പാപ്പാ: അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ് ക്രിസ്തുമസ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ക്രിസ്തുമസ് മത്സരത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ്പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്തുമസിന്റെയും അതിന്റെ മൂല്യത്തേയും ഉൾക്കൊണ്ട് പുതിയ ഗാനങ്ങൾ സൃഷ്ടിക്കാൻ യുവജനങ്ങളെ ക്ഷണിക്കുകയും അങ്ങനെ അവർക്ക് ശബ്ദം നൽകുന്ന ഒരു വേദിയായി ഈ മത്സരം നിർദ്ദേശിച്ചതിന് Gravissimum Educationis എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനും, ഡോൺ ബോസ്ക്കോ വാൽദോക്കോ മിഷനും പാപ്പാ തന്റെനന്ദി അർപ്പിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത എല്ലാ യുവജനങ്ങൾക്കും അവരോടൊപ്പം വന്ന കായിക താരങ്ങൾക്കും, അവരുടെ സംഘത്തിനും, ഗായകർക്കും പാപ്പാ നന്ദി അറിയിച്ചു.
എല്ലാവർഷവും ക്രിസ്തുമസിന്റെയും അതിന്റെ രഹസ്യത്തെയും നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ആഗമനകാലത്തിന്റെ കവാടത്തിൽ അവരെ കണ്ടുമുട്ടിയതിൽ തനിക്കുള്ള സന്തോഷം പാപ്പാ പ്രകടിപ്പിച്ചു. മഹാമാരിയുടെ അനന്തരഫലങ്ങളാൽ ഈ വർഷവും ക്രിസ്മസ്സിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുകയും നമ്മുടെ ഈ കാലഘട്ടത്തെ വിഷമിപ്പിക്കുകയും ചെയ്യുന്നുവെങ്കിലും നാം വിളിക്കപ്പെട്ടിരിക്കുന്നത് സ്വയം ചോദ്യം ചെയ്യാനും പ്രത്യാശ നഷ്ടപ്പെടാതിരിക്കാനുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിന്റെ ജനന തിരുനാൾ നാം അനുഭവിക്കുന്ന പരീക്ഷകളുമായി നോക്കുമ്പോൾ ഒരപശബ്ദമല്ല കാരണം അത് അനുകമ്പയുടെയും ആർദ്രതയുടെയും തിരുനാളാണ്. അതിന്റെ സൗന്ദര്യം എളിമയുള്ളതും മാനവോഷ്മളത നിറഞ്ഞതുമാണ്. പ്രത്യക്ഷമായ സ്നേഹത്തിന്റെ ചെറിയ പ്രകടനങ്ങളുടെ പങ്കുവെക്കലിലാണ് ക്രിസ്തുമസിന്റെ സൗന്ദര്യം തിളങ്ങുന്നത്. അത് അന്യവത്ക്കരിക്കുന്നില്ല, ഉപരിവിപ്ലവമല്ല, ഒഴിഞ്ഞു മാറുന്നില്ല, മറിച്ച് അത് ഹൃദയത്തെ വിശാലമാക്കുകയും, നിസ്വാർത്ഥതയിലേക്കും, സ്വയം ദാനത്തിലേക്കും തുറന്നുകൊടുക്കുകയും ചെയ്യുന്നു. കൂടാതെ സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ ചലനാത്മകത സൃഷ്ടിക്കാനും അതിന് കഴിയും എന്ന് പാപ്പാ വ്യക്തമാക്കി. ഈ അരൂപിയിലാണ് നാം ആഗോള വിദ്യാഭ്യാസ ഉടമ്പടി രൂപികരിച്ചത് എന്ന് സൂചിപ്പിച്ച പാപ്പാ പക്വതയുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതിന് ശിഥിലീകരണത്തെയും എതിർ വാദമുഖങ്ങളെ അതിജീവിക്കാനും കൂടുതൽ സാഹോദര്യമാർന്ന മാനവികതയ്ക്കായി ബന്ധങ്ങൾ പുനർനിർമിക്കാനും കഴിവുള്ള ഒരു വിശാലമായ വിദ്യാഭ്യാസ സഖ്യമാണത്. ഈ ലക്ഷ്യം കൈവരിക്കാൻ ധൈര്യം ആവശ്യമാണ്: മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിറുത്താനുള്ള ധൈര്യം. സമൂഹ സേവനത്തിൽ സ്വയം സമർപ്പിക്കാനുള്ള ധൈര്യം. പാപ്പാ വിശദീകരിച്ചു.
ഉദാഹരണമായി “നിങ്ങൾ പുതിയ കിസ്തുമസ് ഗാനങ്ങൾ രചിക്കുകയും അവ ഒരു വലിയ പദ്ധതിയ്ക്കായി പങ്കുവയ്ക്കുകയും ചെയ്തു.” സൗന്ദര്യത്തിൽ വിശ്വസിക്കുന്ന, മനുഷ്യ വളർച്ചയുടെ മാർഗ്ഗമായി ഒരു നല്ല ലോകത്തെ ഒരുമിച്ച് സ്വപ്നം കാണാനുള്ള പദ്ധതിയാണിതെന്ന് പാപ്പാ ആഹ്വാനം ചെയ്തു. "നാം ജീവിക്കുന്ന ഈ ലോകത്തിനു നിരാശയിൽ വീഴാതിരിക്കാൻ സൗന്ദര്യം ആവശ്യമാണ് "എന്ന് പറഞ്ഞ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ വാക്കുകളെ അനുസ്മരിച്ച പാപ്പാ ആ സൗന്ദര്യം അസത്യവും മിഥ്യയുമായ ഭൂസമ്പത്ത് കൊണ്ട് ഉണ്ടാക്കിയ ശൂന്യവും ശൂന്യത സൃഷ്ടിക്കുകയും ചെയ്യുന്ന ഒന്നല്ല. മറിച്ച് മാംസം ധരിച്ച ദൈവത്തിന്റെ, മുഖങ്ങളുടെ, ചരിത്രങ്ങളുടെ നമ്മുടെ പൊതു ഭവനം രൂപീകരിക്കുന്ന സൃഷ്ട വസ്തുക്കളുടെതാണ്. വിശുദ്ധ ഫ്രാൻസിസ് അസ്സീസി പഠിപ്പിക്കുന്നത് പോലെ അത്യുന്നതന്റെ സ്തുതിയിൽ പങ്കു പറ്റുകയും ചെയ്യുന്ന സൃഷ്ടികളുടേതാണ്.
ഈ സൗന്ദര്യത്തിന്റെ കാവൽക്കാരാകാൻ അവരെ ആഹ്വാനം ചെയ്തുകൊണ്ട് അവർക്ക് നന്ദി പറയുകയും ഓരോ ദിനവും ചെയ്യുന്ന സ്നേഹ കർമ്മങ്ങളിലും, പങ്കുവയ്ക്കലിലും സേവനത്തിലും കർത്താവിന്റെ ജനനം കൂടുതൽ പ്രകാശിതമാകട്ടെ എന്നും പാപ്പാ അവർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ടുമാണ് ഉപസംഹരിച്ചത്.