കർദ്ദിനാൾ പരോളിൻ: സ്ത്രീകളുടെ നേതൃത്വവും കഴിവുകളും ലോകത്തിനാവശ്യം
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
തിങ്കളാഴ്ച പാപ്പായ്ക്ക് വേണ്ടി അയച്ച വീഡിയോ സന്ദേശത്തിൽ കർദ്ദിനാൾ പരോളിൻ ഇന്നത്തെ മഹത്തായ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ സ്ത്രീകളുടെ പങ്കാളിത്വവും കഴിവുകളും ആവശ്യമാണ് എന്നു പറഞ്ഞു കൊണ്ട് ഇറ്റലിയിലെ G20 വനിതാ ചർച്ചാ വേദിയെ സ്വാഗതം ചെയ്തു. സ്ത്രീകൾ വഹിക്കുന്ന നിർണ്ണായ പങ്കിനെക്കുറിച്ച് അവബോധം വളർത്താനും സാമ്പത്തീക വീണ്ടെടുക്കലുകളിൽ ഗുണപരമായ സ്വാധീനം ചെല്ലത്താനുമാണ് രണ്ടു ദിവസം നീളുന്ന സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
മഹാമാരി മൂലം ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവ ഏറ്റം ബാധിച്ചവരെ വീണ്ടെടുക്കാനും സഹായിക്കാനും വേണ്ടിവരുന്ന വൻശ്രമങ്ങളെയും കർദ്ദിനാൾ ഏറ്റുപറഞ്ഞു. എല്ലാവർക്കും ഭവനമാകാൻ കഴിയുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ പകരം വയ്ക്കാനാവാത്ത സ്ത്രീകളുടെ സംഭാവനയും ശാന്തമായ ക്ഷമയോടെ ജീവിതത്തിന്റെ ഇഴകൾ നെയ്തെടുക്കാനറിയുന്നവരാണ് സ്ത്രീകളെന്നും ഫ്രാൻസിസ് പാപ്പാ പലപ്പോഴും അടിവരയിട്ടിട്ടുള്ളതാന്നെന്നും കർദ്ദിനാൾ പറഞ്ഞു. ഇന്നത്തെ ആഗോള, സാമൂഹീക, സാമ്പത്തിക കാലാവസ്ഥാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ "നിസ്വാർത്ഥത" പ്രോൽസാഹിപ്പിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു.
ഉടൻ ലാഭമുണ്ടാക്കാൻ നോക്കുന്ന ഹ്രസ്വദൃഷ്ടി താൽപര്യങ്ങൾക്ക് മേലെ ഉയരാൻ ഇവ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ലോകത്തിന്റെ സജീവ നിർമ്മാതാക്കളാകാൻ സകലർക്കുമുള്ള വിളി സ്വീകരിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കേണ്ടതിന്റെയും സഹകരിക്കേണ്ടതിന്റെയും പ്രാധാന്യം കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. മനുഷ്യത്വത്തെത്തെയും ഒരോ വ്യക്തിയുടെയും സവിശേഷ അന്തസ്സും തിരിച്ചറിയുന്ന നവ്യബോധ്യവും വഴി ഈ പരിശ്രമങ്ങളിൽ ബഹുദൂരം മുന്നേറാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സകലയിടങ്ങളിലും ഓരോ പെൺകുട്ടിക്കും യുവതിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അവസരം നൽകി അഭിവൃദ്ധിയിലേക്കും സമൂഹത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി സ്വയം സമർപ്പിക്കാൻ ഇടയാക്കണമെന്ന ഫ്രാൻസിസ് പാപ്പായുടെ ശക്തമായ ആഹ്വാനത്തെ അനുസ്മരിച്ചു കൊണ്ടാണ് കർദ്ദിനാൾ പിയെത്രോ പരോളി൯ തന്റെ സന്ദേശം ഉപസംഹരിച്ചത്.