തിരയുക

പാപ്പാ: സന്തോഷം കൂടാതെയുള്ള വിശ്വാസം അടിച്ചമർത്തലിന്റെ കഠിനമായ ഒരു വ്യായാമം മാത്രം

സകല വിശുദ്ധരുടെയും തിരുനാളിൽ മധ്യാഹ്ന പ്രാർത്ഥനാമധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം വിശാസികളെ ഉദ്ബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യേശുവിന്റെ ആസൂത്രിതസന്ദേശമായ സുവിശേഷ സൗഭാഗ്യങ്ങളുടെ പ്രതിധ്വനി കേൾക്കുന്ന സകല വിശുദ്ധരുടേയും തിരുനാൾ ദിനത്തിലും ആരാധനക്രമത്തിലും ദൈവരാജ്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി കാണിച്ചുതരുന്ന എളിമയുടേയും, കരുണയുടേയും, ശാന്തതയുടേയും, നീതിയുടേയും സമാധാനത്തിന്റെയും മാർഗ്ഗമാണ് സുവിശേഷ സൗഭാഗ്യങ്ങളെന്നും എന്നും വിശുദ്ധരാവുക എന്നാൽ ഈ വഴിയേയുള്ള യാത്രയാണ് എന്നും പറഞ്ഞുകൊണ്ട് ഈ വഴിയുടെ രണ്ടു വശങ്ങൾ പാപ്പാ വിശദീകരിച്ചു.

1. ആനന്ദം

അനുഗ്രഹീതർ എന്ന പദവുമായി ആരംഭിച്ച  യേശു, അതുവരെ  കേൾക്കാത്ത ഒരു സന്തോഷത്തിന്റെ പ്രഖ്യാപനമാണ് നടത്തിയത്. പ്രയത്നങ്ങളും പരിത്യാഗങ്ങളും മാത്രം നിറഞ്ഞ ഒരു ജീവിതരീതിയല്ല വിശുദ്ധി, അത് മനുഷ്യന്റെ നേടിയെടുപ്പല്ല മറിച്ച് പരിശുദ്ധനായ ദൈവം നമ്മുടെ ജീവിതത്തിൽ വസിക്കാൻ വരുന്നതു കൊണ്ടു നമുക്ക് ലഭിക്കുന്ന ഒരു ദാനമാണ്, പാപ്പാ വിശദീകരിച്ചു. അതുകൊണ്ട് ക്രിസ്ത്യാനിയുടെ സന്തോഷം ഒരു നൈമിഷീക ലളിത ശുഭാപ്തി വിശ്വാസത്തിന്റെ വികാരമല്ല, ദൈവത്തിന്റെ സ്നേഹപൂർവ്വകമായ നോട്ടത്തിൽ അവനിൽ നിന്നു ലഭിക്കുന്ന  ധൈര്യത്തോടും ശക്തിയോടുംകൂടി എല്ലാം അഭിമുഖീകരിക്കാൻ കഴിയുമെന്ന ഉറപ്പാണ്. അനേകം കഷ്ടപ്പാടുകൾക്കിടയിലും ഈ സന്തോഷം ജീവിക്കുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തവരാണ് വിശുദ്ധർ. സന്തോഷം കൂടാതെയുള്ള വിശ്വാസം അടിച്ചമർത്തലിന്റെ കഠിനമായ ഒരു വ്യായാമം മാത്രമായി തീർന്ന് ദു:ഖവും അസുഖവും പിടിപെടുന്ന ഒന്നായി മാറുമെന്ന്  പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.. ഹൃദയത്തിലെ ഒരു പുഴുവാണ് ദു:ഖമെന്ന് ഒരു സന്യാസിയായ പിതാവ് പറയുമായിരുന്നത് എടുത്ത് പറഞ്ഞ ഫ്രാൻസിസ് പാപ്പാ, നമ്മൾ സന്തോഷമുള്ളവരും സന്തോഷം പകരുന്നവരുമായ ക്രൈസ്തവരാണോ  അതോ കെട്ടടങ്ങിയ, ദു:ഖം തളം കെട്ടിയ " ശവമടക്കുമുഖ" മുള്ളവരാണോ എന്ന് സ്വയം ചോദിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സന്തോഷമില്ലാതെ വിശുദ്ധിയില്ല എന്ന് അനുസ്മരിപ്പിച്ചു.

