തിരയുക

സൈപ്രസ്-ഗ്രീസ് ജനതകൾക്ക് മാർപ്പാപ്പായുടെ സാഹോദര്യ സന്ദേശം !

ഡിസമ്പർ 2 മുതൽ 6 വരെ നടത്തുന്ന അപ്പൊസ്തോലിക പര്യടനത്തിനു മുന്നോടിയായി ഫ്രാൻസീസ് പാപ്പാ ഈ ഇടയ സന്ദർശനത്തിൻറെ വേദികളായ സൈപ്രസിലെയും ഗ്രീസിലെയും ജനങ്ങൾക്ക് വീഡിയൊ സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷാനന്ദം വീണ്ടും കണ്ടത്തെത്തുന്നതിന് ഉൽപ്പത്തിയിലേക്കു മടങ്ങേണ്ടത് സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് മാർപ്പാപ്പാ.

സൈപ്രസും ഗ്രീസും വേദികളായുള്ള, ഡിസമ്പർ 2-6 വരെ നീളുന്ന ഇടയസന്ദർശനം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ ഈ രാജ്യക്കാർക്കായി ശനിയാഴ്‌ച (27/11/21) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വേരുകളിലേക്കു മടങ്ങേണ്ടതിൻറെ പ്രാധാന്യം ഒരിക്കൽക്കൂടി എടുത്തുകാട്ടിയിരിക്കുന്നത്.

അത്തരമൊരു ചൈതന്യത്തോടുകൂടിയാണ് ഉത്ഭവത്തിലേക്കുള്ള ഈ തീർത്ഥാടനം എന്ന് പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ നാടുകളിലെ ജനങ്ങളെ കണ്ടുമുട്ടുന്നതിലൂടെ തനിക്ക് സാഹോദര്യത്തിൻറെ നീരുറവകളിൽ നിന്ന് തൻറെ ദാഹം ശമിപ്പിക്കാൻ ആകുമെന്ന ഉറപ്പും പാപ്പാ പ്രകടിപ്പിക്കുന്നു.

സൈപ്രസിലെ ഓർത്തൊഡോക്സ് സഭാതലവൻ ആർച്ചുബിഷപ്പ് ക്രിസോസ്തോമൊസ്, ഗ്രീസിലെ ഓർത്തൊഡോക്സ് സഭാതലവൻ ആർച്ചുബിഷപ്പ് ഇയേറൊണിമോസ് എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്ന തൻറെ സന്തോഷം വെളിപ്പെടുത്തുന്ന പാപ്പാ സഭായോഗപരമായ ഒരു കൃപ, താൻ ഏറെ ആഗ്രഹിക്കുന്ന അപ്പസ്തോലിക സാഹോദര്യം ഉണ്ടെന്നും സമാധാനത്തിൻറെ കർത്താവിൻറെ നാമത്തിൽ, വിശ്വാസത്തിലുള്ള ഒരു സഹോദൻ എന്ന നിലയിൽ തനിക്ക് ഈ സഭാദ്ധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച നടത്താനാകുമെന്നും പറയുന്നു.

ഈ സന്ദർനത്തിലൂടെ തനിക്ക് യൂറോപ്പിൻറെ പുരാതന സ്രോതസ്സുകളിൽ നിന്ന് പാനം ചെയ്യാനുള്ള അവസരം ലഭിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.

സുവിശേഷത്തിൻറെ വ്യാപനവും മഹത്തായ നാഗരികതകളുടെ വികാസവും കണ്ട മദ്ധ്യധരണ്യാഴിയുടെ പ്രാധാന്യത്തെക്കുറിച്ചും സുചിപ്പിക്കുന്ന പാപ്പാ ഒട്ടനവധി ദേശങ്ങളെ ബന്ധിപ്പിക്കുന്ന “മാരേ നോസ്‌ത്രും” (mare nostrum), അതായത്, നമ്മുടെ കടൽ നമ്മെ ക്ഷണിക്കുന്നത് ഒരുമിച്ചു തുഴയാനാണ്, അവനവൻറെ പാതയിലൂടെ നീങ്ങി പരസ്പരം ഭിന്നിക്കാനല്ല, പ്രത്യേകിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിന് വളരെയധികം പരിശ്രമം ആവശ്യമായിരിക്കുന്നതും കാലാവസ്ഥാ പ്രതിസന്ധി വളരെ കടുത്തിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ എന്ന് പാപ്പാ പറയുന്നു.

ഈ അടുത്ത കാലത്ത് യുദ്ധങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്ത്, യൂറോപ് ഭൂഖണ്ഡത്തിൻറെ തീരങ്ങളിലും മറ്റിടങ്ങളിലും അഭയം തേടിയവർക്ക് ആതിഥ്യം ലഭിക്കാത്തതും അവർ ശത്രുക്കാളായി കാണപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നതും പാപ്പാ അനുസ്മരിക്കുന്നു. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും അവരിൽ അനേകർക്ക് കടലിൽ ജീവൻ നഷ്ടപ്പെട്ടുവെന്നും പറയുന്ന പാപ്പാ ഇന്ന് മദ്ധ്യധരണ്യാഴി  ഒരു വലിയ സെമിത്തേരിയായി പരിണിമിച്ചിരിക്കുന്നത് വേദനയോടെ ഓർക്കുന്നു. ​​പൊതുവായ ജീവിതത്തിൻറെ ഉറവിടങ്ങൾ സാഹോദര്യത്തിലും ഏകീകരണത്തിലും മാത്രമേ തഴച്ചുവളരുകയുള്ളൂ എന്നും മറ്റൊരു മാർഗ്ഗം ഇല്ലെന്നുമുള്ള തൻറെ ബോധ്യവും പാപ്പാ പ്രകടിപ്പിക്കുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2021, 13:44