തിരയുക

പൊതുഭാവനമായ ഭൂമിയെപ്പറ്റി സ്കോട്ലലാൻഡ് കത്തോലിക്കാരോട് പാപ്പാ പൊതുഭാവനമായ ഭൂമിയെപ്പറ്റി സ്കോട്ലലാൻഡ് കത്തോലിക്കാരോട് പാപ്പാ 

ദൈവം നൽകിയിരിക്കുന്ന കടമകൾ ഉത്തരവാദിത്വത്തോടെ ചെയ്യുക: ഫ്രാൻസിസ് പാപ്പാ

ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിലും, മറ്റുള്ളവരോട് ഉത്തരവാദിത്വമുള്ളവരെന്ന നിലയിലും പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് സ്കോട്ലൻഡിലെ കത്തോലിക്കാർക്കുള്ള കത്തിൽ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നവംബർ ഒൻപതിന് സ്കോട്ലൻഡിലെ കത്തോലിക്കാവിശ്വാസികൾക്കായി എഴുതിയ കത്തിൽ, "ഗ്ലാസ്ഗോയിൽ COP26 മീറ്റിംഗിൽ പങ്കെടുക്കാനും, ചുരുങ്ങിയ സമയമെങ്കിലും സ്കോട്ലൻഡിലെ സഹോദരങ്ങൾക്കൊപ്പം ചെലവഴിക്കാനും താൻ പ്രതീക്ഷിച്ചിരുന്നു" എന്നെഴുതിയ പാപ്പാ, അതിന് സാധിക്കാതെ വന്നതിൽ ഖേദം രേഖപ്പെടുത്തി. എന്നാൽ, അതേസമയം, ഇന്നത്തെ ലോകത്ത് ഒരു ധാർമ്മികപ്രശ്നമായിത്തന്നെ മാറിയ കാലാവസ്ഥാവ്യതിയാനവും അതിന്റെ കാരണങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളിൽ പാപ്പായുടെ നിയോഗങ്ങൾക്കുവേണ്ടി സ്കോട്ലൻഡിലെ കത്തോലിക്കർ പ്രാർത്ഥിക്കുന്നതിൽ പാപ്പാ സന്തോഷം അറിയിച്ചു. ഭൂമി എന്നത്, കൃഷി ചെയ്യാനുള്ള ഒരു പൂന്തോട്ടമായും, മനുഷ്യകുടുംബത്തിന് പൊതുഭവനമായും ദൈവം നൽകിയതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര സമൂഹത്തെ നയിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകൾക്ക്, ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകളെക്കുറിച്ചുള്ള ഉത്തരവാദിത്വത്താൽ പ്രേരിതരായി, ബലവത്തായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുവാൻതക്ക ജ്ഞാനത്തിന്റെയും ശക്തിയുടെയും ദൈവദാനങ്ങൾ ലഭിക്കുവാൻവേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. നമുക്ക് ലഭിച്ചിരിക്കുന്ന സമയം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും, നമ്മുടെ പരിപാലനത്തിനായി ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഈ ഭൂമിയുടെ കാര്യസ്ഥർ എന്ന നിലയിൽ നാം പരാജയപ്പെട്ട് ദൈവത്തിന്റെ ന്യായവിധിയെ നേരിടാതിരിക്കാൻ ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന അവസരം പാഴാക്കാതിരിക്കാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ലാറ്ററൻ ബസിലിക്കയുടെ പ്രതിഷ്ഠാ പെരുന്നാൾ ആഘോഷിക്കുന്ന ദിവസമായ നവംബർ ഒൻപത്തിനെഴുതിയ കത്തിൽ, റോമിലെ ബിഷപ്പിന്റെ കത്തീഡ്രൽ എന്ന നിലയിൽ ഈ തിരുന്നാൾ, വിശ്വാസത്തിലും കാരുണ്യത്തിലും പത്രോസിന്റെ സിംഹാസനത്തോടുള്ള മൊത്തം സഭയുടെയും കൂട്ടായ്മയെയാണ് പ്രതീകപ്പെടുത്തുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. ഈ തിരുന്നാൾ ദിനത്തിൽത്തന്നെ ഇങ്ങനെ സ്കോട്ലൻഡിലെ കത്തോലിക്കരോട് ദൈവത്തിലുള്ള തന്റെ സ്നേഹവും, കർത്താവിനോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിൽക്കുവാനുള്ള പ്രോത്സാഹനവും അറിയിക്കുവാൻ സാധിച്ചതിലും പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. "നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയത്തിൽ നിന്ന് അഭിവാദ്യം ചെയ്യുന്നു" എന്നും "നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, ചെറുപ്പക്കാർക്കും പ്രായമായവർക്കും രോഗികൾക്കും ഏതെങ്കിലും വിധത്തിൽ പകർച്ചവ്യാധിയുടെ ഫലങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പ് നൽകുന്നു" എന്നും പാപ്പാ തന്റെ കത്തിൽ എഴുതി.

തനിക്കുവേണ്ടിയും തന്റെ സഹോദരമെത്രന്മാർക്കുവേണ്ടിയും പ്രാർത്ഥനകൾ അപേക്ഷിക്കുകയും, എല്ലാവരെയും സഭയുടെ മാതാവായ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യത്തിന് സമർപ്പിക്കുകയും ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും ദൈവാനുഗ്രങ്ങൾ നേർന്നുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2021, 17:15