തിരയുക

പാപ്പായുടെ തിരികെയുള്ള യാത്രയിലെ പത്രസമ്മേളനത്തിൽനിന്ന് പാപ്പായുടെ തിരികെയുള്ള യാത്രയിലെ പത്രസമ്മേളനത്തിൽനിന്ന് 

സൈപ്രസ് ഗ്രീസ് യാത്രയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പാ തിരികെയെത്തി

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയഞ്ചാം അപ്പസ്തോലിക യാത്രയിൽ ഡിസംബർ അഞ്ചാം തീയതി മുതൽ ആറാം തീയതി വരെയുള്ള കൂടിക്കാഴ്ച്ചകളുടെയും പ്രഭാഷണങ്ങളുടെയും തിരികെ വത്തിക്കാനിലേക്കുള്ള യാത്രയുടെയും ലഘുവിവരണം.
പാപ്പായുടെ യാത്രാവിവരണത്തിന്റെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഡിസംബർ രണ്ടാം തീയതി മുതൽ ആറാം തീയതി വരെ നീണ്ട സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയഞ്ചാം അപ്പസ്‌തോലിക യാത്രയുടെ തുടർവിവരണമാണ് ഇവിടെ സംക്ഷിപ്തരൂപത്തിൽ നൽകിയിരിക്കുന്നത്.

യാത്രയുടെ ഇതുവരെയുള്ള സംക്ഷിപ്തരൂപം

ഡിസംബർ രണ്ട് മൂന്ന് നാല് തീയതികളിലാണ് ഫ്രാൻസിസ് പാപ്പാ സൈപ്രസിൽ ഉണ്ടായിരുന്നത്.

ഇന്ത്യയിലെ സമയവുമായി നോക്കുമ്പോൾ മൂന്ന് മണിക്കൂർ മുപ്പതു മിനിറ്റ് പിറകിലാണ് സൈപ്രസിലെയും ഗ്രീസിലേയും സമയം.

അപ്പസ്തോലിക യാത്രയുടെ രണ്ടാം ഭാഗമായ ഗ്രീസിലേക്ക് പാപ്പാ എത്തിയത് ഡിസംബർ നാല് ശനിയാഴ്ചയാണ്. അവിടെയെത്തിയ പാപ്പാ, ഉച്ചകഴിഞ്ഞ് 12.45-ന് രാഷ്‌ട്രപതി മന്ദിരത്തിൽ വച്ച് രാഷ്ട്രീയ അധികാരികളുമായും, പൗരസമൂഹപ്രതിനിധികളുമായും, ഗ്രീസിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. വൈകുന്നേരം 4.30-ന് ഏഥൻസിൻറെയും ആകമാന ഗ്രീസിൻറെയും ഓത്തൊഡോക്സ് മെത്രാപ്പോലിത്ത ഹിറോനിമോസ് രണ്ടാമൻ പിതാവുമായും അതിനുശേഷം വിശുദ്ധ ദയനീഷ്യസിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ വച്ച് 5.15-ന് കത്തോലിക്കാമെത്രാന്മാരും വൈദികരും സന്യസ്തരും മതബോധനാധ്യാപകരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി.

ഡിസംബർ 5 ഞായറാഴ്ച രാവിലെ 10.45-ന് ഏഥൻസിൽനിന്നും 250 കിലോമീറ്ററുകൾ അകലെയുള്ളതും, ഗ്രീസിലെ മൂന്നാമത്തെ വലിയ ദ്വീപുമായ ലെസ്‌വോസ് ദ്വീപിൽ എത്തിയ ഫ്രാൻസിസ് പാപ്പാ അവിടെ അഭയാർത്ഥികൾക്കായുള്ള മോറിയ എന്ന കേന്ദ്രത്തിലെത്തി ഗ്രീസ് പ്രെസിഡന്റിന്റെ സാന്നിധ്യത്തിൽ നൂറുകണക്കിന് അഭയാർഥികളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള വിവരണങ്ങളാണ് നാം കഴിഞ്ഞ ദിവസങ്ങളിലെ പ്രക്ഷേപണങ്ങളിലൂടെ ശ്രവിച്ചത്.

