തിരയുക

ഫ്രാൻസീസ് പാപ്പാ ഗ്രീസിൽ, മെഗറോൺ കൺസേർട്ട ഹാളിൽ (Megaron Concert Hall) വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, 05/12/2021 ഫ്രാൻസീസ് പാപ്പാ ഗ്രീസിൽ, മെഗറോൺ കൺസേർട്ട ഹാളിൽ (Megaron Concert Hall) വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു, 05/12/2021 

മരുഭൂമിയും മാനസാന്തരവും-പാപ്പായുടെ സുവിശേഷസന്ദേശം!

ഡിസമ്പർ 5-ന് ഞായറാഴ്ച (05/12/2021) വൈകുന്നേരം ഫ്രാൻസീസ് പാപ്പാ ഗ്രീസിലെ ഏതൻസിൽ, മെഗറോൺ കൺസേർട്ട ഹാളിൽ (Megaron Concert Hall) വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ സുവിശേഷപ്രഭാഷണത്തിൻറെ സംഗ്രഹം

കർത്താവിൻറെ വഴിയൊരുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് കടന്നുവരുന്ന സ്നാപകയോഹന്നാനെ അവതരിപ്പിക്കുന്ന സുവിശേഷഭാഗം, അതായത്, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 3,1-6 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

ആഗമനകാലത്തിലെ രണ്ടാം ഞായറാഴ്ച, ദൈവവചനം വിശുദ്ധ സ്നാപക യോഹന്നാനെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതിനെയും രണ്ടു ഘടകങ്ങൾ അടിവരയിട്ടു കാട്ടുന്നതിനെയും കുറിച്ച് പാപ്പാ വിശദീകരിച്ചു.

മരുഭൂമിയും മാനസാന്തരവും

ഇതിൽ ആദ്യ ഘടകം, സ്നാപകൻ എവിടെ ആയിരിക്കുന്നുവോ ആ സ്ഥലം, അതായത്, മരുഭൂമിയും രണ്ടാമത്തേത്, അദ്ദേഹം നല്കുന്ന സന്ദേശത്തിൻറെ ഉള്ളടക്കം, അതായത് മാനസാന്തരവും ആണെന്ന് പാപ്പാ വ്യക്തമാക്കി. മരുഭൂമി, മാനസാന്തരം എന്നീ പദങ്ങൾക്ക് സുവിശേഷം നല്കുന്ന ഊന്നൽ,  ഈ വാക്കുകൾ നമ്മെ നേരിട്ടു സ്പർശിക്കുന്നവയാണെന്ന് നമുക്കു മനസ്സിലാക്കിത്തരുന്നുവെന്ന് പാപ്പാ പറഞ്ഞു.

മരുഭൂമി

സുവിശേഷകൻ ലൂക്കാ മരുഭൂമിയെ അവതരിപ്പിക്കുന്നത് ഒരു പ്രത്യേക രീതിയിലാണെന്നും വാസ്തവത്തിൽ, അദ്ദേഹം അക്കാലത്തെ മഹത്തായ സാഹചര്യങ്ങളെയും മഹാവ്യക്തിത്വങ്ങളെയും കുറിച്ച് സംസാരിക്കുന്നുവെന്നും വിശദീകരിക്കുകയും അതെസമയം തന്നെ "സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയിൽവെച്ച് ദൈവത്തിൻറെ അരുളപ്പാടുണ്ടായി” (ലൂക്കാ 3:2) എന്ന് പറയുന്നുണ്ടെന്നും പാപ്പാ വ്യക്തമാക്കി. പക്ഷെ, ലൂക്കാ നിരത്തിയ പട്ടികയിലുള്ള മഹാന്മാർക്കല്ല ദൈവ വചനം ലഭിച്ചതെന്ന വൈരുദ്ധ്യത്തെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞുകൊണ്ട് ഇപ്രകാരം തുടരുന്നു:

