തിരയുക

പ്രെഷോവിൽ നടന്ന വിശുദ്ധബലിയിൽനിന്ന് പ്രെഷോവിൽ നടന്ന വിശുദ്ധബലിയിൽനിന്ന് 

സ്ലൊവാക്കിയയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികസന്ദർശനം

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിനാലാം അപ്പസ്തോലികയാത്രയുടെ രണ്ടാം ഭാഗമായ സ്ലൊവാക്കിയയിലെ സന്ദർശനം തുടരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ യാത്രാവിവരണം,13-14 സെപ്തംബർ: ശബ്ദരേഖ

യാത്രയുടെ ഭാഗമായി സ്ലൊവാക്കിയയിൽ എത്തിയതുമുതൽ സെപ്തംബർ 13 മദ്ധ്യാഹ്നം വരെ നടന്ന കാര്യങ്ങളിലേക്ക് നമുക്ക് ഒന്നെത്തിനോക്കാം.

ബുദാപെസ്റ്റിൽനിന്ന് യാത്ര തുടർന്ന് സെപ്റ്റംബർ 12 വൈകുന്നേരം 3.30-ന് സ്ലൊവാക്കിയയിലെത്തിയ ഫ്രാൻസിസ് പാപ്പായെ പ്രസിഡൻറ് ശ്രീമതി സുസാന്ന ചപുത്തൊവാ (Zuzana Čaputová) ആണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ ബ്രാത്തിസ്ലാവയിലെ നൂൺഷ്യേച്ചറിൽ എത്തുകയും അവിടെവച്ച് സ്ലൊവാക്യയിലെ ക്രൈസ്തവസഭകളുടെ എക്യുമെനിക്കൽ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് സ്ലൊവാക്കിയയിലെ ഈശോസഭംഗങ്ങളുമായി പാപ്പാ സുദീർഘമായ സംഭാഷണത്തിലേർപ്പെട്ടു.

അടുത്തദിവസം, സെപ്റ്റംബർ 13 തിങ്കളാഴ്ച രാവിലെ രാഷ്ട്രപതിമന്ദിരത്തിൽ എത്തിയ പാപ്പാ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അവിടുത്തെ ഉദ്യാനത്തിൽ വച്ച് വിവിധ രാഷ്ട്രീയഅധികാരികളുമായും നയതന്ത്രപ്രതിനിധികളുമായും സംസാരിച്ചു.

പിന്നീട് ബ്രാത്തിസ്ലാവ കത്തീഡ്രലിൽ എത്തിയ പാപ്പായെ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്തനിസ്ലാവ് ത്സ്വൊളെൻസ്കിയും  (Stanislav Zvolenský) മറ്റുള്ളവരും ചേർന്ന് സ്വീകരിച്ചു. അവിടെ മെത്രാന്മാരും, വൈദികരും സെമിനാരിക്കാരും മതാധ്യാപകരും അടങ്ങുന്ന സമൂഹവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പാപ്പാ തിരികെ നൂൺഷ്യേച്ചറിൽ എത്തി.

ഇനി 13-)o തീയതി ഉച്ചകഴിഞ്ഞുള്ള മാർപാപ്പായുടെ പരിപാടികളിലേക്ക് നമുക്ക് കടന്നുവരാം.

ബ്രാത്തിസ്ലാവയിലെ പാവങ്ങളുടെ അഭയസ്ഥലങ്ങളിൽ ഒന്നായ "ബേത്ത്ലെഹെം സെന്റർ"

