തിരയുക

ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) എന്ന സന്ന്യാസിനി സമൂഹത്തിൽ എത്തിയ ഫ്രാൻസീസ് പാപ്പായെ ഒരു സന്ന്യാസിനി മാലയിട്ടു സ്വീകരിക്കുന്നു 22/10/2021 ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) എന്ന സന്ന്യാസിനി സമൂഹത്തിൽ എത്തിയ ഫ്രാൻസീസ് പാപ്പായെ ഒരു സന്ന്യാസിനി മാലയിട്ടു സ്വീകരിക്കുന്നു 22/10/2021  

പ്രത്യാശയുടെ മഹിളകളാകുക, പാപ്പാ, ഡോൺ ബോസ്ക്കോയുടെ സലേഷ്യൻ സഹോദരികളോട്!

ഡോൺ ബോസ്ക്കോയുടെ സലേഷ്യൻ സഹോദരികൾ എന്ന് അറിയപ്പെടുന്ന, ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) എന്ന സന്ന്യാസിനി സമൂഹത്തിൻറെ ജനറൽ ചാപ്റ്ററിൽ സംബന്ധിക്കുന്നവരെ പാപ്പാ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലൗകിക ആത്മീയതയെയും സമർപ്പിതജീവിതസമൂഹങ്ങളിൽ മര്യാദക്കാരൻറെ മൂടുപടമണിഞ്ഞ് കയറിക്കൂടുന്ന സാത്താനെയും സൂക്ഷിക്കണമെന്ന് മാർപ്പാപ്പാ.

ഡോൺ ബോസ്ക്കോയുടെ സലേഷ്യൻ സഹോദരികൾ എന്ന് പരക്കെ അറിയപ്പെടുന്ന, ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ (Daughters of Mary Help of Christians) എന്ന സന്ന്യാസിനി സമൂഹത്തിൻറെ പൊതുസംഘം, അഥവാ, ജനറൽ ചാപ്റ്റർ ഈ മാസം 17-24 വരെ നടക്കുന്ന പശ്ചാത്താലത്തിൽ പ്രസ്തുത സമൂഹത്തിൻറെ ഭരണാസ്ഥാനമായ പൊതുഭവനം, ജനറലേറ്റ് റോമിൽ വെള്ളിയാഴ്‌ച (22/10/21) സന്ദർശിച്ച് അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പ്രത്യാശയുടെ മഹിളകളും രചനാത്മക സമൂഹവും ആയിരിക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു. കോവിദ് 19 മഹാമാരി പോലുള്ള, ചിലപ്പോഴൊക്കെ നാടകീയമായ വെല്ലുവിളികളുടെയും പിരിമുറുക്കങ്ങളുടെയും മുദ്രകൾ പേറിയ ബഹുമുഖ സാമൂഹ്യസാംസ്കാരിക പശ്ചാത്തലത്തിൽ സലേഷ്യൻ സന്ന്യാസിനികൾ ലോകത്തിനേകുന്ന സേവനങ്ങൾ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

ജാഗ്രത പുലർത്തേണ്ട തിന്മകളെക്കുറിച്ചു പരാമർശിച്ച പാപ്പാ ഇന്ന് സഭയിൽ കടന്നുകൂടുന്ന ഏറ്റവും മോശമായ ഒരു തിന്മ “ലൗകിക ആത്മീയത” ആണെന്ന് പറഞ്ഞു. സുവിശേഷ പ്രഘോഷണത്തിൻറെയും വിശ്വാസത്തിൻറെയും  പരിശുദ്ധാരൂപിയുടെയും സ്ഥാനം കവർന്നെടുക്കുന്ന അതിലോലമായ ഒരു അരൂപിയാണ് ഈ  “ലൗകിക ആത്മീയത” എന്ന് പാപ്പാ വിശദീകരിച്ചു. ഈ ആത്മീയത ക്രമേണ നമ്മുടെ ആത്മീയ ശക്തിയെ ക്ഷയിപ്പിക്കുമെന്നും അതിനാൽ അതിൽ നിന്ന് അകന്നു നില്ക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തലമുറകൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലുമുള്ള ബന്ധങ്ങളും സാഹോദര്യബന്ധങ്ങളും ഇഴകോർത്ത സമൂഹത്തെ വാർത്തെടുക്കേണ്ടതിൻറെ  ആവശ്യകതയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. യുവതയും വൃദ്ധജനവും ഒന്നിച്ചു വസിക്കുകയും യുവത പ്രായംചെന്നവരെ പരിചരിക്കുകയും  അവരിൽ നിന്നു പഠിക്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

1872 ആഗസ്റ്റ 5-ന് സ്ഥാപിതമായ “ക്രൈസ്തവരുടെ സഹായമായ മറിയത്തിൻറെ പുത്രികൾ” എന്ന സന്ന്യാസിനി സമൂഹത്തിൻറെ 150 വർഷത്തെ ജീവിതത്തെ സൂചിപ്പിച്ച പാപ്പാ ഈ വാർഷികാചരണത്തിനുള്ള ഒരുക്കം പ്രേഷിത ദൈവവിളികളുടെ നവീകരണത്തിൻറെയും നവവീര്യം ആർജ്ജിക്കലിൻറെയും ഒരു അവസരമാണെന്ന് പറഞ്ഞു.

ഈ സന്ന്യാസിനി സമൂഹത്തിൻറെ ജനറൽ ചാപ്റ്ററിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ പൊതുശ്രഷ്ഠയായ (സുപ്പീരിയർ ജനറൽ) ക്യാര കത്സുവോളയെ (Chiara Cazzuola) പാപ്പാ അഭിനന്ദിക്കുകയും ആശംസിക്കുകയും തൽസ്ഥാനമൊഴിയുന്ന സന്ന്യാസിനി യുവോൺ റുൺഗോട്ടിന് (Yvonne Reungoat) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2021, 12:47