ഫിലിപ്പീൻസിനും പോളണ്ടിനും പാപ്പായുടെ സഹായം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാനവികസമഗ്രവികസനത്തിനായുള്ള റോമൻ ഡിക്കാസ്റ്ററി വഴിയാണ് ഫിലിപ്പീൻസിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്കും പോളണ്ട് അതിർത്തിയിലുള്ള കുടിയേറ്റക്കാർക്കും പാപ്പാ സഹായമയച്ചത്.
റായി കൊടുങ്കാറ്റ്
ഫിലിപ്പീൻസിലെ 11 പ്രവിശ്യകളിലായി ഏതാണ്ട് 80 ലക്ഷം ആളുകളെ ബാധിക്കുകയും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത അതിതീവ്ര ചുഴലിക്കാറ്റ് റായിയുടെ ആഘാതത്തിൽ കഴിയുന്ന ആളുകൾക്ക് ഒരു ലക്ഷം യൂറോയാണ് അയക്കുന്നത്. ഈ തുക, ഫിലിപ്പീൻസിലേക്കുള്ള വത്തിക്കാൻ നയതന്ത്രകാര്യാലയം വഴി എത്തിച്ച് അവിടെയുള്ള പ്രാദേശികസഭയിലൂടെ സഹായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്. 2021 ഡിസംബർ 19 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ത്രികാലജപപ്രാർത്ഥനാവേളയിൽ, ഫിലിപ്പീൻസിൽ കൊടുങ്കാറ്റിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പാപ്പാ പ്രത്യേകമായി പ്രാർത്ഥനാഭ്യർത്ഥന നടത്തിയിരുന്നു. ഫിലിപ്പീൻസിലെ കത്തോലിക്കാസഭയും മറ്റ് മെത്രാൻസംഘങ്ങളും, ഉപവിസ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സഹായത്തിന്റെ ഭാഗമായി ഈ തുക വിനിയോഗിക്കപ്പെടും.
കുടിയേറ്റക്കാർക്ക് സഹായം
പോളണ്ട്-ബെലാറസ് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്കും ഫ്രാൻസിസ് പാപ്പാ സഹായമെത്തിക്കുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പോളണ്ട് അതിർത്തിയിൽ ഉള്ള കുടിയേറ്റക്കാർക്കും, പോളണ്ടിലെ കാരിത്താസ് സംഘടനയ്‌ക്കും, നിലവിലെ അടിയന്തിരാവസ്ഥ നേരിടുവാനായി ഒരു ലക്ഷം യൂറോയാണ് പാപ്പാ അയക്കുന്നത്. നിരവധി അവസരങ്ങളിൽ യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ സംസാരിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: