പാപ്പാ: മത്സരത്തെ സഹകരണമാക്കി പരിവർത്തനം ചെയ്യുന്ന സംഭാഷണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഭാഷണം എന്നത് മനുഷ്യൻറെ ആധികാരിക ആവിഷ്‌കാരമാണെന്ന് മാർപ്പാപ്പാ.
സമാഗമസംസ്കൃതിയെ അധികരിച്ച് റോമിൽ ഈശോസഭയുടെ ഒരു പ്രസിദ്ധീകരണമായ “ല ചിവിൽത്ത കത്തോലിക്ക”യുടെയും ജോർജ്ജ്ടൗൺ സർവ്വകലാശാലയുടെയും ബെർക്ക്ലി മതകേന്ദ്രത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ തിങ്കൾ, ചൊവ്വ (8,9/11/21) എന്നീ ദിനങ്ങളിൽ നടക്കാൻ പോകുന്ന സമ്മേളനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
മത്സരത്തെ സഹകരണമാക്കി മാറ്റുന്നതിന് ക്ഷമയോടെ സ്വീകരിക്കേണ്ട ഒരു പാതയാണ് സംഭാഷണമെന്നും പാപ്പാ പറയുന്നു.
അപരൻറെ മൗലികാവകാശങ്ങളും സ്വാതന്തര്യങ്ങളും അംഗീകരിച്ചുകൊണ്ട് അപരനോടുള്ള ആദരവാർന്ന തുറവ് അഭ്യസിക്കുന്നതിന് നമ്മുടെ ഊർജ്ജം വിനിയോഗിക്കേണ്ടതിൻറെ ആവശ്യകതയും പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
തർക്കങ്ങളും അവിശ്വാസങ്ങളും ഉണ്ടാകുമെങ്കിൽത്തന്നെയും പരസ്പരം സമ്പന്നമാക്കുകയും പ്രബുദ്ധമാക്കുകയും സമന്വയിപ്പിക്കുകയും ചെയ്തുകൊണ്ട് വ്യത്യാസങ്ങളെ ഒറ്റക്കെട്ടായി നിറുത്തുകയെന്നത് ഒരു ദൗത്യമായിട്ടെടുക്കാൻ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.