തിരയുക

പാപ്പാ: ഇന്നത്തെ വേദനയെ സുഖപ്പെടുത്തിക്കൊണ്ട് നാളത്തെ പ്രത്യാശയെ വളർത്തുക

ദരിദ്രർക്കായുള്ള 5മത് ആഗോള ദിനത്തിൽ വി.പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പാ ദിവ്യബലി മദ്ധ്യേ നൽകിയ വചനസന്ദേൽത്തിൽ പാപ്പാ ആഹ്വാനം ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവത്തിന്റെ  രക്ഷ ഒരു ഭാവി വാഗ്ദാനം മാത്രമല്ല, അത് മുറിപ്പെട്ട ലോകത്തിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവരെന്ന നിലയിൽ നമ്മൾ “നാളത്തെ പ്രത്യാശ ഇന്നത്തെ വേദനയേ സുഖപ്പെടുത്തിക്കൊണ്ട് പരിപോഷിപ്പിക്കണ”മെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

തന്റെ  വചനപ്രഘോഷണത്തിൽ, മനുഷ്യപുത്രന്റെ വരവിന് മുമ്പായുള്ള അമ്പരപ്പിക്കുന്ന അടയാളങ്ങളെക്കുറിച്ച്  സുവിശേഷം പറയുന്നത് നിരീക്ഷിച്ചു കൊണ്ട് ഇന്നത്തെ വേദന നാളത്തെ പ്രത്യാശയുമായി സഹവസിക്കുന്നു എന്ന ചരിത്രം വിശകലനം ചെയ്യാൻ അവ നമ്മെ സഹായിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരികരിച്ചു. കൂടാതെ വേദനയുളവാക്കുന്ന ഇന്നത്തെ വൈരുദ്ധ്യങ്ങളിലും എല്ലാ തിന്മകളിലും നിന്ന് നമ്മെ മോചിപ്പിക്കാൻ വരുന്ന കർത്താവിനെ കണ്ടുമുട്ടുമ്പോഴുള്ള രക്ഷവരെ വിശദീകരിക്കാനും സഹായിക്കുന്നു.

ഇന്നത്തെ വേദന

എങ്ങനെയാണ് ചരിത്രത്തിലെ ഏറ്റം മുറിവേൽക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ദരിദ്രരെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കഷ്ടപ്പാടും ആക്രമവും, വേദനയും,അനീതിയും അടയാളപ്പെടുത്തിയ അവരുടെ ജീവിതം കാത്തിരിക്കുന്ന വിമോചനം ഒരിക്കലും എത്തുന്നതായി തോന്നുന്നില്ല. "ഏറ്റം ദുർബ്ബലരുടെ വേദനകളെ" പ്രത്യേകം ശ്രദ്ധിക്കാൻ ഇന്നത്തെ ദരിദ്രർക്കായുള്ള ദിനാചരണം നമ്മെ ക്ഷണിക്കുന്നു. പലപ്പോഴും അനീതിയും അസമത്വവും മൂലവും ഇന്നത്തെ "വലിച്ചെറിയൽ സമൂഹം" അവരെ അവഗണിക്കുന്നതിനാലും ഉപേക്ഷിക്കുന്നതിനാലും അവർ ഈ അവസ്ഥയിലേക്ക് നിർബന്ധിതരായി എത്തപ്പെടുന്നവരാണ് എന്ന് പാപ്പാ പറഞ്ഞു.

നാളത്തെ പ്രത്യാശ

ഈ സാഹചര്യങ്ങൾ ഉണർത്തുന്ന വേദനകളിലും ഭയങ്ങളിലും പ്രത്യാശയുടെ കിരണങ്ങളും രക്ഷയുടെ ഭാവിയും ഉണ്ടെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. പ്രത്യാശയിലേക്ക് ഹൃദയം തുറക്കാനും ആകുലതയിൽ നിന്നും ഭയത്തിൽ നിന്നും  മോചിതരാകാനുമാണ് യേശു ആവശ്യപ്പെടുന്നതെന്നും ഇന്നത്തെ വേദനകളുടെ മദ്ധ്യേ നാളെയുടെ പ്രത്യാശ പുഷ്പിക്കുമെന്നും ഈ പ്രത്യാശ ഇന്നത്തെ മുറിവേറ്റ ചരിത്രത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ദൈവരാജ്യം ഒരു മരത്തിന്റെ  ഇളം ദളങ്ങൾപോലെ തളിർക്കുകയും, ചരിത്രത്തെ അതിന്റെ  ലക്ഷ്യത്തിലേക്ക്, നമ്മെ പരിപൂർണ്ണമായ വിമോചനത്തിലേക്ക് നയിക്കുന്ന കർത്താവുമായുള്ള അവസാന കൂടിക്കാഴ്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

