തിരയുക

ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ അർപ്പിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ... ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ അർപ്പിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ...  

പാപ്പാ : നമ്മുടെ നോട്ടം യേശുവിൽ കേന്ദ്രീകരിക്കാം

ദൈവവചന ഞായറായി ആചരിക്കുന്ന ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിൽ അർപ്പിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് പുരുഷന്മാർക്കും മൂന്ന് സ്ത്രീകൾക്കും കാറ്റക്കിസ്റ്റ് (വേദോപദേശകർ) എന്ന പുതിയ ശ്രുശ്രൂഷാ പദവിയും നൽകി.

 സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"എല്ലാം ദൈവം നമ്മോടു സംസാരിച്ച വചനത്തിൽ നിന്നാണ് ആരംഭിച്ചത് " എന്ന് തന്റെ  വചനപ്രഘോഷണത്തിൽ പറഞ്ഞ ഫ്രാൻസിസ് പാപ്പാ നമുക്ക് യേശുവിലേക്ക് നോക്കുകയും അവന്റെ  വാക്കുകൾ പുണരുകയും ചെയ്യാമെന്ന് ആഹ്വാനം ചെയ്തു.

വചനം ദൈവത്തെ വെളിപ്പെടുത്തുന്നു.

ദൈവവചനം ദൈവത്തെ വെളിപ്പെടുത്തുന്നു; അവന്റെ  വചനം നമ്മെ മനുഷ്യരിലേക്ക് നയിക്കുന്നുവെന്നുമുള്ള രണ്ടു കാര്യങ്ങൾ പരിശുദ്ധ പിതാവ് ഇന്നലത്തെ വായനകളിൽ നിന്ന് ഉയർത്തിക്കാണിച്ചു. ദൈവം മനുഷ്യരാശിയോടു ഉദാസീനനായോ ബന്ധമില്ലാതെയോ അല്ല നിൽക്കുന്നതെന്നും മറിച്ച് അവരോടു അടുത്തും അവരെക്കുറിച്ച് കരുതലുള്ളവനുമാണെന്ന് സുവിശേഷത്തിൽ "ദരിദ്രരേയും അടിച്ചമർത്തപ്പെട്ടവരേയും സ്വതന്ത്രരാക്കാനാണ് " താൻ വന്നത് എന്ന്  വെളിപ്പെടുത്തുന്നതായി യേശു കാണിച്ചുതരുന്നു. നമ്മുടെ ഭീതികളുടെ ചാരത്തിൽ നിന്ന് പ്രത്യാശയുടെ തിരി തെളിച്ച് നമ്മുടെ ദു:ഖങ്ങളുടെ ചക്രവാളത്തിൽ സന്തോഷം വീണ്ടും കണ്ടെത്താൻ സഹായിക്കുകയും, ഏകാന്ത വികാരങ്ങളെ പ്രത്യാശ കൊണ്ട് നിറക്കുകയും ചെയ്യുന്ന തന്റെ  വചനത്തിലൂടെയാണ് ദൈവം അങ്ങനെ ചെയ്യുന്നത്. ദൈവത്തിന്റെ  വചനം വിശ്വാസത്തെ പരിപോഷിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നുവെന്നും നമ്മുടെ പ്രാർത്ഥനയുടേയും ആത്മീയ ജീവിതത്തിന്റെയും കേന്ദ്രത്തിലേക്ക് ദൈവ വചനത്തെ തിരികെ വയ്ക്കാമെന്നും പാപ്പാ പറഞ്ഞു.

ദൈവവചനം മനുഷ്യനിലേക്ക് നയിക്കുന്നു.

ദൈവത്തിന്റെ  വെളിപ്പെടുത്തലുകൾ മനുഷ്യകുലത്തിലേക്ക് നമ്മെ നയിക്കും എന്ന് പാപ്പാ അടിവരയിട്ടു. ദൈവത്തെ കണ്ടെത്തുമ്പോൾ " നമ്മെ സ്പർശിക്കാത്തതും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താത്തതുമായ ബാഹ്യ ആരാധനയിലേക്ക് ചുരുങ്ങിപ്പോയ ഒരു മതവിശ്വാസത്തിൽ സ്വയം അടച്ചിടാനുള്ള പ്രലോഭനത്തെ നമ്മൾ മറികടക്കുന്നു" പാപ്പാ പറഞ്ഞു. ദൈവത്തിന്റെ  വചനം നമ്മെ നമ്മിൽ നിന്ന് പുറത്തു കടന്ന് ദൈവത്തിന്റെ  വിമോചിപ്പിക്കുന്ന സ്നേഹത്തിന്റെ   ശാന്തമായ ശക്തിയോടെ നമ്മുടെ സഹോദരീ സഹോദരന്മാരെ കണ്ടുമുട്ടാൻ നമ്മെ പ്രേരിപ്പിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. നസ്രത്തിലെ സിനഗോഗിൽ പ്രസംഗിച്ച നേരത്ത് ദരിദ്രരുടെ വിമോചനത്തിനായാണ് തന്നെ പറഞ്ഞു വിട്ടിരിക്കുന്നതെന്ന് യേശു പറഞ്ഞു കൊണ്ട് അയൽക്കാരന്റെ  പരിപാലനമാണ് ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനയെന്ന് യേശു നമുക്കു കാണിച്ചു തരുന്നു എന്ന് പാപ്പാ പറഞ്ഞു.

