തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  (Vatican Media)

ഒരു ദിശമാറ്റം അത്യന്താപേക്ഷിതമെന്ന് മാർപ്പാപ്പാ!

സ്ക്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോ പട്ടണത്തിൽ ഒക്ടോബർ 31 മുതൽ നവമ്പർ 12 വരെ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ മാറ്റത്തെ അധികരിച്ച് നടക്കാൻ പോകുന്ന ഇരുപത്തിയാറാം സമ്മേളനത്തോടനുബന്ധിച്ച്, അതായത്, കോപ്26-നോടനുബന്ധിച്ച് ബിബിസി പ്രക്ഷേപണം ചെയ്യുന്ന “ഇന്നത്തെ ചിന്താവിഷയം” (Thought of Day ) എന്ന പരിപാടിക്കായി ഫ്രാൻസീസ് പാപ്പാ ഒരു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാലാവസ്ഥാ വ്യതിയാനവും കോവിഡ്-19 മഹാമാരിയും നമ്മുടെ അതിദുർബ്ബലതയെ അനാവരണം ചെയ്യുകയും നമ്മുടെ സാമ്പത്തിക വ്യവസ്ഥകളെയും നമ്മുടെ സമൂഹങ്ങളുടെ സംവിധാനരീതിയെയും കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും ഉയർത്തുകയും ചെയ്തിരിക്കയാണെന്ന് മാർപ്പാപ്പാ.

സ്ക്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോ പട്ടണത്തിൽ ഒക്ടോബർ 31 മുതൽ നവമ്പർ 12 വരെ (31/10-12/11/2021) ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ മാറ്റത്തെ അധികരിച്ച് നടക്കാൻ പോകുന്ന ഇരുപത്തിയാറാം സമ്മേളനത്തോടനുബന്ധിച്ച്, അതായത്, കോപ്26-നോടനുബന്ധിച്ച് (COP26) ബിബിസി (ബ്രട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ- BBC) റേഡിയോ പ്രക്ഷേപണം ചെയ്യുന്ന “ഇന്നത്തെ ചിന്താവിഷയം” (Thought of Day ) എന്ന പരിപാടിക്കായി വെള്ളിയാഴ്‌ച (29/10/21) നല്കിയ ദൃശ്യ-ശ്രാവ്യ (audio-video)  സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ ബോധ്യം ആവർത്തിച്ചിരിക്കുന്നത്.

സുരക്ഷിതത്വബോധം നഷ്ടപ്പെട്ടിരിക്കയാണെന്നും, ബലഹീനതാവബോധവും ജീവിതത്തിൻറെ കടിഞ്ഞാൺ കൈവിട്ടുപോയ അവസ്ഥയും നാം അനുഭവിച്ചറിയുകയാണെന്നും പാപ്പാ പറയുന്നു. ആരോഗ്യസംരക്ഷണം, പരിസ്ഥിതി, ഭക്ഷ്യ വിതരണം, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലെ നിരന്തര പ്രതിസന്ധികളിലും, അതിനു പുറമെ, സാമൂഹികവും മാനുഷികവും ധാർമ്മികവുമായ പ്രതിസന്ധികളിലും അകപ്പെട്ട് നാം കൂടുതൽ ദുർബ്ബലരും ഭയപ്പാടുള്ളവരുായിരിക്കയാണെന്നും ഈ പ്രതിസന്ധികളെല്ലാം ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു. ദൈവത്തിൻറെ സൃഷ്ടിയെന്ന മഹത്തായ ദാനത്തിനുള്ളിൽ നമ്മുടെ സമൂഹത്തെ ഒരുമിച്ച് നിർത്തുന്ന ബന്ധങ്ങളെ തകർക്കാൻ കഴിയുന്ന ഒരു "തികഞ്ഞ കൊടുങ്കാറ്റ്" ഈ പ്രതിസന്ധികൾ പ്രവചിക്കുകയാണെന്ന് പാപ്പാ മുന്നറിയിപ്പേകുന്നു.

പദ്ധതികൾ രൂപപ്പെടുത്താനും അവ വേഗത്തിൽ പ്രാവർത്തികമാക്കാനും, നമ്മുടെ പൊതുഭവനമായ ലോകത്തിൻറെ ഭാവിയെക്കുറിച്ചുള്ള പുനർവിചിന്തനം ചെയ്യാനും, നമ്മുടെ പൊതുവായ ലക്ഷ്യത്തിൻറെ പുനരവലോകനം നടത്താനും കഴിവുള്ള ഒരു കാഴ്ച്ചപ്പാട് ഒരോ പ്രതിസന്ധിയും ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. അതുപോലെതന്നെ, എല്ലായ്‌പ്പോഴും അത്ര എളുപ്പമല്ലാത്തതായ മൗലിക തീരുമാനങ്ങൾ എടുക്കേണ്ടതിൻറെ ആവശ്യകത ഈ പ്രതിസന്ധികൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുവെന്നും. ഒപ്പം ഇതുപോലുള്ള ക്ലേശകരങ്ങളായ നിമിഷങ്ങൾ നാം പാഴാക്കരുതാത്ത അവസരങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു. ഈ പ്രതിസന്ധികളിൽ നിന്ന് നാം ഉൾക്കൊള്ളേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം,  പിന്നിൽ ഒളിക്കാൻ ഇനി അതിർത്തികളോ തടസ്സങ്ങളോ രാഷ്ട്രീയ മതിലുകളോ ഉണ്ടാകാതിരിക്കുന്നതിനായി ഒത്തൊരുമിച്ചു കെട്ടിപ്പടുക്കുകയാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ആകയാൽ ഒരു ദിശമാറ്റത്തിൻറെ അടിയന്തിരാവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

 

29 October 2021, 13:59