നമുക്കെന്തു ചെയ്യാൻ കഴിയും

ഇന്നത്തെ വേദനകളെ സുഖപ്പെടുത്തിക്കൊണ്ട് നാളത്തെ പ്രത്യാശ പരിപോഷിപ്പിക്കുക എന്നതാണ് ഈ യാഥാർത്ഥ്യങ്ങളുടെ മുന്നിൽ  ക്രൈസ്തവരിൽ നിന്ന് ആവശ്യപ്പെടുന്നതെന്നും പാപ്പാ വെളിപ്പെടുത്തി. ക്രിസ്തീയപ്രത്യാശ നാളെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന വെറും ഒരു ശുഭാപ്തി വിശ്വാസം മാത്രമല്ല ഇന്നും ഓരോ ദിവസവും ദൈവത്തിന്റെ രക്ഷാവാഗ്ദാനം സാക്ഷാൽക്കരിക്കാൻ വേണ്ട പ്രവർത്തനത്തിനായുള്ള ഒരു വിളിയാണ്, പാപ്പാ പറഞ്ഞു. അത് ആവശ്യക്കാരനെ ഒരിക്കലും അവഗണിക്കാതെ  യേശു തുടങ്ങി വച്ച സ്നേഹത്തിന്റെയും, നീതിയുടെയും, സാഹോദര്യത്തിന്റെയും രാജ്യം മൂർത്തമായ പ്രവർത്തികളിലൂടെ അനുദിനം കെട്ടിപ്പടുക്കുകയാണ് എന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. വ്യാപകമായ ഉദാസീനതയുടെ പശ്ചാത്തലത്തിൽ മറ്റുള്ളവരെ സഹായിക്കാനായി അടുത്തുചെന്ന് ആർദ്രതയാൽ പ്രേരിതമായ ഹൃദയത്തിൽ നിന്നും വരുന്ന അനുകമ്പയുടെ സാക്ഷികളായി നാം മാറണം.

പ്രത്യാശയുടെ സംഘാടകരാവണം

ഈയടുത്ത് മരണമടഞ്ഞ ഇറ്റാലിയൻ മെത്രാൻ ഡോൺ തൊണീനോ ബെല്ലോയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ''പ്രത്യാശിച്ചു കൊണ്ട് മാത്രം സംതൃപ്തരാകാൻ നമുക്കാവില്ല; നമ്മൾ പ്രത്യാശ സംഘടിപ്പിക്കണം" എന്ന അദ്ദേഹത്തിന്റെ  വാക്കുകൾ പാപ്പാ ഉദ്ധരിച്ചു. നമ്മുടെ അനുദിന ജീവിതത്തിലും, ബന്ധങ്ങളിലും, സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധതകളിലും തീരുമാനങ്ങളിലും, നീതിക്കും ഐക്യദാർഢ്യത്തിനുമായുള്ള പ്രവൃത്തികളാൽ ദരിദ്രരുടെ ദുരിതങ്ങൾ ലഘൂകരിച്ചുകൊണ്ട് നമ്മുടെ പ്രത്യാശ പ്രകാശിപ്പിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ദരിദ്രരെ സഹായിക്കാനുള്ള സഭയുടെ പ്രവർത്തികൾക്ക് സഹായം നൽകുന്ന സന്നദ്ധ സേവകർക്ക് പാപ്പാ ആദരം അർപ്പിച്ചു.

ആർദ്രതയിലൂടെ പുഷ്പിക്കുന്ന പ്രതീക്ഷ

സുവിശേഷത്തിൽ വായിക്കുന്ന, അത്തിമരത്തിൽ മൃദുലമായ ശാഖകളിൽ പ്രത്യക്ഷപ്പെടുന്ന ഇലകളെക്കുറിച്ച് പറഞ്ഞ പാപ്പാ, മൃദുലതയിലാണ് ലോകത്തിൽ പ്രത്യാശ പൂക്കുന്നതും ദരിദ്രരുടെ വേദനകൾക്കാശ്വാസം കിട്ടുന്നതെന്നും ചൂണ്ടികാണിച്ചു. നമ്മുടെ സ്വാർത്ഥതയും ആന്തരീക കാർക്കശ്യവും നീക്കി ലോകത്തിലെ ദുരന്തങ്ങളോടു സംവേദനക്ഷമതയുള്ളവരും അതിലെ കഷ്ടപ്പാടുകളിൽ പങ്കുചേരുന്നവരുമായി അതിനെ ലഘൂകരിക്കാൻ പ്രവർത്തിക്കുകയും വേണം. വൃക്ഷങ്ങളിലെ ഇളം തളിരുകൾക്ക്  അന്തരീക്ഷത്തിലെ മാലിന്യം വലിച്ചെടുത്തു അതിനെ നന്മയായി പകർത്താനുള്ള കഴിവു നിരീക്ഷിച്ച പാപ്പാ പ്രശ്നങ്ങളെയും വെല്ലുവിളികളെയും വെറും ചർച്ചകളിൽ ഒതുക്കാതെ മലിനമായ വായുവിനെ ശുദ്ധവായുവാക്കി രൂപാന്തരപ്പെടുത്തുന്ന ഇലകളെപ്പോലെ തിന്മയോടു നന്മകൊണ്ട് പ്രതികരിച്ച് നന്മയുടെ പരിവർത്തകരായി മാറാൻ ആഹ്വാനം ചെയ്തു.  വിശക്കുന്നവർക്കൊപ്പം അപ്പം മുറിച്ച്, നീതിക്കുവേണ്ടി അദ്ധ്യാനിച്ച്, ദരിദ്രർക്ക് അവരുടെ അന്തസ്സ് പുന:സ്ഥാപിക്കുന്നവരും അവരുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കുന്നവരുമാകാൻ  പാപ്പാ പ്രഘോഷണത്തിൽ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2021, 14:37