തിരയുക

ഫ്രാൻസിസ് പാപ്പായും സമഗ്രമാനവവികസനത്തിനായുള്ള ഡികാസ്റ്ററി തലവൻ കർദ്ദിനാൾ പീറ്റർ ടർക്സനും ഫ്രാൻസിസ് പാപ്പായും സമഗ്രമാനവവികസനത്തിനായുള്ള ഡികാസ്റ്ററി തലവൻ കർദ്ദിനാൾ പീറ്റർ ടർക്സനും 

പ്രകൃതിസംരക്ഷണവും സാഹോദര്യവും നീതിക്കും സമാധാനത്തിനും: ഫ്രാൻസിസ് പാപ്പാ

പ്രകൃതിസംരക്ഷണവും പരസ്പരസഹോദര്യബന്ധവും ഈ ഭൂമിയിൽ നീതിയും സമാധാനവും സ്ഥാപിക്കാൻ അത്യന്താപേക്ഷിതമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്തെവിടെയും സമൂഹത്തിന്റെ സമഗ്രവികസനവും, അതുവഴി നീതിയും സമാധാനവും സ്ഥാപിക്കാൻ നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, പരസ്പരമുള്ള സാഹോദര്യം, സാമൂഹികസൗഹൃദം എന്നീ മാർഗ്ഗങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ രണ്ടു പാതകളും ഉത്ഭവിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിൽനിന്നാണെന്നും, എന്നാൽ കത്തോലിക്കാരല്ലാത്ത മറ്റു ക്രൈസ്തവരുമായും, മറ്റു മതങ്ങളിൽപ്പെട്ട ആളുകളുമായും, അതുപോലെതന്നെ പ്രത്യേകമായി മതപരമായ വിശ്വാസങ്ങൾ ഇല്ലാത്ത ആളുകളുമായിപ്പോലും ഈ രണ്ടു മാർഗ്ഗങ്ങളിലൂടെ ഭൂമിയിൽ സഹവാസം സാധ്യമാകുമെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

"കോവിഡ് കാലത്തും കോവിഡാനന്തരകാലത്തും ലോകത്തെമ്പാടുമുള്ള മെത്രാൻസംഘങ്ങളുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷനുകൾ സമഗ്രവികസനത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ നേരിടുന്ന വെല്ലുവിളികളും കാഴ്ചപ്പാടുകളും  ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനങ്ങളായ ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നിവയുടെ വെളിച്ചത്തിൽ" എന്ന പേരിൽ, സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വിളിച്ചുചേർത്ത ആഗോളസമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ്, ഭൂമിയുടെ പരിപാലനത്തിനും സഹോദര്യബന്ധങ്ങൾക്കും നീതിയും സമാധാനവും വളർത്തുന്നതിനുള്ള പങ്കിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാപനത്തിന് തൊട്ടുപിന്നാലെയാണ് വിശുദ്ധ പോൾ ആറാമൻ പാപ്പാ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ സ്ഥാപിച്ചത്. തുടർന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അതിനെ പൊന്തിഫിക്കൽ കൗൺസിൽ ആക്കി ഉയർത്തുകയും നവീകരിക്കുകയും ചെയ്തു. പോൾ ആറാമൻ പാപ്പാ തന്റെ പോപ്പുലോറും പ്രോഗ്രസിയോ (1967) എന്ന ചാക്രികലേഖനത്തിൽ, മാനവികതയുടെ സമഗ്രവികസനത്തെക്കുറിച്ച് ഒരു വിചിന്തനം നടത്തിയതിന് ശേഷം, അതിനെ സമാധാനത്തിന്റെ പുതിയ പേരായി നമുക്ക് കരുതാമെന്ന് പറഞ്ഞിരുന്നു (n. 76) എന്ന് ഫ്രാൻസിസ് പാപ്പാ എടുത്തുപറഞ്ഞു. ഈയൊരു കാഴ്ചപ്പാടോടെയാണ്, സമഗ്രവികസനത്തിനായുള്ള ഡികാസ്റ്ററി പരിശുദ്ധ സിംഹാസനത്തിന്റെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള താല്പര്യം ഏറ്റെടുത്തതെന്നും പാപ്പാ പറഞ്ഞു (Statutes, Art. 1).

പോൾ ആറാമൻ, ജോൺ പോൾ രണ്ടാമൻ എന്നീ രണ്ടു വിശുദ്ധരായ പാപ്പാമാരുടെയും മാധ്യസ്ഥ്യം നിലവിലെ നീതിക്കും സമാധാനത്തിനും വേണ്ടി ലോകമെമ്പാടുമുള്ള കമ്മീഷനുകൾക്ക് ഉണ്ടാകുമെന്ന് തനിക്കുറപ്പെണ്ടെന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ, ഈ കമ്മീഷനുകൾ, പ്രാദേശികസഭകളുടെ അജപാലനരംഗത്ത് ഒഴിച്ചുകൂട്ടാനാകാത്ത ഒരു സേവനമാണ് നിർവ്വഹിക്കുന്നതെന്ന് എഴുതി. മനുഷ്യരുടെ അന്തസ്സും അവരുടെ അവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി സജീവമായി പ്രവർത്തിച്ചുകൊണ്ട്, സഭയുടെ സാമൂഹിക പ്രമാണങ്ങൾ കൂടുതലായി പ്രചരിപ്പിക്കുകയാണ് അവർ ചെയ്യുന്നതെന്നും, ഈ പ്രവർത്തനങ്ങളിൽ സമൂഹത്തിലെ പാവപ്പെട്ടവർക്കും, താഴെത്തട്ടിൽ കിടക്കുന്നവർക്കും മുൻഗണന നൽകുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇതുവഴി സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നീതിയുടെ വളർച്ചയ്ക്കും സമാധാനം കെട്ടിപ്പടുക്കുന്നതിനും അവർ സംഭാവന ചെയ്യുന്നു. ഈ ദൗത്യനിർവ്വഹണത്തിൽ, വിവിധ ഭൂഖണ്ഡ, പ്രാദേശിക, ദേശീയ ഇടങ്ങളിൽ, അവിടങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ, ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നീ ചാക്രികലേഖനങ്ങളിൽനിന്ന് നിങ്ങൾക്ക് പ്രചോദനം സ്വീകരിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കത്തോലിക്കാ കമ്മീഷനുകളോട്, തങ്ങളുടെ സേവനം പ്രത്യാശയുടെയും നിശ്ചയദാർഢ്യത്തോടെയും സർഗ്ഗാത്മകതയോടെയും തുടരാൻ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിമൂലമുള്ള ആരോഗ്യ-സാമൂഹിക പ്രതിസന്ധികളും നിലവിൽ വിവിധയിടങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളും ഈ പ്രവർത്തികൾ എത്രമാത്രം ബുദ്ധിമുട്ടേറിയതാക്കുന്നുണ്ടെന്ന് തനിക്ക് അറിയാമെന്നും പാപ്പാ പറഞ്ഞു.

നവംബർ 17, 18 തീയതികളിലായി വീഡിയോ കോൺഫറൻസ് വഴിയാണ് ഈ ലോകസമ്മേളനം നടക്കുന്നത്.

നിലവിലെ ആരോഗ്യപ്രതിസന്ധി, വിവിധയിടങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതികളിൽ നിലനിൽക്കുന്ന നിരവധി വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിന് പരിഹാരമായി സംയുക്തമായ ഒരു പ്രവർത്തനം ആവശ്യമാണെന്നും, അതിലേക്കായി, നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ പ്രാദേശിക, പ്രാദേശികവും, അന്തർദേശീയവുമായ, സഭാപരവും സാമൂഹ്യപരവുമായ മറ്റ് സംഘടനകളോട് സഹകരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2021, 17:34