തിരയുക

ഇറ്റലിയിലെ നികുതി വകുപ്പിലെ അംഗങ്ങളുമായി പാപ്പാ. ഇറ്റലിയിലെ നികുതി വകുപ്പിലെ അംഗങ്ങളുമായി പാപ്പാ.   (Vatican Media)

പാപ്പാ : പൊതു സേവനങ്ങൾക്കായി സമ്പത്ത് പുനർ വിതരണം ചെയ്യാൻ നികുതി സംവിധാനം അനുകൂലിക്കണം

സമ്പത്തിന്റെ പുനർവിതരണത്തെ അനുകൂലിക്കാനും സമൂഹത്തിൽ ഏറ്റം അത്യാവശ്യക്കാർക്ക് പൊതുസേവനങ്ങളുടെ പിന്തുണ നൽകാനുമായുള്ള പ്രവർത്തനത്തിൽ സുവിശേഷ മൂല്യങ്ങൾ നടപ്പിലാക്കാൻ ഇറ്റലിയിലെ നികുതി വകുപ്പിലെ അംഗങ്ങളോടു പാപ്പാ അഭ്യർത്ഥിച്ചു.

 സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിങ്കളാഴ്ച ഇറ്റലിയുടെ നികുതി വകുപ്പിലെ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച മദ്ധ്യേ ഫ്രാൻസിസ് പാപ്പാ  ബൈബിളിൽ ചുങ്കം പിരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും സമൂഹത്തിലെ അതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചു.   

നികുതി വിഷയം വിശുദ്ധ ഗ്രന്ഥത്തിൽ പതിവായി പ്രത്യക്ഷപ്പെടുന്നു എന്നും അത് വിശുദ്ധനാട് ഭരിച്ചിരുന്ന ഓരോ സർക്കാറിന്റെയും ഒരു സ്വഭാവമായിരുന്നുവെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം പണത്തെ പൈശാചീകരിക്കുന്നില്ല മറിച്ച് അത് ശരിയായ രീതിയിൽ ഉപയോഗിക്കാനും അതിന് അടിമകളാകാതിരിക്കാനും അതിനെ ഒരു വിഗ്രഹമാക്കി മാറ്റാതിരിക്കാനുമുള്ള ഒരു ക്ഷണം നൽകുന്നു. പുരാതന കാലത്തും നികുതി ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നുവെന്ന് ബൈബിളിലെ ഇസ്രായേൽ രാജാക്കന്മാർ പോലും അവരുടെ പ്രജകളുടെ മേൽ നികുതി ചുമത്തിയിരുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

വിശുദ്ധ ഗ്രന്ഥത്തിലെ നികുതി

പുരോഹിതനും രാജാവുമായിരുന്ന മെൽക്കിസദേക്കിൽ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷം അബ്രഹാം ചെയ്തതുപോലെ ഒരു വ്യക്തിയുടെ വരുമാനത്തിന്റെ പത്തിലൊന്ന് രാജാവിന് നൽകുന്നത്  നികുതിയുടെ അധികം അറിയപ്പെടാത്തതും എന്നാൽ രസകരവുമായ ഒരു വശമാണ്. ഈ പഴയ സമ്പ്രദായത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ദേവാലയത്തിൽ സേവനം ചെയ്യുന്ന പുരോഹിത ഗോത്രമായ ലേവ്യരെ പിന്തുണയ്ക്കുന്നതും അവരെ ശാരീരീക അദ്ധ്വാനത്തിൽ നിന്ന് മാറ്റി നിറുത്തുന്നതും എന്ന് പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകത്തിൽ കാണുന്നവ പാപ്പാ വിശദീകരിച്ചു. രക്ഷ ദൈവത്തിൽ നിന്നാണ് വരുന്നത് എന്നതിനാൽ ആരും സ്വയം പര്യാപ്തരല്ല എന്നും, ഏറ്റം അത്യാവശ്യക്കാരിൽ നിന്നു തുടങ്ങി പരസ്പരം ഉത്തരവാദിത്വം വഹിക്കണമെന്നുമുള്ള രണ്ടു കാര്യങ്ങൾ ജനങ്ങളുടെയുള്ളിൽ പക്വത പ്രാപിക്കാൻ ലേവ്യർക്കായുള്ള പത്തിലൊന്ന് സമ്പ്രദായം ഇടയാക്കി എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

നികുതി പിരിക്കുന്നവരായിരുന്ന സക്കേവൂസിന്റെയും മത്തായിയുടേയും യേശുവുമായുള്ള കണ്ടുമുട്ടലും മാനസാന്തരങ്ങളും പാപ്പാ വിശദീകരിച്ചു. മത്തായി, അവന്റെ സ്വന്തം സമ്പത്തും മറ്റുള്ളവരുടെ സമ്പത്തും കൈകാര്യം ചെയ്യുന്നത് തുടർന്നിരിക്കാം, പക്ഷേ, അദ്ദേഹം അത് ചെയ്തത് അതുവരെ ഇല്ലാതിരുന്ന ഒരു യുക്തിയോടെയാവും; തന്റെ ഗുരു പഠിപ്പിച്ചതു പോലെ അഗതികളുടെ സേവനത്തിനായും സഹോദരീ സഹോദരരമായി പങ്കിട്ടു കൊണ്ടും എന്ന് പാപ്പാ പറഞ്ഞു.