ദൈവം താലോലിക്കുന്ന ചെറുമയും താഴ്മയും 

ദൈവം ആശ്ചര്യപ്പെടുത്തുന്നു, അവിടത്തെ തിരഞ്ഞെടുപ്പുകൾ ആശ്ചര്യകരങ്ങളാണ്: അവ മാനുഷിക പ്രവചനങ്ങളിൽപ്പെടില്ല, മനുഷ്യൻ സാധാരണയായി അവനുമായി കൂട്ടിയോജിപ്പിക്കുന്ന ശക്തിയെയും മഹത്വത്തെയും ദൈവം പിന്തുടരുന്നില്ല. കർത്താവ് ചെറുമയും താഴ്മയും ഇഷ്ടപ്പെടുന്നു. വിമോചനം ആരംഭിക്കുന്നത് ജറുസലേമിലോ ഏഥൻസിലോ റോമിലോ അല്ല, മരുഭൂമിയിലാണ്. ഈ വിരോധാഭാസതന്ത്രം നമുക്ക് വളരെ മനോഹരമായ ഒരു സന്ദേശം നൽകുന്നു: അധികാരം ഉണ്ടായിരിക്കുക, സംസ്‌കാരമുള്ളവനും പ്രശസ്തനുമായിരിക്കുക എന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഒരു അച്ചാരമല്ല; നേരെമറിച്ച്, അവ അഹങ്കാരത്തിലേക്കും ദൈവനിരാസത്തിലേക്കും നയിച്ചേക്കാം. എന്നാൽ ആവശ്യമായിരിക്കുന്നത് മരുഭൂമി ദരിദ്രമായിരിക്കുന്നതുപോലെ ആന്തരിക ദാരിദ്ര്യം ഉള്ളവരായിരിക്കുകയാണ്.

മരുഭൂമിയിൽ വഴിയൊരുക്കുന്ന സ്നാപകൻ 

അപകടങ്ങൾ നിറഞ്ഞതും, അപ്രാപ്യവും വാസയോഗ്യമല്ലാത്തതുമായ ഈ സ്ഥലത്താണ് ക്രിസ്തുവിൻറെ വരവ് അവിടത്തെ മുൻഗാമി ഒരുക്കുന്നത്. ഇന്ന്, ആരെങ്കിലും ഒരു പ്രധാന വിളംബരം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അയാൾ സാധാരണയായി മനോഹരങ്ങളും ധാരാളം ആളുകളും ദൃശ്യപരതയും ഉള്ളതുമായ സ്ഥലങ്ങളിലേക്ക് പോകും. യോഹന്നാനാകട്ടെ, മരുഭൂമിയിൽ പ്രസംഗിക്കുന്നു. കൃത്യമായി പറഞ്ഞാൽ, വരണ്ടസ്ഥലത്ത്, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ശൂന്യമായ സ്ഥലത്ത്, ഏതാണ്ട് ജീവനില്ലാത്തിടത്ത്, അവിടെ കർത്താവിൻറെ മഹത്വം വെളിപ്പെടുന്നു, തിരുവെഴുത്തുകൾ പ്രവചിക്കുന്നതുപോലെ (ഏശയ്യാ 40:3-4)  മരുഭൂമി തടാകമായി മാറുന്നു, വരണ്ട ഭൂമി ജലസ്രോതസ്സുകളായി പരിണമിക്കുന്നു (ഏശയ്യ 41:18). ഹൃദയസ്പർശിയായ മറ്റൊരു സന്ദേശം ഇതാ: ദൈവം, അന്നത്തെപ്പോലെ ഇന്നും, സങ്കടവും ഏകാന്തതയും ആധിപത്യം പുലർത്തുന്നിടത്തേക്കു നോക്കുന്നു. നമുക്ക് അത് ജീവിതത്തിൽ അനുഭവേദ്യമാണ്: കരഘോഷങ്ങളിൽ ആമഗ്നരായി നമ്മളെക്കുറിച്ച് മാത്രം നാം ചിന്തിക്കുമ്പോൾ  നമ്മിലേക്ക് എത്താൻ അവിടത്തേക്ക് പലപ്പോഴും സാധിക്കുന്നില്ല; പരീക്ഷണവേളകളിൽ സർവ്വോപരി, അവിടന്ന്, അതിൽ വിജയിക്കുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ, അവനുവേണ്ടി ഇടം നൽകുന്ന നമ്മുടെ ശൂന്യതകളിൽ, നമ്മുടെ അസ്തിത്വപരമായ മരുഭൂമികളിൽ അവിടന്നു നമ്മെ സന്ദർശിക്കുന്നു. അവിടെ കർത്താവ് നമ്മെ കാണാനെത്തുന്നു.

ജീവിതത്തിലെ മരുഭൂമികൾ- ദൈവസന്ദർശനത്തിൻറെ വേദികൾ

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, മരുഭൂമിയിലാണെന്ന പ്രതീതിയുളവാക്കുന്ന നിമിഷങ്ങൾക്ക് ഒരു വ്യക്തിയുടെയോ ഒരു ജനതയുടെയോ ജീവിതത്തിൽ ഒരു കുറവുമില്ല. ഇവിടെയാണ് കർത്താവ് സ്വയം പ്രത്യക്ഷപ്പെടുന്നത്.... പ്രിയമുള്ളവരേ, ചെറുമയെ ഭയപ്പെടരുത്, കാരണം ചെറിയവരും കുറവായവരുമല്ല ഇവിടത്തെ പ്രശ്നം, മറിച്ച് ദൈവത്തോടും മറ്റുള്ളവരോടും തുറവുള്ളവരായിരിക്കുക എന്നതാണ്. വരൾച്ചകളെ ഭയപ്പെടേണ്ടതില്ല, കാരണം ദൈവം അവയെ പേടിക്കുന്നില്ല, അവിടെയാണ് അവിടന്ന് നമ്മെ സന്ദർശിക്കാൻ വരുന്നത്!

