തിരയുക

പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തി!

ഫ്രാൻസീസ് പാപ്പായുടെ ഹങ്കറി, സ്ലൊവാക്യ എന്നീ നാടുകളിലെ ചതുർദിന ഇടയസന്ദർശനം ബുധനാഴ്ച സമാപിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിനാലാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തിരശ്ശീല വീണു. പന്ത്രണ്ടാം തീയതി, ഞായറാഴ്‌ച (12/09/21) രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിൽ വിമാനമിറങ്ങിയ പാപ്പാ അന്നാട്ടിലെ തൻറെ ഇടയസന്ദർശാനജന്തയിലെ മുഖ്യ പരിപാടിയായിരുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൻറെ സമാപന ദിവ്യപൂജാർപ്പണാനന്തരം ഈ ചതുർദിന അജപാലന സന്ദർശനത്തിൻറെ രാണ്ടാം പാദമായിരുന്ന സ്ലൊവാക്യയിൽ എത്തി. ഞായറാഴ്ച ഉച്ച മുതൽ ബുധനാഴ്ച ഉച്ച വരെ പാപ്പാ അന്നാട്ടിൽ ചിലവഴിച്ചു.  ബുധനാഴ്ച  (15/09/21) ഉച്ചതിരിഞ്ഞ് പാപ്പാ റോമിലേക്ക് വിമാനം കയറി. ഇടയസന്ദർശനത്തിനായി പാപ്പാ വ്യോമ-കര മാർഗ്ഗങ്ങളിലായി മൊത്തം 2772 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. 13 പ്രഭാഷണങ്ങൾ നടത്തി. ഈ ഇടയസന്ദർശനം കൃത്യമായി പറയുകയാണെങ്കിൽ 3 ദിവസവും 9 മണിക്കൂറും 30 മിനിറ്റും ദീർഘിച്ചു.

പാപ്പായുടെ ഇടയസന്ദർശനത്തിൻറെ ഉപാന്ത്യദിനമായിരുന്ന ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞും സമാപനദിനമായിരുന്ന ബുധനാഴ്ച  രാവിലെയും നടന്ന പരിപാടികളിലേക്ക് ഒരു തിരനോട്ടം                      

പാപ്പാ കൊഷിത്സെ സെമിനാരിയിലേക്ക്

ചൊവ്വാഴ്‌ച (14/09/21) ഉച്ചയ്ക്കു മുമ്പ് പ്രെഷോവിലെ മെസ്ത്കാ ഷ്പൊർത്തൊവാ (Mestská Sportova) കായിക മൈതാനിയിൽ ബൈസൻറയിൻ റീത്തിൽ ദിവ്യബലി അർപ്പിച്ച പാപ്പാ അതിനുശേഷം 43 കിലോമിറ്റർ അകലെയുള്ള കൊഷിത്സെ (Košice)യിൽ വിശുദ്ധ ചാൾസ് ബൊറോമെയൊയുടെ നാമത്തിലുള്ള വലിയ സെമിനാരിയിലേക്ക് കാറിൽ യാത്രയായി.

സെമിനാരിയിലേക്കുള്ള യാത്രാവേളയിൽ പാപ്പാ ഇടയ്ക്കു വച്ച് ഈശോസഭയുടെ മേൽനോട്ടത്തിലുള്ള ഒരു ധ്യാനകേന്ദ്രത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയും പ്രെഷോവിൽ ദിവ്യബലിക്കായി എത്തിയിരുന്ന മെത്രാന്മാർക്കു വേണ്ടി ഉച്ചഭക്ഷണം ഒരുക്കകയായിരുന്നുതിനാൽ വിശുദ്ധകുർബ്ബാനയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സഹോദരങ്ങളുമൊത്തു അല്പനേരം ചിലവഴിക്കുകയും ചെയ്തു. പാപ്പാ നേരെ അടുക്കളയിലേക്കു പോകുകയും അവിടെ ഉണ്ടായിരുന്നവരെയെല്ലാം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് പുറത്തേക്കിറങ്ങിയ പാപ്പാ ഉദ്യാനത്തിൽ വച്ച് ഈശോസഭാംഗളുമൊത്ത് കൂടിക്കാഴ്ച നടത്തി.

തദ്ദനന്തരം സെമിനാരിയിലേക്കുള്ള കാർയാത്ര തുടർന്ന പാപ്പാ അവിടെ എത്തി ഉച്ചഭഷണം കഴിച്ച് അല്പം വിശ്രമിച്ചു. സെമിനാരിയിൽ നിന്ന് വിടപറയുന്നതിനു മുമ്പ് പാപ്പാ വിശുദ്ധ യൗസേപ്പിതാവിൻറെ ഒരു സ്വരൂപം സെമിനാരി റെക്ടറിന് സമ്മാനിച്ചു.

