തിരയുക

ഫ്രാൻസീസ് പാപ്പാ “ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തീഫിച്ചെ ഫൗണ്ടേഷൻ” (Centesimus Annus Pro Pontifice Foundation) അംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 23/10/2021 ഫ്രാൻസീസ് പാപ്പാ “ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തീഫിച്ചെ ഫൗണ്ടേഷൻ” (Centesimus Annus Pro Pontifice Foundation) അംഗങ്ങളുമൊത്ത് വത്തിക്കാനിൽ, 23/10/2021 

നീതിയും സമത്വവും ഐക്യദാർഢ്യവും വാഴുന്ന ലോകം- ഒരു മഹാ ദൗത്യം!

ഐക്യദാർഢ്യം, സഹകരണം, ഉത്തരവാദിത്വം എന്നിവ സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ മൂന്നു അക്ഷദണ്ഡങ്ങൾ ആണെന്ന് ഫ്രാൻസീസ് പാപ്പാ “ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തീഫിച്ചെ ഫൗണ്ടേഷൻ” അംഗങ്ങളോട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനീതികൾക്കും ചൂഷണത്തിനുമുള്ള മറുപടി നന്മയുടെ സജീവ പരിപോഷണമാണെന്ന് മാർപ്പാപ്പാ.

കത്തോലിക്കാസഭയുടെ സമൂഹ്യപ്രബോധനങ്ങളും പരിശുദ്ധസിംഹാസനത്തിൻറെ ലക്ഷ്യങ്ങളും പരിപോഷിപ്പിക്കുന്നതിനായി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1993 ജൂൺ 5-ന് സ്ഥാപിച്ച “ചെന്തേസ്സിമൂസ് ആന്നൂസ് പ്രോ പൊന്തീഫിച്ചെ ഫൗണ്ടേഷൻറെ” (Centesimus Annus Pro Pontifice Foundation) അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് പ്രസ്തുത ഫൗണ്ടേഷൻറെ ഇരുനൂറോളം അംഗങ്ങളെ ശനിയാഴ്ച (23/10/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഐക്യദാർഢ്യം, സഹകരണം, ഉത്തരവാദിത്വം എന്നിവ അനീതിയ്ക്കും അസമത്വത്തിനും പുറന്തള്ളലിനുമുള്ള മറുമരുന്ന് എന്ന ആശയം ഈ ഫൗണ്ടേഷൻറെ സമ്മേളനം ഈ ദിനങ്ങളിൽ ചർച്ചചെയ്യുന്നത് പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അനീതികളെ അപലപിക്കുകയൊ അതിനെതിരെ പരാതിപ്പെടുകയൊ ചെയ്തുകൊണ്ടു മാത്രം അതിന് പരിഹാരമാകില്ല എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

ഐക്യദാർഢ്യം, സഹകരണം, ഉത്തരവാദിത്വം എന്നിവ സഭയുടെ സാമൂഹ്യപ്രബോധനത്തിൻറെ മൂന്നു അക്ഷദണ്ഡങ്ങൾ ആണെന്നും ഇത് മനുഷ്യനെ സൃഷ്ടിയുടെ മകുടവും സാമൂഹ്യ-സമ്പത്തിക-രാഷ്ട്രീയ ക്രമത്തിൻറെ കേന്ദ്രവുമായി കാണുന്നുവെന്നും പാപ്പാ പറഞ്ഞു. അതു കൊണ്ടുതന്നെ സഭയുടെ സാമൂഹ്യപ്രബോധനം വ്യക്തിവാദത്തിനൂന്നൽ നല്കുന്നതിന് വിരുദ്ധമായ ഒരു ലോകവീക്ഷണത്തിന് സംഭാവനയേകുന്നുവെന്നും പാപ്പാ വിശദീകരിച്ചു. 

ഉപരി ഐക്യദാർഢ്യവും നീതിയും സമത്വവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുക എന്നത് ഒരു മഹാ ദൗത്യമാണെന്നും അത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളെം വിശ്വാസത്തെ സമൂർത്തമാക്കിത്തീർക്കലും, മനുഷ്യനെയും ജീവനെയും സ്നേഹിക്കുന്ന ദൈവത്തെ സ്തുതിക്കലുമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2021, 13:52