പാപ്പാ:യുവജന സ്വാതന്ത്ര്യത്തെ ഹനിക്കാത്ത പിതൃസ്നേഹം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
നാലാം അദ്ധ്യായം
മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും.
നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.
111. മറ്റുള്ളവയെല്ലാം മാറ്റി വച്ചിട്ട് ഞാനിപ്പോൾ യുവജനത്തോടു നമുക്ക് നിശബ്ദരാകാൻ പാടില്ലാത്ത ഏക കാര്യത്തെപ്പറ്റി സത്താപരമായിട്ടുള്ളതിനെ പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നു. നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന മൂന്ന് മഹാ സത്യങ്ങൾ അടങ്ങിയിരിക്കുന്ന ഒരു സന്ദേശമാണ് അത്.
112. സ്നേഹം തന്നെയായ ഒരു ദൈവം
നിങ്ങൾ ഓരോരുത്തരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒന്നാമത്തെ സത്യമിതാണ്."ദൈവം നിങ്ങളെ സ്നേഹിക്കുന്നു." ഈ വസ്തുത നിങ്ങൾ കേട്ടിട്ടുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. ഞാൻ ഇത് നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ജീവിതത്തിൽ നിങ്ങൾക്ക് എന്ത് സംഭവിച്ചാലും ഇക്കാര്യത്തിൽ നിങ്ങൾ സംശയിക്കരുത്. ഓരോ നിമിഷവും നിങ്ങൾ അന്തമായി സ്നേഹിക്കപ്പെടുന്നു.
113. സ്വർഗ്ഗ പിതാവിന്റെ സ്നേഹം
ഒരുപക്ഷേ, പിതൃത്വത്തെ കുറിച്ചുള്ള നിങ്ങളുടെ അനുഭവം ഏറ്റവും നല്ലതായിരുന്നിരിക്കുകയില്ല. നിങ്ങളുടെ ലൗകിക പിതാവ് അകലെയായിരുന്നിരിക്കാം. അല്ലെങ്കിൽ ഇല്ലാതിരുന്നിരിക്കാം. അല്ലെങ്കിൽ, കർക്കശക്കാരനോ ആധിപത്യം പുലർത്തുന്നവനോ ആയിരുന്നിരിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമായ പിതാവായിരുന്നിരിക്കുകയില്ല. എനിക്കറിഞ്ഞുകൂടാ. പക്ഷേ, പൂർണ്ണ തീർച്ചയോടെ എനിക്ക് നിങ്ങളോടു പറയാൻ കഴിയുന്നത് ഇതാണ്: നിന്റെ സ്വർഗ്ഗീയ പിതാവിന്റെ ആശ്ലേഷത്തിൽ നിനക്ക് സുരക്ഷിതത്വം അനുഭവിക്കാൻ കഴിയും. നിനക്ക് ആദ്യം ജീവൻ നൽകുകയും ജീവൻ നൽകൽ ഓരോ നിമിഷവും തുടരുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവിന്റെ ആശ്ലേഷത്തിൽ തന്നെ. അവിടുന്ന് നിന്റെ ഉറപ്പുള്ള പിന്തുണയായിരിക്കും. അവിടുന്ന് നിന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായി ആദരിക്കുന്നുണ്ടെന്നും നീ മനസ്സിലാക്കും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ഇന്ന് നാം വിചിന്തനം ചെയുന്ന ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ നാലാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്തിൽ തന്നെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ മൂന്നു മഹാ സത്യങ്ങളെ കുറിച്ച് സംസാരിക്കുന്നു. പ്രത്യേകിച്ച് യുവജനങ്ങളോടാണ് അദ്ദേഹം ഈ അദ്ധ്യായത്തിൽ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നത്. യുവ ജനങ്ങളോടു മൂന്നു മഹാ സത്യങ്ങൾ എന്താണെന്ന് പാപ്പാ വിശദീകരിക്കുന്നു. അവ "ദൈവം സ്നേഹിക്കുന്നു. ദൈവം രക്ഷിക്കുന്നു. ദൈവം ജീവിക്കുന്നു" എന്ന സത്യങ്ങളാണ്. ഈ മൂന്നു സത്യങ്ങളെകുറിച്ച് പാപ്പാ വളരെ വ്യക്തമായി വിശദീകരിക്കുന്നു.