നാടോടി വംശജരുമായുള്ള നേർക്കാഴ്ച 

പാപ്പാ ചൊവ്വാഴ്ച  വൈകുന്നേരം പ്രാദേശികസമയം 3.45-ന്, ഇന്ത്യയിലെ സമയം രാത്രി 7.15-ന് നാടോടിവംശജരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ലുൺയീക് (Luník) എന്ന സ്ഥലത്തേക്കു പോയി. കൊഷിത്സേയിലെ 22 ജില്ലകളിലൊന്നും സ്ലൊവാക്യയിൽ നാടോടിവംശജർ ഏറ്റവും കൂടുതൽ വസിക്കുന്ന ഇടവുമാണ് ലുൺയീക്. ഇവരുടെ അജപാലന ശ്രദ്ധയ്ക്കായി സലേഷ്യൻ സമൂഹത്തിൻറെ കീഴിൽ ഒരു കേന്ദ്രവും ഉണ്ട്. ഇതിൻറെ ചുമതല വഹിക്കുന്നത് വൈദികൻ പീറ്റർ ബെഷെനെയീ ആണ്. ഈ കേന്ദ്രത്തിൻറെ മുന്നിലുള്ള ചത്വരത്തിലായിരുന്നു ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കിയിരുന്നത്. അവിടെ എത്തിയ പാപ്പായെ അവർ കൈകൊട്ടി പാട്ടു പാടി വരവേറ്റു. സലേഷ്യൻ കേന്ദ്രത്തിൻറെ മേധാവി ഫാദർ പീറ്റർ ബെഷെനെയീ, അദ്ദേഹത്തിൻറെ മൂന്ന് സഹസന്ന്യാസ സഹോദരർ, രണ്ടു നാടോടിക്കുട്ടികൾ എന്നിവർ ചേർന്ന് പാപ്പായെ സ്വീകരിച്ചു. തുടർന്ന് ഫാദർ പീറ്റർ ബെഷെനെയീ പാപ്പായെ സ്വാഗതം ചെയ്തു.

നാടോടി വംശജർക്കായി സലേഷ്യൻ സമൂഹം അവിടെ നടത്തുന്ന പ്രവർത്തനങ്ങൾ തൻറെ പ്രഭാഷണത്തിൽ പാപ്പായ്ക്കു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം ഈ യത്നത്തിൽ സഹകരിക്കുന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

ഫാദർ പീറ്ററിൻറെ വാക്കുകളെ തുടർന്ന് നാടോടിവംശജരുടെ സാക്ഷ്യങ്ങളായിരുന്നു. ആദ്യം സാക്ഷ്യമേകിയത് അഞ്ചു മക്കളുടെ പിതാവായ ജാൻ ഹീറൊ ആയിരുന്നു.

സാക്ഷ്യങ്ങൾ

6 വർഷം മുമ്പ് നാടോടി വംശജരുടെ ഒരു സമൂഹം റോമിലേക്കു നടത്തിയ തീർത്ഥാടനവേളയിൽ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ മധുരസ്മരണ അയവിറക്കിക്കൊണ്ടാണ് യാൻ ഹീറൊ തൻറെ സാക്ഷ്യം ആരംഭിച്ചത്. പ്രസ്തുത കൂടിക്കാഴ്ചാവേളയിൽ പാപ്പാ സഭയ്ക്ക് തങ്ങളോടുള്ള സ്നേഹം ഉറപ്പു നല്കിയതും സഭയിൽ അവർ പ്രാന്തവൽകൃതരല്ലെന്നും സഭയുടെ കേന്ദ്രത്തിൽ, ഹൃദയസ്ഥാനത്ത് അവരുണ്ടെന്നും പാപ്പാ അന്നു വിശുദ്ധ പോൾ ആറാമൻ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞതും അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് സാക്ഷ്യമേകിയത് നാടോടി ദമ്പതികളായിരുന്നു. ഈ സാക്ഷ്യങ്ങൾക്കു ശേഷം പാപ്പാ അവരെ സംബോധന ചെയ്തു.

