തിരയുക

ഫ്രാൻസിസ് പാപ്പാ, പാത്രിയർക്കാ ബർത്തലോമെയോ, യുണെസ്കോയുടെ അധ്യക്ഷ ഓദ്രെ അസുലെ എന്നിവർ ലാറ്ററൻ സർവ്വകലാശാലയിൽ ഫ്രാൻസിസ് പാപ്പാ, പാത്രിയർക്കാ ബർത്തലോമെയോ, യുണെസ്കോയുടെ അധ്യക്ഷ ഓദ്രെ അസുലെ എന്നിവർ ലാറ്ററൻ സർവ്വകലാശാലയിൽ 

ഭൂമി നേരിടുന്ന നാശനഷ്ടങ്ങൾ നമ്മുടെ ജീവനും അപകടകരം: ഫ്രാൻസിസ് പാപ്പാ

റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയിൽ ഒരു പുതിയ അധ്യയനവർഷം ഉദ്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ, നമ്മുടെ നിലനിൽപ്പും ഭൂമിയുടെ സന്തുലിതാവസ്ഥയും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും, ഉത്തരവാദിത്വപരമായ പ്രവർത്തങ്ങളിലൂടെ വേണം പ്രകൃതിയിലെ പ്രതിസന്ധികൾ നേരിടാനെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയർക്കാ ബർത്തലോമെയോ, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഘടകം യുണെസ്കോയുടെ അധ്യക്ഷ ഓദ്രെ അസുലെ (Audrey Azoulay) എന്നിവരുടെ സാന്നിധ്യത്തിൽ വച്ച് ലാറ്ററൻ സർവ്വകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ, നാം ഭൂമിക്ക് ഏൽപ്പിക്കുന്ന നാശനഷ്ടങ്ങൾ, കാലാവസ്ഥാവ്യതിയാനത്തിനോ പ്രതിസന്ധിക്കോ, മണ്ണിന്റെയും ജലത്തിന്റെയും മാലിന്യവത്ക്കരണത്തിനോ മാത്രമല്ല, മറിച്ച് ഭൂമിയിലെ ജീവന് തന്നെ ഭീഷണിയാണെന്ന് പാപ്പാ താക്കീത് നൽകി. ലൗദാത്തോ സി എന്ന തന്റെ ചാക്രികലേഖനം രചിക്കുന്നതിൽ കോൺസ്റാന്റിനോപ്പോളിയിലെ സഭയിൽനിന്ന് വന്ന പ്രചോദനം വലുതായിരുന്നു എന്ന് സൂചിപ്പിച്ച പാപ്പാ, ലാറ്ററൻ സർവ്വകലാശാലയിൽ നടക്കുന്ന, പരിതഃസ്ഥിതവിജ്ഞാനവും പരിസ്ഥിയും എന്ന വിഷയത്തിൽ നടക്കുന്ന വിദ്യാഭ്യാസസംബന്ധിയായ ഈ ചടങ്ങ്, സംരക്ഷിക്കപ്പെടാനും, കരുതപ്പെടാനുമുള്ള നമ്മുടെ പൊതുഭാവനമായ ഭൂമിയുടെ വിളികേൾക്കാൻ നമ്മെ സഹായിക്കട്ടെ എന്ന് പറഞ്ഞു.

നിലവിലെ പ്രതിസന്ധികളുടെ മുന്നിൽ, വാക്കുകളിലൊതുങ്ങുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് മതിയാകില്ല എന്നും, കൂടുതൽ ഉത്തരവാദിത്വപൂർണ്ണവും പ്രശ്‌നപരിഹാരത്തിന് പര്യാപ്തവുമായ പ്രവർത്തികളാണ് ആവശ്യമെന്നും പാപ്പാ പറഞ്ഞു.

റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ഒക്ടോബർ 7 വ്യാഴാഴ്ച രാവിലെ നടന്ന ഈ ചടങ്ങിൽ സംസാരിച്ച പാപ്പാ, ഇതേ ആഴ്ച വത്തിക്കാനിൽ വച്ച് വിവിധ മതങ്ങളുടെ പ്രതിനിധികളും, ശാസ്ത്രജ്ഞരും പങ്കെടുത്ത സമ്മേളനത്തെ ഉദ്ധരിച്ചുകൊണ്ട്, അവിടെ ഒരു ശാസ്ത്രജ്ഞൻ, ഒരു മാസം മുൻപ് പിറന്ന തന്റെ കൊച്ചുമകൾക്ക്, നമ്മൾ കാര്യക്ഷമമായി പ്രവർത്തിച്ച് സ്ഥിതിഗതികൾ മാറ്റിയില്ലെങ്കിൽ, ഈ ഭൂമിയിൽ ജീവിതം അസാധ്യമാകും എന്ന് പറഞ്ഞ സംഭവം വിവരിച്ചു.

ദൈവശാസ്ത്രപരവും തത്വശാസ്ത്രപരവും ധാർമ്മികവുമായ വിചിന്തനങ്ങൾ നൽകുന്ന അറിവിന്റെ വെളിച്ചത്തിൽ, വിദ്യാഭ്യാസത്തിലൂടെ ഒരു പൂർണ്ണമായ പാരിസ്ഥിതിക മാറ്റത്തെ സാധ്യമാക്കി, പ്രകൃതിയുടെ സൗന്ദര്യം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ സാധിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിദ്യാർഥിസമൂഹത്തെ അഭിസംബോധന ചെയ്യവേ, കാലഘട്ടത്തിന്റെ അടയാളങ്ങളെ എളിമയോടും സ്ഥിരോത്സാഹത്തോടുംകൂടി തിരിച്ചറിയാൻ അവരെ ആഹ്വാനം ചെയ്ത പാപ്പാ, ഉപരിപ്ലവമായ മാറ്റങ്ങളിൽ ഒതുങ്ങാതെ, തുറന്ന മനസ്സോടെയും, ത്യാഗമനോഭാവത്തോടെയും കൂടുതൽ പ്രതിബദ്ധതയോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും ക്ഷണിച്ചു. കൃത്യതയും വ്യക്തതയും ഉള്ളതും, വെല്ലുവിളികൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നതുമായ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിന്, ഔദാര്യതയോടെയും മഹാമനസ്കതയോടെയും മൂല്യമുള്ള ജോലിചെയ്‌തുകൊണ്ട് പ്രത്യുത്തരം നൽകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2021, 16:41