ഇന്ന് നാം വിചിന്തനം ചെയ്യുന്ന ആദ്യ ഖണ്ഡികയിൽ പാപ്പാ ഈ മഹാ സത്യങ്ങളെ കുറിച്ച് ഒരിക്കലും നിശബ്ദരായി ഇരിക്കാൻ കഴിയുകയില്ല എന്ന സത്യമാണ് വെളിപ്പെടുത്തുന്നത്. ദൈവം സ്നേഹിക്കുന്നു എന്ന യാഥാർഥ്യത്തെ ഓരോ യുവാവും അറിഞ്ഞിരിക്കണം എന്ന് ആത്മാർത്ഥമായി ഹൃദയംകൊണ്ട് ആഗ്രഹിക്കുന്ന പാപ്പാ എങ്ങനെയാണ് ദൈവം സ്നേഹിക്കുന്നത് എന്ന് വിവരിക്കുകയും ചെയ്യുന്നു.
ഈ ലോകത്തിൽ നമ്മെ സംരക്ഷിക്കുന്ന ഭൗതിക പിതാവിനെയും സ്വർഗ്ഗീയ പിതാവിനെയും തമ്മിൽ താരതമ്യപ്പെടുത്തി നമ്മെ നിരന്തരം സംരക്ഷിക്കുന്ന നമുക്ക് ജീവൻ നൽകുകയും അത് തുടരുകയും ചെയ്യുന്ന സ്വർഗ്ഗ പിതാവിന്റെ സ്നേഹത്തെക്കുറിച്ച് പാപ്പാ വിശദീകരണം നൽകുന്നു. സ്വർഗ്ഗ താതന്റെ സ്നേഹത്തെ വ്യക്തമായി വിശദീകരിക്കുന്നതിനു മുമ്പ് പാപ്പാ ചില ജീവിത യാഥാർത്ഥ്യങ്ങളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
നാമൊക്കെ പറയാറുണ്ട് ഓരോ എഴുത്തുകാരന്റെയും ജീവിതവും മനോഭാവവും അവന്റെ എഴുത്തുകളിൽ തെളിഞ്ഞുവരുന്നത് കാണാൻ കഴിയുമെന്ന്. അതുപോലെതന്നെ നമുക്ക് സ്നേഹമുള്ള, വാത്സല്യമുള്ള, നമ്മെ സംരക്ഷിക്കുന്ന, സുരക്ഷിതത്വം തരുന്ന ഒരു അപ്പച്ചനെയാണ് നമുക്ക് ലഭിച്ചിരിക്കുന്നവെങ്കിൽ പിതൃത്വത്തെ കുറിച്ചുള്ള നമ്മുടെ മനോഭാവത്തെയും ചിന്താഗതിയെയും അത് സ്വാധീനിക്കും . എന്നാൽ ക്രൂരനായ, എപ്പോഴും എല്ലാറ്റിലും കർക്കശക്കാരനായ, സ്നേഹമില്ലാത്ത ഒരു പിതാവിന്റെ തണലിലാണ് നാം വളർന്നതെങ്കിൽ മറ്റു പിതാക്കന്മാരെ കുറിച്ചുളള നമ്മുടെ സമീപനം അതനുസരിച്ചായിരിക്കും. നമ്മുടെ ചിന്താഗതികളും, മനോഭാവവും അകലങ്ങൾ തീർക്കുന്നവയായിരിക്കും. ഈ വസ്തുതയെ നിരാകരിക്കാതെ തന്നെ ഫ്രാൻസിസ് പാപ്പാ എന്നാൽ സ്വർഗ്ഗീയ പിതാവ് ഇങ്ങനെ അല്ല എന്നും അവിടുന്ന് സ്നേഹം മാത്രം നൽകുന്ന പിതാവാണെന്നും ആ സ്നേഹത്തെ നാമോരോരുത്തരും പ്രത്യേകിച്ച് യുവജനങ്ങൾ തിരിച്ചറിയണം എന്നും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഈ സ്വർഗ്ഗീയ പിതാവിൽ നിനക്ക് സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കും എന്ന് ദൃഢമായി പറയുന്നത്. അവൻ നിന്റെ ജീവനെ വിലമതിക്കും. നിന്നെ ആശ്ലേഷിക്കും. നിന്റെ ഓരോ ചുവട് വയ്പ്പിലും, നിന്റെ ഓരോ തകർച്ചയിലും, നീ എടുക്കുന്ന ഓരോ സംരംഭങ്ങളിലും, നിനക്ക് ഉറപ്പുള്ള പിന്തുണയായിരിക്കും. എല്ലാറ്റിനേക്കാൾ ഉപരിയായി നിന്റെ സ്വാതന്ത്ര്യത്തെ പൂർണ്ണമായി ആദരിക്കുന്നുണ്ടെന്ന് നിനക്ക് ബോധ്യപ്പെടുന്ന രീതിയിൽ അവിടുന്ന് നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും എന്ന്.
ദൈവം സ്നേഹിച്ചതിന്റെ സ്നേഹിക്കുന്നതിന്റെ ഒരു പാട് അനുഭവങ്ങൾ ജീവിതത്തിൽ സ്വന്തമാക്കിയവരാണ് നാം. അവ തിരിച്ചറിഞ്ഞതും ഇനിയും തിരിച്ചറിയേണ്ടതും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തതുമാകാം. നാം പ്രതീക്ഷിക്കാത്ത വേളകളിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന വിസ്മയ കാഴ്ച്ചകൾ ദൈവം നമ്മുടെ ജീവിതത്തിൽ സമ്മാനിച്ചിട്ടുണ്ടാകാം. പഴയ നിയമത്തിൽ ദൈവം ഏശയ്യാ പ്രവാചകനിലൂടെ പങ്കു വയ്ക്കുന്ന സ്നേഹത്തിന്റെ ഒരു വാഗ്ദാനമുണ്ട്. കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരുവിന്റെ നയനങ്ങൾ നിന്നിൽ നിന്നും മറഞ്ഞിരിക്കുക ഇല്ല എന്ന വചനത്തിലൂടെ. എത്ര സാന്ത്വനിപ്പിക്കുന്ന ഒരു വചനമാണിത്. ഇത് ദൈവത്തിന്റെ വെറും വാക്ക് മാത്രമല്ല; അവിടുത്തെ വികാരവും കൂടിയാണ്. അത് നമ്മുടെ ജീവിതത്തിൽ നമ്മൾ എത്ര വട്ടം അറിഞ്ഞും അറിയാതെയും നാം അനുഭവിച്ചിരിക്കുന്നു. നമൊക്കെ നമ്മുടെ സ്വപ്നങ്ങളെ മറന്നു പോയേക്കാം. എന്നാൽ നമ്മെ സ്നേഹിക്കുന്ന ദൈവ പിതാവിന്റെ ഹൃദയം നമ്മുടെ സ്വപ്നങ്ങളെ ഒരിക്കലും മറക്കുകയില്ല. നമ്മുടെ ജീവിതത്തിൽ അത് നന്മയ്ക്കു വേണ്ടിയുള്ള