തിരയുക

ലോക ഭക്ഷ്യദിനത്തിൽ വിതരണത്തിനു തയ്യാറാക്കിയ ആഹാരം, ഇന്തൊനേഷ്യയിലെ സിബ്രെഹിൽ നിന്നുള്ള ഒരു ദൃശ്യം. 16/10/2021 ലോക ഭക്ഷ്യദിനത്തിൽ വിതരണത്തിനു തയ്യാറാക്കിയ ആഹാരം, ഇന്തൊനേഷ്യയിലെ സിബ്രെഹിൽ നിന്നുള്ള ഒരു ദൃശ്യം. 16/10/2021  

പാപ്പാ: കമ്പോളയുക്തിയെ ജയിക്കുക, ഐക്യദാർഢ്യ യുക്തിയെ ശക്തിപ്പെടുത്തുക!

നമ്മുടെ ഈ ഗ്രഹത്തിലെ സകലർക്കും ഗുണകരമാം വിധം ഭക്ഷ്യസംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നമുക്കോരോരുത്തർക്കും തനതായ പങ്കുവഹിക്കാനുണ്ടെന്ന് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

എന്നന്നേക്കുമായി ഒരിക്കൽ പട്ടിണി നിർമ്മാർജ്ജനം ചെയ്യുകയെന്നത് ഉത്ക്കർഷേച്ഛയാർന്ന ഒരു ലക്ഷ്യമാണെന്നും അത് നരകുലത്തിനു നേർക്കുയരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മാർപ്പാപ്പാ.

അനുവർഷം ഒക്ടോബർ 16-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനോടനുബന്ധിച്ച്, റോം ആസ്ഥാനമായുള്ള ഭക്ഷ്യ കൃഷി സംഘടനയുടെ, എഫ്. എ. ഒയുടെ (FAO) മേധാവി, കു ദോംഗ്യൂവിന് (Qu Dongyu) വെള്ളിയാഴ്‌ച (15/10/21) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

വ്യക്തികളുടെയും നമ്മുടെ ഗ്രഹത്തിൻറെയും സുസ്ഥിതി ലക്ഷ്യം വച്ചുകൊണ്ട് നമ്മൾ നമ്മുടെ ഭക്ഷ്യോൽപ്പാദന-ഉപഭോഗ രീതികളെ പരിവർത്തനം ചെയ്യുന്ന നൂതന പരിഹാരങ്ങൾ സ്വീകരിക്കേണ്ടതിൻറെ അനിവാര്യത ഇക്കഴിഞ്ഞ സെപ്റ്റമ്പർ 23-ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യുയോർക്കിൽ ഐക്യരാഷ്ട്രസഭ ഭക്ഷ്യസംവിധാനങ്ങളെ അധികരിച്ചു സംഘടിപ്പിച്ച ഉച്ചകോടി എടുത്തുകാട്ടിയതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു. മഹാമാരിക്കാലാനന്തര പുനരധിവാസത്തിന് ഇത് മാറ്റിവയ്ക്കാനാവാത്ത ഒന്നാണെന്നും പാപ്പാ പറയുന്നു.

“നമ്മുടെ ചെയ്തികളാണ്  നമ്മുടെ ഭാവി. മെച്ചപ്പെട്ട ഉൽപ്പാദനം, മേന്മയേറിയ പോഷണം, മെച്ചപ്പെട്ട പരിസ്ഥിതി, നല്ലൊരു ജീവിതം”  എന്ന വിചിന്തന പ്രമേയം ഇക്കൊല്ലത്തെ ലോക ഭക്ഷ്യദിനം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ, പരമാവധി സുസ്ഥിരമായ ഒരു പരിസ്ഥിതിയ്ക്ക് ഉറപ്പുനൽകുന്ന ഒരു ഭക്ഷണരീതി എല്ലാവർക്കും സാദ്ധ്യമാകുന്നതിന് കൂട്ടായ പ്രവർത്തനത്തിൻറെ ആവശ്യകത  ഈ പ്രമേയം അടിവരയിട്ടു കാട്ടുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഈ ഗ്രഹത്തിലെ സകലർക്കും ഗുണകരമാം വിധം ഭക്ഷ്യസംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നമുക്കോരോരുത്തർക്കും തനതായ പങ്കുവഹിക്കാനുണ്ടെന്ന് പാപ്പാ പറയുന്നു.

മതിയായ പോഷകാഹാരം ലഭിക്കാത്ത 300 കോടി ജനങ്ങൾ ഒരുവശത്തുള്ളപ്പോൾ മറുവശത്താകട്ടെ 200 കോടി ആളുകൾ ക്രമരഹിതമായ പോഷണരീതിമൂലമോ വ്യായമക്കുറവ് മൂലമോ അമിതഭാരമുള്ളവരായി കാണപ്പെടുന്ന വൈരുദ്ധ്യത്തെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു.

നമ്മുടെ ഈ ഗ്രഹത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ അപകടാവസ്ഥയിലേക്കു തള്ളിയിടാതിരിക്കണമെങ്കിൽ ഭക്ഷണക്രമം എല്ലാതലങ്ങളിലും മാറ്റം വരുത്തുന്നതിനുള്ള യത്നത്തിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ആവർത്തിച്ചോർമ്മിപ്പിക്കുന്നു. കോവിദ് 19 മഹാമാരി,  ഒരു വഴിമാറ്റത്തിനും ഭാവി പ്രതിസന്ധികളെ ഉത്തരവാദിത്വത്തോടെ നേരിടത്തക്കവിധമുള്ള  ആഗോള ഭക്ഷ്യസംവിധാനത്തിനായി മുതൽ മുടക്കുന്നതിനും അവസരം നല്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

സാമ്പത്തിക നേട്ടത്തിൽ മാത്രം കണ്ണുവയ്ക്കുകയും ആഹാരത്തെ മറ്റേതൊരു വസ്തുവിനെയുപോലെ തരം താഴ്ത്തുകയും ചെയ്യുന്ന തണുത്ത കമ്പോളയുക്തിയെ ജയിക്കുകയും ഐക്യദാർഢ്യത്തിൻറെ യുക്തിയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് പട്ടിണിക്കെതിരായ പോരാട്ടത്തിന് ആവശ്യമാണെന്ന് പാപ്പാ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2021, 12:37