തിരയുക

ഫ്രാൻസീസ് പാപ്പാ സ്വീഡിഷ് അക്കാദമിയിലെ അംഗംങ്ങളെ വെള്ളിയാഴ്‌ച (19/11/21) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ സ്വീഡിഷ് അക്കാദമിയിലെ അംഗംങ്ങളെ വെള്ളിയാഴ്‌ച (19/11/21) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ.  (Vatican Media)

നിസ്സംഗതയുടെ സംസ്കൃതി വളരുന്ന അപകടമുള്ള ഇന്നിൻറെ അവസ്ഥ!

കൂടിക്കാഴ്ചയും സംഭാഷണവും അനുദിനം പ്രാവർത്തികമാക്കുന്നത്, വാർത്തയിൽ ഇടംപിടിക്കാത്ത ജീവിതശൈലിയാണെന്നും, അത്, മാനവ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയും സാമൂഹ്യ മൈത്രിയിൽ വളർത്തുകയും ചെയ്യുമെന്നും ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപരനുമായി സംഭാഷണത്തിലേർപ്പെടുന്നതിനുള്ള കഴിവ് കടുത്ത പരീക്ഷണത്തിനു വിധേയമാക്കപ്പെടുന്ന ഒരു അവസ്ഥയാണ് കോവിദ് 19 മഹാമാരി സംജാതമാക്കിയിരിക്കുന്നതെന്ന് മാർപ്പാപ്പാ.

സ്വീഡിഷ് ഭാഷ പരിപോഷിപ്പിക്കുകയും സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര ജേതാവിനെ നിർണ്ണയിക്കുകയും ചെയ്യുന്ന സ്വീഡിഷ് അക്കാദമിയുടെ  അംഗംങ്ങളടങ്ങിയ സംഘത്തെ വെള്ളിയാഴ്‌ച (19/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള കഴിവിനെ കോവിദ് 19 മഹാമാരിയുടെ ഫലമായ നീണ്ട പ്രതിസന്ധി എങ്ങനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം ഈ അക്കാദമി അംഗംങ്ങൾക്കുണ്ടെന്ന തൻറെ ബോധ്യം വെളിപ്പെടുത്തിയ പാപ്പാ, ഈ മഹാമാരിയുടെ ഫലമായി ആളുകൾ പരസ്പരം അകന്നതും, ഒരു പക്ഷേ, നിസ്സംഗതയിൽ നിപതിച്ചതും, കൂടിക്കാഴ്ചയ്ക്ക് വൈമനസ്യമുള്ളവരായിത്തീർന്നതുമായ നിഷേധാത്മക വശങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.

ഈയൊരു പശ്ചാത്തലത്തിൽ, ആദ്യം ചെയ്യേണ്ടത്, നമ്മുടെ ആശയവിനിമയ കഴിവിനെ ദുർബ്ബലമാക്കിക്കൊണ്ട് നമുക്കു നേരെ ഭീഷണി ഉയർത്തുന്നതും സമൂഹത്തെയും ലോകത്തെയും ദരിദ്രമാക്കുന്നതുമായ  ഈ യാഥാർത്ഥ്യം അംഗീകരിക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നിസ്സംഗതയുടെ സംസ്കൃതി വളരുന്ന ഒരു അപകടം ഇവിടെ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പും പാപ്പാ നല്കി.

കൂടിക്കാഴ്ചയും സംഭാഷണവും അനുദിനം പ്രാവർത്തികമാക്കുന്നത്, വാർത്തയിൽ ഇടംപിടിക്കാത്ത ജീവിതശൈലിയാണെന്നും, അത്, മാനവ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയും സാമൂഹ്യ മൈത്രിയിൽ വളർത്തുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

19 November 2021, 13:55