ആരെയും അകറ്റി നിറുത്താത്തതും എല്ലാവരെയും ആശ്ലേഷിക്കുന്നതുമായ സഭ

തനിക്കേകിയ ഊഷ്മള വരവേല്പിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ താൻ ശ്രവിച്ച സാക്ഷ്യങ്ങൾക്കുള്ള മറുപടിയെന്നോണം തൻറെ പ്രസംഗം ആരംഭിച്ചത്. യാൻ ഹീറോ തൻറെ സാക്ഷ്യത്തിൽ വിശുദ്ധ പോൾ ആറാമൻറെ വാക്കുകൾ, അതായത് “നാടോടിവംശജർ സഭയിൽ അരികുകളില്ല, അവർ സഭയുടെ ഹൃദയസ്ഥാനത്താണ” എന്ന് അനുസ്മരിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പാപ്പാ പുറന്തള്ളപ്പെടുകയൊ മാറ്റി നിറുത്തപ്പെടുകയൊ ചെയ്തവരാണ് തങ്ങളെന്ന തോന്നൽ സഭയിൽ ആർക്കും ഉണ്ടാകരുതെന്നു പറഞ്ഞു. കാരണം സഭയായിരിക്കുകയെന്നാൽ ദൈവത്താൽ വിളിച്ചുകൂട്ടപ്പെട്ടവരായി ജീവിക്കുകയും, ഒരേ സംഘത്തിലെ അംഗങ്ങളാണെന്ന ബോധ്യം പുലർത്തുകയുമാണെന്നും വ്യത്യസ്തരായ നാമെല്ലാവരും തനിക്കു ചുറ്റും ഉണ്ടായിരിക്കണമെന്നാതാണ് ദൈവഹിതമെന്നും പാപ്പാ വ്യക്തമാക്കി.

മുൻവിധികളെ മറികടക്കുകയും മറ്റുള്ളവരെ വിലമതിക്കുകയും ചെയ്യുക അത് ക്രൈസ്തവക്കിടയിലാണെങ്കിലും അത്ര എളുപ്പമല്ലെന്നും, പലപ്പോഴും നാം അപരനെ ഒരു പ്രതിബന്ധമായൊ ശത്രുവായൊ കാണുന്ന പ്രവണത പ്രബലമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

എന്നാൽ യേശു പറയുന്നത് ആരെയും വിധിക്കരുത് എന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നാടോടി വംശജർ മുൻവിധികൾക്കും തെറ്റിദ്ധാരണകൾക്കും വിവേചനത്തിനും നിന്ദനത്തിനുമൊക്കെ പലപ്പോഴും ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ജനങ്ങളെ ചേരിതിരിച്ചു നിറുത്തുന്നത് ഒരിക്കലും ഒന്നിനും പരിഹാരമല്ല എന്ന് വ്യക്തമാക്കി. അടച്ചു പൂട്ടൽ ഇപ്പോഴല്ലെങ്കിൽ പിന്നീട് ആളിക്കത്തുന്ന പ്രകോപനത്തിന് കാരണമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനപരമായ സഹജീവനത്തിൻറെ പാത ഉദ്ഗ്രഥനമാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഇത് ഒരു ക്രമനിബദ്ധവും മന്ദഗതിയിലുള്ളതും നിർണ്ണായകവും അതോടൊപ്പംതന്നെ പരസ്പരം അറിയുന്നതിലൂടെ തുടക്കമിടുന്നതും ക്ഷമയോടെ മുന്നേറുന്നതും ഭാവിയോന്മുഖവുമായ ഒരു പ്രക്രിയ ആണെന്ന് പാപ്പാ വിശദീകരിച്ചു.

ഈ സാകല്യപ്രക്രിയയുമായി മുന്നോട്ടുപോകുന്ന എല്ലാവരോടും തൻറെ നന്ദി പ്രകാശിപ്പിച്ച പാപ്പാ എല്ലാവരുടെയും സമഗ്രവികസനത്തിനായി യത്നിക്കാൻ വൈദികർക്കും സന്ന്യാസിസന്ന്യാസിനികൾക്കും അത്മായ വിശ്വാസികൾക്കും പ്രചോദനം പകർന്നു.

ഭീതിയെയും ഗതകാല മുറിവുകളെയും മറികടന്ന് ആത്മവിശ്വാസത്തോടെ പടിപടിയായി മുന്നേറാൻ നാടോടി വംശജരായ എല്ലാവർക്കും പ്രോത്സാഹനമേകുകയും ആകമാന സഭയുടെ സ്നേഹാശ്ലേഷം അവർക്കേകുകയും ചെയ്തുകൊണ്ടാണ് പാപ്പാ തൻറെ വാക്കുകൾ ഉപസംഹരിച്ചത്.

പ്രഭാഷണാന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവർക്കും അപ്പൊസ്തോലികാശീർവ്വാദം നല്കി.

യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച 

നാടോടി വംശജരുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പായുടെ അടുത്ത പരിപാടി ലുൺയീക്കിൽ  നിന്ന് 7 കിലോമീറ്ററിലേറെ അകലെയുള്ള ലോക്കൊമോട്ടീവ് സ്റ്റേഡിയത്തിൽ വച്ച് യുവജനങ്ങളുമൊത്തുള്ള നേർക്കാഴ്ച ആയിരുന്നു. 1959-ൽ പണിത ഈ സ്റ്റേഡിയം പതിനായിരം പേർക്ക് ഇരിപ്പിട സൗകര്യമുള്ളതാണ്. സ്റ്റേഡിയത്തിനരികെ പാപ്പാ കാറിൽ വന്നിറങ്ങിയപ്പോൾ യുവതയുടെ കരഘോഷവും ആരവങ്ങളും ഗായകസംഘത്തിൻറെ സംഗീതവും ഇടകലർന്ന് അന്തരീക്ഷത്തിൽ അലതല്ലി.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സോവ്യറ്റ് പടയാളി വധിച്ച സ്ലോവാക്യസ്വദേശിനിയായ യുവതി വാഴ്ത്തപ്പെട്ട ആന്ന കൊളെസാറൊവായെ ഈ യുവജനസംഗമത്തിൽ പ്രത്യേകം അനുസ്മരിച്ചു. പാപ്പായ്ക്കും മറ്റു പ്രതിനിധികൾക്കും ഇരിപ്പിടമൊരുക്കിയ വേദിയുടെ പശ്ചാത്തലത്തിൽ വാഴ്ത്തപ്പെട്ടവളായ കൊളെസാറൊവായുടെ ചിത്രം കാണാമായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കവിധം സജീകരിച്ചിരുന്ന പേപ്പൽ വാഹനത്തിൽ സ്റ്റേഡിയത്തിൽ വലം വച്ച് എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ വേദിക്കടുത്തെത്തി വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ യുവജന അജപാലന ചുമതലയുള്ള വ്യക്തിയും രണ്ടു യുവജന പ്രതിനിധികളും ചേർന്നു സ്വീകരിച്ചു. ഈ യുവജന പ്രതിനിധികൾ പാപ്പായ്ക്കു പുഷ്പമഞ്ജരി സമർപ്പിച്ചു. അപ്പോഴും ഗായക സംഘം സംഗീതമഴ വർഷിക്കുന്നുണ്ടായിരുന്നു. കൊഷിത്സെ അതിരൂപതയുടെ ആർച്ചുബിഷപ്പ് ബെർണ്ണാഡ് ബോബെർ പാപ്പയെ സ്വാഗതം ചെയ്തു.

തങ്ങളുടെ മദ്ധ്യേയുള്ള പാപ്പായുടെ സാന്നിദ്ധ്യം സ്ലൊവാക്യയ്ക്കു മുഴുവൻ ആന്ദം പ്രദാനം ചെയ്യുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് ആർച്ചുബിഷപ്പ് ബെർണ്ണാഡ് ബോബെർ തൻറെ സ്വാഗത വാക്കുകൾ ആരംഭിച്ചത്. തങ്ങളുടെ ജീവിതത്തിന് വീര്യവും പ്രചോദനവും ലഭിക്കുന്ന ഒരു വേളയാണിതെന്ന് അദ്ദേഹം പറഞ്ഞു.

ആർച്ചുബിഷപ്പ് ബെർണ്ണാഡിൻറെ വാക്കുകളെ തുടർന്ന് മൂന്നു പേരുടെ സാക്ഷ്യമായിരുന്നു.

വെള്ളയടിച്ച കുഴിമാടം ആകാൻ താൻ ആഗ്രഹിക്കുന്നില്ലയെന്ന് ആദ്യം കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് സാക്ഷ്യമേകിയ ദൈവശാസ്ത്ര വിദ്യാർത്ഥിനിയായ 29 വയസ്സുകാരിയായ പേത്ര ഫിലൊവാ പറഞ്ഞു.

37 വയസ്സു പ്രായമുള്ള കുടുംബനാഥനും മൂന്നു മക്കളുടെ പിതാവുമായ പീറ്റർ ലെഷാക് ആയിരുന്നു രണ്ടാമതായി സാക്ഷ്യമേകിയത്.  പവിത്രസ്നേഹത്തിൻറെ മൂല്യമായിരുന്നു അദ്ദേഹം എടുത്തുകാട്ടിയത്. പീറ്റർ, ലെൻക ദമ്പതികളും മൂന്നു മക്കളുമടങ്ങുന്ന ഒരു കുടുംബവും സാക്ഷ്യമേകി. ഈ സാക്ഷ്യങ്ങളെ തുടർന്ന് മനോഹരമായ ഒരു ഗാനം മുഴങ്ങി.

ഗാനാനന്തരം പാപ്പായുടെ പ്രഭാഷണമായിരുന്നു. യുവജനത്തോടുള്ള പ്രഭാഷണവും അവരുടെ സാക്ഷ്യങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു.

സ്നേഹം

ദാമ്പത്യസ്നേഹത്തെക്കുറിച്ചുള്ള പീറ്ററിൻറെയും സുസ്ക്കയുടെയും ചോദ്യത്തിനു പ്രത്യുത്തരമായി പാപ്പാ സനേഹം ഏറ്റവും വലിയ ജീവിതസ്വപ്നമാണെന്നും അത് അത്ര എളുപ്പമുള്ള ഒരു സ്വപ്നമല്ലെന്നും, അത് മനോഹരവും ഒപ്പം ആയാസകരവും ആണെന്നും പാപ്പാ വിശദീകരിച്ചു.