അനുതപിക്കുവിൻ

നമുക്ക് മാനസാന്തരം എന്ന രണ്ടാമത്തെ ഘടകത്തെക്കുറിച്ചു ചിന്തിക്കാം.  സ്നാപകൻ അത് നിർബ്ബാധം തീവ്രതയോടെ പ്രസംഗിച്ചു (ലൂക്കാ3: 7). ഇതും "അസ്വസ്ഥത" ഉളവാക്കുന്ന ആശയമാണ്. മരുഭൂമിയിലേക്കെന്ന പോലെതന്നെ നമ്മൾ ആദ്യം പോകാൻ ആഗ്രഹിക്കാത്ത ഇടമാണ് അത്, അതുകൊണ്ടുതന്നെ മാനസാന്തരത്തിനുള്ള ക്ഷണം തീർച്ചയായും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന ആദ്യ നിർദ്ദേശമല്ല. പരിവർത്തനത്തെക്കുറിച്ച് സംസാരിക്കുന്നത് സന്താപമുളവാക്കാം; സന്തോഷത്തിൻറെ സുവിശേഷവുമായി പൊരുത്തപ്പെടുക പ്രയാസമാണെന്ന പ്രതീതി നമുക്കുണ്ടാകാം. എന്നാൽ ഇത് സംഭവിക്കുന്നത് പരിവർത്തനം, നമ്മുടെ ധാർമ്മിക പരിശ്രമം, പ്രതിബദ്ധതയുടെ ഫലം മാത്രമായി ചുരുക്കപ്പെടുമ്പോഴാണ്. ഇവിടെയാണ് പ്രശ്നം, സകലത്തെയും നമ്മുടെ ശക്തികളിൽ അധിഷ്ഠിതമാക്കുന്നതിലാണ്. ഇത് ശരിയാകില്ല! ഇവിടെ ആത്മീയ ദുഃഖവും നിരാശയും ഒളിഞ്ഞിരിപ്പുണ്ട്: പരിവർത്തനം ചെയ്യാനും മെച്ചപ്പെടാനും നമ്മുടെ വൈകല്യങ്ങളെ മറികടക്കാനും മാറാനും നമ്മൾ ആഗ്രഹിക്കുന്നു, എന്നാൽ ഇച്ഛാശക്തി ഉണ്ടായിരുന്നിട്ടും നമുക്ക് അതിന് പൂർണ്ണമായും കഴിയില്ലെന്ന തോന്നൽ നമുക്കുണ്ടാകുന്നു. നാം വീണ്ടും വീണുപോകുന്നു. വിശുദ്ധ പൗലോസിൻറെ അതേ അനുഭവം നമുക്കും ഉണ്ടാകുന്നു, അദ്ദേഹം ഈ ദേശങ്ങളിൽ നിന്നു തന്നെ ഇങ്ങനെ എഴുതി: "നന്മ ഇച്ഛിക്കാൻ എനിക്കു സാധിക്കൂം; പക്ഷേ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ഞാൻ ചെയ്യുന്നത്" (റോമക്കാർ 7:18-19). അതുകൊണ്ട്, നമ്മൾ ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ നമുക്കു തനിച്ചു സാധിക്കുന്നില്ലെങ്കിൽ പിന്നെ നാം മാനസാന്തരപ്പെടണം എന്നതിൻറെ അർത്ഥമെന്താണ്?