തിരികെ ഏഥൻസിലേക്ക്

ലെസ്‌വോസിൽനിന്ന് ഡിസംബർ അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12.15-ന് വിമാനമാർഗ്ഗം പുറപ്പെട്ട് 55 മിനിറ്റ് യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 1.10 ന് ഫ്രാൻസിസ് പാപ്പാ ഏഥൻസിലെ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് 22 കിലോമീറ്ററുകൾ അകലെയുള്ള നൂൺഷ്യേച്ചറിലേക്ക് തിരികെ പോയി.

രണ്ടുമണിക്ക് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം, വൈകുന്നേരം 4.15-ന് ഏഥൻസ് നഗരത്തിലെ മെഗാറോൺ കൺസെർട്ട് ഹാളിൽവച്ച് വിശുദ്ധ ബലിയർപ്പിക്കുവാനായി ഫ്രാൻസിസ് പാപ്പാ യാത്രയായി.

മെഗാറോൺ കൺസെർട്ട് ഹാൾ

ഗ്രീസിന്റെ ദേശീയ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഈ ശാല, 1991-ലാണ് നിർമ്മിക്കപ്പെട്ടത്. പിന്നീട് വിപുലീകരിക്കപ്പെട്ട ഇവിടെ പലവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നിരവധി ചെറുശാലകളും, സാംസ്‌കാരികപരിപാടികൾക്കായുള്ള വിവിധ ഇടങ്ങളുമുണ്ട്. വിവിധ സംഗീതജ്ഞരുടേതായ ഏതാണ്ട് പതിനായിരത്തോളം സംഗീതറെക്കോർഡുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

വിശുദ്ധ ബലി

വൈകുന്നേരം 4.30-ന് അവിടെയുള്ള സങ്കീർത്തിയിലെത്തിയ പരിശുദ്ധപിതാവ്, നാല് നാല്പത്തിയഞ്ചിന്, ഏഥൻസ് നഗരത്തിലെ മെഗാറോൺ കൺസെർട്ട് ഹാളിൽവച്ച്, നിരവധി മെത്രാന്മാരുടെയും വൈദികരുടെയും നൂറുകണക്കിന് ആളുകളുടെയും സാന്നിധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. ആരാധനാക്രമമനുസരിച്ച് ആഗമനകാലത്തിന്റെ രണ്ടാം ഞായറാഴ്ചത്തെ വിശുദ്ധ ബലി ലത്തീൻ ഭാഷയിലാണ് അർപ്പിക്കപ്പെട്ടത്. എല്ലാ മനുഷ്യരും ദൈവം ഒരുക്കുന്ന രക്ഷ കാണും എന്ന സന്ദേശം ഉൾക്കൊള്ളുന്ന വിശുദ്ധ ലൂക്കയുടെ സുവിശേഷം മൂന്നാമധ്യായം ഒന്നുമുതൽ ആറുവരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. വായനകൾ എല്ലാം ഗ്രീക്ക് ഭാഷയിലായിരുന്നു. വിശുദ്ധബലിയർപ്പണമധ്യേ സ്നാപകയോഹന്നാന്റെ പ്രഭാഷണത്തെ അധികരിച്ച് ഫ്രാൻസിസ് പാപ്പാ സ്വുശേഷപ്രഘോഷണം നടത്തി.

അവസാന ആശീർവ്വദത്തിന് മുൻപായി അവിടെ കൂടിയ എല്ലാവർക്കും, പ്രത്യേകിച്ച് ഗ്രീക്ക് പ്രെസിഡന്റിനും ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. വിശുദ്ധബലിയർപ്പണത്തിന്റെ അവസാനഭാഗത്തുവച്ച് ഫ്രാൻസിസ് പാപ്പായ്ക്ക് ഒരു കാസ ഉപഹാരമായി നൽകപ്പെട്ടു. ബലിയർപ്പണശേഷം പരിശുദ്ധ പിതാവ് നാലു കിലോമീറ്ററുകൾ അകലെയുള്ള നൂൺഷ്യേച്ചറിലേക്ക് തിരികെ പോയി.