എല്ലാം കൈവശമാക്കുകയും എളുപ്പത്തിൽ നേടിയെടുക്കുകയും ചെയ്യുന്നതല്ല സ്നേഹമെന്നും അത് ഉപയോഗിച്ചു വലിച്ചെറിയുന്ന യുക്തിക്ക് വിരുദ്ധമാണെന്നും പറഞ്ഞ പാപ്പാ സ്നേഹം വിശ്വസ്തതയും ദാനവും ഉത്തരവാദിത്വവും ആണെന്ന് ഉദ്ബോധിപ്പിച്ചു.

താൽക്കാലികതയുടെ സംസ്കൃതിയോടു മല്ലിട്ട് വികാരങ്ങൾക്കെതിരെ നീന്തി ആജീവനാന്തം പൂർണ്ണമായി സ്നേഹിക്കേണ്ടതിൻറെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടുകയും ഇതാണ് ഇന്നിൻറെ വിപ്ലവമെന്ന് പ്രസ്താവിക്കുകയും ചെയ്തു. സ്നേഹം ഫലം നല്കണമെങ്കിൽ അതിൻറെ വേരുകൾ മറന്നുപോകരുതെന്നും ഈ വേരുകൾ മാതാപിതാക്കൾ, വിശിഷ്യ, മുത്തശ്ശീമുത്തച്ഛന്മാർ ആണെന്നും അവരാണ് നിലം ഒരുക്കിയിരിക്കുന്നതെന്നും ആ വേരുകൾ നനയ്ക്കുകയും മുത്തശ്ശീമുത്തച്ഛന്മാരുടെ ചാരെ ആയിരിക്കുകയും വേണമെന്നും പാപ്പാ ഉപദേശിച്ചു. 

നിലത്തു നില്ക്കണമെന്നും ജീവിതവുമായുള്ള ബന്ധം വിച്ഛേദിച്ച് മായലോകത്ത് സഞ്ചരിക്കുന്നത് ഗുണകരമല്ലെന്നും അത് സാത്താൻറെ പ്രലോഭനമാണെന്നും സ്വയം അടച്ചിടാതെ എല്ലാവർക്കുമായി തുറന്നിടണമെന്നും പാപ്പാ പറഞ്ഞു. സ്നേഹത്തെക്കുറിച്ച് വാചാലമാകുകയും എന്നാ। അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഒരു ലോകത്തിൻറെ സ്വാധീനത്തിൽപ്പെടരുതെന്ന് പാപ്പാ യുവതയ്ക്ക് മുന്നറിയിപ്പേകി.

പാപസങ്കീർത്തന കൂദാശ, ദൈവപിതാവിൻറെ ആശ്ലേഷം

യുവാവൊ യുവതിയൊ ദൈവിക കാരുണ്യത്തിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടാകുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതെങ്ങനെയെന്ന് പേത്ര പാപസങ്കീർത്തന കൂദാശയെക്കുറിച്ചുന്നയിച്ച ചോദ്യത്തിനും പാപ്പാ മറുപടി പറഞ്ഞു.

കുമ്പസാരമെന്ന കൂദാശയ്ക്കണയുമ്പോൾ സ്വാഭാവികമായും ചിന്തിക്കുക പാപത്തെക്കുറിച്ചാണെന്നും എന്നാൽ ശപിക്കപ്പെട്ടവ്യക്തികൾ എന്ന നിലയിലല്ല മറിച്ച് സ്വർഗ്ഗീയ പിതാവിൻറെ ആശ്ലേഷം സ്വീകരിക്കനോടിയണയുന്ന ദൈവമക്കൾ എന്ന നിലയിലാണ് അത് ചെയ്യേണ്ടതെന്നും പിതാവ് എല്ലാ സാഹചര്യങ്ങളിലും നിന്ന് നമ്മെ കൈപിടിച്ചുയർത്തുകയും എല്ലാ പാപങ്ങളും പൊറുക്കുകയും ചെയ്യുന്നുമെന്നും പാപ്പാ വിശദീകരിച്ചു.

കുമ്പസാരവേളയിൽ ലഭിച്ച പാപപ്പൊറുതിയെക്കുറിച്ച് ഓർക്കുകയും ആ ഹൃദയശാന്തി, ആ ആന്തരിക സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് പാപ്പാ ഉപദേശിച്ചു. ഓരോ തവണയും പാപസങ്കീർത്തന കൂദാശയ്ക്കണയുമ്പോൾ ദൈവപിതാവിൻറെ ആശ്ലേഷം സ്വീകരിക്കാനാണ് പോകുന്നതെന്ന് ഓർക്കണമെന്നും പാപ്പാ പറഞ്ഞു.

