തിരയുക

സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള അപ്പസ്തോലികയാത്രയ്ക്കിടെ ഫ്രാൻസിസ് പാപ്പാ സമർപ്പിതരോടൊപ്പം സൈപ്രസിലേക്കും ഗ്രീസിലേക്കുമുള്ള അപ്പസ്തോലികയാത്രയ്ക്കിടെ ഫ്രാൻസിസ് പാപ്പാ സമർപ്പിതരോടൊപ്പം 

സമർപ്പിതജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷം: ഫ്രാൻസിസ് പാപ്പാ

സമർപ്പിത ജീവിതം ഇന്നത്തെ ലോകത്തിനുള്ള സുവിശേഷമെന്നും, സമർപ്പിതസമൂഹങ്ങളോട്, വിവേചനത്തോടെ സഭയോടൊത്ത് ദൈവത്തിലുള്ള വിശ്വാസത്തോടെയും പരസ്പരസഹകരണത്തോടെയും മുന്നോട്ട് പോകാനും ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമർപ്പിത ജീവിതം നയിക്കുന്നവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതം നയിക്കുന്നവർക്കായുള്ള സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവരോടുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ സംക്ഷിപ്തരൂപം.

ലോകത്തിനായുള്ള സുവിശേഷം

സമർപ്പിത ജീവിതം നയിക്കുന്നവർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പോസ്തോലിക ജീവിതം നയിക്കുന്നവർക്കായുള്ള സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവരോട് നടത്തിയ പ്രഭാഷണത്തിൽ, ആഗോളസഭയിലെ സമർപ്പിതജീവിതത്തിനായി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഈ സേവനം സുവിശേഷത്തിനുവേണ്ടിയുള്ള സേവനം തന്നെയാണെന്ന് ഓർമ്മിപ്പിച്ചു. സമർപ്പിതജീവിതം എന്ന സുവിശേഷം ഇന്നത്തെ ലോകത്തിനുതന്നെ സുവിശേഷമാകേണ്ടതാണെന്നും പാപ്പാ എടുത്തുപറഞ്ഞു. സമർപ്പിതജീവിതത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും, അതുകൊണ്ടുതന്നെ, അത്തരമൊരു ജീവിതത്തിന്റെ നല്ല ഒരു ഭാവിയിൽ വിശ്വസിക്കുന്നവരോട് താനും അവരോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ താൻ ആഗ്രഹിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

ദൈവത്തിലുള്ള വിശ്വാസം

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സിനഡ് വിളിച്ചുകൂട്ടിയതിനെക്കുറിച്ച് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തെക്കുറിച്ചും, നല്ല ഫലങ്ങൾ നൽകാതിരിക്കുന്നതുമായ പുതിയ ശ്രമങ്ങളെക്കുറിച്ചും അന്നും അറിവുണ്ടായിരുന്നെന്നും (Evangelii gaudium, 130), ലോകത്ത് സമർപ്പിതാവിളികൾ സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, സ്വയം ദാനം എന്ന തത്വത്തിൽ അടിസ്ഥിതമായ സമർപ്പിതജീവിതത്തിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മെ നയിക്കട്ടെ എന്നും പറഞ്ഞു. ദൈവം നൽകുന്ന സൗജന്യദാനമായ വിളിയിലും, ദൈവവചനത്തിന്റെയും ദൈവാത്മാവിന്റെയും രൂപാന്തരീകരണശക്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത്തരുണത്തിൽ, വിവിധ സ്ഥാപനങ്ങളിലും, വ്യക്തിസഭകളിലുമായി സമർപ്പിതരെ സഹായിക്കുന്ന നിങ്ങളോട്, ദൈവവാഗ്ദാനങ്ങളെക്കുറിച്ചുള്ള ഓർമ്മകളിൽ അടിസ്ഥാനമിട്ട് വിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാൻ താൻ ആഹ്വാനം ചെയ്യുന്നു എന്ന് പാപ്പാ പറഞ്ഞു..

