തിരയുക

മാനവികതയെക്കുറിച്ച് ചിന്തകൾ പങ്കുവച്ച് പാപ്പാ മാനവികതയെക്കുറിച്ച് ചിന്തകൾ പങ്കുവച്ച് പാപ്പാ 

മാനവികതയെക്കുറിച്ചുള്ള പുതിയ ഒരു കാഴ്ചപ്പാട് ഇന്നിന്റെ ആവശ്യം: ഫ്രാൻസിസ് പാപ്പാ

മാനവികതെയെക്കുറിച്ച്, ബൈബിൾ വെളിപാടിൽ അടിസ്ഥാനമിട്ടതും, വിവിധ സംസ്കാരങ്ങളിൽ മനുഷ്യനെക്കുറിച്ചുള്ള ചിന്തകളാലും അതിലുപരി ചരിത്ര പാരമ്പര്യങ്ങളുടെ പൈതൃകത്താലും സമ്പന്നമായ പുതിയ ഒരു കാഴ്ചപ്പാട് നമുക്ക് ആവശ്യമുണ്ടെന്ന്, സാംസ്കാരികകാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സമ്മേളനത്തിനയച്ച വീഡിയോ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"ആവശ്യമായ മാനവികത" എന്ന പേരിൽ സാംസ്കാരികകാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ വിളിച്ചുചേർത്ത പൊതുയോഗത്തിലേക്കയച്ച വീഡിയോ സന്ദേശത്തിൽ, പുതിയ സാമ്പത്തിക നയങ്ങളും, കൊറോണ വൈറസിനെതിരായ മരുന്നുകളും മാത്രമല്ല ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് പാപ്പാ പറഞ്ഞു.

ഇപ്പോഴത്തെ കോവിഡ് മഹാമാരി, സാമൂഹികവും സാമ്പത്തികവുമായ മാതൃകകളെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പല വിശ്വാസങ്ങളുടെയും ഉറപ്പുകളുടെയും ദൗർബല്യങ്ങളെ വെളിവാക്കുകയും, ഒരു വെല്ലുവിളിയാവുകയും ചെയ്തിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നിലവിലെ സമൂഹത്തിൽ നിലനിൽക്കുന്ന വ്യക്തിബന്ധങ്ങൾ, ജോലിരീതികൾ, സാമൂഹ്യജീവിതം, മതപരമായ ആചാരങ്ങൾ, കൂദാശകളിലെ പങ്കാളിത്തം എന്നിവയെയും മഹാമാരി കൊണ്ടുവന്ന വിപത്ത് ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞു..എന്നാൽ ഇവയെക്കാളുപരി, നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാനമായ, ദൈവത്തെയും മാനവികതയെയും കുറിച്ചുള്ള ചില ചോദ്യങ്ങളും ഇപ്പോഴത്തെ മഹാമാരി ഉണർത്തുന്നുണ്ട്.

എന്താണ് മാനവികത എന്ന ഒരു ചോദ്യം, മനുഷ്യൻ എന്താണ്, സമൂഹജീവിയായ മനുഷ്യൻ ആരാണ് എന്നെ ചോദ്യങ്ങളിൽനിന്നാണ് ഉണ്ടാകുന്നത്.

“ഗൗദിയും എത് സ്പെസ്” (Gaudium et spes) എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖയെ ഉദ്ധരിച്ച്, വാസ്‌തവത്തിൽ, സഭയ്ക്ക് ഇനിയും ലോകത്തിന് നൽകാൻ ഏറെയുണ്ടെന്ന് പാപ്പാ പറഞ്ഞു. മനുഷ്യവിജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ അന്നുമുതൽ ഉയർന്നുവന്ന ബൗദ്ധികവും ആത്മീയവും ഭൗതികവുമായ നേട്ടങ്ങളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും തിരിച്ചറിയാനും വിലയിരുത്താനും അത് നമ്മോട് ആവശ്യപ്പെടുന്നു.

ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് മാനുഷിക അസ്തിത്വത്തിന്റെ ഉറപ്പുകളെ ബാധിക്കുന്ന ഒരു വിപ്ലവമാണെന്നും, അത്, ചിന്തകളുടെയും പ്രവർത്തികളുടെയും കൂടുതൽ സൃഷ്ടിപരമായ അധ്വാനം ആവശ്യപ്പെടുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. കാരണം ഇപ്പോൾ നടക്കുന്ന ഈ വിപ്ലവം സൃഷ്ടികർമ്മത്തെക്കുറിച്ചും, ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും മനസ്സിലാക്കുന്ന രീതികളെത്തന്നെ ഘടനാപരമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ പ്രത്യേകതകളെയും, മറ്റ് ജീവജാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവനുള്ള വ്യതിരക്തതയെയും, യന്ത്രങ്ങളുടെ അവനുള്ള ബന്ധങ്ങൾ പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ നിഷേധാത്മകമായി മാത്രം നമുക്ക് നിലനിൽക്കാനാകില്ല എന്നും, മറിച്ച്, മാനവിക പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ ലോകത്തിലെ മനുഷ്യന്റെ സാന്നിധ്യത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഇത് നമ്മോട് ആവശ്യപ്പെടുന്നുണ്ട് എന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഈ വിചിന്തനം നടക്കേണ്ടത്, മനുഷ്യജീവിതത്തിന്റെ യജമാനനല്ല മറിച്ച് ദാസനായാണ് നടത്തേണ്ടത്. ഐക്യദാർഢ്യത്തിന്റെയും അനുകമ്പയുടെയും മൂല്യങ്ങളോടെ പൊതുനന്മയുടെ നിർമ്മാതാവ് എന്ന നിലയിലാണ് മനുഷ്യൻ പ്രവർത്തിക്കേണ്ടത്.

ബെനഡിക്ട് പതിനാറാമൻ പാപ്പാ പലപ്പോഴും അനുസ്മരിച്ചിരുന്നതുപോലെ, മനുഷ്യന്റെ നിലനിൽപ്പിന് തന്നെ അടിസ്ഥാനപരമായി നിലനിന്നിരുന്ന, ദൈവത്തെക്കുറിച്ചുള്ള ചോദ്യത്തോടൊപ്പം ഇന്നത്തെ സമൂഹത്തിൽ, മനുഷ്യനെയും അവന്റെ വ്യക്തിത്വത്തെയും കുറിച്ചുള്ള ചോദ്യം നിർണ്ണായകമായ രീതിയിൽ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു പുരുഷനും സ്ത്രീയും പരസ്പര പൂരകങ്ങളായും ബന്ധത്തിലേക്ക് വിളിക്കപ്പെടുന്നവരുമായിരിക്കുക എന്നതിന്റെ ഇന്നത്തെ അർത്ഥമെന്താണ്? "പിതൃത്വം", "മാതൃത്വം" എന്നീ വാക്കുകളുടെ അർത്ഥമെന്താണ്? യന്ത്രങ്ങളെയും മറ്റ് ജന്തുജാലങ്ങളെയും അപേക്ഷിച്ച് മനുഷ്യനെ അദ്വിതീയനും ആവർത്തിക്കാനാവാത്തവനുമാക്കുന്ന സവിശേഷമായ അവസ്ഥ എന്താണ്? മറ്റുള്ളവരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ മനുഷ്യനുള്ള ആഹ്വാനം എവിടെ നിന്നാണ് വരുന്നത്? തുടങ്ങിയ ചോദ്യങ്ങൾ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു.

പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ച എല്ലാവർക്കും തന്റെ പിന്തുണ വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, മുമ്പത്തേതിനേക്കാൾ കൂടുതലായി, ഇന്ന് ലോകം അഭിമുഖീകരിക്കേണ്ട വെല്ലുവിളികളുമായി ബന്ധപ്പെട്ട് മനുഷ്യന്റെ അർത്ഥവും മൂല്യവും വീണ്ടും കണ്ടെത്തേണ്ടതുണ്ട് എന്നും കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2021, 16:59