കുമ്പസാരവേളയിൽ നാം ദൈവത്തിനാണ് പ്രാഥമ്യം കല്പിക്കുന്നതെങ്കിൽ, അവിടന്നാണ് നായകനെങ്കിൽ തീർച്ചയായും അത് സുന്ദരമാകുകയും കുമ്പസാരം ആനന്ദത്തിൻറെ കൂദാശയായി മാറുകയും ചെയ്യുമെന്ന് പാപ്പാ ഉറപ്പു നല്കി. കുമ്പസാരത്തിനണയുമ്പോൾ നാം ഒരിക്കലും ലജ്ജയുടെ തടവുകാരായിരിക്കരുതെന്നും ദൈവം നമ്മെ സദാ സ്നേഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

കുരിശിനെ ആലിംഗനം ചെയ്യുക

കുരിശു സ്വീകരിക്കുന്നുതിന് ഭയപ്പെടാതിരിക്കാൻ യുവതയ്ക്ക് എങ്ങനെ പ്രചോദനം പകരാൻ കഴിയുമെന്ന് ജീവിതത്തിൽ കുരിശുകൾ പേറിയ പീറ്റർ- ലെൻകാ ദമ്പതികളുടെ ചോദ്യത്തിന് ഉത്തരമേകിയ പാപ്പാ “കുരിശിനെ ആശ്ലേഷിക്കുക” എന്ന കർമ്മമാണ് നിർദ്ദേശിച്ചത്. ആശ്ലേഷിക്കുക എന്നത് മനോഹരമായ ഒരു ക്രിയാപദമാണെന്ന് പറഞ്ഞ പാപ്പാ ആശ്ലേഷം ഭയത്തെ ജയിക്കാൻ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ചു. നാം ആലിംഗനം ചെയ്യപ്പെടുമ്പോൾ നമുക്ക് നമ്മിലും ജീവിതത്തിലുമുള്ള നമ്മുടെ ആത്മവിശ്വാസം നാം വീണ്ടെടുക്കുകയാണെന്ന് പാപ്പാ പറഞ്ഞു. ആകയാൽ യേശുവിനാൽ ആശ്ലേഷിതരാകാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരണം യേശുവിനെ ആശ്ലേഷിക്കുമ്പോൾ നാം പ്രത്യാശയെ വീണ്ടും പുണരുകയാണെന്നും കുരിശിനെ ആലിംഗനം ചെയ്യാൻ നമുക്കു തനിച്ചു സാധിക്കില്ലെന്നും വേദന ആരെയും രക്ഷിക്കില്ലെന്നും സ്നേഹമാകട്ടെ വേദനയെ രൂപാന്തരപ്പെടുത്തുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.

പ്രസംഗത്തെത്തുടർന്ന് കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ആശീർവ്വാദം നല്കി. തദ്ദനന്തരം പാപ്പായ്ക്ക് സമ്മാനം നല്കുന്ന ചടങ്ങും ഉണ്ടായിരുന്നു. യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ അവിടെ നിന്ന് 12 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കു പോകുകയും ബ്രാത്തിസ്ലാവയിലേക്കു വിമാനം കയറുകയും ചെയ്തു. പാപ്പായെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ കൊഷിത്സെ ആർച്ച്ബിഷപ്പ് ബെർണ്ണാഡ് ബോബെർ, നഗരാധിപൻ, പ്രാദേശിക പൗരാധികാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബ്രാത്തിസ്ലാവയിൽ വിമാനമിറങ്ങിയ പാപ്പാ 11 കിലോമീറ്റർ അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിൽ എത്തി അത്താഴം കഴിച്ച് ചൊവ്വാഴ്‌ച രാത്രി വിശ്രമിച്ചു.

സ്ലൊവാക്യയിലെ സമാപന ദിനം

സ്ലൊവാക്യയിലെ ഇടയസന്ദർശനത്തിൻറെ സമാപനദിനമായിരുന്ന ബുധനാഴ്‌ച (15/09/21) രാവിലെ പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിലെ എല്ലാവരോടും വിടപറഞ്ഞു. അവിടെ നിന്ന് 71 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഷഷ്ടീൻ (Šaštín) മരിയൻ തീർത്ഥാടന കേന്ദ്രമായിരുന്നു  പാപ്പായുടെ അടുത്ത ലക്ഷ്യം. കന്യകാമറിയത്തിൻറെ സപ്ത സന്താപങ്ങളുടെ ബസിലിക്കയെന്നും ഷഷ്ടീനിലെ ദേശിയ മരിയൻ തീർത്ഥാടന കേന്ദ്രം അറിയപ്പെടുന്നു. ഈ ബസിലിക്കയുടെ ചരിത്രം പതിനാറാം നൂറ്റാണ്ടുവരെ പിന്നോട്ടു പോകുന്നതാണ്. സപ്തസന്താപങ്ങളുടെ നാഥ സ്ലൊവാക്യയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയാണ്.