വിവേചനവും അനുഗമനവും

സമർപ്പിതർക്കായി പ്രവർത്തിക്കുന്നവരുടെ സേവനം, വിവേചിച്ചറിയുക, അനുഗമിക്കുക എന്നെ രണ്ടു വാക്കുകളിൽ ഒതുക്കാമെന്ന് തൻ കരുതുന്നുവെന്ന് പാപ്പാ പറഞ്ഞു. നിങ്ങളുടെ അനുദിനജോലികളിൽ, പലപ്പോഴും ആഴത്തിൽ പഠിക്കേണ്ടിവരുന്ന പല സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടെന്നും, അവ ഓരോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും അധികാരികളുമായും, മെത്രാന്മാരുമായും സംവദിച്ച് പഠിക്കേണ്ടവയാണെന്നും, വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യാനാകൂ എന്നും പാപ്പാ പറഞ്ഞു. അതുപോലെ തന്നെ പുതുതായി സ്ഥാപിതമായ സമൂഹങ്ങളെ അനുഗമിക്കുന്നതും, പ്രധാനപ്പെട്ടതെന്നും പറഞ്ഞ പാപ്പാ, സ്വയം അളവുകോലുകളായി മാറുക എന്ന അപകടസാധ്യത ഇങ്ങനെയുള്ള സമൂഹങ്ങൾക്കുണ്ടെന്ന് ഓർമ്മിപ്പിച്ചു.

സഭാസമൂഹത്തോടൊത്തുള്ള വളർച്ച

എവഞ്ചേലി ഗൗദിയും എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളെ അധികരിച്ച് (Evangelii gaudium, 130), ഓരോ സമർപ്പിതസമൂഹത്തിനും, എല്ലാവരുടെയും നന്മയെ മുന്നിൽക്കണ്ട്, ദൈവജനത്തിന്റെ ജീവിതത്തോട് ഒത്തുചേർന്നു പോകാനുള്ള കഴിവ് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. സഭയ്ക്കുള്ളിൽ മാത്രമാണ് സമർപ്പിതജീവിതം ജന്മമെടുക്കുന്നതും വളരുന്നതും, സുവിശേഷത്തിന്റെ ഫലങ്ങൾ നല്കുന്നതുമെന്നും, ദൈവജനത്തോടുള്ള സജീവമായ കൂട്ടായ്മയിലാണ് ഇത് നടക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. അതുകൊണ്ടുതന്നെ, സ്ഥാപകരായി സ്വയം മുന്നോട്ടുവരുന്നവരുടെ വിശ്വാസ്യതയെക്കുറിച്ചും, വിളിയുടെ പ്രത്യേകതകളെക്കുറിച്ചും വിശ്വാസികളെ ആധികാരികമായി അറിയിക്കാൻ അജപാലകർക്ക് കടമയുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു (M.p. Authenticum charismatis, 1 november 2020).

സ്വയം അളവുകോലാകരുത്

സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട വിവേചനത്തിലും അനുഗമനത്തിലും, അധികാരികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ചില സമർപ്പിതസമൂഹസ്ഥാപകർ സ്വയം അളവുകോലായി മാറുകയും, സഭയേക്കാൾ ഉയർന്ന ഒരു തലത്തിൽ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും, തങ്ങൾ മാത്രമാണ് സമൂഹത്തിന്റെ പ്രത്യേകമായ വിളിയുടെ സംരക്ഷകരും വ്യാഖ്യാതാക്കളും എന്ന ചിന്തയിലേക്ക് വരുന്നുണ്ട് എന്ന് എടുത്തുപറഞ്ഞു. അതുപോലെതന്നെ ദൈവവിളിയുടെ പാലനത്തിലും, അർത്ഥികൾക്ക് നൽകുന്ന പരിശീലനത്തിലും നൽകുന്ന ശ്രദ്ധയും പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ, അധികാരം ഉപയോഗിക്കുന്ന രീതി, ആധ്യാത്മികകാര്യങ്ങളിൽ ആന്തരികവും ബാഹ്യവുമായ തലങ്ങളിലുള്ള വേർതിരിവ്, സേവനകാലത്തിന്റെ ദൈർഖ്യം, അധികാരകേന്ദ്രീകരണം തുടങ്ങിയ കാര്യങ്ങളും, അധികാരത്തിന്റെയും, ശക്തിയുടെയും ദുർവിനിയോഗം തുടങ്ങിയ കാര്യങ്ങളും പ്രത്യേകമായ ശ്രദ്ധ നൽകേണ്ട ഇടങ്ങളാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മെത്രാന്മാരുമായുള്ള സഹകരണം

