തിരയുക

ഫ്രാൻസീസ് പാപ്പാ, സമർപ്പിത ജീവിത ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണ വേളയിൽ, 02/02/22 ഫ്രാൻസീസ് പാപ്പാ, സമർപ്പിത ജീവിത ദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണ വേളയിൽ, 02/02/22  (AFP or licensors)

തുറന്ന കരങ്ങളോടെ ക്രിസ്തുവിനെ സ്വീകരിക്കുക- പാപ്പാ സമർപ്പിതരോട് !

ഇരുപത്തിയാറാം ലോക സമർപ്പിത ജീവിത ദിനത്തിൽ പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുകയും വചന സന്ദേശം നല്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിനെ പുണരാത്ത സമർപ്പിതരുടെ കരങ്ങൾ ശൂന്യതയെ പുല്കുന്നുവെന്ന് മാർപ്പാപ്പാ.

കർത്താവിൻറെ സമർപ്പണത്തിരുന്നാൾ ദിനമായിരുന്ന ഫെബ്രുവരി 2-ന്, ബുധനാഴ്‌ച (02/02/22) ആചരിച്ച ഇരുപത്തിയാറാം ലോക സമർപ്പിത ജീവിത ദിനത്തോടനുബന്ധിച്ച് അന്നു വൈകുന്നേരം വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ താൻ മുഖ്യകാർമ്മികനായി അർപ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുകയയിരുന്നു ഫ്രാൻസീസ് പാപ്പാ.

മാതാപിതാക്കൾ യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്നതിന് കൊണ്ടുചെന്നപ്പോൾ അവിടെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് എത്തിയ വൃദ്ധനായ ശിമയോനും വൃദ്ധയായ പ്രവാചക അന്നയും, ദൈവത്തിൻറെ വാഗ്ദാനം നിറവേറുന്നത് കാണാൻ അവിടെ കാത്തിരുന്നതും ശിമയോൻ പൈതലിനെ കൈയിലേന്തി ദൈവത്തെ സ്തുതിക്കുന്നതുമായ സംഭവം അനുസ്മരിച്ചുകൊണ്ട് പാപ്പാ നടത്തിയ പ്രഭാഷണം, അവരുടെ രചനാത്മകഭരിതമായിരുന്ന ആ കാത്തിരിപ്പിൽ അടങ്ങിയ മൂന്നു ക്രിയകളിൽ, അതായത്, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക, ഉണ്ണിയേശുവിൽ രക്ഷ കാണുക, പൈതലിനെ കൈയിലേന്തുക എന്നിവയിൽ കേന്ദ്രീകൃതമായിരുന്നു.

മുഖ്യ കഥാപാത്രമായ പരിശുദ്ധാരൂപി ശിമയോൻറെ ഹൃദയത്തിൽ ദൈവാഭിവാഞ്ഛയെ ജ്വലിപ്പിച്ചുവെന്നും ഈ അരൂപിയാണ് അദ്ദേഹത്തെ ദേവാലയത്തിലേക്കു നയിച്ചതെന്നും അരൂപിയുടെ ശക്തിയാലാണ് ദൈവസാന്നിധ്യം ശിമയോൻ തിരിച്ചറിയുന്നതെന്നും പാപ്പാ വിശദീകരിച്ചു.

ആകയാൽ തങ്ങൾ എപ്രകാരമാണ് സഭയിലും ലോകത്തിലും നയിക്കപ്പെടുന്നതെന്ന്, ആന്തരിക പ്രേരണകൾ എന്താണെന്ന് സമർപ്പിതർ ആത്മശോധന ചെയ്യേണ്ടതിൻറെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടി.

കാരണം ഈ ആത്മശോധനയാണ് സമർപ്പിതജീവിത നവീകരണത്തിൻറെ തുടക്കം എന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഫലങ്ങളുടെയും ലക്ഷ്യങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നാം സമർപ്പിതജീവിതത്തെക്കുറിച്ച് ചിന്തിച്ചാൽ അത് അപകടകരമാണെന്നും അത് ഒരു പ്രലോഭനമാണെന്നും പാപ്പാ മുന്നറിയിപ്പു നല്കി.

കാണുകയും ക്രിസ്തുവിനെ തിരിച്ചറിയുകയും ചെയ്യുകയെന്ന രണ്ടാമത്തെ ക്രിയയെക്കുറിച്ചു പരാമർശിച്ച പാപ്പാ ദൈവത്തിൻറെ കരുണാർദ്രമായ നോട്ടമാണ് വിശ്വാസത്തിന് ജന്മമേകുന്നതെന്ന്, സുവിശേഷങ്ങളിൽ കാണുന്ന യേശുവുമായുള്ള കൂടിക്കാഴ്ചകൾ കാണിച്ചുതരുന്നത്, അനുസ്മരിച്ചു.

അവിടത്തെ നോട്ടം നമ്മുടെ കഠിന ഹൃദയത്തെ അലിയിക്കുകയും മുറിവുകൾ ഉണക്കുകയും നമ്മെത്തന്നെയും ലോകത്തെയും നോക്കിക്കാണുന്നതിന് പുത്തൻ നയനങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

നോക്കേണ്ടത് എങ്ങനെയാണെന്ന അറിവ് നേടേണ്ടത് ആവശ്യമാണെന്നു പറഞ്ഞ പാപ്പാ സമർപ്പിതജീവിതത്തെക്കുറിച്ച് നവീകൃതമായ ഒരു വീക്ഷണം ആവശ്യമാണെന്നതിന് കർത്താവേകുന്ന അടയാളങ്ങൾ ഇന്നു കുറവല്ലെന്ന് ഓർമ്മിപ്പിച്ചു.

പാരമ്പര്യങ്ങളുടെ പിന്നാലെ പായാനും അവ കാർക്കശ്യത്തോടെ നിലനിർത്താനുമുള്ള പ്രവണത ഒരു പ്രലോഭനമാണെന്നും ഇവിടെ കാർക്കശ്യം ഒരു വൈകൃതമാണെന്നും പാപ്പാ കുറ്റപ്പെടുത്തി.

നിർഭയം സധൈര്യം ഹൃദയം തുറന്നിടാൻ പാപ്പാ സമർപ്പിതർക്ക് പ്രചോദനം പകർന്നു.

പ്രായം കടന്നുപോയെങ്കിലും, ഇനി തിരിച്ചുകിട്ടാത്തതായ ഗതകാലത്തെ പഴിച്ചു സമയം കളയാതെ ഭാവിയെ നോക്കി കൈകൾ വിരിച്ചു പിടിക്കുന്ന ശിമയോനെയും അന്നയെയും ഉദാഹരിച്ചുകൊണ്ട് പാപ്പാ കർത്താവിൻറെ മുന്നിൽ ആരാധനയോടെ നില്ക്കാനും കർത്താവിൻറെ വഴികൾ നന്നായി കാണാനറിയാവുന്ന നയനങ്ങൾക്കായും  യാചിക്കാനും പാപ്പാ സമർപ്പിതരെ ക്ഷണിച്ചു.

ശിമയോൻ ഉണ്ണിയേശുവിനെ കൈയിലേന്തിയതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ സ്വന്തം കരങ്ങളിൽ വഹിക്കുന്നതെന്താണ് എന്ന് സമർപ്പിതർ ചിന്തിക്കണമെന്ന് ഓർമ്മിപ്പിച്ചു.

ദൈവം സ്വപുത്രനായ യേശുവിനെ നമ്മുടെ കൈകളിലേക്കു തരുന്നുവെന്നും അവിടത്തെ സ്വീകരിക്കേണ്ടത് സത്താപരമാണെന്നും, അതു നമ്മുടെ വിശ്വാസത്തിൻറെ കേന്ദ്രമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നമ്മുടെ കരങ്ങൾകൊണ്ട് യേശുവിനെ പുണരുക  എന്നത് നവീകരണത്തിൻറെ സരണിയും ചേരുവയും ആണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

മ്ലാനവദരരായ സമർപ്പിതരെ, മേലധികാരികളും സഹസമർപ്പിതരും, സമർപ്പിത സമൂഹവും ഒന്നും ശരിയല്ല എന്ന പരാതിയുമായി നടക്കുന്ന സമർപ്പിതരെ കണ്ടുമുട്ടുന്നത് ഖേദകരമാണെന്നും അവർക്ക് പരാതിയില്ലാതെ ജീവിക്കാനാകില്ലെന്നും പറഞ്ഞ പാപ്പാ നാം ക്രിസ്തുവിനെ തുറന്ന കരങ്ങളോടെ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് മറ്റുള്ളവരെ വിശ്വാസത്തോടും എളിമയോടും കൂടി സ്വീകരിക്കാൻ സാധിക്കുമെന്നു പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2022, 14:22