പാപ്പാ:സ്വാർത്ഥതയ്ക്കായി ദൈവനാമത്തെ ചൂഷണം ചെയ്യുന്നത് ദൈവനിന്ദയുടെ ഏറ്റം ഹീനരൂപം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ബ്രാട്ടിസ്ലാവായിൽ യഹൂദ സമൂഹവുമായുള്ള കൂടിക്കാഴ്ച നടന്ന റൈബ്നെ നാമെസ്തിയെ ചത്വരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. നൂറ്റാണ്ടുകളായി യഹൂദരുടെ വാസസ്ഥലമായിരുന്ന അവിടെ, അടുത്തടുത്തായി പണിതുയർത്തിയ സിനഗോഗും, കിരീടധാരണ നാമത്തിലുള്ള കത്തീഡ്രലും ഇരുസമൂഹങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഒരു വാസ്തുശില്പപശ്ചാത്തലവും നമ്മുടെ പിതാക്കന്മാരുടെ ദൈവനാമത്തിലുള്ള ഒരുമയുടെ അസാധാരണവും ആവേശകരവുമായ അടയാളവുമായിരുന്നു എന്നാണ് പരിശുദ്ധ പിതാവ് വിവരിച്ചത്. ദൈവനാമത്തിൽ മനുഷ്യ സാഹോദര്യം അനുഗ്രഹീതമാക്കിയ ആ സ്ഥലത്ത് " പാദരക്ഷകൾ അഴിച്ചു" വയ്ക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു.
വ്യതിരിക്തവുമായ അന്തസ്സ് ലംഘിക്കപ്പെടുമ്പോഴെല്ലാം ദൈവനാമം അവഹേളിക്കപ്പെടുന്നു
പിന്നീട്, വെറുപ്പിന്റെ ഉന്മാദത്തിൽ രണ്ടാം ലോകമഹായുയുദ്ധം ഒരു ലക്ഷത്തിലധികം സ്ലോവാക് യഹൂദന്മാരെ വധിക്കുകയും സമൂഹത്തിന്റെ അടയാളങ്ങൾ സമൂലം ഇല്ലാതാക്കാൻ സിനഗോഗ് തകർത്ത് ദൈവനാമത്തെ അപമാനിക്കുകയും ചെയ്ത ചരിത്രം പാപ്പാ ഓർമ്മിച്ചു. ദൈവത്തിന്റ പ്രതിഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യവ്യക്തിയുടെ സവിശേഷവും വ്യതിരിക്തവുമായ അന്തസ്സ് ലംഘിക്കപ്പെടുമ്പോഴെല്ലാം ദൈവനാമം അവഹേളിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും വിസമ്മതിക്കുന്നതും നമ്മുടെ സ്വാർത്ഥ ഉദ്ദേശ്യങ്ങൾക്കായി ദൈവനാമത്തെ ചൂഷണം ചെയ്യുന്നതുമാണ് ദൈവനിന്ദയുടെ ഏറ്റം ഹീനരൂപം. ഈ സ്ഥലത്ത് ദൈവം ഞങ്ങളോടൊപ്പമാണെന്ന് പറഞ്ഞ് യഹൂദരുടെമേൽ പറഞ്ഞറിയിക്കാൻ കഴിയാത്ത മനുഷ്യത്വരഹിത പ്രവർത്തികൾ ചെയ്ത ചരിത്രത്തിൽ പ്രതിഫലിക്കുന്നത് അത്തരം നിന്ദയായിരുന്നുവെന്നു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ യഹൂദ പീഡനത്തെ അപലപിച്ചു.
യഹൂദ പീഡനത്തിന്റെ (Shoah) സ്മാരകമായ ഇവിടെയാണ് നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ സ്നേഹഭാജനങ്ങളുടെ ഓർമ്മ ആദരിക്കാൻ പറ്റിയ ഇടം. അവിടെ ആലേഖനം ചെയ്തിട്ടുള്ള ഹെബ്രായ ഭാഷയിലെ Zechor (ഓർമ്മിക്കുക) എന്ന പദം എടുത്തു പറഞ്ഞു കൊണ്ട് അവരുടെ ചരിത്രവും വേദനകളും തങ്ങളുടെതും കൂടിയാണെന്നും ഓർമ്മകൾ മറവിയിലേക്ക് തള്ളിക്കളയരുതെന്നും പങ്കുവയ്ക്കലിലൂടെയും രാത്രിയുടെ ഇരുളിനെ അകറ്റാതെ സാഹോദര്യത്തിന്റെ പുലരി വിടരാൻ ഇടയില്ല എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
ദൈവ നാമത്തെ അവഹേളിക്കുന്ന ശൂന്യവും വഞ്ചനാത്മകവുമായ ബിംബങ്ങൾ
മനുഷ്യകുലത്തിൽ തിളങ്ങുന്ന ദൈവത്തിന്റെ രൂപം ഇനിയും മറച്ചു വയ്ക്കാൻ കഴിയാത്തവിധം സമയം അതിക്രമിച്ചതിനാൽ നമുക്ക് പരസ്പ്പരം സഹായിക്കാം. ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഇന്നും അത്യുന്നതന്റെ നാമത്തെ അവഹേളിക്കുന്ന ശൂന്യവും വഞ്ചനാത്മകവുമായ ബിംബങ്ങളുണ്ട്. അവ മനുഷ്യാന്തസ്സിനെ ചവിട്ടി മെതിക്കുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും നിസ്സംഗതയുടേയും ചൂഷണത്തിന്റെയും രൂപങ്ങളാണെന്നു വിരൽ ചൂണ്ടിയ പാപ്പാ അവ മതത്തെ ചൂഷണം ചെയ്ത് അധികാരത്തിന് അടിമവേല ചെയ്യിക്കുകയോ അതിനെ അപ്രസക്തമാക്കുകയോ ചെയ്യുമെന്നും പാപ്പാ മുന്നറിയിപ്പു നൽകി. അതുപോലെ, കഴിഞ്ഞകാലത്തെക്കുറിച്ചുള്ള മറവിയും അജ്ഞതയും കോപത്തെയും വെറുപ്പിനെയും ന്യായീകരിക്കും. അതിനാൽ എല്ലാത്തരം അക്രമങ്ങളെയും ജൂതവിരുദ്ധതയെയും അപലപിക്കുന്നതിലും മാനവികതയിൽ ദൈവം സൃഷ്ടിച്ച അവന്റെ പ്രതിച്ഛായ അപകീർത്തിപ്പെടാതിരിക്കാൻ നമുക്കൊന്നിക്കാമെന്ന് പാപ്പാ ആവർത്തിച്ച് ആഹ്വാനം ചെയ്തു.
