തിരയുക

"ഉനിയാപാക്" 2018 ആഗോള സമ്മേളനത്തിൻറെ ഒരു ദൃശ്യം (ഫയൽ ചിത്രം) "ഉനിയാപാക്" 2018 ആഗോള സമ്മേളനത്തിൻറെ ഒരു ദൃശ്യം (ഫയൽ ചിത്രം) 

പാപ്പാ: സൃഷ്ടിപരതയുടെ അഭാവം വളർച്ചമുരടിപ്പിന് കാരണമാകും!

കത്തോലിക്കാ വ്യവസായസംരംഭകരുടെ സംഘടനകളുടെ അന്താരാഷ്ട്ര സമിതിയ്ക്ക്, “ഉനിയാപാക്കിന്”, പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു നല്ല വ്യവസായസംരംഭകനാകുന്നതിന് സർഗ്ഗാത്മകത അനിവാര്യ വ്യവസ്ഥയെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

കത്തോലിക്കാ വ്യവസായസംരംഭകരുടെ സംഘടനകളുടെ അന്താരാഷ്ട്ര സമിതിയ്ക്ക്, “ഉനിയാപാക്കിന്” (Uniapac) അയച്ച വീഢിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

സൃഷ്ടിപരതയുടെ അഭാവത്തിൽ ഒരു സംരംഭകന് മൂല്യം പ്രദാനം ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാനാവില്ലെന്നും അങ്ങനെ മുരടിച്ചു പോകുമെന്നും പാപ്പാ വിശദീകരിക്കുന്നു. ദൈവ പിതാവിനെ എല്ലാ വ്യവസായസംരംഭക സംഘടനകളുടെയും സ്വർഗ്ഗീയ രക്ഷാധികാരിയായി അവതരിപ്പിച്ച പാപ്പാ അവിടത്തെ രചനാത്മകത ലോകസൃഷ്ടിയിൽ വിളങ്ങിയത് അനുസ്മരിക്കുകയും ലോകത്തോടുള്ള അവിടത്തെ സാമീപ്യവും അവിടന്ന് അതിന് നിരന്തരമേകുന്ന സംരക്ഷണവും  പാപ്പാ എടുത്തു കാട്ടി. ഇങ്ങനെ, ദൈവം നമ്മെ സർഗ്ഗാത്മകത പഠിപ്പിക്കുന്നുവെന്നും പാപ്പാ പറയുന്നു.

സർഗ്ഗാത്മകത പുലർത്തണമെന്നും സർഗ്ഗാത്മകതയെ പിതൃത്വവുമായി സംയോജിപ്പിക്കണമെന്നും പറയുന്ന പാപ്പാ, ഒരു കുട്ടിയെ ദുർഘടമായ പ്രതിസന്ധിയുടെ നിമിഷത്തിൽ എങ്ങനെ നയിക്കാമെന്നും അവന് എങ്ങനെ തുണയാകാമെന്നും ഒരു അച്ഛനും അമ്മയ്ക്കും അറിയാം എന്നത് ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടുന്നു.

സർഗ്ഗാത്മകതയിൽ വളരാൻ ഭയപ്പെടരുതെന്നും ഭയം പിടികൂടുമ്പോൾ ചിന്തിക്കേണ്ടത് സ്വന്തം മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന സർഗ്ഗാത്മകതയെക്കുറിച്ചാണെന്നും പാപ്പാ പ്രചോദനം പകരുന്നു. കോവിദ് 19 മഹാമാരി വിതച്ച സഹനങ്ങളെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ ഈ വേളയിൽ ഈ സർഗ്ഗാത്മകത അനിവാര്യമാണെന്നും ഈ പ്രതിസന്ധിയിൽ നിന്ന് തനിച്ചു പുറത്തുകടക്കാൻ ആർക്കും കഴിയില്ലെന്നുമുള്ള തൻറെ ബോധ്യം ആവർത്തിക്കുകയും ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 13:06