തിരയുക

പാപ്പാ ആമുഖമെഴുതിയ"Laudato Sì Reader An Alliance of Care for Our Common Home" എന്ന ഇ-ബുക്കിന്റെ കവർപേജ്... പാപ്പാ ആമുഖമെഴുതിയ"Laudato Sì Reader An Alliance of Care for Our Common Home" എന്ന ഇ-ബുക്കിന്റെ കവർപേജ്...  

ഇ-ബുക്കിന് പാപ്പായുടെ ആമുഖം

"Laudato Sì Reader An Alliance of Care for Our Common Home" എന്ന ഇ-ബുക്കിന് പാപ്പാ ആമുഖമെഴുതി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

COP 26 മായി ബന്ധപ്പെട്ട് വത്തിക്കാന്റെ പ്രസിദ്ധീകരണം (LEV) പുറത്തിറക്കിയ ഈ ഇ-ബുക്കിൽ Laudato Sì ചാക്രീക ലേഖനത്തെക്കുറിച്ച് ആഗോളതലത്തിൽ നടന്ന പ്രതിഫലനങ്ങളും അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പ്രസിദ്ധീകരണങ്ങളും ഐക്യരാഷ്ട്രസഭയുടെ ജനറൽ സെക്രട്ടറിയുടെ പ്രത്യേക വ്യാഖ്യാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നവംബർ 12 മുതൽ സമഗ്ര മാനവ വികാസത്തിനായുള്ള ഡിക്കാസ്ട്രിയുടെ വെബ്സൈറ്റിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ആമുഖം

നമ്മുടെ പൊതു ഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലൗദാത്തോ സീ എന്ന ചാക്രീക ലേഖനത്തിൽ നമ്മുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം പൊതു ഭവനമായ ഗ്രഹത്തിന്റെ ഭാവിക്ക്  ദോഷകരമാവുന്നതിനെക്കുറിച്ച് ഒരു സംവാദം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതിനും ഈ ചാക്രീകലേഖനത്തിനു സഭയിലും, എക്യുമേനിക്കൽ, മതാന്തര, രാഷ്ട്രീയ, സാമ്പത്തീക, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലും പുറത്തും വന്ന ക്രിയാത്മകമായ സ്വാധീനത്തിലുള്ള സന്തോഷം പാപ്പാ ആമുഖത്തിൽ പങ്കുവച്ചു.

ലൗദാത്തോസീയുടെ പ്രസിദ്ധീകരണത്തിനു ശേഷം കത്തോലിക്കരോടു എക്യുമേനിക്കൽ പാത്രിയാർക്കായ പരിശുദ്ധ ബർത്തലോമിയയോടും ഓർത്തഡോക്സ് സഹോദരരോടും ഒരുമിച്ച്  സെപ്റ്റംബർ ഒന്നിന്  സൃഷ്ടിയുടെ പരിചരണത്തിനായുള്ള ആഗോള പ്രാർത്ഥനാ ദിനത്തിൽ പങ്കുചേരാൻ ആവശ്യപെട്ടിരുന്നതും പാപ്പാ ഓർമ്മിച്ചു. മറ്റു മത വിഭാഗങ്ങളുടെ പ്രധാന പ്രസ്താവനകളിലും പ്രവർത്തികളിലും ദൈവത്തിന്റെ സൃഷ്ടിയുടെ പരിപാല കരാകാനുള്ള വിളി പ്രതിധ്വനിക്കുന്നതിലും പ്രത്യേകിച്ച് യഹൂദരുടെ റാബിമാരുടെ പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള കത്തും, ആഗോള പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചുള്ള ഇസ്ലാമിക പ്രഖ്യാപനവും, ബുദ്ധമതം ആഗോള നേതൃത്വത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പരിസ്ഥിതി വ്യതിയാനത്തെക്കുറിച്ചുള്ള പ്രസ്താവനയും, ഹിന്ദുമതത്തിന്റെ  പരിസ്ഥിതി വ്യതിയാന പ്രസ്താവനയും ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു.

Laudato Sì നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ സുരക്ഷയെ സംബന്ധിച്ചുള്ള ഒരു ആഗോള ആഹ്വാനമാണെന്നും 2020 മെയ് 24 മുതൽ 2021 മേയ് 24 വരെ അതിന്റെ അഞ്ചാം വർഷാഘോഷങ്ങൾക്ക് ഒരു അനുയോജ്യമായ സമാപനമാണ് Laudato Sì Reader എന്ന പേരിൽ സമഗ്ര മാനവ വികസന ഡിക്കാസ്ട്രി തയ്യാറാക്കിയ ആഗോളതല പരിചിന്തനങ്ങളുടെ ഈ സമാഹാരം എന്നും പാപ്പാ എഴുതുന്നു.

നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കുന്നതിലുള്ള നമ്മുടെ പരാജയത്തിന്റെ അടയാളമായി ലൗദാത്തൊ സീയിൽ താൻ അവതരിപ്പിക്കുന്ന 'ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ രോദനവും' പിന്നീട് കോവിഡ് 19 അടിയന്തിരാവസ്ഥ കൂടുതൽ വിഷമകരമാക്കി. അങ്ങനെ 'ഭൂമിയുടെ നിലവിളി ' പ്രതിനിധീകരിക്കുന്ന ഒരു പാരിസ്ഥിതിക പ്രതിസന്ധിയും 'ദരിദ്രരുടെ നിലവിളി' പ്രതിനിധീകരിക്കുന്ന ഒരു സാമൂഹീക പ്രതിസന്ധിയും ആരോഗ്യ അടിയന്തിരാവസ്ഥ മാരകമാക്കി എന്നത് "മാനവർ പരിസ്ഥിതിയെ കൈകാര്യം ചെയ്യുന്ന രീതി മനുഷ്യൻ അവനെതന്നെ  കൈകാര്യം ചെയ്യുന്ന രീതിയെയും അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുമെന്നു തന്റെ മുൻഗാമിയായ ബനഡിക്ട് പതിനാറാമൻ പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുന്നതും പാപ്പാ വ്യക്തമാക്കുന്നു.

പ്രതിസന്ധികൾ സാഹചര്യങ്ങളുടെ ജാലകങ്ങളാണെന്നും, പഴയ തെറ്റുകളെ തിരിച്ചറിയാനും തിരുത്താനുമുള്ള അവസരങ്ങളാണെന്നും ഇന്ന് ലോകത്തിൽ സംഭവിക്കുന്നവ നമ്മുടെ വ്യക്തിപരമായ സഹനങ്ങളാക്കി മാറ്റി അവയ്ക്ക് നമുക്കോരോരുത്തർക്കും എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. നീതിയുക്തവും സമത്വവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ സ്വപ്നം കാണാനും സഹകരിക്കാനും നമ്മുടെ  ദുശ്ശീലങ്ങൾ നീക്കാനുമുള്ള സമയമാണിതെന്നും പാപ്പാ ആമുഖത്തിൽ പറയുന്നു. സാഹോദര്യവും, സ്നേഹവും, പരസ്പര ധാരണയും അടിത്തറയാകുന്ന സാർവ്വത്രീക ഐക്യത്തിന്റെ ഒരു പുതിയ രീതി വികസിപ്പിക്കേണ്ട നേരമായി എന്നും, ലാഭത്തേക്കാൾ വ്യക്തികളെ വിലമതിക്കാനും വികസനത്തേയും പുരോഗതിയെയും മനസ്സിലാക്കുന്ന നവമായ രീതികൾ കണ്ടെത്താനുമുള്ള സമയം അതിക്രമിച്ചു എന്നും അതിനാൽ ഈ പ്രതിസന്ധിയിൽ പ്രവേശിച്ചപോലാവല്ലേ അതിൽ നിന്ന് പുറത്തു വരുന്നതെന്നതാണ് തന്റെ പ്രാർത്ഥനയും പ്രതീക്ഷയുമെന്നും പാപ്പാ എഴുതി.

സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പ്രത്യേകിച്ച് കാലാവസ്ഥാ പ്രതിസന്ധിയുടെ അളവും ആഴവും മനസ്സിലാക്കുന്നത് കൂടുതലും നമ്മുടെ കുട്ടികളാണ് എന്ന് സമീപകാല സംഭവങ്ങൾ കാണിച്ചുതരുന്നുണ്ട് അതിനാൽ അവരെ ഹൃദയം തുറന്ന് ശ്രവിക്കണമെന്നും അവരുടെ പ്രായത്തേക്കാൾ അവർ വിജ്ഞാനമുള്ളവരാണെന്നും പാപ്പാ രേഖപ്പെടുത്തുന്നു.

വലിയ സ്വപ്നങ്ങൾ കാണാനും നമ്മുടെ മുൻഗണനകളെ, നമ്മൾ വിലമതിക്കുന്നതും, ആഗ്രഹിക്കുന്നതും, തേടുന്നതും പുനർവിചിന്തനം ചെയ്യാനും നമ്മുടെ ഭാവിയെ ആസൂത്രണം ചെയ്യാനും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള സമയമാണിതെന്നും പാപ്പാ ആമുഖത്തിൽ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2021, 14:37