ഹനുക്കാ തിരുനാൾ പ്രത്യാശയുടെ പ്രകാശം പരത്തുന്നു
എല്ലാവർഷവും വെളിച്ചത്തിന്റെ തിരുനാൾ എന്നറിയപ്പെടുന്ന ഹനുക്കാ തിരുനാളിന് മെനോറാ (സൃഷ്ടിയുടെ ഏഴു ദിനങ്ങളെ അനുസ്മരിച്ച് ഏഴു തിരി തെളിക്കുന്ന യഹൂദരുടെ ആചാരണങ്ങളിലുപയോഗിക്കുന്ന തിരിക്കാൽ) തെളിയിക്കാൻ യഹൂദരെത്തുന്ന ഈ ചത്വരം പ്രത്യാശയുടെ പ്രകാശം പരത്തുന്ന ഒന്നുകൂടിയാണ്. നാശത്തിനും മരണത്തിനുമല്ല പുനരുദ്ധാരണവും ജീവനുമാണ് അവസാനവാക്കെന്നും പാപ്പാ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന സിനഗോഗ് നശിപ്പിച്ചുവെങ്കിലും ഇവിടത്തെ സമൂഹം സജീവവും സംവാദത്തിന് തയ്യാറായും നിലനിൽക്കുന്നു. ഇവിടെ നമ്മുടെ ചരിത്രങ്ങൾ കണ്ടുമുട്ടുകയാണ്, വീണ്ടും കൂട്ടുകൂടാനും ഒരുമിക്കാനുമുള്ള നമ്മുടെ സന്മനസ്സ് ദൈവത്തിനു മുന്നിൽ നമുക്ക് ഉറപ്പാക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
തുറന്ന വാതിലുകൾ - അനുഗ്രഹത്തിന്റെ അടയാളങ്ങൾ
2017ൽ റോമിൽ യഹൂദ- ക്രൈസ്തവ സമൂഹ പ്രതിനിധികളുടെ സമ്മേളനത്തിന്റെ സജീവമായ ഓർമ്മകളും തുടർന്ന് സ്ഥാപിക്കപ്പെട്ട സംവാദത്തിനായുള്ള സമിതി തയ്യാറാക്കിയ രേഖകളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടു നമ്മെ ഒന്നിപ്പിക്കുന്നവയെ പങ്കുവയ്ക്കയും സത്യത്തിലും സത്യസന്ധതയിലും ഓർമ്മകളെ ശുദ്ധീകരിക്കുന്ന സാഹോദര്യത്തിന്റെ പാദയിലൂടെ കഴിഞ്ഞ കാലമുറിവുകൾ ഉണക്കുന്നതും, ലഭിച്ചതും നൽകിയതുമായ നന്മകൾ ഓർക്കുന്നതും നല്ലതാണ് എന്ന് പാപ്പാ പറഞ്ഞു. ഒരു വ്യക്തിയെ നശിപ്പിക്കുമ്പോൾ ലോകം മുഴുവനേയും നശിപ്പിക്കുന്നു ഒരാളെ രക്ഷിക്കുമ്പോൾ ലോകത്തെ മുഴുവൻ രക്ഷിക്കുന്നു എന്ന യഹൂദ നിയമഗ്രന്ഥത്തിലെ (Talmud) വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഓരോ വ്യക്തിയുടെയും പ്രാധാന്യത്തെ മനസ്സിലാക്കി തമ്മിൽ കാണിക്കുന്ന തുറവുകൾക്ക് നന്ദി പറയുകയും ചെയ്തു.
ലോകത്തിന് തുറന്ന വാതിലുകൾ ആവശ്യമാണ് അവ മനുഷ്യത്വത്തിന്റെ അനുഗ്രഹത്തിന്റെ അടയാളമാണ്. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും കണ്ടുമുട്ടുന്ന സ്ലോവാക്യയിൽ ഇസ്രായേലിന്റെ മക്കളുടെ കുടുംബങ്ങൾ അവരുടെ വിളിയിൽ വളരുകയും ലോകത്തിലുള്ള എല്ലാ കുടുംബങ്ങൾക്കും അനുഗ്രഹവുമായി തീരട്ടെയെന്നും പാപ്പാ ആശംസിച്ചു. പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കുടുംബങ്ങളെ കാണുമ്പോൾ ദൈവാനുഗ്രഹം നമ്മിലേക്കൊഴുകുന്നുവെന്നും നമ്മുടെ ലോകത്തെ വികൃതമാക്കുന്ന എല്ലാ ഭിന്നതകൾക്കു നടുവിലും അവർ ഒരുമിച്ച് എക്കാലവും സമാധാനത്തിന്റെ സാക്ഷികളാകട്ടെ എന്നും ഷാലോം ആശംസകളോടെ പാപ്പാ ഉപസംഹരിച്ചു.