2. പ്രവാചീകം

ദരിദ്രരെയും, ദുരിതമനുഭവിക്കുന്നവരെയും, നീതിക്കുവേണ്ടി വിശക്കുകയും ചെയ്യുന്നവരെയും അഭിസംബോധന ചെയ്തു കൊണ്ടാണ്  യേശു അനുഗ്രഹീതർ എന്നു പറഞ്ഞത്. അത് അസാധാരണമായ ഒരു സന്ദേശമാണ്. സമ്പത്തും, ശക്തിയും, യുവത്വവും, പ്രശസ്തിയും വിജയവുമുണ്ടെങ്കിൽ മാത്രമേ യഥാർത്ഥത്തിൽ സന്തോഷമനുഭവിക്കാൻ കഴിയൂ എന്ന് ലോകം പറയുന്നു. ഇത് തകിടം മറിച്ചു കൊണ്ട് പ്രവാചീകമായ ഒരു പ്രഖ്യാപനം നടത്തുകയാണ് യേശു: ജീവന്റെ നിറവ് അവനെ അനുഗമിക്കുന്നതിലും അവന്റെ വചനങ്ങൾ പരിശീലിക്കുന്നതിലുമാണ് എന്ന്. ഇതിന്റെ അർത്ഥം ദൈവത്തിന് നമ്മുടെയുളളിൽ ഇടമുണ്ടാക്കാനായി സ്വയം ശൂന്യമാക്കുകയും ഉള്ളിൽ ദരിദ്രരായിരിക്കുകയും ചെയ്യുക എന്നതാണ്. സ്വയം ധനവാനും, വിജയിയും, സുരക്ഷിതരുമെന്നു ചിന്തിക്കുന്നവർ എല്ലാം തന്നിൽതന്നെ അടിസ്ഥാനമാക്കുകയും  ദൈവത്തിനും സഹോദരർക്കുനേരെയും വാതിലടക്കുകയും ചെയ്യുന്നു. മറിച്ച് ദരിദ്രരാണെന്നും സ്വയം പര്യാപ്തരല്ല എന്നുമറിയുന്നവർ  ദൈവത്തോടും സഹോദരരോടും തുറവുള്ളവരായി തീരുന്നു. സന്തോഷം കണ്ടെത്തുന്നു. അതിനാൽ സുവിശേഷ സൗഭാഗ്യങ്ങൾ പുതിയ ഒരു മാനവീകതയുടെ പ്രവചനമാണ്; ഒരു പുതിയ ജീവിതരീതിയാണ്: അത് സ്വയം ചെറുതായി ദൈവത്തിൽ വിശ്വാസമർപ്പിക്കുകയെന്നാണ്; സ്വയം അടിച്ചേൽപ്പിക്കാതെ സൗമ്യരാവുക എന്നാണ്; തന്നെക്കുറിച്ച് മാത്രം ചിന്തിക്കാതെ കരുണ പരിശീലിക്കുകയാണ്; അനീതിയും അസമത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ, അതുമായി ഒത്താശ ചെയ്യാതെ നീതിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുകയാണ് എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു.

ലോകത്തെ വിപ്ലവകരമായ മാറ്റത്തിലേക്ക് നയിക്കുന്ന ഈ പ്രവചനത്തെ സ്വീകരിക്കുകയും പ്രാവർത്തീകമാക്കുകയുമാണ് വിശുദ്ധി. അതിനാൽ യേശുവിന്റെ ഈ പ്രചനത്തിന്റെ സാക്ഷിയാണോ ഞാൻ? ജ്ഞാനസ്നാനത്തിൽ ഞാൻ സ്വീകരിച്ച പ്രവചനത്തിന്റെ പ്രചോദനം ഞാൻ പ്രകടമാക്കുന്നുണ്ടോ?ജീവിതത്തിന്റെ സുഖസൗകര്യങ്ങളോടും എന്റെ അലസതകളോടും സന്ധി ചെയ്തു കൊണ്ട് എനിക്ക് നല്ലതായാൽ എല്ലാം നല്ലതാണെന്ന് കരുതാറുണ്ടോ? ഞാൻ  ലോകത്തിനു മുന്നിൽ  കൊണ്ടുവരുന്നത്  യേശുവിന്റെ പ്രവചനത്തിന്റെ സന്തോഷത്തിന്റെ പുതുമയോ അതോ കുറവുകളെക്കുറിച്ചുള്ള പതിവ് പരാതികളോ? എന്നീ ചോദ്യങ്ങൾ ഫ്രാൻസിസ് പാപ്പാ വിശ്വസികളുടെ പരിചിന്തനത്തിനായി മുന്നോട്ടുവച്ചു.

ശക്തനെ അവരുടെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിടുകയും എളിമയുള്ളവരെ ഉയർത്തുകയും ചെയ്യുന്ന കർത്താവിനെ സന്തോഷത്തോടെ മഹത്വപ്പെടുത്തിയ അനുഗ്രഹീതയായ പരിശുദ്ധ കന്യക അവളുടെ ആത്മീയതയുടെ ഒരംശം നമുക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തന്റെ മധ്യാഹ്ന പ്രാർത്ഥനാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2021, 14:23