തിരയുക

നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ  "സെറിമോണിയൽ ഹാളിൽ" വച്ച് അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു. നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ "സെറിമോണിയൽ ഹാളിൽ" വച്ച് അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു. 

പാപ്പാ: സൈപ്രസ് ഐക്യത്തിന്റെ തുറമുഖവും സംസ്കാരങ്ങളുടെ നാൽക്കവലയും

നിക്കോസിയയിലെ രാഷ്ട്രപതിഭവനിലെ "സെറിമോണിയൽ ഹാളിൽ" വച്ച് അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയവസരത്തിൽ പരിശുദ്ധ പിതാവ് നൽകിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സൈപ്രസ് സംസ്കാരങ്ങളുടെ നാൽക്കവല

തനിക്ക് നൽകിയ ഹൃദയങ്കമമായ സ്വാഗതത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.  നൂറ്റാണ്ടുകളായി വിദേശീയരെ സ്വാഗതം ചെയ്യുന്ന ഒരു തുറന്ന വാതിലും ഐക്യത്തിന്റെ തുറമുഖവുമാണെന്നു മാത്രമല്ല ഇപ്പോഴും സൈപ്രസ് സംസ്കാരങ്ങളുടെ നാൽക്കവലയാണെന്നും പാപ്പാ പറഞ്ഞു.

ആദ്യത്തെ വലിയ പ്രേഷിതരായിരുന്ന വി.പൗലോസിന്റെയും, ബർണ്ണബാസിന്റെയും, മർക്കോസിന്റെയും കാൽപ്പാടുകളിലൂടെ നടക്കുമ്പോൾ താൻ വികാരഭരിതനാവുന്നു എന്നും താൻ ഒരു "തീർത്ഥാടകനാ"യാണ് അവരുടെ മദ്ധ്യേ വന്നിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.  രാജ്യത്ത് പാരമ്പര്യമായി ഉണ്ടായിരുന്ന അതുവരെയില്ലാതിരുന്ന ഒരു സൗന്ദര്യത്തിന്റെ സന്ദേശം എങ്ങനെയാണ്  ഈ ആദിമ ക്രൈസ്തവർ കൊണ്ടുവന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതുമൂലം ഈ രാജ്യം ഭൂഖണ്ഡങ്ങളിലെല്ലാം സൗന്ദര്യത്തിന്റെ സന്ദേശവാഹകനായി എന്നു സമുദ്രത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സൈപ്രസ് ദ്വീപിന്റെ പ്രകൃതി ഭംഗി ധ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. മെഡിറ്ററേനിയൻ പ്രദേശത്തിന്റെ ഹൃദയത്തിലെ അമൂല്യമായ പവിഴമായാണ് സൈപ്രസിനെ പാപ്പാ വിവരിച്ചത്.

ഫ്രാൻസിസ് മാർപാപ്പ സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയാദെസുമായി കൂടിക്കാഴ്ച നടത്തി
ഫ്രാൻസിസ് മാർപാപ്പ സൈപ്രസ് പ്രസിഡന്റ് നിക്കോസ് അനസ്താസിയാദെസുമായി കൂടിക്കാഴ്ച നടത്തി

ഒരു പവിഴം രൂപാന്തരപ്പെടാൻ കാലങ്ങൾ എടുക്കുന്നതു പോലെയാണ് വിവിധ സംസ്ക്കാരങ്ങൾ നൂറ്റാണ്ടുകളായി സൈപ്രസിൽ കണ്ടുമുട്ടി കൂടിക്കലർന്ന് ഈ നാടിനെ വിവിധ ജനതകളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും കൊണ്ട് സമ്പന്നമാക്കിയത്. ഇന്നും  കുടിയേറ്റക്കാരുടെ ശതമാനക്കണക്കെടുത്താൽ  യൂറോപ്യൻ യൂണിയനിലുള്ള ഏതു രാജ്യത്തെക്കാളും കൂടുതൽ കുടിയേറ്റക്കാർ ഇവിടെയാണെന്ന കാര്യം പാപ്പാ ഉദ്ധരിച്ചു. തുടർന്നുകൊണ്ടിരിക്കുന്ന ഈ സംസ്കാരങ്ങളുടെ കൂടികാഴ്ച, സമയവും ക്ഷമയും  ആവശ്യപ്പെടുന്നു.  കൂടാതെ ഇത് ചേർത്തു പിടിക്കാനും പരസ്പരം  ഐക്യപ്പെടുവാനുമുള്ള ഒരു വിശാല വീക്ഷണമാണെന്നും പാപ്പാ  പറഞ്ഞു.  സമൂഹത്തിൽ വിദ്യാഭ്യാസ മേഖലയിലും ഉപവി പ്രവർത്തനങ്ങളിലും  കൂടുതൽ ഫലപ്രദമായി സഹായിക്കാൻ   സൈപ്രസിലുള്ള കത്തോലിക്കാ സംരംഭങ്ങൾക്ക് സ്ഥാപനപരമായ അംഗീകാരം ലഭിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനത്തിന്റെ തീക്ഷ്ണമായ പ്രതീക്ഷ