മെത്രാന്മാരുമായുള്ള സഹകരണത്തിലൂടെയാണ്, പുതിയ സമൂഹസ്ഥാപനങ്ങൾ, സമർപ്പിത ജീവിതത്തിന്റെ പുതിയ രൂപങ്ങൾ അല്ലെങ്കിൽ പുതിയ സമൂഹങ്ങൾ എന്നിവയെക്കുറിച്ചുള്ള വിചിന്തനങ്ങൾ നടത്തേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ അതോടൊപ്പം, നിങ്ങൾ സമർപ്പിതസമൂഹങ്ങൾക്ക് നൽകുന്ന അനുധാവനത്തെ പൂർണ്ണമായി സഹകരിച്ച് സ്വീകരിക്കാൻ മെത്രാന്മാരെയും തൻ ആഹ്വാനം ചെയ്യുന്നു എന്ന് പാപ്പാ പറഞ്ഞു. ഇങ്ങനെ വത്തിക്കാൻ ഡിക്കസ്റ്ററിയും മെത്രാന്മാരുമായുള്ള സഹകരണം, ശരിയായ പ്രചോദനമോ ലക്ഷ്യബോധമോ, ശക്തിയോ ഇല്ലാതെ സഭാസമൂഹങ്ങൾ ഉയർന്നുവന്നേക്കാവുന്നതിനെ ഒഴിവാക്കാനും സഹായിക്കും എന്ന് വത്തിക്കാൻ കൗൺസിലിനെ (Perfectae caritatis, 19) അധികരിച്ച് പാപ്പാ പറഞ്ഞു. ഇടയന്മാർക്കും ദൈവജനത്തിനും വിവേചനത്തിനായി സാധുതയുള്ള മാനദണ്ഡങ്ങൾ നൽകുന്നതിൽ നിങ്ങളുടെ സേവനം വിലപ്പെട്ടതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സിനഡൽ പ്രവർത്തനം

പരിശുദ്ധ സിംഹാസനത്തിൻറെയും ഇടയന്മാരുടെയും സമർപ്പിതസമൂഹങ്ങളുടെ സുപ്പീരിയർ ജെനെറൽമാരുടെയും ഓഫീസുകൾ തമ്മിലുള്ള പരസ്പര സംവാദം, നാം ആരംഭിച്ച സിനഡൽ പാതയുടെ ഒരു പ്രധാന ഭാഗമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ വിശാലവും കൂടുതൽ അടിസ്ഥാനപരവുമായ അർത്ഥത്തിൽ, തങ്ങളുടെ സമൂഹജീവിതത്തിലും അപ്പോസ്തോലിക പ്രതിബദ്ധതയിലും പാലിക്കുന്നതും പങ്കിടുന്നതുമായ സാഹോദര്യത്തിന്റേതും പങ്കുവയ്ക്കലിന്റേതും ആയ സംഭാവന സിനഡൽ പ്രക്രിയയിലേക്ക് നൽകാൻ സമർപ്പിതരായ പുരുഷന്മാരും സ്ത്രീകളും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2021, 17:17