തിരയുക

ഫ്രാൻസിസ് പാപ്പാ ഒരു വിവാഹആശീർവ്വാദച്ചടങ്ങിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഒരു വിവാഹആശീർവ്വാദച്ചടങ്ങിൽ - ഫയൽ ചിത്രം 

കത്തോലിക്കാസഭയിൽ വിവാഹമെന്ന കൂദാശ പുരുഷനും സ്ത്രീയും തമ്മിൽ മാത്രം: ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാസഭയുടെ ഉള്ളിൽ വിവാഹം എന്നത് പുരുഷനും സ്ത്രീയുമായുള്ള കൗദാശികമായ ബന്ധമാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബുദാപെസ്റ്റിലേക്കും സ്ലൊവാക്കിയയിലേക്കുമായി നടത്തിയ മുപ്പത്തിനാലാമത് അപ്പസ്തോലികയാത്രയുടെ അവസാനം തിരികെ വരവേ, വിമാനത്തിൽവച്ച് പത്രപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ, വിവാഹത്തെ സംബന്ധിച്ച കത്തോലിക്കാസഭയുടെ നിലപാട് ഫ്രാൻസിസ് പാപ്പാ ഒരിക്കൽക്കൂടി വ്യക്തമാക്കി.

യൂറോപ്യൻ പാര്ലമെന്റിൽ, സ്വവർഗ്ഗവിവാഹങ്ങളും അതുമായി ബന്ധപ്പെട്ട രക്ഷാകർതൃബന്ധങ്ങളും അംഗീകരിക്കണമെന്ന ഒരു പ്രമേയം സെപ്റ്റംബർ 14-ന് എത്തിയതിനെക്കുറിച്ച പാപ്പായുടെ അഭിപ്രായം, സ്കൈ ടിവിയുടെ റ്റി ജി 24 (ടെലിവിഷൻ വാർത്ത 24) എന്ന പ്രോഗ്രാമിനെ പ്രതിനിധാനം ചെയ്‌ത്‌ സ്റ്റേഫനോ മരിയ പാച്ചി (Stefano Maria Paci) എന്നയാൾ ചോദിച്ചപ്പോഴാണ്, വിവാഹമെന്ന കൂദാശയെക്കുറിച്ചുള്ള കത്തോലിക്കാസഭനിലപാട് പാപ്പാ ആവർത്തിച്ചത്. കർത്താവ് സ്ഥാപിച്ച കൂദാശകളിൽ മാറ്റങ്ങൾ വരുത്താൻ സഭയ്ക്ക് അധികാരമില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യം പുലർത്തുന്ന ആളുകളെ സഹായിക്കാൻ ശ്രമിക്കുന്ന സിവിൽ നിയമങ്ങൾ ഉണ്ടെന്നും, അവ ആവശ്യമാണെന്നും എന്നാൽ സഭയുടെ സ്വഭാവത്തിനും നിയമങ്ങൾക്കും അനുസരിച്ചല്ലാത്ത കാര്യങ്ങൾ സഭയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെയാകണം അങ്ങനെയുള്ള സഹായങ്ങൾ ചെയ്യേണ്ടതെന്നും പാപ്പാ പറഞ്ഞു.

സ്വവർഗ്ഗവിവാഹക്കാരായ ദമ്പതിമാർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ, അവരെ സഹായിക്കാനും, സംരക്ഷിക്കാനും രാജ്യങ്ങൾക്ക് അധികാരവും സാധ്യതകളുമുണ്ടെന്നും പറഞ്ഞ പാപ്പാ, സ്വർഗ്ഗവിവാഹക്കാരും നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് പറഞ്ഞു. ദൈവം എല്ലാവരുടെയും രക്ഷ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ പക്ഷെ രാജ്യങ്ങൾ, സഭയോട് അവളുടെ ഔദ്യോഗികമായ സത്യങ്ങൾ നിഷേധിക്കാൻ ആവശ്യപ്പെടെരുതെന്ന് ആവശ്യപ്പെട്ടു.

സ്വവർഗ്ഗലൈംഗികത ഉള്ള ധാരാളം ആളുകൾ കുമ്പസാരം വഴിയും, ഉപദേശങ്ങൾ തേടിയും  പുരോഹിതരെ സമീപിക്കുന്നുണ്ടെന്നും, സഭ അവരെ സഹായിക്കാറുണ്ടെന്നും എടുത്തുപറഞ്ഞ പാപ്പാ, വിവാഹം എന്ന കൂദാശ പക്ഷെ മറ്റൊന്നാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിച്ചുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2021, 15:52