ഈ ബസിലിക്കയിൽ വച്ച് പാപ്പാ സ്ലൊവാക്യയിലെ മെത്രാന്മാരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. മെത്രാന്മാരുടെ കൂട്ടായ്മയെ പാപ്പാ ഏഴുവ്യാകുലതകളുടെ നാഥയ്ക്ക് സമർപ്പിക്കുകയും അവളുടെ പുത്രനായ ഈശോ പഠിപ്പിച്ച വാക്കുകളോട് അനുദിനം വിശ്വസ്തരായി നിലകൊള്ളുന്നതിനുള്ള അനുഗ്രഹം പാപ്പാ അപേക്ഷിക്കുകയും ചെയ്തു.

ഈ പ്രാർത്ഥനയ്ക്കു ശേഷം പാപ്പാ ഈ ബസിലിക്കയുടെ അടുത്തുള്ള വിശാലമായ മൈതാനയിൽ വിശുദ്ധ കുർബ്ബാനയ്ക്കായി സമ്മേളിച്ചിരുന്ന വിശ്വാസികളെ പേപ്പൽ വാഹനത്തിൽ വലം വച്ച് അഭിവാദ്യം ചെയ്തു. അതിനുശേഷം വ്യകുലനാഥയുടെ തിരുന്നാൾക്കുർബ്ബാനയ്ക്ക് പൂജാവസ്ത്രങ്ങളണിയുന്നതിന് സങ്കീർത്തിയിലേക്കു പോയി. പ്രവേശന ഗാനം ആരംഭിച്ചപ്പോൾ പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും വിശുദ്ധ കുർബ്ബാന ആരംഭിക്കുകയും ചെയ്തു.

പാപ്പായുടെ വചനസന്ദേശം 

യേശുവിനെ സ്വീകരിക്കാനും ഇസ്രയേലിൻറെ രക്ഷയ്ക്കായി അയക്കപ്പെട്ട മിശിഹായണ് അവിടന്ന് എന്ന് തിരിച്ചറിയാനും കഴിയുന്ന വൃദ്ധനായ ശിമയോൻറെ നേർക്ക് ജറുസലേം ദേവാലയത്തിൽ വച്ച് മറിയത്തിൻറെ കരങ്ങൾ നീളുന്ന രംഗം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തൻറെ സന്ദേശം ആരംഭിച്ചത്.  ഈ രംഗത്ത് നാം കാണുന്നത് സ്വപുത്രനായ യേശുവിനെ നല്കുന്ന അമ്മയെ ആണെന്നും അതുകൊണ്ടു തന്നെയാണ് നാം അവളെ സ്നേഹിക്കുകയും വണങ്ങുകയും ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

കുരിശുകളാൽ വലയിതമായ ഒരു ഹൃദയത്തിനുള്ളിൽ ഒരു പാത ചിത്രീകരിച്ചിരിക്കുന്നത് ഈ അപ്പൊസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നത്തിൽ, അതായത് ലോഗോയിൽ കാണുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ, നമ്മോടുള്ള സ്നേഹത്താൽ ജീവൻ ഹോമിച്ച ക്രിസ്തുവിൻറെ ഹൃദയത്തിലേക്ക് നമ്മെ ആനയിക്കുന്ന ഈ സരണി മറിയമാണെന്ന് ഉദ്ബോധിപ്പിച്ചു.

സുവിശേഷവെളിച്ചത്തിൽ നമുക്ക് മറിയത്തെ വിശ്വാസത്തിൻറെ മാതൃകയയായി കാണാനാകുമെന്നും ചരിക്കുന്ന വിശ്വാസമാണ്, സർവ്വോപരി, മറിയത്തിൻറെതെന്നും  പാപ്പാ പറഞ്ഞു. കൂടാതെ മറിയത്തിൻറെ വിശ്വാസത്തിൻറെ പ്രവചനാത്മക സ്വഭാവത്തെക്കുറിച്ചും പാപ്പാ വിശദീകരിച്ചു.

നസ്രത്തിലെ യുവതി, അവളുടെ ജീവിതം കൊണ്ടുതന്നെ, ചരിത്രത്തിലെ ദൈവിക പ്രവർത്തനത്തിൻറെ, എളിയവരെ ഉയർത്തുകയും വമ്പന്മാരെ താഴ്ത്തുകയും ചെയ്തുകൊണ്ട് ലോകത്തിൻറെ യുക്തിയെ തകിടം മറിക്കുന്ന അവിടത്തെ കാരുണ്യപ്രവർത്തിയുടെ പ്രവചനമായി മാറിയെന്ന് പാപ്പാ പറഞ്ഞു. താൻ കൊണ്ടുവന്നിരിക്കുന്നത് സമാധാനമല്ല വാളാണ് എന്ന് സ്വശിഷ്യരോടു പറയുന്ന യേശുവിൻറെ വാക്കുകൾ ഇരുതല മൂർച്ചയുള്ളവയാണെന്നും അവിടത്തെ മുന്നിൽ ഉദാസീനരായിരിക്കാനാകില്ലെന്നും പാപ്പാ വിശദീകരിച്ചു. ലോകത്തോടു ശത്രുത പുലർത്തുകയല്ല, പ്രത്യുത, വൈരുദ്ധ്യത്തിൻറെ അടയാളങ്ങളായിരിക്കുന്ന പ്രവാചകരെ സ്ലൊവാക്യക്ക് ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞു.

മറിയത്തിൻറെ അനുകമ്പയെക്കുറിച്ചും പരമാർശിച്ച പാപ്പാ അവളുടെ വിശ്വാസം കരുണാർദ്രമായിരുന്നുവെന്നു പ്രസ്താവിച്ചു. ദൈവത്തിൻറെ ദാസിയായി സ്വയം വിശേഷിപ്പിച്ച അവൾ മാതൃനിർവ്വിശേഷമായ കരുതലോടെയാണ് കാനായിലെ കല്ല്യാണവേളയിൽ വീഞ്ഞു തീർന്നു പോയപ്പോൾ ഇടപെടുന്നതെന്നും സ്വപുത്രൻറെ രക്ഷാകരദൗത്യത്തിൽ കുരിശിൻ ചുവടുവരെ അവൾ സഹകരിച്ചുവെന്നും പാപ്പാ അനുസ്മരിച്ചു.

വ്യകുലയായി കുരിശിൻ ചുവട്ടിൽ അവൾ നില്ക്കുന്നു, അവൾ പലായനം ചെയ്യുന്നില്ല, സ്വയം രക്ഷിക്കാൻ നോക്കുന്നില്ല ഇതാണ് അനുകമ്പയുടെ തെളിവ്, പാപ്പാ പറഞ്ഞു. വിശ്വാസമെന്ന ദാനത്തിന് നന്ദിയുള്ളവരായിരിക്കാനും കാരുണ്യഭരിതരായിരിക്കാനും പരിശുദ്ധ മറിയത്തിൻറെ സഹായം പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ തൻറെ വചനസന്ദേശം അവസാനിപ്പിച്ചത്.

ദിവ്യബലിയുടെ സമാപനാശീർവ്വാദത്തിനു മുമ്പ് ബ്രാത്തിസ്ലാവ അതിരൂപതയുടെ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് സ്വൊളെൻസ്കീ (Stanislav Zvolenský) പാപ്പായക്ക് നന്ദിയർപ്പിച്ചു. തദ്ദനന്തരം പാപ്പാ സമാപനാശീർവ്വാദം നല്കി.

ദിവ്യബലിയുടെ അവസാനം പാപ്പാ താൻ അന്നാടിനോടു വിടപറയാനുള്ള സമയം സമാഗതമായി എന്ന് അനുസ്മരിക്കുകയും തനിക്ക് ഈ സന്ദർശനാനുഗ്രഹം ചൊരിഞ്ഞ ദൈവത്തിനു നന്ദി പറയുകയും ചെയ്തു. ഈ ഇടയസന്ദർശനത്തിനുവേണ്ട ഒരുക്കങ്ങൾ ചെയ്ത മെത്രാന്മാർക്കും രാഷ്ട്രപതിക്കും പൗരാധികാരികൾക്കും പലവിധത്തിൽ തങ്ങളുടെ സഹകരണം ഉറപ്പാക്കിയ എല്ലാവർക്കും സ്ലൊവാക്യയിലെ സഭകളുടെ സമിതിക്കും അതിൽ നിരീക്ഷകസ്ഥാനം വഹിക്കുന്നവർക്കും തൻറെ കൃതജ്ഞതയർപ്പിക്കാനും പാപ്പാ മറന്നില്ല.

പാപ്പാ സ്ലൊവാക്യയോടു വിട പറയുന്നു

ഷഷ്ടീനിലെ ദിവ്യബലിക്കു ശേഷം പാപ്പാ നേരെ പോയത് ബ്രാത്തിസ്ലാവയിലെ വിമാനത്താവളത്തിലേക്കാണ്. അവിടെ പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാൻ സ്ലൊവാക്യയുടെ പ്രസിഡൻറ് ശ്രീമതി സുസാന്ന ചപ്പുത്തൊവാ (Zuzana Čaputová) ഉണ്ടായിരുന്നു. ഇരുവരും അല്പ സമയം സ്വകാര്യസംഭാഷണത്തിലേർപ്പെട്ടു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പാ എല്ലാവരോടും വിട ചൊല്ലി.

അൽ ഇത്താലിയായുടെ വ്യോമയാനം എയർബസ് എ320 പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് റോമിലെ ചംപീനൊ വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. അപ്പോൾ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45, ഇന്ത്യയിലെ സമയം ബുധനാഴ്ച വൈകുന്നേരം 5.15 ആയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2021, 13:44