പാപ്പാ: ശവകുടീരങ്ങൾ സമാധാനത്തിന്റെ സന്ദേശം നൽകുന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വടക്കൻ നാട്ടിലുള്ള ഒരു സെമിത്തേരിയിൽ എഴുതിവച്ചിട്ടുള്ള "കടന്നുപോകുന്ന നിങ്ങൾ, നിങ്ങളുടെ ചുവടുകളെ കുറിച്ച് ചിന്തിക്കുക, നിങ്ങളുടെ ചുവടുകളുടെ അവസാന ഘട്ടത്തെക്കുറിച്ചും ചിന്തിക്കുക" എന്ന് വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചന പ്രഘോഷണം ആരംഭിച്ചത്.
ശവകുടീരങ്ങളെ നോക്കുക
ജീവിതം ഒരു യാത്രയാണെന്നും ആ സഞ്ചാരത്തിന്റെ വഴിയിൽ നമ്മൾ നിരവധി ചരിത്ര വസ്തുതകളുടെ മുമ്പിലും, നിരവധി വിഷമകരമായ സാഹചര്യങ്ങൾക്ക് മുമ്പിലും, ശ്മശാനങ്ങളുടെ മുന്നിലൂടെയും കടന്നുപോകുന്നു. ഈ സെമിത്തേരിയുടെ ഉപദേശം ഇതാണ്: "കടന്നുപോകുന്ന നിങ്ങൾ, ഒന്ന് നിൽക്കുക, നിങ്ങളുടെ ചുവടുകളുടെ അവസാനഘട്ടത്തെ കുറിച്ച് ചിന്തിക്കുക". നമുക്കെല്ലാവർക്കും ഒരു അവസാനഘട്ടം ഉണ്ടാകും. അതിനെക്കുറിച്ച് ചിന്തിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ആ യാഥാർഥ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരു ദുരന്തമല്ലെന്നും കാരണം അത് സഞ്ചരിച്ചുകൊണ്ടുതന്നെ കടന്നുപോകേണ്ടതാണെന്നും ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു. ഇന്നത്തെ ദിവസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ ഹൃദയത്തിൽ വന്ന ആദ്യചിന്ത അതായിരുന്നെന്നും പാപ്പാ പറഞ്ഞു.
യുദ്ധത്തിൽ മരിച്ച ഈ നല്ല ആളുകൾ ജന്മനാടിനെയും അതിന്റെ മൂല്യങ്ങളെയും ആദർശങ്ങളെയും സംരക്ഷിക്കാനും സങ്കടകരവും വിലാപകരവുമായ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും വിളിക്കപ്പെട്ടതിനാലാണ് മരിച്ചത്. യുദ്ധത്തിന്റെ ഇരകൾ! യുദ്ധങ്ങൾ ജന്മനാടിന്റെ മക്കളെ തിന്നുന്നു, പാപ്പാ പറഞ്ഞു. ഇറ്റലിയിൽ വിവിധസ്ഥലങ്ങളിലായി റെഡിപുല്ലിയ, ആ൯സിയോ പ്യാവെ എന്നിവിടങ്ങളിലും നോർമൻഡ്യയിലും നടന്ന പോരാട്ടങ്ങളെയും 40,000ത്തോളം വരുന്ന മരണങ്ങളും പാപ്പാ അനുസ്‌മരിച്ചു.
പേരില്ലാത്ത കല്ലറ
ഒരു ശവകുടീരത്തിനു മുന്നിൽ പാപ്പാ കണ്ടത് വിശദീകരിച്ച് കൊണ്ട് മരണമടഞ്ഞയാളുടെ പേര് പോലുമില്ലാതെ “ഫ്രാൻസിന് വേണ്ടി മരിച്ചു വീണു1944” എന്നുമാത്രം രേഖപ്പെടുത്തിയിരിക്കുന്ന ശവകുടീരം യുദ്ധത്തിന്റെ ദുരന്തമാണ് എന്നും, ദൈവത്തിന്റെ ഹൃദയത്തിൽ നമ്മുടെ എല്ലാവരുടെയും പേരുണ്ട് എന്നും പാപ്പാ ഓർമ്മിപ്പിച്ചു. രാജ്യത്തെ പ്രതിരോധിക്കാൻ ജന്മനാട് ആഹ്വാനം ചെയ്തപ്പോൾ നല്ല ഇച്ഛാശക്തിയോടെ പോയവരെല്ലാം കർത്താവിന്റെ കൂടെയാണെന്ന് ഉറപ്പുണ്ട്. എന്നാൽ യുദ്ധങ്ങൾ ഉണ്ടാകാതിരിക്കാൻ നാം വേണ്ടത്ര യുദ്ധം ചെയ്യുന്നുണ്ടോ? പാപ്പാ ചോദിച്ചു. എന്തുകൊണ്ടാണ് ആയുധ വ്യവസായങ്ങൾ കൊണ്ട് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ കോട്ടകെട്ടുന്നത്? ഇന്നത്തെ വിചിന്തിനം "ശവകുടീരങ്ങൾ നോക്കുക" എന്നായിരിക്കണം. “ഫ്രാൻസിനായി മരിച്ചു.” ചിലർക്ക് പേരുണ്ട്, ചിലർക്ക് പേരില്ല. ഫ്രാൻസിസ് പാപ്പാ കൂട്ടി ചേർത്തു. എന്നാൽ ഈ ശവകുടീരങ്ങൾ സമാധാനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് പറഞ്ഞ പാപ്പാ നമ്മുടെ ചിന്തയ്ക്കായി യുദ്ധങ്ങളും ആയുധനിർമ്മാണവും നിർത്താൻ ആഹ്വാനം ചെയ്തു.
“കടന്നുപോകുന്ന നിങ്ങൾ, നിങ്ങളുടെ ചുവടുകളെയും അവസാന ഘട്ടത്തെയും കുറിച്ചും അത് സമാധാനത്തിലായിരിക്കണമെന്നും ചിന്തിക്കുക. ഈ ശവകുടീരങ്ങൾ അലറി വിളിക്കുന്നത് "സമാധാനം!". എന്നാണ്. ഈ രണ്ടു ചിന്തകളും വിതയ്ക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ. പാപ്പാ ഉപസംഹരിച്ചു.