നൂൺഷ്യേച്ചറിൽനിന്ന് ഏതാണ്ട് 11 കിലോമീറ്റർ അകലെയായി പേതൃഷാൽക്ക (Petržalka) എന്നിടത്താണ് രോഗികൾക്കും സമൂഹത്താൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകുന്നതും, മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിനിമാർ നേതൃത്വം എടുത്ത് നടത്തുന്നതുമായ "ബേത്ത്ലെഹെം സെന്റർ". ബ്രാത്തിസ്ലാവ കത്തീഡ്രലിനപ്പുറം ഡാന്യൂബ് നദിയുടെ മറുഭാഗത്താണ് പേതൃഷാൽക്ക നഗരഭാഗം. കമ്മ്യൂണിസ്റ് ഭരണകൂടം ‘70 കളിലും ‘80-കളിലും പണികഴിപ്പിച്ച ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങളാണ് അവിടെയുള്ള ഹിംസഭാഗവും. ഏതാണ്ട് ഒരു ലക്ഷത്തിപതിനായിരം പേരോളം അവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. കമ്യൂണിസ്റ് ഭരണം അവസാനിച്ചശേഷം 1997-ൽ അവിടെയുള്ള ഒരു നഴ്സറി സ്കൂൾ കെട്ടിടം മദർ തെരേസയുടെ സഹോദരിമാർ തങ്ങളുടെ സേവനയിടമാക്കി മാറ്റുകയായിരുന്നു. 2005-ൽ കൂദാശ ചെയ്യപ്പെട്ട തിരുക്കുടുംബദേവാലയവും പേതൃഷാൽക്ക ഭാഗത്തുണ്ട്.

വൈകുന്നേരം നാലുമണിക്ക് ബെത്‌ലെഹെം സെന്ററിൽ ഒരു സ്വകാര്യസന്ദർശനത്തിനായാണ് പാപ്പാ എത്തിയത്. "നിങ്ങളെ സന്ദർശിക്കാനും നിങ്ങളോടൊത്തായിരിക്കാനും സാധിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു" എന്ന പറഞ്ഞ പാപ്പാ, തന്നെ അവിടെ സ്വീകരിച്ചതിന് സിസ്റ്റർമാർക്ക് നന്ദി പറഞ്ഞു. കെട്ടിടത്തിന്റെ ഉൾഭാഗത്തേക്ക് പോകുന്നതിനു മുൻപ് "നാം ഇതുപോലെ ഒരുമിച്ച് സന്തോഷത്തോടെയിരിക്കുമ്പോൾ ദൈവം നമ്മോടൊത്തുണ്ട്" എന്ന് പറഞ്ഞ പാപ്പാ, "നമ്മുടെ പരീക്ഷണനിമിഷങ്ങളിൽ ദൈവം നമ്മെ ഉപേക്ഷിച്ചു പോകുന്നില്ലെന്നും, നാം തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമ്മുടെ ജീവിതപാതകളിൽ അവൻ നമ്മോട് കൂടെയുണ്ട്" എന്നും പറഞ്ഞു. സന്ദർശകർക്കായുള്ള പുസ്തകത്തിൽ, “മദർതെരേസ സിസ്റ്റർമാർ നൽകുന്ന ക്രൈസ്തവ സാക്ഷ്യത്തിനും അവരോടൊപ്പം സഹകരിക്കുന്നവർക്കും നന്ദി” എന്ന് കുറിച്ച പാപ്പാ, എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തു. നന്മനിറഞ്ഞ മറിയമേ പ്രാർത്ഥനചൊല്ലി, വൈകുന്നേരം നാല് നാല്പതോടെ പാപ്പാ കാരുണ്യത്തിന്റെ ആ ഭവനത്തോട് യാത്ര പറഞ്ഞു.

