തിരയുക

ഫ്രാൻസിസ് പാപ്പാ മരിയ മജ്ജോറെ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ മരിയ മജ്ജോറെ ബസലിക്കയിൽ 

തിരികെയുള്ള യാത്രയിൽ അമ്മയ്ക്കരികെ ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പതിനാലാമത് അപ്പസ്തോലിക യാത്രയ്ക്ക് ശേഷം വത്തിക്കാനിൽ തിരികെയെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 12 മുതൽ 15 വരെ നീണ്ട ബുദാപെസ്റ്റ്-സ്ലോവാക്കിയ അപ്പസ്തോലികയാത്രയുടെ ശുഭപരമായ പര്യാവസാനം, വത്തിക്കാനിലേക്കുള്ള യാത്രയിൽ മാർപാപ്പാ റോമിലെ മരിയ മജ്ജോറെ ബസലിക്കയിലെത്തി യാത്രയുടെ വിജയത്തിന് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞു.

സെപ്റ്റംബർ 15-ന് ഉച്ചതിരിഞ്ഞ് 1.45-ന് സ്ലൊവാക്കിയയിലെ ബ്രാത്തിസ്ലാവ വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ ഏതാണ്ട് 3.30 നാണ് റോമിലെ ച്യമ്പീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അവിടെനിന്ന് തിരികെ വത്തിക്കാനിലേക്കുള്ള യാത്രാമധ്യേയാണ് പാപ്പാ മരിയ മജ്ജോറെ ബസലിക്കയിലെത്തിയത്.

സാധാരണയായി എല്ലാ അപ്പസ്തോലിക യാത്രകളോടനുബന്ധിച്ചും, മറ്റ് ചില പ്രധാന സംഭവങ്ങളോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പാ റോമിലെ നാല്‌ പ്രധാന ബസലിക്കകളിൽ ഒന്നായ ഇവിടെയെത്താറുണ്ട്.

പതിവുപോലെ ഇതവരണയും സാലൂസ് പോപുളി റൊമാനി ( Maria Salus Populi Romani) എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പുരാതന ചിത്രത്തിനുമുന്നിലെത്തി പാപ്പാ പ്രാർത്ഥിച്ചു. നന്ദിസൂചകമായി പൂവുകളും പാപ്പാ അവിടുത്തെ അൾത്താരയിൽ സമർപ്പിച്ചു.

എ.ഡി 590 -ൽ മഹാനായ ഗ്രിഗറി മാർപാപ്പായുടെ കാലത്താണ് ഇവിടുത്തെ മാതാവിന്റെ ചിത്രം റോമിലെത്തിയത് എന്നാണ് വിശ്വാസമെങ്കിലും ഇതിന്റെ ഉത്ഭവം അതിലും പുരാതനമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2021, 15:44