സഭയുടെ കർക്കശ പ്രവണതയുടെ പ്രലോഭനത്തെ   "വക്രത" എന്നും "വിഗ്രഹം "  എന്നും അപലപിച്ച പാപ്പാ അത് നമ്മെ രൂപാന്തരപ്പെടുത്താത്ത ഒരു തരം ആധുനിക പെലജനിസമാണെന്ന് അറിയിച്ചു. ദൈവവചനം തീർച്ചയായും നമ്മെ മാറ്റിമറിക്കുന്നു; ദരിദ്രരുടെ മേൽ ക്രമാതീതമായി പ്രതിഫലിക്കുന്ന ഈ ലോകത്തിലെ വേദനകളോടു നിസ്സംഗത പുലർത്താതിരിക്കാൻ അത് നമ്മെ വെല്ലുവിളിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു എന്ന് പാപ്പാ പറഞ്ഞു. "അത് ദൈവാരാധനയും മനുഷ്യരുടെ പരിപാലനവും സംയോജിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു" എന്നും ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറഞ്ഞു.

സഭ ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രലോഭനം "ദേവദൂത ആത്മീയത " (angelic spirituality) യാണെന്നും അത് ദൈവ വചനം യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് നിർദ്ദേശിക്കുന്ന ഒരു തരം "ഗ്നോസ്റ്റിസം" (gnosticism) എന്ന പ്രലോഭനമാണ് എന്നും പാപ്പാ വിശദീകരിച്ചു. മറിച്ച് സഹോദരീ സഹോദരരോടു ഒരിക്കലും നിസ്സംഗതരാകാതെ തങ്ങളുടെ സർഗ്ഗാത്മകവും പ്രവചനാത്മകവുമായ സമ്പർക്കത്തിലൂടെ അവരിലേക്കെത്തി, ക്രൈസ്തവരിൽ അനുദിന ജീവിതത്തിന്റെ മൂർത്തമായ സാഹചര്യങ്ങളിൽ മാംസം ധരിക്കേണ്ടതാണ് ദൈവവചനം എന്ന്  പാപ്പാ ഓർമ്മിപ്പിച്ചു.

നമ്മുടെ ദൗത്യം

"വചനം ഇന്ന് മാംസം ധരിക്കാൻ ആഗ്രഹിക്കുന്നു" എന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ദിവ്യബലിയിൽ വച്ചു നൽകിയ വേദപാഠകശുശ്രൂഷാ പദവിയെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ട്, "യേശുവിന്റെ സുവിശേഷത്തെ സേവിക്കാനും, അവനെ പ്രഘോഷിക്കാനും, അങ്ങനെ അവന്റെ സമാശ്വാസവും, അവന്റെ  ആനന്ദവും, അവന്റെ  വിമോചനവും എല്ലാവരിലും എത്തിക്കുവാനുമുള്ള പ്രധാന ദൗത്യത്തിലേക്കാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നത്" എന്ന്  പാപ്പാ വിശദീകരിച്ചു.

ഇത് എല്ലാ ക്രൈസ്തവരുടേയും ദൗത്യം കൂടിയാണ് എന്നും "ലോകത്തിൽ ദൈവവചനത്തിന്റെ  വിശ്വസ്വനീയമായ സന്ദേശവാഹകരാകുവാനും  "വിശുദ്ധ ഗ്രന്ഥത്തോടു അഭിനിവേശം വളർത്തുവാനും" പരിശുദ്ധ പിതാവ് വിശ്വാസികളോടു ആഹ്വാനം ചെയ്തു.

"ദൈവവചനം സഭയുടെ ജീവിതത്തിന്റെയും അജപാലന കർമ്മത്തിന്റെയും കേന്ദ്രമാക്കാനും, 'വചനം ശ്രവിക്കുവാനും, അതുമായി പ്രാർത്ഥിക്കാനും, അത് പ്രാവർത്തികമാക്കുവാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. അത്തരത്തിൽ നമ്മൾ എല്ലാ എല്ലാത്തരം ദാർഢ്യപെലജിയനിസത്തിൽ നിന്നും കർക്കശതയിൽ നിന്നും, നമ്മുടെ സഹോദരീ സഹോദരരെ പരിപാലിക്കാതെ നമ്മെ "ഭ്രമണപഥത്തിൽ " നിറുത്തുന്ന ആത്മീയമിഥ്യാധാരണയിൽ നിന്നും വിമോചിതരാകുമെന്നും പാപ്പാ പറഞ്ഞു.

"നമുക്ക് ശ്രവിക്കാം, നമുക്ക് പ്രാർത്ഥിക്കാം, നമുക്ക് ദൈവവചനം പ്രാവർത്തികമാക്കാം", പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2022, 15:20