പാപ്പായും സ്ലൊവാക്കിയയിലെ യഹൂദസമൂഹവും

ബ്രാത്തിസ്ലാവ അതിരൂപതാ കത്തീഡ്രലിന്റെ അടുത്ത്, നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള ഒരു ചത്വരമാണ് റിബ്ന്യേ നാമെസ്റ്റിയേ (Rybné námestie). ഒരിക്കൽ ഇവിടെ ഒരു സിനഗോഗ് നിലനിന്നിരുന്നു. കമ്മ്യൂണിസ്റ് ഭരണകാലത്ത്, അവിടെയുണ്ടായിരുന്ന യഹൂദകോളനിയോടൊപ്പം വികസനത്തിന്റെ പേരിൽ ബ്രാത്തിസ്ലാവയിലെ യഹൂദസമൂഹത്തിന് നഷ്ടപ്പെട്ടത് 1893-ൽ പണിയപ്പട്ട അവരുടെ ആരാധനാലയമാണ്. അങ്ങനെ 1871 മുതൽ റിബ്ന്യേ നാമെസ്റ്റിയേ ചത്വരത്തിൽ ഉണ്ടായിരുന്ന യഹൂദസമൂഹവും ചിതറിക്കപ്പെട്ടു. സിനഗോഗിരുന്ന ഭാഗത്ത് ഇന്ന് അവശേഷിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നടന്ന യഹൂദകൂട്ടക്കുരുതിയുടെ സ്മാരകം മാത്രമാണ്. മുൻപ് നിലനിന്നിരുന്ന സിനഗോഗിന്റെ ആകൃതിയിൽ, 1995-ൽ സൃഷ്ടിക്കപ്പെട്ട ഏതാണ്ട് അഞ്ച് മീറ്ററോളം ഉയരം വരുന്ന ഒരു അമൂർത്തമായ ശിൽപ്പം മാത്രമാണ് ഇത്. സ്ലൊവാക്കിയയിൽനിന്നുള്ള ഏതാണ്ട് ഒരുലക്ഷത്തിഅയ്യായിരം യഹൂദരാണ് ഷോഅഹിൽ (Shoah) കൊല്ലപ്പെട്ടത്. 

നേരത്തെ, മദർ തെരേസാ സിസ്റ്റർമാരുടെ, ബേത്ത്ലെഹെം സെന്ററിൽനിന്ന്  പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ വൈകുന്നേരം 4.45-ന്, നാലുകിലോമീറ്റർ അകലെയുള്ള ഈ റിബ്ന്യേ നാമെസ്റ്റിയേ ചത്വരത്തിലെത്തി. സിനഗോഗ് ഇല്ലാതാക്കപ്പെട്ടെങ്കിലും തങ്ങളുടെ ഒരു പ്രിയപ്പെട്ടയിടമായ അവിടെ പാപ്പായെ കാത്തിരുന്നത് ബ്രാത്തിസ്ലാവ നഗരത്തിലെ യഹൂദസമൂഹമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പാതിയായ അവിടുത്തെ യഹൂദസമൂഹത്തോട്, ബുദാപെസ്റ്റിൽ എന്നതുപോലെതന്നെ, യഹൂദവിരുദ്ധതയ്‌ക്കെതിരെ പാപ്പാ സംസാരിച്ചു.

...പാപ്പായുടെ പ്രഭാഷണത്തിന്റെ ചുരുക്കം...

യഹൂദസമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 5.45-ന് തിരികെ നൂൺഷ്യേച്ചറിൽ എത്തിയ ഫ്രാൻസിസ് പാപ്പാ 6.00 മണിക്ക് സ്ലൊവാക്കിയയുടെ പാർലമെന്റ് പ്രസിഡണ്ട് ബോറിസ് കൊള്ളാറിനെ (Boris Kollàr) സ്വീകരിച്ചു.

തുടർന്ന് 6.15-ന് സ്ലൊവാക്കിയയുടെ പ്രധാനമന്ത്രി എദ്വാർഡ് ഹെഗറും (Eduard Heger) പാപ്പായെ കാണാനെത്തി. ഇരുവരും തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പമാണ് പാപ്പായെ കാണാനെത്തിയത്.

ഫ്രാൻസിസ് പാപ്പാ കിഴക്കൻ സ്ലൊവാക്കിയയിലേക്ക്

സ്ലൊവാക്കിയയുടെ തെക്കുപടിഞ്ഞാറുള്ള ബ്രാത്തിസ്ലാവ എന്ന തലസ്ഥാനനഗരിയിൽനിന്നും സെപ്റ്റംബർ 14 ചൊവ്വാഴ്ച പ്രാദേശികസമായം രാവിലെ 8.10-ന് (ഇന്ത്യയിൽ സമയം രാവിലെ 11.40) മാർപാപ്പ രാജ്യത്തിന്റെ കിഴക്ക് 311 കിലോമീറ്റർ അകലെയുള്ള കോഷിത്സെ (Košice) നഗരത്തിലേക്ക് വിമാനത്തിൽ യാത്രയായി. ഏതാണ്ട് 50 മിനിറ്റ് നീണ്ട യാത്രയ്ക്കുശേഷം 9 മണിയോടെ അദ്ദേഹം കോഷിത്സെ വിമാനത്താവളത്തിൽ എത്തി.