സൈപ്രസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ കോവിഡ് മഹാമാരി മൂലം  വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, മനുഷ്യക്കടത്തിന്റെ വിപത്തും, സമീപ ദശകങ്ങളിൽ നിലനിൽക്കുന്ന " ഭയാനകമായ മുറിവ് " എന്ന് വിശേഷിപ്പിച്ച സൈപ്രസിലെ വിഭജനവും അതുമൂലം പ്രത്യേകിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്കുണ്ടായ കഷ്ടപ്പാടുകളും പാപ്പാ മറന്നില്ല. താൻ  അവർക്കും  മുഴുവൻ ദ്വീപിനും സമാധാനമുണ്ടാകുവാ൯ വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അതു തന്നെയാണ് തന്റെ തീക്ഷ്ണമായ പ്രത്യാശ എന്നും പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ വഴിയിൽ, സംഘർഷങ്ങളെ പൊരുത്തപ്പെടുത്തി ഐക്യത്തിന്റെ സൗന്ദര്യം സജീവമാക്കുന്നതിന്റെ താക്കോൽ പദം സംവാദമാണെന്ന് പാപ്പാ അറിയിച്ചു. സംവാദത്തിന്റെ സഹിഷ്ണുതയിലും അഹങ്കാരമില്ലായ്മയിലും വിശ്വസിക്കാൻ പരസ്പരം പ്രോൽസാഹിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ഇത് എളുപ്പമുള്ള വഴിയല്ല വളവും തിരിവും ഒക്കെയുള്ളതാണെങ്കിലും ഇത് മാത്രമാണ് അനുരഞ്ജനത്തിന്റെ ഏക വഴി എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ശക്തിയുടെ ചേഷ്ടകളെക്കാൾ ചേഷ്ടകളുടെ ശക്തിയിൽ പ്രത്യാശ വളർത്താൻ നമുക്ക് പരിശ്രമിക്കാമെന്ന് പാപ്പാ പറഞ്ഞു. മത നേതാക്കളുടെയിടയിൽ സംവാദം വളർത്താനും എല്ലാവരുടെയും മത സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കാനുമായി സ്വീഡന്റെ എംബസി നടത്തുന്ന സംരംഭങ്ങള പാപ്പാ പ്രശംസിച്ചു.

മെഡിറ്ററേനിയനിലെ സമാധാനത്തിന്റെ ശില്പശാല

ഏറ്റം പ്രയാസമെന്ന് തോന്നുന്ന നേരത്തും സംവാദം കുറയുന്ന നേരത്തും സമാധാനത്തിന് തയ്യാറെടുക്കാൻ കഴിയുമെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. സംവാദം വളർത്താൻ സംശയങ്ങളും അമർഷങ്ങളും മറികടക്കേണ്ടത് വളരെ പ്രധാനമാണ്. ഭാവി തലമുറയ്ക്ക് ഇക്കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. അഗാധമായ സൗന്ദര്യമുണ്ടായിട്ടും സംഘർഷങ്ങളും മാനുഷീക ദുരന്തങ്ങളും കൊണ്ട് മെഡിറ്ററേനിയൻ തകർക്കപ്പെടുകയാണെന്ന്  പാപ്പാ ഓർമ്മിപ്പിച്ചു.  അതിന്റെ അതിരുകളിലുള്ള എല്ലാവരേയും ഒന്നിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന കടലായിരിക്കണം മെഡിറ്ററേനിയൻ  എന്ന് പാപ്പാ  പറഞ്ഞു. സൈപ്രസിന് അതിന്റെ തനിമയാർന്ന ഭൂമി ശാസ്ത്ര, ചരിത്ര, മത, സാംസ്ക്കാരിക ഇടനാഴികകളിലൂടെ സമാധാനപാലകൻ എന്ന നിലയിൽ മെഡിറ്ററേനിയനിലെ സമാധാനത്തിന്റെ ശില്പശാലയാവാൻ കഴിയും പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനത്തിനായുള്ള ധൈര്യവും ഉൽസാഹവും

മഹാന്മാരേക്കാൾ സമാധാനം കൈവരിക്കുന്നത് സാധാരണ സ്ത്രീ പുരുഷന്മാരുടെ അനുദിന ദൃഢനിശ്ചയങ്ങളിലൂടെയാണ് എന്നു പറഞ്ഞ പാപ്പാ  അനുരഞ്ജനത്തിനും ഐക്യത്തിനുമായി മുന്നോട്ടു പോകാൻ ധൈര്യവും ഉൽസാഹവും വേണം എന്ന് അടിവരയിട്ടു. ഭയത്തിന്റെ മതിലുകകളോ  സാമ്പത്തിക വീണ്ടെടുപ്പു മാത്രമോ കൊണ്ട് അഭിവൃത്തിയുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. സൈപ്രസിന്റെ കൂടിക്കാഴ്ചയുടേയും സ്വീകരിക്കലിന്റെയും ചരിത്രത്തിലേക്ക് നോക്കാനും നിലനിൽക്കുന്ന ഫലങ്ങളെ തിരിച്ചറിയാനും  സമന്വയത്തിന്റെ സമ്പന്നതയിൽ  ഒരു സമൂഹസൃഷ്ടി കണ്ടെത്തിയ അവരോടു പാപ്പാ ആഹ്വാനം ചെയ്തു. വളരെ മുന്നിലേക്ക് നോക്കാനും നമുക്കപ്പുറത്തേക്ക് കാണാനുമുള്ള കഴിവ് നമ്മിൽ പുനരുജ്ജീവനം കൊണ്ടുവരുമെന്നും നഷ്ടമായ നമ്മുടെ തിളക്കം വീണ്ടെടുക്കാൻ ഇടയാക്കുമെന്നും പാപ്പാ  അവരെ ഉദ്ബോധിപ്പിച്ചു.

നിക്കോസിയയിലെ രാഷ്ട്രപതി ഭവനിൽ "സെറിമോണിയൽ ഹാളിൽ" വച്ച് അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി കൂടിക്കാഴ്ച്ച

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2021, 15:05