ഓർത്തഡോക്സ് മെത്രാപ്പോലീത്തായുടെ സന്ദർശനം

വൈകുന്നേരം 6 .45-ന് നൂൺഷ്യേച്ചറിലെത്തിയ പാപ്പായെ, വൈകുന്നേരം 7 മണിയോടെ ഗ്രീക്ക് ഓർത്തഡോക്സ്‌ മെത്രാപ്പോലീത്താ അഭിവന്ദ്യ ഇറോനിമോസ് രണ്ടാമൻ പിതാവ് നൂൺഷ്യേച്ചറിലെത്തി അവിടുത്തെ വലിയ ശാലയിൽ വച്ച് കണ്ടുസംസാരിച്ചു.

വൈകുന്നേരം 7.30-ന് നടന്ന അത്താഴത്തിന് ശേഷം പാപ്പാ ഉറങ്ങി വിശ്രമിച്ചു.

ഡിസംബർ 6

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ അവസാനദിനമായ ഡിസംബർ ആറിന് രാവിലെ ഏഴുമണിക്ക് പരിശുദ്ധ പിതാവ് നൂൺഷ്യേച്ചറിൽ വിശുദ്ധ ബലിയർപ്പിച്ചു.

പാർലമെന്റ് അധ്യക്ഷൻ പാപ്പായെ സന്ദർശിക്കുന്നു.

വിശുദ്ധ ബലിക്ക് ശേഷം നൂൺഷ്യേച്ചറിലായിരുന്ന ഫ്രാൻസിസ് പാപ്പായെ, രാവിലെ 8.15-ന് ഗ്രീക്ക് പാർലമെന്റിന്റെ അധ്യക്ഷൻ, കോൺസ്റ്റാന്റീനോസ് തസൂലാസ്, വത്തിക്കാൻ നയതന്ത്രകാര്യാലയത്തിലെത്തി കൂടിക്കാഴ്ച നടത്തി. നിയമത്തിൽ ബിരുധധാരിയായ അദ്ദേഹം 2000 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്. 2019-ലാണ് അദ്ദേഹം പാർലമെന്റിന്റെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീ തസൂലാസ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

നൂൺഷ്യേച്ചറിൽ നിന്ന് മാറോസ്സിയിലേക്ക്

ഡിസംബർ നാലുമുതൽ ആറുവരെ രണ്ടു ദിവസം താമസിച്ച ഗ്രീസിലെ പരിശുദ്ധ പിതാവിന്റെ ഭവനത്തിൽനിന്ന്, 9.15-ന് നൂൺഷ്യേച്ചറിലെ സമൂഹത്തോടും നൂൺഷ്യേച്ചറിന്റെ അഭ്യുദയകാംക്ഷികളോടും യാത്രപറഞ്ഞ ഫ്രാൻസിസ് പാപ്പാ,

 9.30 ന് അവിടെനിന്നും 9 കിലോമീറ്ററുകൾ അകലെ, ഏഥൻസ് നഗരത്തിലെ മാറോസ്സി എന്ന സ്ഥലത്ത് ഊർസുലൈൻ സന്ന്യാസിനിമാർ നടത്തുന്ന വിശുദ്ധ ഡയോനീഷ്യസിന്റെ നാമധേയത്തിലുള്ള സ്കൂളിലേക്ക് ചെറുപ്പക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി യാത്രയായി.

കുട്ടികളുമായുള്ള സമ്മേളനം

1670 ലാണ് ഊർസുലൈൻ സമൂഹം ഗ്രീസിലെ നക്‌സോസ് എന്ന സ്ഥലത്തെത്തിയത്. അവിടെയുള്ള ആദ്യ വിദേശ വിദ്യാഭ്യാസസ്ഥാപനമായിരുന്നു അത്. ഏഥൻസ് നഗരത്തിലേക്ക് ഈ സമൂഹം എത്തിയത് 1947-ലാണ്.

