  സന്നിഹിതരായിരുന്ന എല്ലാവർക്കും പാപ്പാ ഹസ്തദാനം  ചെയ്തു.

"പാപ്പാ കസേരയിൽ നിന്ന് എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നു, അദ്ദേഹം മുടന്തുന്നത് ഞങ്ങൾ കണ്ടു ... ഞങ്ങൾ പാപ്പയോടു പറഞ്ഞു, 'ഇരിക്കൂ, ഞങ്ങൾ അങ്ങയുടെ  അടുത്തേക്ക് വരാം. എന്നാൽ പാപ്പായെ  അത്രയും ഊർജ്ജസ്വലതയോടും ഉത്സാഹത്തോടും അഭിമാനത്തോടും കൂടി കാണുന്നത് വളരെ സന്തോഷകരമായിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹൃദയങ്ങളെ സ്പർശിച്ചു, ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങളിൽ ആരും പാപ്പയെ മറക്കുകയില്ല. അങ്ങനെയൊരാളെ കിട്ടിയത് നമുക്ക് വലിയ ബഹുമതിയാണ്. മുന്നോട്ടുള്ള ചിന്താഗതിയുള്ള  പാപ്പാ ആദ്യം ദൈവത്തിന്റെതും പിന്നെ വത്തിക്കാന്റേതുമാണ്."ഡേവിഡ് ചാർട്രാൻഡ് വിശദീകരിച്ചു.

ലൂയിസ് റിയലിന്റെ ശവകുടീരം സന്ദർശിക്കാനുള്ള ക്ഷണം

വിൻപെഗ് പ്രദേശം സന്ദർശിക്കാനും ആദ്യകാല മെറ്റിസ് നേതാവായ ലൂയിസ് റിയലിന്റെ ശവകുടീരം ആശീർവദിക്കാനും (കാനഡയിലേക്ക് പോകാനുള്ള തന്റെ സന്നദ്ധത പാപ്പാ ഊന്നിപ്പറഞ്ഞിട്ടുണ്ട്, ഒരുപക്ഷേ ജൂലൈയിലായിരിക്കാം) പാപ്പായെ ക്ഷണിക്കാനുള്ള  അവസരം ആവർത്തിക്കാനുള്ള  വേദി കൂടിയായിരുന്നു  ഇന്നലെ നടന്ന കൂടിക്കാഴ്ച. ലൂയിസ് റിയൽ  മാനിറ്റോബ പ്രവിശ്യയുടെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന, അവരുടെ ഭൂമി കനേഡിയൻ സ്വാധീനത്തിൻ കീഴിൽ വന്നപ്പോൾ ജനങ്ങളുടെ അവകാശങ്ങളും സംസ്കാരവും സംരക്ഷിക്കാൻ ശ്രമിക്കുന്ന റെഡ് റിവർ പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ലൂയിസ് റിയൽ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 April 2022, 19:27