ഏതാണ്ട് രണ്ടുലക്ഷത്തിനാല്പതിനായിരം പേരോളം മാത്രമുള്ള കോഷിത്സെ നഗരം സ്ലൊവാക്കിയയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട നഗരമാണ്. അയൽരാജ്യമായ ഹംഗറിയുടെ അതിർത്തി ഏതാണ്ട് 20 കിലോമീറ്ററുകൾ മാത്രം അകലെയാണ്.

ശിലായുഗകാലം മുതൽ ആളുകൾ വസിച്ചിരുന്ന ഈ പ്രദേശത്ത് പക്ഷെ കോഷിത്സെ നഗരത്തിന് അടിസ്ഥാനമിടുന്നത് പതിമൂന്നാം നൂറ്റാണ്ടിൽ അവിടെയെത്തിയ സ്ലാവിക് സമൂഹങ്ങളാണ്.

കോഷിത്സെയിൽ രണ്ട് കത്തോലിക്കാസഭാകേന്ദ്രങ്ങളുണ്ട്. ലത്തീൻ കത്തോലിക്കാവിശ്വാസികളായ ആളുകൾക്ക് വേണ്ടിയുള്ള കോഷിത്സെ അതിരൂപതയും, ബൈസന്റൈൻ കത്തോലിക്കാവിശ്വാസികൾക്ക് വേണ്ടിയുള്ള കോഷിത്സെ എപ്പാർക്കിയുമാണവ (പൗരസ്ത്യകത്തോലിക്കാ രൂപത).

കോഷിത്സെ അതിരൂപത

1804ൽ സ്ഥാപിക്കപ്പെട്ട ഈ അതിരൂപതയിൽ ഏതാണ്ട് ആറുലക്ഷത്തി എണ്പത്തിനായിരത്തോളം കത്തോലിക്കാവിശ്വാസികളുണ്ട്. 221 ഇടവകകളും 7 മറ്റ് ദേവാലയങ്ങളും 404 രൂപതാവൈദികരും മറ്റ് എൺപത്തിയേഴ് വൈദികരുമുള്ള ഈ രൂപതയെ നയിക്കുന്നത് ആർച്ച്ബിഷപ് ബെർണാഡ് ബോബെർ (Bernard Bober) ആണ്.

കോഷിത്സെ എപ്പാർക്കി

പൗരസ്ത്യകത്തോലിക്കാസഭകളിൽ ഒന്നായ ബൈസന്റൈൻ സഭയിലെ വിശ്വാസികൾക്കായി 1997-ൽ എസർക്കാത്തോ ആയി സ്ഥാപിതമായ ഈ സഭാസമൂഹം രൂപതയായത് 2008-ൽ മാത്രമാണ്. പ്രേഷോവ് അതിരൂപതയുടെ കീഴിലുള്ള ഇവിടെ ഏതാണ്ട് എഴുപത്തിമൂവായിരത്തോളം കത്തോലിക്കാവിശ്വാസികളുണ്ട്. 95 ഇടവകകളും മറ്റ് ഒരു ദേവാലയവും 161 ഇടവകവൈദികരും പതിനാല് മറ്റ് വൈദികരുമുള്ള ഈ രൂപതയെ നയിക്കുന്നത് ഈശോസഭംഗമായ ആർച്ച്ബിഷപ് സിറിൽ വാസിൽ (Cyril Vasiľ) ആണ്.

