തിരയുക

മാർപാപ്പാ സ്ലൊവാക്കിയയിൽ ഈശോസഭാംഗങ്ങൾക്കൊപ്പം മാർപാപ്പാ സ്ലൊവാക്കിയയിൽ ഈശോസഭാംഗങ്ങൾക്കൊപ്പം 

അപ്പസ്തോലിക ദൗത്യം തുടരുക: ഈശോസഭാവൈദികരോട് പാപ്പാ

തങ്ങൾ ഏറ്റെടുത്തിരിക്കുന്ന അപ്പസ്തോലിക ദൗത്യം തുടരാൻ ഈശോസഭാവൈദികരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സെപ്റ്റംബർ 12-ന് വൈകുന്നേരം സ്ലൊവാക്കിയയിലെ നൂൺഷ്യേച്ചറിൽവച്ച്, ഈശോസഭാവൈദികരുമായി നടത്തിയ സ്വകാര്യകൂടിക്കാഴ്ചയിൽ, തങ്ങൾ ഏറ്റെടുത്തിരിക്കുന്ന അപ്പസ്തോലിക ദൗത്യം ധൈര്യപൂർവ്വം തുടരാൻ പാപ്പാ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കി നടത്തിയ ഈ കൂടിച്ചേരലിൽ, സ്ലൊവാക്കിയയിലെ ആകെയുള്ള 80 ഈശോസഭാവൈദികരിൽ 53 പേർ സന്നിഹിതരായിരുന്നു. തന്റെ സംഭാഷണത്തിനിടെ, വിദ്യാഭ്യാസരംഗത്തും പരിശീലനരംഗത്തും അവർ നൽകിവരുന്ന സേവനങ്ങളെ എടുത്തുപറഞ്ഞ പാപ്പാ, രാജ്യത്ത് ഈശോസഭാവൈദികരുടെ മേൽനോട്ടത്തിലുള്ള ദൈവശാസ്ത്രവിദ്യാകേന്ദ്രത്തെയും രണ്ട് ധ്യാനകേന്ദ്രങ്ങളെയും പ്രത്യേകം പരാമർശിച്ചു. സ്ലൊവാക്കിയയിലെ കടുത്ത കമ്മ്യൂണിസ്റ് ഭരണകൂടത്തിൻകീഴിലും ഈശോസഭാവൈദികർ തങ്ങളുടെ സേവനം നിറുത്തിവച്ചിരുന്നില്ല.

പൗരോഹിത്യദൈവവിളിയുടെ എണ്ണത്തിൽ കുറവും, മതേതരവത്ക്കരണവും, കോവിഡ് മഹാമാരിയും ചേർന്ന് ബുദ്ധിമുട്ടേറിയ ഈ സമയത്ത്, പാപ്പായുടെ ഈ സൗഹൃദസംഭാഷണവും പിന്തുണയും, തങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകിയെന്നും, ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ട സംഭാഷണങ്ങൾക്കിടെ, പാപ്പാ ഉന്മേഷവാനായി കാണപ്പെട്ടുവെന്നും, മീറ്റിംഗിൽ സംബന്ധിച്ച വത്തിക്കാൻ റേഡിയോ, വത്തിക്കാൻ വെബ് എന്നിവയുടെ സ്ലൊവാക്കിയൻഭാഷാ വിഭാഗത്തിന്റെ തലവൻ ഫാദർ യോസഫ് ബാർത്ത്കോവ്യാക് പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 15:35