തിരയുക

പാപ്പാ ഹങ്കറിയിൽ... പാപ്പാ ഹങ്കറിയിൽ...  (AFP or licensors)

പാപ്പാ: രക്ഷയുടെ നെടുന്തൂണായിരുന്ന കുരിശ്

ബുഡാപെസ്റ്റ് ഹീരോസ് ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നയിച്ച ത്രികാല പ്രാർത്ഥന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രീയ സഹോദരീ സഹോദരന്മാരേ,

"ദിവ്യകാരുണ്യം" എന്ന വാക്കിന്റെ അർത്ഥം "കൃതജ്ഞത" എന്നാണ്. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന്റെയും, ബുഡാപെസ്റ്റിലേക്കുള്ള എന്റെ അപ്പോസ്തോലിക സന്ദർശനത്തിന്റെയും  സമാപനത്തോടനുബന്ധിച്ച് എന്റെ ഹൃദയത്തിൽ നിന്നും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു.

പൂർണ്ണ ഐക്യത്തിലേക്ക് യാത്ര ചെയ്യുന്ന മഹത്തായ ഹങ്കേറിയൻ ക്രൈസ്തവ സഭാ കുടുംബത്തെ നന്ദിയോടെ അനുസ്മരിക്കുന്നു. അതിന്റെ ആരാധനാക്രമങ്ങളെയും ചരിത്രത്തെയും, സഹോദരീ സഹോദരങ്ങളെയും, കത്തോലിക്കരെയും മറ്റ് വിശ്വാസ സമൂഹങ്ങളെയും ആശ്ലേഷിക്കാനും ഞാ൯ ആഗ്രഹിക്കുന്നു. തന്റെ സാന്നിധ്യത്താൽ ഞങ്ങളെ ആദരിച്ച എന്റെ സഹോദരൻ പാത്രിയാർക്കീസ് ബർത്തലോമിയയ്ക്ക് നന്ദിയർപ്പിക്കുന്നു. എന്റെ പ്രീയപ്പെട്ട സഹോദരന്മാരായ എല്ലാ മെത്രാന്മാർക്കും, വൈദീകർക്കും, സന്യസ്ഥർക്കും, വിശ്വാസികൾ എല്ലാവർക്കും എന്റെ കൃതജ്ഞത അർപ്പിക്കുന്നു. ദിവ്യകാരുണ്യ കോൺഗ്രസിനും, ഇന്നത്തെ ദിവ്യബലി ആഘോഷത്തിനും വേണ്ടി കഠിനാധ്വാനം ചെയ്ത സകലർക്കും പ്രത്യേക നന്ദി! എന്നെ സ്വീകരിച്ച ഹങ്കറിയിലെ സിവിൽ അധികാരികൾക്കും, മതനേതാക്കന്മാർക്കും, ഹങ്കറിയിലെ ജനങ്ങൾക്കും എന്റെ Köszönöm (നന്ദി) നന്ദിയർപ്പിക്കുന്നു.

രക്ഷയുടെ നെടുന്തൂണായിരുന്ന കുരിശ്

"ആയിരം വർഷങ്ങളായി കുരിശ് നിങ്ങളുടെ രക്ഷയുടെ നെടുന്തൂണായിരുന്നു " എന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഔദ്യോഗിക ഗാനവരികളെ  ഞാ൯ ഈയവസരത്തിൽ നിങ്ങളെ അനുസ്മരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ അടയാളം നിങ്ങൾക്ക് ഒരു നല്ല ഭാവി വാഗ്ദാനമായിത്തീരട്ടെ. കുരിശ് നിങ്ങളുടെ ഭൂതകാലത്തിനും ഭാവികാലത്തിനും പാലമായിത്തീരുകയും ചെയ്യട്ടെ." നിങ്ങൾക്കായുള്ള എന്റെ ആശംസ ഇതാണ്.

മതവികാരം ഈ രാജ്യത്തിന്റെ ജീവരക്തമാണ്. അതിനാൽ അതിന്റെ വേരുകളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും നിലത്തു നാട്ടപ്പെട്ട കുരിശ് നമ്മെ നന്നായി വേരുറപ്പിക്കാൻ ക്ഷണിക്കുക മാത്രമല്ല അത് എല്ലാവരിലേക്കും കരങ്ങൾ ഉയർത്തുവാനും നീട്ടുവാനും ക്ഷണിക്കുകയും ചെയ്യുന്നു. കുരിശ്  നമ്മുടെ കാലഘട്ടത്തിലെ ജനങ്ങളുടെ ദാഹത്തോടു തുറവുള്ളവരായി പ്രതിരോധം തീർക്കാതെ നമ്മുടെ  വേരുകളെ ഉറപ്പിച്ചു നിർത്താനും, ഉറവയിൽ നിന്ന് ശേഖരിക്കാനും നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് പോലെ നിങ്ങളും അടിത്തറയുള്ളവരും തുറവുള്ളവരും വേരൂന്നിയവരും പരിഗണനയുള്ളവരുമായിരിക്കണമെന്ന് ഞാൻ  ആഗ്രഹിക്കുന്നു.

Isten  èltessen! (ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!) " ഓരോ വ്യക്തിയോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ വിമോചന സുവിശേഷം നിങ്ങളുടെ ജീവിതം കൊണ്ട് പ്രഖ്യാപിക്കുവാൻ നിങ്ങളെ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ പ്രതികമായ "പ്രേഷിത ക്രൂശ് " നയിക്കട്ടെ. സ്നേഹത്തിന്റെ  ക്ഷാമമുള്ള ഈ കാലഘട്ടത്തിൽ ജനങ്ങൾ ഈ പോഷണത്തിനായി ആശിക്കുന്നു.

കുരിശിനെ സ്നേഹിച്ച കാർഡിനൽ സ്റ്റെഫാൻ വിസ്സിൻസ്ക്കിയും, സി.എലിസബത്ത് ക്സാക്കായും

ഇവിടെ നിന്നും അധികം അകലമില്ലാത്ത വാർസോയിൽ  സുവിശേഷത്തിന് സാക്ഷ്യം വഹിച്ച രണ്ട് വ്യക്തികൾ ഇന്ന് നാമകരണം ചെയ്യപ്പെടുന്നു. കാർഡിനൽ സ്റ്റെഫാൻ വിസ്സിൻസ്ക്കിയും, കുരിശിന്റെ സേവകരായ ഫ്രാൻസിസ് സഹോദരീമാരുടെ സഭാ സ്ഥാപക എലിസബത്ത് ക്സാക്കായും. ഈ രണ്ട് വ്യക്തികളും ആദ്യം തന്നെ കുരിശിനെ നന്നായി പരിചയപ്പെട്ടിരുന്നു.

അറസ്റ്റിലാകുകയും, തടവിലാക്കപ്പെടുകയും ചെയ്ത പോളണ്ടിലെ പ്രധാനാചാര്യനായിരുന്ന കർദിനാൾ വിസ്സിൻസ്ക്കി ക്രിസ്തുവിന്റെ ഹൃദയമനുസരിച്ച് പ്രവർത്തിച്ചു. എപ്പോഴും ധീരതയുള്ള ഒരു ഇടയനും, സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാന്തസ്സിന്റെയും പ്രഘോഷകനുമായിരുന്നു. കാഴ്ച്ച നഷ്ടപ്പെട്ട കുട്ടിയായിരുന്ന സി.എലിസബെത്ത് അന്ധരെ സഹായിക്കാൻ തന്റെ ജീവിതത്തെ മുഴുവനായി സമർപ്പിച്ചു. സ്നേഹത്തിന്റെ ശക്തി കൊണ്ട് അന്ധകാരത്തെ വെളിച്ചമാക്കി രൂപാന്തരപ്പെടുത്താൻ ഈ നവ വാഴ്ത്തപ്പെട്ടവരുടെ മാതൃക നമ്മെ പ്രചോദിപ്പിക്കട്ടെ. പരിശുദ്ധ മറിയത്തിന്റെ ഏറ്റവും വിശുദ്ധ നാമത്തെ അനുസ്മരിക്കുന്ന ഈ ദിവസം നമുക്ക് ത്രികാല പ്രാർത്ഥന പ്രാർത്ഥിക്കാം.

ഹങ്കേറിയാക്കാരുടെ മരിയഭക്തി

പുരാതന കാലത്തിൽ, ബഹുമാനാർത്ഥം മറിയത്തിന്റെ നാമം ഹങ്കേറിയക്കാർ ഉച്ചരിച്ചിരുന്നില്ല. മറിച്ച് രാജ്ഞിയെ വിളിക്കാൻ ഉപയോഗിച്ചിരുന്ന അതേ ആദരസൂചകമായ നാമത്തിലാണ് മാതാവിനെ വിളിച്ചിരുന്നത്. അനുഗ്രഹീതയായ രാജ്ഞി, നിങ്ങളുടെ പുരാതന രക്ഷാധികാരി നിങ്ങളെ അനുഗ്രഹിക്കുകയും, അനുഗമിക്കുകയും ചെയ്യട്ടെ. ഈ മഹാനഗരത്തിൽ നിന്ന്, എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും, രോഗികൾക്കും, ദരിദർക്കും, പാർശ്വവത്കരിക്കപ്പെട്ടവർക്കും എന്റെ ആശീർവ്വാദം നൽകുന്നു. നിങ്ങളോടൊപ്പം നിങ്ങൾക്ക് വേണ്ടിയും ഞാൻ ആശംസിക്കുന്നു Isten,àldd meg a magyart! ദൈവം ഹംങ്കേറിയൻ ജനതയെ അനുഗ്രഹിക്കട്ടെ. പാപ്പാ ഉപസംഹരിച്ചു.

 

 

 

 

 

 

 

12 September 2021, 21:05