തിരയുക

ഭാവിയിലേക്കുള്ള കാലടികൾ പ്രകൃതിസംരക്ഷണത്തിന്റേതാകുക ഭാവിയിലേക്കുള്ള കാലടികൾ പ്രകൃതിസംരക്ഷണത്തിന്റേതാകുക 

നല്ല ഒരു ഭൂമിയെ വരും തലമുറയ്ക്ക് നൽകാം: ഫ്രാൻസിസ് പാപ്പാ

ഇപ്പോഴത്തെ കാലാവസ്ഥാപ്രതിസന്ധിയിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും, വരും തലമുറയ്ക്ക് ജീവൻ സാധ്യമായ ഒരു ഭൂമി അവശേഷിപ്പിക്കാനും ഉദ്ബോധിപ്പിച്ച് ഗ്ലാസ്ഗോയിലെ കോപ് 26- സമ്മേളനത്തിലേക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെടുത്തി, സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, നവംബർ 31 മുതൽ ആരംഭിച്ച ഇരുപത്തിയാറാം സമ്മേളനം കോപ് 26-ലേക്ക് നൽകിയ സന്ദേശത്തിൽ, നമ്മുടെ കുട്ടികൾക്കായി ആരോഗ്യകരമായ ഒരു ഗ്രഹം ഇവിടെ നിലനിർത്താൻ നമുക്ക് തീരുമാനമെടുക്കാമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട് നാളെയുടെ ഭാവിയെക്കുറിച്ചുള്ള ഉത്‌കണ്‌ഠയാൽ ഗ്ലാസ്ഗോയിൽ എത്തിയ ആളുകളോട് പാപ്പാ തന്റെ പ്രാർത്ഥനകളും സാന്നിധ്യവും വാഗ്ദാനം ചെയ്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിനാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വായിച്ചത്. ഭൂമിയെയും കാലാവസ്ഥാ പ്രതിസന്ധികളിൽനിന്ന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുന്നവരെയും രക്ഷിക്കാൻ എല്ലാവരിൽനിന്നും ഉത്തരവാദിത്വപരമായ പെരുമാറ്റവും, തീരുമാനങ്ങളും വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.

കോപ് 26 സമ്മേളനത്തിന്, ഇപ്പോഴത്തെ കാലാവസ്ഥവ്യതിയാനത്തിന്റെയും അതുണ്ടാക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെയും തിക്തഫലങ്ങൾ ലഘൂകരിക്കാനും, രാഷ്ട്രീയ ഇച്ഛാശക്തി യഥാർത്ഥത്തിൽ ഉണ്ടോ എന്ന് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിനും കാണിച്ചുകൊടുക്കുക എന്ന സുപ്രധാന ദൗത്യമാണ് ഉള്ളത് എന്ന് മാർപാപ്പായുടെ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്, ഏറ്റവും പാവപ്പെട്ടവരും ദുർബലജനവിഭാഗങ്ങളുമാണെന്ന് എഴുതിയ പാപ്പാ, ഈ പ്രശ്‌നപരിഹാരത്തിന് കൂടുതൽ മാനുഷികവും സാമ്പത്തികവും സാങ്കേതികവുമായ വിഭവങ്ങൾ രാഷ്ട്രങ്ങൾ വിനിയോഗിക്കണമെന്ന് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 15:53