നൂറുകണക്കിന് കുട്ടികളും മുതിർന്നവരുമാണ് പാപ്പായെ കാണുവാനായി വഴിയുടെ ഇരുവശങ്ങളിലും കാത്തുനിന്നിരുന്നത്.  9.45 ന് സമ്മേളനസ്ഥലത്തെത്തിയ ഫ്രാൻസിസ് പാപ്പായെ അവിടെയുള്ള വലിയ ഒരു ഇൻഡോർ സ്പോർട്സ് ശാലയിലേക്കാണ് സംഘാടകർ നയിച്ചത്. ഗാനങ്ങൾ ആലപിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഗായകസംഘത്തിന് മുന്നിലൂടെ ശാലയിലെത്തിയ പാപ്പായെ പരമ്പരാഗത നൃത്തത്തോടെ കുട്ടികൾ വരവേറ്റു. തുടർന്ന് ഫിലിപ്പീൻസ്, ഗ്രീസ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ചെറുപ്പക്കാരുടെ സാക്ഷ്യമുണ്ടായിരുന്നു.

അതിനെത്തുടർന്ന് ഫ്രാൻസിസ് പാപ്പാ കുട്ടികളോട് സംസാരിച്ചു.

ഫ്രാൻസിസ് പാപ്പായുടെ മനോഹരമായ പ്രഭാഷണത്തിന് ശേഷം കുട്ടികൾ നയിച്ച പ്രാർത്ഥനാഗീതങ്ങൾ ഇടകലർന്ന പ്രാർത്ഥനയായിരുന്നു. പ്രാർത്ഥനകളുടെ അവസാനം പരിശുദ്ധ പിതാവ് എല്ലാവർക്കും ആശീർവാദം നൽകി.

വിമാനത്താവളത്തിലേക്ക്

കുട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രാദേശികസമയം ഏതാണ്ട് പതിനൊന്നു മണിയോടെ ഫ്രാൻസിസ് പാപ്പാ ഏഥൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രയായി.

വിമാനത്താവളത്തിലെത്തിയ പാപ്പായെ ഗ്രീസിന്റെ വിദേശകാര്യമന്ത്രി വിമാനത്താവളത്തിലെ വി.ഐ.പി. ശാലയിൽ സ്വീകരിച്ചു. ഇരുവരുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം പുറത്തിറങ്ങിയ പാപ്പായ്ക്ക് സൈനികോപചാരം നൽകപ്പെട്ടു. അവിടെയുണ്ടായിരുന്ന വിവിധ പ്രതിനിധിസംഘങ്ങളുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച പാപ്പാ പ്രാദേശികസമയം 12 മണിയോടെ റോമിലെ ച്യമ്പിനോ വിമാനത്താവളത്തിലേക്ക് യാത്രയായി.

തിരികെ വത്തിക്കാനിലേക്ക്

ക്രൈസ്തവസഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും, ദൈവം നൽകുന്ന വിശ്വാസത്തിന്റെ പ്രഭയെ വരവേൽക്കുവാനുള്ള ആഹ്വാനത്തിന്റെയും അതോടൊപ്പം സഹോദരസ്നേഹത്തിന്റെയും സന്ദേശവാഹകനായി സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള തന്റെ അഞ്ചു ദിവസങ്ങൾ നീണ്ട, മുപ്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയുടെ പര്യവസാനമാണ് പത്രോസിന്റെ പിൻഗാമി തിരികെ വത്തിക്കാനിലേക്ക് യാത്രയായത്. ഗ്രീസിലെ ഏഥൻസ് നഗരത്തിൽനിന്നും 2.148 കിലോമീറ്ററുകളോളം  വടക്കുപടിഞ്ഞാറുള്ള  റോമിലെ പ്രാദേശികസമയം 12. 50-ഓടെ  പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ച്യമ്പിനോ വിമാനത്താവളത്തിലെത്തുകയും, അവിടെ നിന്നും 28 കിലോമീറ്ററുകൾ അകലെ വത്തിക്കാനിലേക്ക് തിരികെയുള്ള യാത്രയിൽ മരിയ മേജ്ജോറെ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2021, 16:15