പൊതുനന്മയ്ക്കായി സമ്പത്തിന്റെ പുനർവിതരണം

തുടർന്ന് പാപ്പാ ഇറ്റലിയുടെ നികുതി വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശ തത്വങ്ങളായ നിയമസാധുത്വം, നിഷ്പക്ഷത, സുതാര്യത എന്നിവ പര്യവേക്ഷണം ചെയ്തു.സാമ്പത്തീക കാര്യങ്ങളിലുള്ള നിയമസാധുത സാമൂഹ്യബന്ധങ്ങൾ സംതുലിതമാക്കാനും അഴിമതിയുടേയും, അനീതിയുടേയും, അസമത്വത്തിന്റെയും ശക്തി നീക്കം ചെയ്യുന്നുവെന്നും, അത്  എല്ലാവർക്കും സംരക്ഷണവും സമത്വത്തിന്റെ ഉറപ്പു നൽകുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. എങ്കിലും നികുതിയെ നിയമപരതയുടെയും നീതിയുടേയും അടയാളമായി കാണാൻ ഒരു സാംസ്കാരിക മാറ്റം ആവശ്യമാണ് എന്നും പാപ്പാ പറഞ്ഞു.

"നികുതി സംവിധാനം സമ്പത്തിന്റെ പുനർ വിതരണത്തെ അനുകൂലിക്കുകയും ശക്തന്മാരാൽ ചവിട്ടി മെതിക്കപ്പെടുന്ന അപകടം പേറുന്ന ദരിദ്രരുടെയും അത്യാവശ്യക്കാരുടേയും അന്തസ്സ് കാത്തു സൂക്ഷിക്കുകയും വേണം. നികുതി പിരിക്കുന്നയാൾ നീതിമാനായാൽ പൊതു നന്മ പ്രോൽസാഹിപ്പിക്കും" പാപ്പാ അടിവരയിട്ടു.

കൂടാതെ സഭയുടെ സാമൂഹീക പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും ചൂണ്ടിക്കാണിച്ചു കൊണ്ട് "വിഭവങ്ങളുടെ സാർവ്വത്രിക ലക്ഷ്യം" മനസ്സിലാക്കി എല്ലാവരോടും പൊതു നന്മയെ പ്രോൽസാഹിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

നിയമപരമായ സമത്വവും പൊതുസേവനങ്ങളും

നികുതി ശേഖരണത്തിലുള്ള  നിഷ്പക്ഷത സാമൂഹിക വർഗ്ഗമടിസ്ഥാനമാക്കി ഒരു പൗരനും അപരനേക്കാൾ മുൻപിലാണെന്ന ചിന്തയില്ലാതെ എല്ലാവരും സമൂഹത്തെ കെട്ടിപ്പടുക്കാൻ ചുമതലയുള്ളവരാണെന്ന വിശ്വാസം വളർത്തുന്നു. നികുതി വെട്ടിപ്പും നിയമവിരുദ്ധതയും വർദ്ധിക്കുന്നുണ്ടങ്കിലും നികുതി അടച്ച് പൊതുനന്മയ്ക്ക് സംഭാവന നൽകുന്ന ദശലക്ഷക്കണക്കിന് ആളുകളെ കുറിച്ച് നികുതി വകുപ്പിലെ ജീവനക്കാർക്ക് സാക്ഷ്യം നൽകാൻ കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നികുതി പിരിവിലും സർക്കാർ ചെലവിലുമുള്ള സുതാര്യത ആരോഗ്യപരിപാലനത്തിനും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ട ഒരു പ്രധാന വശമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

"പല തൊഴിലാളികളുടെയും ത്യാഗങ്ങളിൽ നിന്നു വരുന്ന പണത്തിന്റെ നടത്തിപ്പിലെ സുതാര്യത, ആത്മാവിലെ സ്വാതന്ത്ര്യം വെളിപ്പെടുത്തുന്നു. പ്രത്യേകിച്ച് സാമ്പത്തിക വരുമാനം അസമത്വത്തെ മറികടക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നല്ല ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഉറപ്പു നൽകുകയും സാമൂഹികവും സാമ്പത്തികവുമായ ജീവിതം സുഗമമാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നൽകുകയും ചെയ്യുന്നുവെങ്കിൽ  അത് നികുതി അടയ്ക്കാൻ ആളുകൾക്ക് പ്രചോദനമേകുകയും ചെയ്യും. " പാപ്പാ ചൂണ്ടിക്കാണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2022, 23:18