സ്വപ്നമാണെങ്കിൽ ദൈവം തീർച്ചയായും അതിനെ സാക്ഷത്കരിച്ചു തരും. നമുക്ക് ജീവൻ നൽകിയ നല്ല ദൈവം നമ്മുടെ ജീവനെ സംരക്ഷിക്കുകയില്ലേ? അവിടുന്ന് നമ്മെ തക്ക സമയത്തു ഉയർത്തുമെന്നു വിശുദ്ധ പത്രോസ് ശ്ലീഹായും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ദൈവത്തിന്റെ ഹൃദയം അമ്മയുടെ ഹൃദയം പോലെയാണന്ന് നാം വിശുദ്ധ ഗ്രന്ഥത്തിൽ നിരവധി സ്ഥലങ്ങളിൽ വായിക്കുന്നു. അവിടെയെല്ലാം പ്രതികാരം ചെയ്യുന്ന ദൈവത്തിന്റെ മുഖമല്ല നാം കാണുന്നത്. സ്നേഹപൂർവ്വം ശിക്ഷണം നൽകുന്ന ആ ശിക്ഷണം നമ്മെ വേദനിപ്പിച്ചെന്നോർത്തു വിലപിക്കുന്ന അമ്മയായ ദൈവത്തെയാണ് നാം കാണുന്നത്. ഇന്ന് യുവജനങ്ങളുടെ വലിയൊരു സങ്കടമാണ് അവരെ കേൾക്കാൻ ആരുമില്ല എന്നത്. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാൻ ആരുമില്ല; അവരുടെ തീരുമാനങ്ങളിൽ സന്തോഷിക്കാൻ ആരുമില്ല എന്നതും. മുഖമറിയാത്ത ചില സുഹൃത്ത് ബന്ധങ്ങളിൽ വിശ്വാസമർപ്പിച്ചു ഫേസ്ബുക് പേജിൽ കുറെ ലൈക്കുകളിലും കമന്റുകളിലും സ്നേഹ ബന്ധങ്ങളെ തിരയുന്ന യുവജനങ്ങൾ അവയൊക്കെ വ്യർത്ഥമാണെന്നും സ്നേഹത്തിന്റെ ചെറിയൊരു അംശം പോലുമില്ലാതെയുള്ള ഉപരിവിപ്ലവ ബന്ധങ്ങൾ മാത്രമാണവയെന്നും ഒരു ദിവസം തിരിച്ചറിയുമ്പോൾ അവരെ വലയം ചെയ്യുന്ന നിരാശ ഊഹിക്കാവുന്നതേയുള്ളൂ. ആത്മഹത്യകളുടെ അനേകം കഥകളിൽ ഒളിഞ്ഞിരിക്കുന്ന സത്യമാണിത്. ഈ അവസരത്തിൽ നമ്മുടെ ഹൃദയത്തെ ബൈബിളിൽ കാണുന്ന ധൂർത്ത പുത്രനെ പോലെ സ്വന്തം ഹൃദയത്തിലേക്കു ഒന്ന് നോക്കുകയാണെങ്കിൽ സ്വർഗ്ഗീയ പിതാവിന്റെ കാത്തിരിപ്പിന്റെ സ്നേഹം, കുറ്റപ്പെടുത്താതെ കൂട്ടി പിടിക്കുന്ന സ്നേഹം നമുക്ക് അനുഭവിക്കാൻ കഴിയും. സ്വർഗ്ഗത്തിനും നിനക്കുമെതിരായുള്ള അരുതായ്മകൾ പൊറുക്കണേ പിതാവേ എന്ന നമ്മുടെ ഒരു നിലവിളിയിൽ തന്റെ കരളലിയിപ്പിക്കുന്ന അമ്മ ദൈവത്തെ നമുക്ക് അനുഭവിക്കാൻ കഴിയുമെന്നത് ഉറപ്പാണ്.
