തിരയുക

2020 ൽ ഫ്രാൻസിസ് പാപ്പാ ബാരിയിലെത്തിയപ്പോൾ... 2020 ൽ ഫ്രാൻസിസ് പാപ്പാ ബാരിയിലെത്തിയപ്പോൾ... 

മെഡിറ്ററേനിയൻ പ്രദേശത്തെ മെത്രാന്മാരെയും നഗരസഭാദ്ധ്യക്ഷന്മാരെയും കാണാൻ ഫ്രാൻസിസ് പാപ്പാ ഫ്ലോറെൻസിലെത്തും

വരുന്ന 2022 ഫെബ്രുവരി 27ന് മദ്ധ്യ ഇറ്റലിയിലുള്ള ഫ്ലോറൻസ് നഗരത്തിൽ വച്ച് മെഡിറ്ററേനിയൻ നഗരങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരെയും അഭയാർത്ഥികളുടേയും പ്രവാസികളുടേയും കുടുംബങ്ങളെയും പാപ്പാ അഭിവാദനം ചെയ്യും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെഡിറ്ററേനിയൻ കടൽ തീരത്തുള്ള നഗരങ്ങളിലേയും പട്ടണങ്ങളിലേയും സമൂഹങ്ങളെ സംബന്ധിച്ച് പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനത്തിലേക്കാണ് ഫ്രാൻസിന് പാപ്പാ എത്തുക.

ആറ് വർഷങ്ങൾക്ക് മുമ്പ് ഫ്ലോറൻസിൽ ഇറ്റലിയിലെ ദേശീയ  മെത്രാൻ സമിതിയുടെ കൺവെൻഷനിൽ സംബന്ധിച്ച പാപ്പാ മുന്നോട്ട് നോക്കുന്ന ഒരു ഇറ്റാലിയൻ സഭയ്ക്കായി പദ്ധതികൾ രൂപീകരിക്കാൻ തന്റെ പ്രസംഗത്തിൽ രൂപരേഖകൾ നൽകിയിരുന്നു. അടുത്ത ഫെബ്രുവരി 27ന് വീണ്ടും ഫ്ലോറെൻസിലേക്കെത്തുന്ന പാപ്പായുടെ സന്ദർശനത്തെ സ്ഥിരീകരിച്ചു കൊണ്ട് മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ ഗ്വൾത്തിയെരോ ബസെത്തി സഭയുടേയും  പൗരസമൂഹങ്ങളുടേയും സംരംഭങ്ങളിലുള്ള പാപ്പായുടെ ശ്രദ്ധയ്ക്ക് പാപ്പായ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ ഇറ്റലിയിലെ ബാരിയിൽ  ''മെഡിറ്ററേനിയൻ: സമാധാനത്തിന്റെ അതിർത്തി" എന്ന പരിചിന്തനത്തിന്റെയും ആത്മീയതയുടേയും സമ്മേളനത്തിനെത്തിയ പാപ്പാ  ആ സംരംഭത്തെ അനുഗ്രഹിക്കുക മാത്രമല്ല അവസാന ദിവസം അതിൽ പങ്കെടുക്കുകകൂടി ചെയ്തതും കർദ്ദിനാൾ അനുസ്മരിച്ചു.

ബാരിയിലെ 2020ലെ സമ്മേളനം

ഇറ്റലിയിലെ ബാരിയിൽ അന്നു നടന്ന സമ്മേളനം മെഡിറ്ററേനിയൻ അതിർത്തിയിൽ നിന്നുള്ള 20 രാഷ്ട്രങ്ങളിലെ മെത്രാന്മാരെ ഒരുമിച്ചു കൊണ്ടുവന്നു. മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിനെ തേടി പതിനായിരക്കണക്കിന് കുടിയേറ്റക്കാർ ജീവൻ പണയം വയ്ക്കുന്ന ഒരു ചരിത്രമുഹൂർത്തത്തിലായിരുന്നു അത് . അന്നത്തെ പ്രഭാഷണത്തിൽ ഗലീലിയൻ കടലിനു ചുറ്റും യേശു നടത്തിയ പ്രേഷിത പ്രവർത്തനം ക്രൈസ്തവർക്കുള്ള മാതൃകയായാണ് പാപ്പാ അവതരിപ്പിച്ചത്. വിവിധ സംസ്കാരങ്ങളുടേയും വിശ്വാസങ്ങളുടേയും മദ്ധ്യേ യേശു ജീവിച്ചതും പ്രവർത്തിച്ചതുംപോലെ അസ്ഥിരതയിലേക്ക് നയിക്കുന്ന അസമത്വത്തിന്റെ ഭിന്നതകളും രൂപങ്ങളും മൂലം മുറിവേറ്റ ഈ ബഹുമുഖ പരിസരത്തെ നമ്മളും അഭിമുഖീകരിക്കുന്നു. ആഴമേറിയ തെറ്റിലും, സാമ്പത്തിക, മത, വിശ്വാസ, രാഷ്ടീയ സംഘർഷങ്ങൾക്കുമിടയിൽ ഐക്യത്തിനും സമാധാനത്തിനും സാക്ഷ്യം വഹിക്കാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഫ്ലോറെൻസിലെ സമ്മേളനം

2022 ൽ നടക്കുന്ന ഫ്ലോറെൻസിലെ സമ്മേളനത്തിൽ എത്തുന്ന പാപ്പായ്ക്ക്  നന്ദി പറഞ്ഞ കർദ്ദിനാൾ ബസെത്തി സഭയിലെയും പൗരസമൂഹത്തിലെയും സ്ഥാപനങ്ങൾക്ക് ഇന്നത്തെ ലോകമുയർത്തുന്ന വെല്ലുവിളികളോടുള്ള തങ്ങളുടെ പ്രതിബദ്ധത നവീകരിക്കാനുള്ള അവസരമാണിതെന്ന് അറിയിച്ചു. ഒരു കൊല്ലം മുമ്പേ പാപ്പാ ആ വെല്ലുവിളികൾ അക്കമിട്ടു പറഞ്ഞിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. മുറിഞ്ഞ ബന്ധങ്ങൾ പുന:സ്ഥാപിക്കാനും, അക്രമങ്ങളിൽ തകർക്കപ്പെട്ട പട്ടണങ്ങൾ പുനരുദ്ധരിക്കാനും, ഇപ്പോൾ മരുഭൂമിയാക്കപ്പെട്ട ഇടങ്ങൾ പൂന്തോട്ടമാക്കാനും, പ്രത്യാശനഷ്ടപ്പെട്ടവരിൽ പ്രത്യാശ പകരാനും, തങ്ങളിൽ തന്നെ ബന്ധിതരായവരോടു തങ്ങളുടെ സഹോദരീ സഹോദരരെ ഭയക്കാതിരിക്കാനും സമ്മേളനത്തിൽ സംബന്ധിക്കുന്നവരോടു പാപ്പാ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇന്ന് സെമിത്തേരിയാക്കപ്പെട്ടിരിക്കുന്ന മെഡിറ്ററേനിയൻ സമുദ്രത്തെ ഈ മുഴുവൻ പ്രദേശത്തിനുമുള്ള ഉയർപ്പിനിടമാക്കാൻ പാപ്പാ ആഹ്വാനം ചെയ്തതും അദ്ദേഹം ഓർമ്മിച്ചു.

കടമ്പകൾ കടക്കാനുള്ള വിളി

പാപ്പായുടെ സന്ദർശനം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശത്തിൽ മെഡിറ്ററേനിയൻ രാജ്യങ്ങൾ തമ്മിലുള്ള തടസ്സങ്ങൾ മറികടക്കുന്നതിന് സഹോദര സഭകൾ തമ്മിലുള്ള കൂടിക്കാഴ്ചകളും ഐക്യവും പ്രോൽസാഹിപ്പിക്കാൻ ഈ വെല്ലുവിളികൾ ഉത്തേജകമാകുമെന്ന് കർദ്ദിനാൾ അടയാളപ്പെടുത്തുന്നു. സാഹോദര്യബന്ധം നെയ്തെടുക്കുന്നതിലൂടെ മാത്രമേ സമഗ്രതയുടെ പ്രക്രിയ പ്രോത്സാഹിപ്പിക്കാൻ കഴിയൂ. മെഡിറ്ററേനിയ൯ തീരങ്ങളുടെ അതിരുകളുടെയല്ല ഐക്യത്തിന്റെ പ്രതീകമായി തിരിച്ചുവരുമെന്ന് ഉറപ്പാക്കാനായി നമുക്ക് വീണ്ടും ഫ്ലോറൻസിൽ നിന്ന് തുടങ്ങാം, കർദ്ദിനാൾ ആഹ്വാനം ചെയ്തു.

കാര്യ പരിപാടി

രാവിലെ 8 മണിക്ക് നഗരത്തിലെ "ലൂയിജി റിദോൽഫി" അത്ലറ്റിക്സ് മൈതാനത്തിൽ പാപ്പാ ഹെലികോപ്റ്ററിൽ നിന്നും  ഇറങ്ങുന്നതോടെ പാപ്പയുടെ ഫ്ലോറെൻസ്  സന്ദർശനം ആരംഭിക്കും.  തുടർന്ന് നഗരത്തിലെ ചരിത്രപ്രസിദ്ധമായ വെക്കിയോ ചത്വരത്തിലേക്കു മെത്രാന്മാരെയും മേയർമാരെയും സന്ദർശിക്കാൻ പോകും. കർദിനാൾ ബാസെറ്റി, ഡാരിയോ നാർഡെല്ല (ഫ്ലോറൻസ് മേയർ), - മെഡിറ്ററേനിയൻ തലസ്ഥാനത്ത് നിന്നുള്ള  ഒരു മേയർ പാപ്പായെ  അഭിവാദ്യം ചെയ്യും. അതിനുശേഷം,  മറ്റ് നഗരങ്ങളിലെ ഒരു സംഘം മേയർമാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

അഭയാർഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയാണ് അന്നത്തെ  പ്രധാന പരിപാടി. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ചു ഏകദേശം 50 പേരോളം സന്നിഹിതരായിരിക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പാ  വിശുദ്ധ കുരിശിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ചശേഷം ബസിലിക്കയ്ക്ക് പുറത്തുള്ള ചത്വരത്തിൽ ത്രികാല പ്രാർത്ഥന നയിക്കും. വത്തിക്കാനിലേക്കുള്ള പാപ്പയുടെ മടങ്ങിവരവ് ഉച്ചക്ക് 1.30 നാണ് നിശ്ചയിച്ചിരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2021, 13:48