തിരയുക

 മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തപ്പെട്ട കുടിയേറ്റക്കാര്‍ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തപ്പെട്ട കുടിയേറ്റക്കാര്‍ 

ലിബിയയിലുള്ള അഭയാർത്ഥികളുടെ സംരക്ഷണത്തിനായി ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന

വളരെ ശക്തമായ ഭാഷയിൽ അന്തർദേശീയ സമൂഹത്തോടുനടത്തിയ ഒരഭ്യർത്ഥനയിൽ കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും ജീവനും അന്തസ്സും സംരക്ഷിക്കാനുള്ള ശാശ്വതമായ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ച നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ലിബിയയിൽ സംരക്ഷണമാവശ്യമുള്ള ആയിരക്കണക്കിന് അഭയാർത്ഥികളുടേയും കുടിയേറ്റക്കാരുടേയും നിലവിളി താൻ ശ്രവിക്കുന്നുവെന്നും, അവരെ ഒരിക്കലും മറക്കില്ല എന്നും അവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ അറിയിച്ചത്. ഒരു മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് യൂറോപ്പിലേക്ക് പുറപ്പെട്ട് ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് സ്ത്രീ പുരുഷൻമാരുടേയും കുട്ടികളുടേയും ദുരവസ്ഥ തന്‍റെ ചിന്തകളിൽ നിന്ന് ഒരിക്കലും മാറുകയില്ലെന്നും പാപ്പാ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം പേരും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ അക്രമത്തിന് വിധേയരാകുന്നുവെന്ന് പാപ്പാ പറഞ്ഞു. അന്താരാഷ്ട്ര സമൂഹങ്ങളോടു് വാഗ്ദാനങ്ങൾ പാലിക്കാനും, ലിബിയയിലും മെഡിറ്ററേനിയൻ പ്രദേശത്തും നടക്കുന്ന കുടിയേറ്റ അഭയാർത്ഥി പ്രവാഹത്തെ നിയന്ത്രിക്കാൻ മൂർത്തവും ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

തീരസംരക്ഷണസേന പിടികൂടി തിരിച്ചയക്കുന്നവരുടെ ദുരിതങ്ങൾ വളരെ വലുതാണെന്നും അവിടെയുള്ള ക്യാമ്പുകളിൽ അവരനുഭവിക്കുന്ന യാതനകൾ വിവരിക്കാനാവാത്തതാണെന്നും പാപ്പാ സൂചിപ്പിച്ചു. സുരക്ഷയില്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനെതിരെയും, കടലിലെ രക്ഷാദൗത്യത്തിന് മുൻഗണന കൊടുക്കേണ്ടതിനെക്കുറിച്ചും, സുരക്ഷവും നിയമപരവുമായ നീക്കങ്ങൾക്ക് സുരക്ഷമായ തുറമുഖങ്ങൾ ലഭ്യമാക്കാനും പാപ്പാ ആവശ്യപ്പെട്ടു. മാന്യമായ ജീവിത സാഹചര്യങ്ങൾ നൽകുന്ന നിയമങ്ങൾ ഉണ്ടാകണമെന്നും തടഞ്ഞുവയ്ക്കലിനു പകരം മറ്റു മാർഗ്ഗങ്ങളും നിയമപരമായ കുടിയേറ്റ അഭയാർത്ഥി നടപടിക്രമങ്ങളും  വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ഈ സഹോദരീ സഹോദരന്മാരുടെ ദുരവസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്ഷണിച്ച ഫ്രാൻസിസ് പാപ്പ എല്ലാവരോടും നിശബ്ദരായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് അവസാനിപ്പിച്ചത്.

ലിബിയയിലെ കുടിയേറ്റക്കാരുടെ അവസ്ഥയെക്കുറിച്ച് ആശങ്ക

ലിബിയൻ സർക്കാറിനോടു കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടേയും പ്രശ്നം ഉടൻ പരിഗണിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഗദ്ദാഫിയുടെ പതനത്തിനു ശേഷം ലിബിയയിൽ അരക്ഷിതാവസ്ഥയും അരാജകത്വവുമാണ് നടമാടുന്നത്. മെഡിറ്ററേനിയൻ കടലിലൂടെ യൂറോപ്പിലേക്കുള്ള നിയമപരമല്ലാതെയുള്ള കുടിയേറ്റത്തിന്‍റെ ഇഷ്ട തീരമാണ് കുറെ വർഷങ്ങളായി ലിബിയ. യാത്രാ യോഗ്യമല്ലാത്ത ബോട്ടുകളിൽ യാത്ര ചെയ്ത് കടലിൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തപ്പെടുന്ന കുടിയേറ്റക്കാരെ ലിബിയയിലെ ശുചിത്വ രഹിതവും ക്രമാതീതമായി തിങ്ങിനിറഞ്ഞതുമായ ക്യാമ്പുകളിൽ തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. ലിബിയൻ സർക്കാർ നടത്തുന്ന റെയ്ഡുകളിൽ നിരവധി പേർ മരണപ്പെട്ടതായും ഏകപക്ഷീയമായി അറസ്റ്റു ചെയ്യപ്പെടുന്നതായും ഐക്യരാഷ്ട്രസഭയുടെ UNHCR റിപ്പോർട്ടു ചെയ്യുന്നു.

മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്ന് രക്ഷിച്ചെടുത്ത പല കുടിയേറ്റക്കാരും ലിബിയയിലെ ക്യാമ്പുകളിൽ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും വീട്ടുകാരിൽ നിന്ന് മോചനദ്രവ്യം തട്ടിയെടുക്കുന്നതിനെക്കുറിച്ചും കുടിയേറ്റക്കാർക്കെതിരെ ലിബിയയിൽ നടക്കുന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭ കണ്ടെത്തിയ തെളിവുകളുടെ 32 പേജ് അടങ്ങുന്ന പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്. ഇതിനിടെ ശനിയാഴ്ച 198 കുടിയേറ്റക്കാരെ കടലിൽ നിന്ന് രക്ഷിച്ച് ലിബിയയിൽ എത്തിച്ചതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള  ഹൈകമ്മീഷ്ണർ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2021, 15:36