മാർപാപ്പാ പൗരസ്ത്യതയുടെ പ്രേഷോവിലേക്ക്

കോഷിത്സെ നഗരത്തിൽനിന്നും ഏതാണ്ട് 47 കിലോമീറ്ററുകൾ അകലെയുള്ള പ്രേഷോവ് നഗരത്തിലേക്ക് 9.15 ന് യാത്രയാരംഭിച്ച് 10 മണിയോടെ അവിടെയുള്ള മെസ്‌കാ ഷ്പോർത്തൊവാ ഹാല (Mestská Športová hala), എന്ന നഗരത്തിലെ കായികകേന്ദ്രത്തിലെത്തി. ഈ കെട്ടിടത്തിന് മുന്നിൽ ഏതാണ്ട് അൻപത്തിമൂവായിരത്തോളം ആളുകളെ ഉൾക്കൊള്ളുന്ന മൈതാനത്ത് വച്ച് ബൈസന്റൈൻ ആരാധനാക്രമത്തിൽ വിശുദ്ധ ജോൺ ക്രിസോസ്റ്റോമിന്റെ ബലിയർപ്പിക്കാനാണ് പാപ്പാ അവിടെയെത്തിയത്.

പ്രേഷോവ് മെത്രോപ്പോലീത്തൻ ആർച്ചെപ്പാർക്കി (അതിരൂപത)

ബൈസന്റൈൻ കത്തോലിക്കാവിശ്വാസികൾക്കായി 1818 സെപ്റ്റംബർ 22-ന് എപ്പാർക്കിയ ആയി സ്ഥാപിതമായ ഇവിടെ ഏതാണ്ട് ഒരുലക്ഷത്തി പതിനേഴായിരത്തിലധികം കത്തോലിക്കാവിശ്വാസികളുണ്ട്. 163 ഇടവകകളും 18 മറ്റ് ദേവാലയങ്ങളുമുള്ള ഇവിടെ 282 ഇടവകവൈദികരും പത്തൊൻപത് മറ്റ് വൈദികരുമുണ്ട്. ഈശോസഭംഗമായ മെട്രോപൊളിറ്റൻ ആർച്ച്ബിഷപ് അഭിവന്ദ്യ യാൻ ബാബ്യാക് (Ján Babjak, S.I.) ആണ് അതിരൂപതയെ നയിക്കുന്നത്.

പ്രെഷോവ് നഗരത്തിലെ മൈതാനത്ത് നടന്ന വിശുദ്ധബലിയിൽ സംബന്ധിക്കുവാൻ എത്തിയ ആയിരക്കണക്കിന്  വിശ്വാസികളോട്  പാപ്പാ സംസാരിച്ചു.

...പാപ്പായുടെ പ്രസംഗത്തിന്റെ ചുരുക്കം...

പ്രെഷോവിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം പാപ്പാ അവിടെനിന്ന് തിരികെ കാറിൽ കിലോമീറ്റർ അകലെ കോഷിത്സെ നഗരത്തിലുള്ള വിശുദ്ധ കാർലോ ബോറോമേയോ മേജർ സെമിനാരിയിലേക്ക് പോയി. അവിടെയാണ് റൂഷോംബെറോക് (Ružomberok) കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്രവിഭാഗം സ്ഥിതിചെയ്യുന്നത്.

സെമിനാരിയിൽ ഉച്ചഭക്ഷണത്തിന് ശേഷം പാപ്പാ, നാടോടിവർഗ്ഗക്കാരായ ആളുകൾ (Rom) കൂടുതൽ വസിക്കുന്ന ല്യൂനിക് IX എന്ന കോഷിത്സെ നഗരഭാഗത്തേക്ക് 3.45-ന് പോയി. അവരുമായി വൈകുന്നേരം നാലുമണിക്ക് തുടങ്ങി അരമണിക്കൂർ നീളുന്ന കണ്ടുമുട്ടലിന് ശേഷം പാപ്പാ കോഷിത്സെയിലെതന്നെ  ലോക്കോമോട്ടീവ എന്ന് അറിയപ്പെടുന്ന മൈതാനത്തേക്ക് പോകുകയും അവിടെ യുവജനങ്ങളുമായി കണ്ടുമുട്ടുകയും തുടർന്ന്, തലസ്ഥാനനഗരമായ ബ്രാത്തിസ്ലാവ നഗരത്തിലേക്ക് തിരികെ യാത്രയാകുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2021, 16:36