തിരയുക

ഫ്രാൻസീസ് പാപ്പാ അവതാരിക എഴുതിയ ഗ്രന്ഥം :“നമുക്ക് മറുതീരത്തണയാം” (“Passiamo all'altra riva”) ഫ്രാൻസീസ് പാപ്പാ അവതാരിക എഴുതിയ ഗ്രന്ഥം :“നമുക്ക് മറുതീരത്തണയാം” (“Passiamo all'altra riva”)  

പാപ്പായുടെ അവതാരിക: അപരനെ സാഹോദര്യപരമായി സസ്നേഹം തിരുത്തുക!

മാഫിയ സംഘത്തിൽ അംഗമായിരുന്ന പശ്ചാത്തപിച്ച് നീതിവ്യവസ്ഥയുമായി സഹകരിക്കുന്ന ലുയീജി ബൊനവെന്തൂരയുമായുള്ള അഭിമുഖം അടങ്ങിയ ഒരു പുസ്തകത്തിന് ഫ്രാൻസീസ് പാപ്പാ അവതാരികയെഴുതി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപരനെ അവൻറെ തെറ്റിൽ ഒതുക്കി നിറുത്താതെ, ആ തെറ്റിനെ തരണം ചെയ്യാൻ സ്നേഹത്തോടെ അവനെ സഹായിക്കുകയാണ് വേണ്ടതെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ ഗ്രന്ഥകാരനായ വൈദികൻ ബെനീത്തൊ ജ്യൊർജേത്ത (Benito Giorgetta) രചിച്ച, ഇപ്പോൾ പശ്ചാത്തപിച്ച് നീതിവകുപ്പുമായി സഹകരിക്കുന്ന മുൻ മാഫിയാംഗം ലുയീജി ബൊനവെന്തൂരയുമായി (Luigi Bonaventura) നടത്തിയ അഭിമുഖം ഉൾക്കൊള്ളുന്ന, “നമുക്ക് മറുതീരത്തണയാം” (“Passiamo all'altra riva”) എന്ന പുസ്തകത്തിന് ഫ്രാൻസീസ് പാപ്പാ എഴുതിയ അവതാരികയിലാണ് ഈ ഉദ്ബോധനമുള്ളത്.

നാമോരോരുത്തരും എത്തിച്ചേരേണ്ടതായ മറ്റൊരു തീരം നാമെല്ലാവരുടെയും ജീവിതത്തിലുണ്ടെന്ന യാഥാർഥ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പാപ്പാ, സഹോദര സ്നേഹത്താലുള്ള സാഹോദര്യ തിരുത്തലാണ് പ്രധാനമെന്ന് ഓർമ്മിപ്പിക്കുന്നു.

ഇതിനർത്ഥം സ്വയം വലിയവനാണെന്നോ, അപരനെക്കാൾ മെച്ചപ്പെട്ടവനാണെന്നൊ ഉള്ള തോന്നൽ കൂടാതെ, അപരനെ അവൻറെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സഹായിക്കുകയാണെന്നും അപരൻ ആ വേളയിൽ ബലഹീനനാകയാലും പരസഹായമില്ലെങ്കിൽ വീണുപോകുമെന്നതിനാലും അവൻറെ പ്രശ്നം നാം നമ്മുടെ ചുമലിലേറ്റുക ആവശ്യമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

അധർമ്മിയാൽ മലിനമാകുമെന്ന ഒരു ഭയം ചിലപ്പോൾ നമ്മെ പിടികൂടുന്ന അവസ്ഥയെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ, മറിച്ച് നാം ചെയ്യേണ്ടത് അപരനിൽ പ്രത്യേക താല്പര്യം കാണിക്കുകയും അവൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അവനെ രക്ഷിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുകയുമാണെന്ന് ഓർമ്മിപ്പിക്കുന്നു.

സർവ്വോപരി അവന് അത്യാവശ്യമായത് ഉടൻ നല്കുക, ആ വ്യക്തിയെ ആത്മാർത്ഥമായി സ്നേഹിക്കുക, അവൻറെ തിന്മപ്രവർത്തികളിൽ വേദനിക്കുക, അവനുവേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയ പ്രായോഗിക നിർദ്ദേശങ്ങൾ പാപ്പാ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.

അവനുവേണ്ടിയുള്ള പ്രാർത്ഥന നമ്മെ, തിന്മ ചെയ്തവൻറെ മേലുള്ള ദൈവത്തിൻറെ കരമായും  ദൈവത്തിൻറെ പിതൃനിർവ്വിശേഷ ഔത്സുക്യത്തിൻറെ അടയാളമായും മാറ്റുമെന്നും പാപ്പാ പറയുന്നു.

മാഫിയായുടെ തിന്മപ്രവർത്തികളിൽ നിന്ന് പിന്മാറാൻ ലുയീജി ബൊനവെന്തൂരയെടുത്ത തീരുമാനം ധീരവും എന്നാൽ അപകടകരവുമായിരുന്നുവെന്നും അത്, യഥാർത്ഥത്തിൽ സത്താപരങ്ങളായവയിൽ നിന്ന് മാറി നിരവധിയായ കാര്യങ്ങളിൽ മുഴുകിയ സമൂഹത്തിൻറെ ചാലുകളിൽ അയാൾ വിതറിയ പ്രത്യാശയുടെ വിത്താണെന്നും പാപ്പാ പ്രസ്താവിച്ചു.

ചെയ്തുപോയ തിന്മപ്രവർത്തികളിൽ കുഴിച്ചുമൂടപ്പെടാതെ ഒരുവൻ മാറണമെന്നും പ്രയാസങ്ങളെയും അപകടങ്ങളെയും മറികടന്ന് മറുതീരത്തണയണമെന്നും എന്നാൽ ഇത് ഒറ്റയ്ക്കല്ല തുണയുണ്ടെന്ന ബോധ്യത്തോടുകൂടിയായിരിക്കണമെന്നും പാപ്പാ ഓമ്മിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 13:20