തിരയുക

അപകടത്തിൽ മരണമടഞ്ഞവർക്കുവേണ്ടി പ്രാർത്ഥനയ്‌ക്കെത്തിയവർ അപകടത്തിൽ മരണമടഞ്ഞവർക്കുവേണ്ടി പ്രാർത്ഥനയ്‌ക്കെത്തിയവർ 

വിസ്കോൺസിനിൽ നടന്ന ആക്രമണത്തിൽപ്പെട്ടവർക്കുവേണ്ടി ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാശംസകൾ.

അമേരിക്കയിലെ വിസ്കോൺസിനിൽ നവംബർ 21-ന് നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, പരിക്കേറ്റവർക്കും വേണ്ടി ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മിൽവാക്കീ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെറോം എഡ്വേർഡ് ലിസ്റ്റെസ്ക്കിക്കയച്ച ടെലിഗ്രാം സന്ദേശത്തിൽ, ഈ ദാരുണസംഭവത്തിൽപ്പെട്ട എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ തന്റെ ആത്മീയസാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്നു എന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയേത്രോ പരോളിൻ (Cardinal Pietro Parolin) അറിയിച്ചു. മരണമടഞ്ഞവരുടെ ആത്മാക്കളെ പാപ്പാ ദൈവത്തിന്റെ സ്നേഹം നിറഞ്ഞ കാരുണ്യത്തിന് ഭരമേല്പിക്കുന്നു എന്നും സംഭവത്തിൽ പരിക്കേറ്റവർക്കും  ദുഃഖിതരായവർക്കും വേണ്ടി രോഗശാന്തിയുടെയും ആശ്വാസത്തിന്റെയും ദൈവിക ദാനങ്ങൾ അപ്രാർത്ഥിക്കുന്നു എന്ന് കർദ്ദിനാൾ പരോളിൻ എഴുതി.

"അക്രമത്തെ ജയിക്കുകയും തിന്മയെ നന്മകൊണ്ട് കീഴടക്കുകയും ചെയ്യുന്ന ആത്മീയ ശക്തി എല്ലാവർക്കും നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കുന്നതിൽ ഫ്രാൻസിസ് പാപ്പായും നിങ്ങളോടൊപ്പം ചേരുന്നു" എന്ന് പൗലോശ്ലീഹാ റോമക്കാർക്കെഴുതിയ ലേഖനത്തിന്റെ പന്ത്രണ്ടാം അധ്യായം ഇരുപത്തൊന്നാം വാക്യവുമായി ബന്ധപ്പെടുത്തി എഴുതിയാണ് കർദ്ദിനാൾ പരോളിൻ പാപ്പായുടെ പേരിലയച്ച സന്ദേശം അവസാനിപ്പിച്ചത്.

നവംബർ 21-ന് വടക്കേ അമേരിക്കൻ നഗരമായ വിസ്കോൺസിനിലെ വോക്കെഷായിൽ, ക്രിസ്തുമസ് പരേഡ് നടന്നുകൊണ്ടിരുന്ന അവസരത്തിൽ, ഉണ്ടായ ആക്രമണത്തിൽ അഞ്ചുപേർ മരിക്കുകയും അൻപതോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പ്രാഥമിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു ഗാർഹിക തർക്കത്തിനുശേഷം പുറത്തിറങ്ങിയ ഒരാളാണ് അപകടത്തിനിടയാക്കിയ വാഹനം ക്രിസ്തുമസ് പരേഡ് നടത്തിയിരുന്ന ജനങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2021, 16:50