മാറി ചിന്തിക്കുക

ഇക്കാര്യത്തിൽ, മാനസാന്തരപ്പെടുക എന്ന സുവിശേഷ ക്രിയയുടെ പദോൽപ്പത്തിവഴി, മെത്തനോയേയിൻ (metanoéin) എന്ന പദം കൊണ്ട് നിങ്ങളുടെ സുന്ദരമായ ഗ്രീക്കു ഭാഷ സഹായകരമാകും. ഇവിടെ അപ്പുറത്ത് എന്നർത്ഥം വരുന്ന “മെറ്റ” എന്ന ഉപസർഗ്ഗവും ചിന്തിക്കുക എന്നർത്ഥം വരുന്ന “നൊയേയിൻ” എന്ന ക്രിയയും ചേർന്നതാണ് ഇത്. ആകയാൽ മാനസാന്തരപ്പെടുകയെന്നാൽ അപ്പുറത്തേക്ക് ചിന്തിക്കുക, അതായത് സാധാരണ ചിന്താരീതിക്കതീതമായി, നമ്മുടെ സാധാരണ മാനസിക ചട്ടക്കൂടുകളെ മറികടന്ന് ചിന്തിക്കുകയാണ്. സകലത്തെയും നമ്മുടെ അഹത്തിലേക്ക്, നമ്മുടെ സ്വയംപര്യാപ്തതയെന്ന അവകാശവാദത്തിലേക്ക് ചുരുക്കുന്ന വ്യവസ്ഥകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. കാർക്കശ്യത്താലും തളർത്തിക്കളയുന്ന ഭയത്താലും എപ്പോഴും ചെയ്തിട്ടുള്ളത് ഇങ്ങനെയാണ് എന്തിനാണീ മാറ്റം എന്നു ചോദിക്കുന്ന പ്രലോഭനത്താലും,  ജീവിതമരൂഭൂമികൾ മരണവേദികളാണ്, ദൈവസാന്നിദ്ധ്യത്തിൻറെ ഇടമല്ല എന്ന ആശയത്താലും സ്വയം അടച്ചുപൂട്ടിയവരെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു.

അപ്പുറത്തേക്കു കടക്കുക, ഇതിന് വിഘാതം സൃഷ്ടിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തുക

പരിവർത്തനത്തിന് നമ്മെ ഉദ്‌ബോധിപ്പിക്കുന്നതിലൂടെ, യോഹന്നാൻ നമ്മെ ഇവിടെത്തന്നെ നിന്നുപോകാതെ കൂടുതൽ അപ്പുറത്തേക്കു കടക്കാൻ ക്ഷണിക്കുന്നു; നമ്മുടെ സഹജാവബോധം നമ്മോട് പറയുന്നവയ്ക്കും നമ്മുടെ ചിന്തകൾ പകർത്തിവയ്ക്കുന്നവയ്ക്കും അപ്പുറം പോകുക, കാരണം യാഥാർത്ഥ്യം വലുതാണ്: അത് നമ്മുടെ സഹജവാസനകളേക്കാളും നമ്മുടെ ചിന്തകളേക്കാളും വലുതാണ്. ദൈവം ഏറ്റം വലിയവനാണെന്നതാണ് യാഥാർത്ഥ്യം. പരിവർത്തനം എന്നാൽ, പ്രത്യാശയെ നശിപ്പിക്കുന്നതിനെ, ജീവിതത്തിൽ ഒന്നും മാറില്ല എന്ന് ആവർത്തിക്കുന്നവരെ, എക്കാലത്തെയും അശുഭാപ്തിവിശ്വാസികളെ ശ്രവിക്കാതിരിക്കുകയാണ്.

ദൈവകൃപ യാചിക്കുക

ദൈവം വഴി കാര്യങ്ങൾ മാറുമെന്നും, അവിടന്ന് നമ്മുടെ ഭയങ്ങളെ ഇല്ലാതാക്കുകയും നമ്മുടെ മുറിവുകൾ സുഖപ്പെടുത്തുകയും വരണ്ട സ്ഥലങ്ങളെ നീരുറവകളാക്കി മാറ്റുകയും ചെയ്യുമെന്നും വിശ്വസിക്കാനുള്ള കൃപ നമുക്കു യാചിക്കാം. പ്രത്യാശയുടെ കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം. കാരണം, പ്രത്യാശയാണ് വിശ്വാസത്തിന് നവജീവനേകുകയും ഉപവിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്....സഹോദരങ്ങളേ, പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തില്ല. നമ്മൾ സന്തുഷ്ടരായിരിക്കുമ്പോഴും ഒരുമിച്ച് ആയിരിക്കുമ്പോഴും മാത്രമല്ല, എല്ലാ ദിവസവും, നാം വസിക്കുന്ന മരുഭൂമികളിലും. കാരണം, അവിടെയാണ് ദൈവകൃപയാൽ, നമ്മുടെ ജീവിതം പരിവർത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നത്. അവിടെ, നമ്മുടെ ആന്തരിക മരുഭൂമികളിലൊ പരിസ്ഥിതിയിലെ മരുഭൂമികളിലൊ ആണ്, ജീവൻ തഴച്ചുവളരാൻ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സത്യത്തെ സ്വാഗതം ചെയ്യാനുള്ള കൃപയും ധൈര്യവും കർത്താവ് നമുക്ക് നൽകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2021, 13:11