ഫ്രാൻസിസ് പാപ്പയും ജർമ്മൻ പ്രസിഡണ്ടും തമ്മിൽ കൂടിക്കാഴ്ച
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഇന്നലെ ഒക്ടോബർ 25ന് രാവിലെ വത്തിക്കാനിലെ അപ്പോസ്തോലിക മന്ദിരത്തിൽ പരിശുദ്ധ പിതാവ് ജർമ്മൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ട് ഫ്രാങ്ക് - വാൾട്ടർ സ്റ്റയ്ൻമയറെ സ്വീകരിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡണ്ട് വത്തിക്കാന്റെ വിദേശരാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമൊത്ത് വത്തിക്കാൻ രാജ്യത്തിന്റെ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും ചർച്ചകൾ നടത്തി.
ഹൃദയംഗമമായ ചർച്ചകളിൽ അടുത്ത കാലത്ത് ജർമ്മനിയിലെ അഭ്യന്തര രാഷ്ട്രീയ വികാസങ്ങളും തുടർന്ന് ഇരുരാജ്യങ്ങളെയും ബാധിക്കുന്ന കുടിയേറ്റവും വിവിധ അന്തർദ്ദേശീയ സംഘർഷങ്ങളും പ്രശ്നങ്ങളുടെ പരിഹാരത്തിന് പരസ്പരമുള്ള പ്രതിബദ്ധതയും വിഷയങ്ങളായി.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയിൽ ജർമ്മൻ പ്രസിഡണ്ട് പാപ്പായ്ക്ക് പരിശുദ്ധ കന്യകയുടെയും ജീവന്റെ വൃക്ഷത്തിന്റെയും ഒരു ചിത്രം സമ്മാനിച്ചു. പരിശുദ്ധ പിതാവ് തിരിച്ച് അദ്ദേഹത്തിന് 2021 ലെ സമാധാനത്തിന്റെ സന്ദേശവും മാനവ സാഹോദര്യ പ്രമാണത്തിന്റെ ഒരു പതിപ്പും; വത്തിക്കാനിലെ പ്രസിദ്ധീകരണം (LEV) പുറത്തിറക്കിയ 27 മാർച്ച് 2020ലെ “സ്റ്റാസിയോ ഓർബിസ്” (Statio Orbis) ന്റെ ഒരു ഗ്രന്ഥവും, ജർമ്മൻ ഭാഷയിൽ ആലേഖനമുള്ള മോശയുടെ മൊസയ്ക്കും സമ്മാനിച്ചു.