തിരയുക

 ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചാവേളയിൽ 

വത്തിക്കാൻ ജീവനക്കാർക്ക് പാപ്പായുടെ ക്രിസ്തുമസ് സന്ദേശം

ഡിസംബർ 23-ന് വത്തിക്കാനിലെ വിവിധ സേവനരംഗങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുമായി നടന്ന കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്നേഹത്തിൽ പിറക്കുന്ന യേശുവും കുടുംബങ്ങളും

ഒരിക്കൽക്കൂടി ക്രിസ്തുമസാശംസകൾ നേരുവാൻ അനുഗ്രഹം നൽകിയ ദൈവത്തിന് നന്ദി പറഞ്ഞാണ് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ജീവനക്കാരോടുള്ള തന്റെ പ്രഭാഷണം ആരംഭിച്ചത്. യേശു ജനിച്ചത് സ്നേഹത്തിലാണ് എന്ന് ഓർമിപ്പിച്ച പാപ്പാ, "കാരുണ്യവും സ്നേഹവും എവിടെയുണ്ടോ, അവിടെ ദൈവമുണ്ട്" എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ വരികൾ ഉദ്ധരിച്ച്, എവിടെയാണോ സ്നേഹം മൂർത്തമായും സാമീപ്യമായും, ആർദ്രതയായും, അനുകമ്പയായും മാറുന്നത്, അവിടെയാണ് ദൈവം ജനിക്കുന്നതെന്ന് പറഞ്ഞു.

കുടുംബങ്ങളിലെ സ്നേഹവുമായി ബന്ധപ്പെടുത്തി, പ്രായമായ ആളുകളോടുള്ള പരിഗണനയുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. ഈ കോവിഡ് കാലത്ത്, ആവശ്യമായ സുരക്ഷാനടപടികൾ ഒഴിവാക്കാതെ, നിങ്ങളുടെ മുത്തശീമുത്തശ്ശന്മാരെ കാണുവാൻ പോകനോ, അതിന് സാധിക്കില്ലെങ്കിൽ ഫോണിലൂടെയെങ്കിലും അവരുമായി സംസാരിക്കാനോ മറക്കരുതെന്നും, കഴിയുന്നതും വേഗം അവരോടൊപ്പം അൽപ്പസമയമെങ്കിലും ചിലവഴിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഉപകാരമില്ലാത്തതെന്ന് തോന്നുന്നവരെ ഉപേക്ഷിക്കുന്ന സംസ്കാരമെന്ന തിന്മയെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറഞ്ഞ പാപ്പാ, മാതാപിതാക്കൾ വിതയ്ക്കുന്നതാണ്, മക്കളിൽനിന്ന് തിരികെ ലഭിക്കുക എന്ന് മറക്കരുതെന്ന് ഉദ്‌ബോധിപ്പിച്ചു.

ക്രിസ്തുമസ് നൽകുന്ന ശാന്തി

ക്രിസ്തുമസ് എല്ലാ കുടുംബങ്ങളിലും ശാന്തി കൊണ്ടുവരട്ടെ എന്ന് ആശംസിച്ച പാപ്പാ, എല്ലാ കുടുംബങ്ങളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടെന്നും, കൂടുതലായി ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളിൽ കൂടുതലായി ശാന്തിയുണ്ടാകട്ടെ എന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നു പറഞ്ഞു. കോവിഡ് മഹാമാരി കുടുംബങ്ങളിൽ സാമ്പത്തികവും മാനസികവുമായ ഒരുപാട് ബുദ്ധിമുട്ടുകൾ, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും, സൃഷ്ടിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ എല്ലാ പ്രായക്കാർക്കും ഉണ്ടായിട്ടുണ്ടെന്നും ഓർമ്മപ്പിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ

കോവിഡ് ആരംഭിച്ച നാളുകളിൽ താൻ ഉറപ്പുനൽകിയിരുന്നതുപോലെ എല്ലാവരുടെയും ജോലി ഭദ്രമായി കാത്തുസൂക്ഷിക്കാൻ പരിശുദ്ധ സിംഹാസനവും പരിശ്രമിച്ചു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആരെയും ജോലിയിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ നാം ശ്രദ്ധിച്ചു എന്നും, വർഷാവസാനകാലം ബുദ്ധിമുട്ടേറിയതായിരുന്നു എങ്കിലും, തൊഴിലാളികളുടെ അവകാശങ്ങളും, പൊതുനന്മയും മാനിച്ചുകൊണ്ട് പര്സപരസംവാദത്തിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കണ്ടെത്താനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം

ജോലിയുടെ പ്രശ്നങ്ങളിൽ മാത്രമല്ല വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യം നാം തേടേണ്ടതെന്ന് പറഞ്ഞ പാപ്പാ, യൗസേപ്പ് പരിശുദ്ധ കന്യകാമറിയത്തിന്റെയും യേശുവിന്റെയും രക്ഷാധികാരി എന്ന നിലയിൽ, സഭയുടെ പാലകനുമാണെന്ന് ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഒരു വർഷം വിശുദ്ധ യൗസേപ്പിന് സമർപ്പിച്ചതിൽ തനിക്ക് സന്തോഷമുണ്ടായിരുന്നെന്നും, വിശുദ്ധനെ നിങ്ങൾക്ക് ഈ വർഷത്തിൽ കൂടുതലായി അടുത്തറിയാൻ സാധിച്ചു എന്ന് താൻ പ്രതീക്ഷിക്കുന്നതായും പറഞ്ഞ പാപ്പാ  നിങ്ങളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പിതാവിനെ ഏൽപ്പിക്കാൻ ആഹ്വാനം ചെയ്തു.

വളരെ കുറച്ചു വാക്കുകളുടെ ഒരു മനുഷ്യനായിരുന്നു വിശുദ്ധ യൗസേപ്പ് എങ്കിലും ദൈവഹിതം കേട്ട്  വളരെയധികം പ്രവൃത്തികൾ ചെയ്തയാളാണ് അദ്ദേഹം എന്ന് പപ്പാ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ ഇഷ്ടം അവൻ തിരിച്ചറിയുന്നത്, തന്റെ ഉറക്കത്തിലായിരുന്നു എന്ന് പറഞ്ഞ പാപ്പാ, എന്നാൽ അത്, വെറും സ്വപ്‌നങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് ദൈവികപദ്ധതിയുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു എന്നും, ഉണർന്നെഴുന്നേൽക്കുമ്പോൾ അവൻ, തനിക്ക് ദൈവം തന്ന നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു എന്നും ഓർമ്മിപ്പിച്ചു. നാലു തവണയാണ് നാം സുവിശേഷത്തിൽ യൗസേപ്പിന്റെ പ്രവൃത്തികൾ കാണുന്നത്. ഒന്ന് പരിശുദ്ധ അമ്മയുമായുള്ള വിവാഹം സംബന്ധിച്ച്, രണ്ടാമതായി ഹേറോദേസിന്റെ ഭീഷണി നിലനിൽക്കുമ്പോൾ ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന അവസരത്തിൽ,  പിന്നീട് സ്വന്തം നാട്ടിലേക്ക് തിരികെ വരുന്നത്, നാലാമതായി നസ്രത്തിൽ ദൈവഹിതമനുസരിച്ച് താമസമുറപ്പിക്കുന്നത്. ദൈവം വിശുദ്ധ യൗസേപ്പിന് തന്റെ മാലാഖമാരിലൂടെയാണ് അറിയിപ്പുകൾ നൽകിയത്. അവ യൗസേപ്പിന്റെ വെറും ചിന്തകളോ, ഭ്രമങ്ങളോ തോന്നലുകളോ ആയിരുന്നില്ല, മറിച്ച് അവ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്ന സന്ദേശങ്ങളായിരുന്നു എന്നും, അവ തിരുക്കുടുംബത്തിന്റെ ജീവിതത്തെ നയിക്കുവാൻ വേണ്ടിയുള്ളതായിരുന്നു എന്നും പറഞ്ഞ പാപ്പാ, അവ ദൈവത്തിന്റെ കരുതലിന്റെ പ്രകടനങ്ങളായിരുന്നു എന്നും കൂട്ടിച്ചേർത്തു.

ദൈവപരിപാലനം

വിശുദ്ധ യൗസേപ്പിന്റെയും മാതാവിന്റെയും ജീവിതത്തിലെന്നതുപോലെ, ദൈവികപരിപാലനം നാം കൂടുതലായി അനുഭവിച്ചറിയുന്ന ഇടം കുടുംബമാണെന്ന് പാപ്പാ ഓർമ്മപ്പിച്ചു. കുട്ടികളുടെയും, മാതാപിതാക്കളുടെയും, മുഴുവൻ കുടുംബത്തിന്റെയും നന്മയ്ക്കായി ഇടപെടുന്ന ദൈവത്തിന്റെ കരം നിങ്ങളുടെ കുടുംബങ്ങളിലും അനുഭവിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ദൈവികപദ്ധതികൾ എപ്പോഴും വ്യക്തമായിരിക്കില്ല എന്നും, അത് മനസ്സിലാക്കാൻ ക്ഷമയും, വിശ്വാസവും ആവശ്യമാണെന്നും, ദൈവം എപ്പോഴും നമ്മുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്ന വിശ്വാസം നമുക്കുണ്ടാകണമെന്നും ഓർമ്മിപ്പിച്ച പാപ്പാ, ദൈവത്തിന്റെ സന്ദേശങ്ങൾ സ്വീകരിക്കാൻ, വിശുദ്ധ യൗസേപ്പിനെപ്പോലെ, സ്വയം ദൈവത്തിന് സമർപ്പിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2021, 16:18