പാത്രിയാർക്കീസ് ബർത്തൊലോമെയൊ ഒന്നാമന് പാപ്പായുടെ ആശംസകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമെയൊ പ്രഥമൻറെ മുപ്പതാം തിരഞ്ഞെടുപ്പു വാർഷികത്തോടനുബന്ധിച്ച് മാർപ്പാപ്പാ ആശംസകൾ നേർന്നു.
എക്യുമെനിക്കൽ പാത്രിയാർക്കീസ് ദെമേത്രിയൂസ് ഒന്നാമൻ കാലം ചെയ്തതിനെ തുടർന്ന് 1991 ഒക്ടോബർ 22-നാണ് അദ്ദേഹത്തിൻറെ പിൻഗാമിയായി ബർത്തൊലോമെയൊ ഒന്നാമനെ കോൺസ്റ്റൻറിനോപ്പിളിലെ സഭാസിനഡ് തിരഞ്ഞെടുത്തത്. അക്കൊല്ലം നവമ്പർ 2-നായിരുന്നു അദ്ദേഹത്തിൻറെ സ്ഥാനാരോഹണം.
പാത്രിയാർക്കീസ് ബർത്തൊലോമെയൊയുടെ ഉദാത്തമായ എല്ലാ ശുശ്രൂഷാദൗത്യങ്ങളെയും താങ്ങിനിറുത്തുന്ന കൃപകൾ കർത്താവ് സമൃദ്ധമായി വർഷിക്കുകയും ആരോഗ്യവും ആത്മീയാന്ദവും പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തിനയച്ച ആശംസാകത്തിൽ പ്രാർത്ഥിക്കുന്നു.
ഇന്ന് ആകമാന മാനവകുടുംബത്തെ അലട്ടുന്ന അടിയന്തിര വെല്ലുവിളികൾക്കു മുന്നിൽ നമുക്കുള്ള പൊതുവായ അജപാലനോത്തരവാദിത്വത്തെക്കുറിച്ചുള്ള പാത്രിയാർക്കീസ് ബർത്തൊലോമെയൊയുടെ ധാരണയിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പാ കത്തിൽ അറിയിക്കുന്നു. സൃഷ്ടിയെ പരിപാലിക്കുന്നതിൽ പാത്രിയാർക്കീസിനുള്ള പ്രതിബദ്ധതയെയും അതെക്കുറച്ചുള്ള പരിചിന്തനങ്ങളെയും അഭിനന്ദിക്കുന്ന പാപ്പാ ആ പരിചിന്തനങ്ങളിൽ നിന്ന് താൻ ഏറെ പഠിച്ചുവെന്നും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുവെന്നും വെളിപ്പെടുത്തി.
കോവിദ് 19 മഹാമാരി ഉളവാക്കിയ ആരോഗ്യ, സാമൂഹ്യ സാമ്പത്തിക ആഘാതങ്ങളെ അതിജീവിക്കുന്നതിന് നരകുലത്തിൻറെ ആദ്ധ്യാത്മകപരിവർത്തനം ആവശ്യമാണന്ന അദ്ദേഹത്തിൻറെ പ്രബോധനവും സാക്ഷ്യവും എന്നും പ്രസക്തങ്ങളാണെന്ന് പാപ്പാ പറയുന്നു.
ക്രിസ്തുവിശ്വാസികളുടെ അനുരഞ്ജനത്തിനും സമ്പൂർണ്ണ പുനരൈക്യത്തിനും ഉപവിയിലും സത്യത്തിലുമുള്ള സംഭാഷണം ആവശ്യമാണെന്ന് പാത്രിയാർക്കീസ് ബർത്തൊലോമെയൊ ഒന്നാമൻ നിരന്തരം ചൂണ്ടിക്കാട്ടുന്നതിൽ തനിക്കുള്ള നന്ദിയും പാപ്പാ പ്രകാശിപ്പിക്കുന്നു. നരകുലത്തിൻറെ അടിയന്തിരാവശ്യമായ സാർവ്വലൗകികസാഹോദര്യത്തിനും സാമൂഹ്യ നീതിക്കും അനിവാര്യ സംഭാവനകളായ ക്രൈസ്തവസഭകളുടെ അടുപ്പവും ഐക്യദാർഢ്യവും സംജാതമാക്കുന്നതിന് സംഭാഷണത്തിൻറെ ഈ പാതയിൽ നാം ദൈവസഹായത്താൽ ചരിക്കുന്നത് തീർച്ചയായും തുടരുമെന്ന ഉറപ്പും പാപ്പാ പ്രകടിപ്പിക്കുന്നു.