ഈ ദൈവത്തെ കുറിച്ചാണ് പാപ്പാ യുവജനങ്ങളോടു പറയുന്നത്. ദൈവ സ്നേഹത്തിന്റെ മാധുര്യം ഒരിറ്റനുഭവിച്ച ഒരു വ്യക്തിക്കും ഒരിക്കലും ആ സ്നേഹത്തിൽ നിന്നും പിന്നീട് അകന്നു നിൽക്കാൻ, വിട്ടു പോകാൻ കഴിയുകയില്ല. നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ നമ്മുടെ തിരിച്ചുവരവിനായി കാത്തിരുന്നും സാഹചര്യങ്ങൾ ഒരുക്കിയും നമ്മെ തന്നിലേക്ക് ചേർക്കാൻ മടിക്കാത്ത സ്നേഹമാണ് ദൈവത്തിന്റേത്. ദേവാലയങ്ങളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന സക്രാരിയിൽ അപ്പത്തിന്റെ രൂപത്തിൽ ജീവിക്കുന്ന ദൈവത്തിന്റെ മുന്നിൽ ചെന്നിരുന്നാൽ മാത്രമല്ല അവൻ നമ്മുടെ വിളിക്കു ഉത്തരം നൽകുന്നത്. അവിടുന്നു നാം എവിടെ വെച്ച് എപ്പോൾ വിളിച്ചാലും നമ്മുടെ അരികിലെത്തും. കാരണം അവിടുന്ന് നമ്മോടു പറയുന്നുണ്ട്. നിന്നെ കുറിച്ച് എനിക്കു കരുതലുണ്ട്. നിനക്കു വേണ്ടി ഞാൻ ഉറങ്ങുകയില്ല മയങ്ങുകയില്ല. നീ എവിടെ ചെന്നാലും നിന്റെ കൂട്ടിനു ഞാനുണ്ടാകും. മരണത്തിന്റെ ഇരുൾ വീണ താഴ്വാരത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാലും നീ ഭയപ്പെടേണ്ട. നിന്റെ കൂടെ നിന്നെ ശക്തിപ്പെടുത്തുന്ന ദൈവമുണ്ട്. പഴയ നിയമത്തിൽ മനുഷ്യരിലൂടെ വെളിപ്പെടുത്തപ്പട്ടെ ദൈവ സ്നേഹം പുതിയ നിയമത്തിൽ മനുഷ്യനായി തന്നെ അവതരിച്ചു തന്റെ സ്നേഹത്തെ വെളിപ്പെടുത്തി. അത് കൊണ്ടാണ് പാപ്പാ ഓരോ യുവജനത്തെയും ദൈവം വ്യക്തിപരമായി വ്യവസ്ഥകൾ ഇല്ലാതെ സ്നേഹിക്കുന്നുവെന്നു പറയുന്നത്.
നമ്മുടെ ജീവിതത്തിൽ ദൈവമില്ലാതെ നമുക്ക് ഒരു നിമിഷം പോലും ജീവിക്കാനാവില്ല. നമുക്ക് വേണ്ടി ജീവിക്കാൻ മരിച്ച് ഉത്ഥിതനായ ഒരു ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴമറിയണമെങ്കിൽ ആ സ്നേഹത്തെ നാം അടുത്തനുഗമിക്കുകയും അനുഭവിക്കുകയും വേണം. ദൈവം നമ്മെ, ഓരോ യുവതീ-യുവാക്കളെയും സ്നേഹിക്കുന്നു. സഭയുടെയും സമൂഹത്തിന്റെയും വർത്തമാനവും ഭാവിയുമായ യുവജനങ്ങളെ അവരുടെ ജീവിതത്തിന്റെ ഓരോ ചുവട് വയ്പ്പിലും കൂടെ നിന്ന് അവരറിയാതെ അവരുടെ സഞ്ചാരങ്ങളിൽ സഹ ചാരിയായി സഞ്ചരിക്കുന്ന ദൈവം. ഈ ദൈവത്തിന്റെ സ്നേഹത്തെ എല്ലാ യുവജനങ്ങളും മനസ്സിലാക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: