തിരയുക

വിശുദ്ധ യൗസേപ്പ് വിശുദ്ധ യൗസേപ്പ്  (©Athos - stock.adobe.com)

"പുതിയ കാലത്ത് പുതിയ സൃഷ്ടികൾ ആവശ്യമാണ്" - പാപ്പായുടെ കത്ത്!

ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ വിശുദ്ധ ലെയൊണാർദൊ മുരിയാൽദൊ സ്ഥാപിച്ച നൂറ്റിയമ്പതാം സ്ഥാപനവാർഷികം ആഘോഷിക്കുന്ന വിശുദ്ധ യൗസേപ്പിൻറെ സന്ന്യസ്ത സമൂഹത്തിൻറെ ജൂബിലിവത്സരത്തിന് തുടക്കമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ യൗസേപ്പിതാവിൻറെ നാമത്തിലുള്ള സന്ന്യസ്ത സമൂഹത്തിൻറെ നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ജൂബിലിയാചരണം, ഭാവിക്കായി നവോർജ്ജങ്ങൾ ആർജ്ജിക്കാൻ ഉറവിടങ്ങളിലേക്കുള്ള മടക്കമാണെന്ന് മാർപ്പാപ്പാ.

1873 മാർച്ച് 19-ന് ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ വിശുദ്ധ ലെയൊണാർദൊ മുരിയാൽദൊ സ്ഥാപിച്ച വിശുദ്ധ യൗസേപ്പിൻറെ സന്ന്യസ്ത സമൂഹത്തിൻറെ ജൂബിലിവത്സരത്തിന്, ആ വിശുദ്ധൻറെ തിരുന്നാൾ ദിനമായ ഈ 19-ന്, ശനിയാഴ്ച (19/03/22) തുടക്കം കുറിച്ച പശ്ചാത്തലത്തിൽ, ഫ്രാൻസീസ് പാപ്പാ, ഈ സമൂഹത്തിൻറെ പൊതുശ്രേഷ്ഠൻ, അഥവാ, സുപ്പീരിയർ ജനറൽ, ആയ വൈദികൻ തൂല്യൊ ലൊക്കത്തേല്ലിക്ക് അയച്ച കത്തിലാണ് ഈ പ്രസ്താവനയുള്ളത്.

ഈ സമൂഹത്തിൻറെ, യുവജന വിദ്യഭ്യാസ സിദ്ധിയെ ശക്തിപ്പെടുത്താനുള്ള അനുഗ്രഹം യാചിക്കുന്നതിനുള്ള അവസരം കൂടിയാണ് ഈ ജൂബിലിവത്സരമെന്നും പാപ്പാ പറയുന്നു.

"പുതിയ കാലത്ത് പുതിയ സൃഷ്ടികൾ ആവശ്യമാണ്" എന്ന വിശുദ്ധ ലെയൊണാർദൊ മുരിയാൽദൊയുടെ വാക്കുകൾ ഉദ്ധരിക്കുന്ന പാപ്പാ, താൻ ജീവിച്ചിരുന്ന കാലഘട്ടം വായിച്ചറിയാനും പത്തൊൻപതാം നൂറ്റാണ്ടിൻറെ ഉത്തരാർദ്ധത്തിൽ ടൂറിൻ നേരിട്ട പ്രശ്നങ്ങൾ മനസ്സിലാക്കാനും കോലോചിതവും ഫലപ്രദവുമായ പ്രതിവിധികൾ നൽകാനും അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് അനുസ്മരിക്കുന്നു.

ദരിദ്രരും ഉപേക്ഷിക്കപ്പെട്ടവരുമായ യുവാക്കളെ അദ്ദേഹം ഹൃദയത്തോട് ചേർക്കുകയും, അവരുടെ ആവശ്യങ്ങളെ ഉടനടി നേരിടാൻ മാത്രമല്ല, അന്തസ്സാർന്ന ഒരു ഭാവിക്കായി വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ പരിശീലനത്തിലൂടെയും തയ്യാറെടുക്കാനും നിരവധി യുവാക്കളെ സഹായിക്കുകയും ചെയ്തുവെന്നും പാപ്പാ പറയുന്നു.

തൊഴിൽ ലോകവുമായി ബന്ധപ്പെട്ട സാമൂഹിക അടിയന്തരാവസ്ഥയോടുള്ള ദീർഘവീക്ഷണത്തോടുകൂടിയ പ്രതിബദ്ധത അദ്ദേഹത്തിൻറെ ഒരു സവിശേഷതയായി പാപ്പാ എടുത്തുകാട്ടുന്നു.

"നാം ദൈവത്തിൻറെ കരങ്ങളിലാണ് - നമ്മൾ നല്ല കൈകളിലാണ്" എന്ന വിശുദ്ധ മുരിയാൾദൊയുടെ ഉറച്ച വിശ്വസത്തെ പ്രതിഫലിപ്പിക്കുന്ന വാക്കുകളും പാപ്പാ ആവർത്തിക്കുന്നു.

വിശുദ്ധ യൗസേപ്പിൻറെ പ്രാചീനവും ഇന്നും പ്രസക്തവുമായ ജ്ഞാനത്താൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുത്തുകൊണ്ട് അദ്ദേഹം, അപ്രതീക്ഷിത സംഭവങ്ങളോട്  ആവേശത്തോടെയും നവീകൃത പ്രവൃത്തികളോടും കൂടെ പ്രതികരിച്ചിരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു.

ആവശ്യത്തിലിരിക്കുന്ന യുവജനത്തിന് സുഹൃത്തും, സഹോദരനും, പിതാവും ആയിരിക്കാൻ അദ്ദേഹം തൻറെ സന്ന്യസ്ത സമൂഹത്തിലെ ഓരോ അംഗത്തെയും ഉപദേശിച്ചിരുന്നുവെന്നും ദൈവം എല്ലാവരെയും കരുതലും കാരുണ്യവും പരിപാലനയുമാർന്ന വാത്സല്യത്തോടെയാണ് സ്നേഹിക്കുന്നതെന്ന ബോദ്ധ്യത്തിൽ നിന്ന് ശക്തി നുകർന്നുകൊണ്ടാണ് അപ്രകാരം ചെയ്തിരുന്നതെന്നും പാപ്പാ പറയുന്നു.

യേശുവിനും മറിയത്തിനും വേണ്ടി സ്വയം സമർപ്പിച്ചുകൊണ്ട്, സ്വന്തം ജീവിതത്തെ സ്വർഗ്ഗീയ പിതാവിൻറെ, പരമോന്നത പിതൃത്വത്തിൻറെ "അടയാളം" ആക്കിയ വിശുദ്ധ യൗസേപ്പിനെപ്പോലെ ഇന്നത്തെ യുവതയുടെ സമർപ്പിതരായ പിതാക്കന്മാരാകാനുള്ള മഹത്തായ വിളി സ്വീകരിക്കാൻ പാപ്പാ വിശുദ്ധ യൗസേപ്പിൻറെ സന്ന്യസ്ത സമൂഹാംഗങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2022, 17:29