തിരയുക

ഫ്രാൻസീസ് പാപ്പാ, അമലോത്ഭവത്തിൻറെ സമർപ്പിത പ്രേഷിത സഹകാരണികൾ എന്ന സെക്കുലർ സമൂഹാംഗങ്ങളെ  വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 20/11/21 ഫ്രാൻസീസ് പാപ്പാ, അമലോത്ഭവത്തിൻറെ സമർപ്പിത പ്രേഷിത സഹകാരണികൾ എന്ന സെക്കുലർ സമൂഹാംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 20/11/21  (Vatican Media)

ലൗകിക പ്രവർത്തനങ്ങളെ പവിത്രീകരിക്കുക എന്ന ദൗത്യം!

അമലോത്ഭവത്തിൻറെ സമർപ്പിത പ്രേഷിത സഹകാരണികൾ എന്ന സെക്കുലർ ഇൻസ്റ്റിറ്റ്യുട്ടിലെ അംഗങ്ങളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സകലത്തെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനായി ലൗകിക പ്രവർത്തനങ്ങളെ പവിത്രീകരിക്കുകയെന്ന സവിശേഷ ദൗത്യം അമലോത്ഭവത്തിൻറെ സമർപ്പിത പ്രേഷിത സഹകാരണികൾ എന്ന സെക്കുലർ ഇൻസ്റ്റിറ്റ്യുട്ടിലെ അംഗങ്ങൾക്കുണ്ടെന്ന് മാർപാപ്പാ.

ഈ സമൂഹത്തിൻറെ എഴുപതാം സ്ഥാപനവാർഷികത്തോടും ഈ സമൂഹത്തിന് പൊന്തിഫിക്കൽ അംഗീകാരം ലഭിച്ചതിൻറെ ഇരുപതാം വാർഷികത്തോടും അനുബന്ധിച്ച് അതിൻറെ മുപ്പതോളം അംഗങ്ങളെ ശനിയാഴ്‌ച (20/11/21) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇത് ഓർമ്മിപ്പിച്ചത്.

മറ്റുള്ളവർക്കിടയിൽ, അവരുടേതു പോലുള്ള ഔദ്യോഗിക കൃത്യങ്ങളിലും ജോലികളിലും മുഴുകയും ഒരേ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുകയും ചെയ്തുകൊണ്ട് മറ്റുള്ളവരെപ്പോലെതന്നെ, എന്നാൽ, പദ്ധതികളെയും പ്രവർത്തനങ്ങളെയും വിശുദ്ധീകരിക്കുന്ന ദൈവവുമായുള്ള ഐക്യത്തിൽ ജീവിക്കാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ചരിത്രത്തിൽ ദൈവത്തിൻറെ പദ്ധതിക്കായി സ്വയം സമർപ്പിക്കുക എന്നതാണ് സമർപ്പിത ദൗത്യമെങ്കിൽ, അതിൽ വസിക്കുന്നതിലാണ് മതനിരപേക്ഷത അടങ്ങിയിരിക്കുന്നത് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ഈ സമൂഹത്തിൻറെ സ്ഥാപകനായ വെദികൻ ഗയെത്താനൊ ലിയൂത്സൊ അമലോത്ഭവ മറിയത്തിൻറെ പ്രേഷിതർ എന്ന സന്ന്യസ്ത സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ എവുജേനിയൊ ദി മത്സെനോദിൻറെ ആദ്ധ്യാത്മികതയുടെ സ്വാധീനത്തിലായിരുന്നത് അനുസ്മരിച്ച പാപ്പാ, വിശുദ്ധിയുടെ പാതയിൽ ചരിക്കാൻ ആ വിശുദ്ധൻ നല്കിയിരുന്ന നിരന്തരാഹ്വാനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. സന്നദ്ധത, സമ്പൂർണ്ണ സമർപ്പണം, മറിയത്തെപ്പോലെ ദൈവത്തിലുള്ള വിശ്വാസം എന്നീ മൂന്നു മനോഭവങ്ങൾ വിശുദ്ധിയിലേക്കുള്ള ഈ വിളിയിൽ അടങ്ങിയിട്ടുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

 

20 November 2021, 14:39